ഇതാരെ തോൽ‍പ്പിക്കാൻ‍


ഡോക്ടർ‍ പോൾ ജോസഫ് ഗോബുൾസ് (Dr Paul Joseph Goebbels) ഒരു നാസിയായിരുന്നു. ക‍ൃത്യമായി പറഞ്ഞാൽ‍ അഡോൾഫ് ഹിറ്റ്ലറുടെ ഭരണ സംവിധാനത്തിലെ ആശയപ്രചാരണ ചുമതലയുള്ള മന്ത്രി പുംഗവൻ‍. ഗീബൽ‍സ് എന്ന സ്വതന്ത്ര നാമ തർ‍ജ്ജമയിൽ‍ മലയാളിക്കു പണ്ടേ പരിചയമുണ്ട് ഇദ്ദേഹത്തെ. ഒരു നുണ പലയാവർ‍ത്തി പറഞ്ഞുകൊണ്ടേയിരുന്നാൽ‍ സമൂഹം അതു സത്യമാണെന്ന് വിശ്വസിച്ച് ഏറ്റെടുത്തുകൊള്ളുമെന്ന സാമൂഹ്യ മനഃശാസ്ത്രം തിരിച്ചറിഞ്ഞ് വിദഗ്ദ്ധമായി ഉപയോഗിച്ച രാഷ്ട്രതന്ത്രജ്ഞൻ‍. പക്ഷെ നുണകളുടെ ആ തട്ടിപ്പുകൊണ്ടൊന്നും അഡോൾഫ് ഹിറ്റ്ലറുടെ നാസി ഭരണത്തിനു പിടിച്ചു നിൽ‍ക്കാനായില്ല എന്നതു ചരിത്രം. നുണകൾക്കെല്ലാം മേലെയാണ് ആത്യന്തികമായ സത്യത്തിന്‍റെ സ്ഥാനം. അതു പക്ഷേ നമ്മുടെ രാഷ്ട്രീയക്കാരിൽ‍ പലരും തിരിച്ചറിയുന്നില്ല. അല്ലെങ്കിൽ‍ തിരിച്ചറിയുന്നില്ല എന്നു നടിക്കുന്നു. അതെന്തായാലും ഇക്കാര്യത്തിൽ‍ നമ്മുടെ രാഷ്ട്രീയക്കാരിൽ‍ പലരും യാഥാർ‍ത്ഥ്യ ബോധം പ്രകടിപ്പിക്കുന്നില്ല. സമീപകാലത്തായി നമ്മുടെ ഇടതു രാഷ്ട്രീയ പ്രസ്ഥാനങ്ങളാണ് ഇക്കാര്യത്തിൽ‍ ഒരു പടി മുന്നിൽ‍ നിൽ‍ക്കുന്നത്. അരുവിക്കരയിലും കണ്ണൂരിലെ ശ്രീകൃഷ്ണ ജയന്തി ആഘോഷ കാര്യത്തിലുമടക്കം നമ്മുടെ ഇടതു നേതാക്കൾ ആടിനെ പട്ടിയാക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തുന്നതിനു പ്രബുദ്ധ കേരളം സാക്ഷ്യം വഹിച്ചതാണ്. അതിനോടുള്ള പൊതു സമൂഹത്തിന്‍റെ പ്രതികരണവും നമ്മൾ കണ്ടുകഴിഞ്ഞു. ആയതിനാൽ‍ അതിലേയ്ക്ക് അധികം കടക്കുന്നില്ല. എന്നാൽ‍ അതേ ശൈലിയിലുള്ള നിലപാടുകളും പ്രസ്താവനകളും മൂന്നാറിലും ആവർ‍ത്തിക്കുന്പോൾ പ്രത്യയശാസ്ത്രതിമിരാന്ധത ബാധിച്ചിട്ടില്ലാത്ത സാധാരണ സമൂഹത്തിന് അതു തികച്ചും അരോചകമായി അനുഭവപ്പെടുന്നു.

