നിലയ്ക്കു നിർത്തുക, ഈ നായ്ക്കളെ

കാസർഗോഡ് മഞ്ചേശ്വരത്ത് കുറ്റിക്കോലിൽ
പിഞ്ചുകുട്ടികളെ തെരുവു നായ്ക്കൾ കടിച്ചുകീറി.
കാസർഗോഡ് കുടുംബൂരിൽ പശുക്കളെ നായ്ക്കൾ
ആക്രമിച്ചു.
എറണാകുളം വൈപ്പിനിൽ ആറു വയസ്സുകാരൻ ഉൾപ്പെടെ മൂന്നു പേരേ തെരുവുനായ കടിച്ചു. നായയെ നാട്ടുകാർ തല്ലിക്കൊന്നു.
കോട്ടയം കുമരകത്ത് സ്കൂളിൽ ശുചിമുറിയിൽ കയറിയ മൂന്നാം ക്ലാസുകാരനെ നായ കടിച്ചു.
പന്തളം പറന്തലിൽ യുവതിയെയും വൃദ്ധനെയും നായ്ക്കൂട്ടം ആക്രമിച്ചു.
പത്തനാപുരത്ത് സ്കൂളിലേക്കു പോയ എട്ടു വയസുകാരന് നായ കടിച്ചു പരിക്ക്.
കോട്ടയം കൂരോപ്പടയിൽ മൂന്നു സ്ത്രീകൾക്കും നാലു ഹയർസെക്കൻഡറി വിദ്യാർത്ഥികൾക്കും കടിയേറ്റു
കോട്ടയം അയർക്കുന്നത്ത് കടിയേറ്റ് ബോധംകെട്ട വിദ്യാർത്ഥിനിയെ നായകടിച്ചു കീറി
അയർക്കുന്നത്ത് ഒരു സ്ത്രീയെക്കൂടിക്കടിച്ച നായയെ നാട്ടുകാർ തല്ലിക്കൊന്നു...
ഇന്നു കാലത്ത് ചില പത്രങ്ങളിൽ കണ്ട നായകടി വാർത്തകളാണ് ഇത്. സംസ്ഥാനത്ത് ഉണ്ടായിട്ടുള്ള എല്ലാ നായകടികളും ഈ പട്ടികയിൽ ഇല്ല എന്നുറപ്പ്. ഒരുപക്ഷേ ഇത് എഴുതുന്പോഴേക്കും ഈ പട്ടിക ഇതിലും നീളം വെച്ചിട്ടുമുണ്ടാവും.
മലയാളത്തിലെ പത്രങ്ങളിൽ നായകടി വാർത്തകൾക്കു മാത്രമായി ഒരു പ്രത്യേക പേജു തന്നെ ഒഴിച്ചിടേണ്ട സ്ഥിതി സംജാതമായിരിക്കുന്നു. ഇത് തികച്ചും അപമാനകരമായ സാഹചര്യം തന്നെയാണ്. പണ്ടു കുഞ്ചൻ നന്പ്യാർ പാടിയത് അനുകരിച്ചാൽ അതിനെപ്പേടിച്ചാരും നേർവഴി നടപ്പീലാ... ഭുവനവാസീ ജനം, ഭുവനേശ്വരാ പോറ്റി... എന്ന അതീവ പരിതാപകരമായ അവസ്ഥ.