മൂന്നാറിലെ തേയിലത്തോട്ടങ്ങളിൽ‍ പണിചെയ്യുന്ന സ്ത്രീ തൊഴിലാളികൾ ഒരാഴ്ച്ചക്കാലത്തിലേറെ നടത്തിയ സമരവും അതിന്‍റെ വിജയകരമായ പരിസമാപ്തിയുമൊക്കെ കൈവെള്ളയിലെ രേഖകൾ പോലെ മലയാളിക്കു സുപരിചിതമാണ്. തോട്ടം തൊഴിലാളി മേഖലയുടെ ഉറച്ച പിന്തുണയോടെ ദേവികുളം നിയോജക മണ്ധലത്തിൽ‍ നിന്നും കേരള നിയമസഭാംഗമായ ശ്രീമാൻ‍ എസ്. രാജേന്ദ്രനെ സമരത്തിലായിരുന്ന തൊഴിലാളി സ്ത്രീകൾ സമരമുഖത്തു നിന്നും ആട്ടിപ്പായിച്ചതും ഇതര നേതാക്കളൊന്നും അങ്ങോട്ടു ചെല്ലേണ്ടന്ന നിലപാടെടുത്തതും മാനംകാക്കാൻ‍ പാർ‍ട്ടി നിർ‍ദ്ദേശപ്രകാരം എം.എൽ‍.എ പട്ടിണി സമരം കിടന്നതും ഡിസ്റ്റിൽ‍ വാട്ടറുമായി സമരം കിടന്ന എം.എൽ‍.എക്ക് അങ്ങു വിയറ്റ്നാമീന്നും വന്ന മണിയാശാൻ‍ നാരങ്ങാനീരുനൽ‍കി കിടപ്പവസാനിപ്പിച്ചതുമെല്ലാം ഇപ്പോഴങ്ങോട്ടു കഴിഞ്ഞതേയുള്ളു.

പീരുമേട് എം.എൽ‍.എ ഇ.എസ് ബിജിമോളൊഴിച്ച് ആരെയും അടുപ്പിക്കാതെ സമരം ചെയ്ത തൊഴിലാളികൾ പ്രതിപക്ഷ നേതാവിനെ സമരമുഖത്തേക്കു സ്വാഗതം ചെയ്തതിനും എടുപിടീന്നു മുഖ്യമന്ത്രിയും ഇടപെട്ടു സമരം ഐതിഹാസിക വിജയം വരിക്കുന്നതിനും ഭൂമിമലയാളം സാക്ഷ്യം വഹിച്ചു. അങ്ങനെ വഴക്കും വക്കാണവുമില്ലാതെ സമരം സമരസത്തിലെത്തിക്കഴിഞ്ഞും പഴയ ഗോബുൾസിയൻ‍ തന്ത്രങ്ങളുമായി നേതാക്കൾ കളത്തിലിറങ്ങുന്നതിന്‍റെ ആവശ്യമെന്തെന്ന് എത്രയാലോചിച്ചിട്ടും പിടികിട്ടുന്നില്ല.

എന്നും വിവാദങ്ങളുടെയും സാധാരണക്കാരുടെയും കളിത്തോഴനായ സാക്ഷാൽ‍ ശ്രീമാൻ‍ എം.എം മണിയാശാനാണ് ഇക്കാര്യത്തിൽ‍ അനാവശ്യ വെടിയുതിർ‍ത്തവരിൽ‍ ഒരാൾ. മൂന്നാർ‍ സമരത്തിൽ‍ തമിഴ് തീവ്രവാദിബന്ധമാരോപിച്ചായിരുന്നു മണിയാശാന്‍റെ വെടി. സമരത്തിനു പിന്നിൽ‍ തീവ്രവാദികളെങ്കിൽ‍ അതിനെ മുന്നിൽ‍ നിന്നു നയിച്ച സാക്ഷാൽ‍ വീയെസ്സ് കൊടും തീവ്രവാദിയാണ് എന്നാണോ മണിയാശാൻ‍ ഊദ്ദേശിച്ചത് എന്ന സന്ദേഹത്തിലായി ജനം. സമരസമയത്ത് വിയറ്റ്നാമിലായിരുന്നതിനാൽ‍ സംഭവങ്ങളുടെ നിജസ്ഥിതിയറിയാത്തതിനാലാവാം മണിയാശാൻ‍ അങ്ങനെ പറഞ്ഞതെന്നു കരുതി പൊതുജനം അതു കണ്ടില്ലെന്നും കേട്ടില്ലെന്നും വെച്ചു. പക്ഷെ ഉത്തരവാദിത്തപ്പെട്ട ഒരു തൊഴിലാളിപ്രസ്ഥാനത്തിന്‍റെ സംസ്ഥാന സെക്രട്ടറി സ്ഥാനത്തിരിക്കുന്ന ഒരു മാന്യ വ്യക്തി അതേ പ്രസ്താവന അതിലേറെ കൃത്യതയോടേ ആവർ‍ത്തിച്ചതിനെ കേവലം അറിവില്ലായ്മ എന്നു കരുതി തള്ളിക്കളയാനാവില്ല. അത്, നമ്മൾ മുന്പു പറഞ്ഞ, നുണ നൂറ്റൊന്നാവർ‍ത്തിച്ചു നേരാക്കുകയെന്ന ലക്ഷ്യത്തോടെയുള്ളതു തന്നെയായിരുന്നു എന്നു വിലയിരുത്തേണ്ടി വരും. പാർ‍ട്ടിയുടെ മുഖം രക്ഷിക്കുകയെന്ന തരത്തിൽ‍ സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി നടത്തിയ ഈ സ്വദ്ദേശ പ്രസ്താവന പക്ഷേ പാർ‍ട്ടിക്ക് ഇരുട്ടടിയായി. ഇതിനു പിന്നാലെയായിരുന്നു കൂനിന്മേൽ‍ കുരുവെന്ന പോലെ വി.എസ്സിന്‍റെ പ്രതികരണവും. നേതാക്കന്മാരെ സമര സ്ഥലത്തേക്കടുപ്പിക്കാതിരുന്നതിലുള്ള ജാള്യത മറയ്ക്കാനാണ് കെ.പി സഹദേവൻ‍ ഇത്തരത്തിലൊരു പ്രസ്താവനയുമായി രംഗത്തെത്തിയതെന്ന് അർ‍ത്ഥ ശങ്കക്കിടയില്ലാംവണ്ണം വീയെസ്സ് വ്യക്തമാക്കിയത് ഈ ഇരുട്ടടിയുടെ ആക്കം കൂട്ടുക തന്നെ ചെയ്തു. ഇതറിഞ്ഞു തന്നെയാണ് പാർ‍ട്ടി സെക്രട്ടറിക്കസേരയിലുള്ള കോടിയേരി സഖാവും ആനത്തലവട്ടം ആനന്ദനും സി.ഐ.ടി.യു സെക്രട്ടറിയുടെ പ്രസ്താവനക്കെതിരെ രംഗത്തെത്തിയത്.

മൂന്നാർ‍ സമരം ഒരു സൂചകമാണ്. മുതലാളിമാരുടെ താൽപ്പര്യ സംരക്ഷകരായി പാവപ്പെട്ട തൊഴിലാളികളുടെ ചോരകുടിച്ചു കഴിയുന്ന തൊഴിലാളി നേതാക്കന്മാരെ ജനം തിരിച്ചറിഞ്ഞും ബഹിഷ്കരിച്ചും കഴിഞ്ഞു. ന്യായമായ ആവശ്യങ്ങൾ മുൻ‍നിർ‍ത്തിയുള്ള സമരങ്ങൾ വിജയത്തിലെത്താൻ‍ ഒരു നേതാവിന്‍റെ തന്നെ ആവശ്യമില്ലെന്ന സത്യവും ഈ സമരം വ്യക്തമാക്കുന്നു. ഈ തിരിച്ചറിവുകളുടെ വെളിച്ചത്തിലെങ്കിലും തുടർ‍ച്ചയായ നുണപ്രസ്താവനകളുടെ നാണംകെട്ട ശൈലിയുപേക്ഷിക്കാൻ‍ നമ്മുടെ നേതാക്കൾ തയ്യാറാകണം. ജനങ്ങൾക്കുവേണ്ടി അവർ‍ക്കൊപ്പം നിലകൊള്ളാത്ത നേതാക്കളെ പൊതുസമൂഹം ആട്ടിപ്പായിക്കുമെന്ന പാഠം വൈരുദ്ധ്യാത്മക ഭൗതികവാദക്കാരടക്കം എല്ലാവരും അംഗീകരിച്ചേ മതിയാവൂ.

You might also like

Most Viewed