നായ മനുഷ്യന്‍റെ നിത്യ സഹചാരിയാണ്. ഓരോ സംസ്കൃതികളിലും നമുക്കു നായയുടെ സാന്നിദ്ധ്യം കാണാം. അതിപൗരാണികമായ ഗുഹാ ചിത്രങ്ങളിലും മിത്തുകളിലുമൊക്കെ നായ സാന്നിദ്ധ്യം നിറയെ നമുക്കു കാണാം. യവന പുരാണങ്ങളിലും ഹിന്ദു, ക്രിസ്ത്യൻ, ജൂത വേദപുസ്തകങ്ങളിലുമൊക്കെ നമുക്കു മനുഷ്യകുലത്തിന്‍റെ ഏറ്റവും പ്രിയപ്പെട്ട ചങ്ങാതിമാരുടെ സാന്നിദ്ധ്യം കണ്ടെത്താൻ കഴിയും. ഈജിപ്ഷ്യൻ പിരമിഡുകളിലെ നായ മുഖമുള്ള മനുഷ്യ രൂപങ്ങളിൽ ചിലത് നീതി ദേവതയായ മാറ്റിന്‍റെ സഹായികളാണ്. ആധുനിക കാലത്ത് നമ്മൾ കാണുന്ന, ത്രാസ് കയ്യിലേന്തിയ നീതി ദേവതയുടെ ചിത്രണങ്ങൾക്കൊപ്പവും ഒരു നായ ഉണ്ടാവാറുണ്ട്. ഭാരതീയ പുരാണങ്ങൾ അനുസരിച്ച് സ്വർഗ്ഗത്തിന്‍റെയും നരകത്തിന്‍റെയും വാതിലുകൾ കാക്കുന്നതു പോലും നായകളാണ്. ദേവന്മാരുടെ നായയായ സരമയാണ് നായ് കുലത്തിന്‍റെ തന്നെ മാതാവെന്ന് പുരാണം പറയുന്നു. മഹാപ്രസ്ഥാന വേളയിൽ പാഞ്ചാലിയും ഇതര പാണ്ധവ സഹോദരന്മാരുമായെല്ലാം പിരിഞ്ഞ ആദിപാണ്ധവൻ യുധിഷ്ഠിരൻ സ്വർഗ്ഗപ്രവേശം നടത്തുന്നത് ഒരു നായക്കൊപ്പമായിരുന്നു.
പുരാണം വിട്ട് വർത്തമാനകാലത്തെത്തിയാലും ശ്വാന ഗാഥകൾക്കു പഞ്ഞം ഒട്ടുമുണ്ടാകില്ല. അനശ്വരമായ നായപ്രേമ കഥകൾ സാഹിത്യത്തിലും നമുക്ക് ഒരുപാടു കാണാം. മനുജകുലം തുടരുന്ന ശ്വാനപ്രേമത്തിന്‍റെ നേർദൃഷ്ടാന്തങ്ങളാണ് നമ്മുടെ മേനകാ ഗാന്ധിയും രഞ്ജിനി ഹരിദാസും നടി അമലയുമൊക്കെ. അടുത്തിടെ തിരുവനന്തപുരത്തു നടന്ന ശ്വാന പ്രേമികളുടെ പ്രതിഷേധ ധർണയിലും ഇത്തരത്തിലുള്ള കുറേപ്പേരേ നമ്മൾ കണ്ടു. ശ്വാനപ്രേമം നല്ല കാര്യമാണ്. മിണ്ടാപ്രാണികൾ മാത്രമല്ല കുരയ്ക്കുകയും ബഹളം വെയ്ക്കുകയും ഒക്കെ ചെയ്യുന്ന ജീവികൾ കാരുണ്യം അർഹിക്കുന്നവരാണ്. അതുവരെ എല്ലാം നമ്മളും അംഗീകരിക്കാം. പക്ഷെ കുരയ്ക്കുന്ന ജീവികൾ മനുഷ്യനെ കടിക്കാൻ തുടങ്ങുന്നിടത്ത് അവസാനിക്കേണ്ടതാണ് അളവില്ലാത്ത ആ പ്രേമം.
സംസ്ഥാനത്ത് ക്രമാതീതമായി വർദ്ധിക്കുന്ന ഈ നായ ശല്യം അവസാനിപ്പിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. പോകേണ്ട ഇടങ്ങളിലെല്ലാം കാറിൽ സഞ്ചരിക്കാൻ ഭാഗ്യം ചെയ്ത മേനകാദികൾക്ക് തെരുവുനായ ഉയർത്തുന്ന ഭീഷണിയുടെ ആഴം ഒരിക്കലും ഉൾക്കൊള്ളാനാവില്ല. ഓരോ ജീവനും വിലപ്പെട്ടതാണ്. നായയുടെ ജീവനും വിലപ്പെട്ടതാണ്. മനുഷ്യ ജീവനും വിലപ്പെട്ടതാണ്. അതുകൊണ്ടാണ് പൊതു സമൂഹത്തിനു ഭീഷണിയാകുന്ന ക്രിമിനലുകളെ അവർ ഉയർത്തുന്ന ഭീഷണിക്കനുസരിച്ച് തടവറകൾക്കുള്ളിലടയ്ക്കുകയും ചിലപ്പോഴെങ്കിലും വധശിക്ഷയ്ക്കു വിധിക്കുകയും ഒക്കെ ചെയ്യുന്നത്. നായകളുടെ കാര്യത്തിലും ഇതേ നീതി നടപ്പാക്കിയാലേ നാട്ടിൽ സ്വൈര്യ ജീവിതം സാദ്ധ്യമാകൂ.