ചോരക്കളി നിർത്താം
ലോകത്തെ ഏറ്റവും പരിഷ്കൃതമായ ഭരണ വ്യവസ്ഥിതിയായ ജനാധിപത്യം നിലനിൽക്കുന്ന രാജ്യമാണ് ഭാരതം. ഇവിടെ അഭിപ്രായ സ്വാതന്ത്ര്യത്തിനാണ് പരമമായ പ്രാധാന്യം. വ്യക്തി സ്വാതന്ത്ര്യമാണ് നമ്മുടെ നിലനിൽപ്പിന്‍റെ ആണിക്കല്ല്. സഹിഷ്ണുതയുണ്ടെങ്കിലേ ഈ സ്വാതന്ത്ര്യത്തിനു നിലനിൽപ്പുള്ളു. ഒരേ ആശയഗതികളും താൽപര്യങ്ങളുമുള്ളവരുടെ ജന്മസിദ്ധമായ കൂട്ടായ്മകളാണ് മതങ്ങൾ. വ്യക്തി അനുഭവങ്ങളിലൂടെയും താൽപര്യങ്ങളിലൂടെയും സാഹചര്യങ്ങളിലൂടെയും എത്തിപ്പെടുന്ന കൂട്ടായമകളാണ് രാഷ്ട്രീയ പ്രസ്ഥാനങ്ങൾ. ഒന്നിക്കേണ്ടതിന്‍റെയും കൂട്ടായി യത്നിക്കേണ്ടതിന്‍റെയും പ്രാധാന്യം തിരിച്ചറിയുന്നവരാണ് പ്രധാനമായും രാഷ്ട്രീയ തട്ടകങ്ങളിൽ വർത്തിക്കുന്നത്. പൊതു നന്മയും പുരോഗതിയുമാണ് ഇത്തരം രാഷ്ട്രീയ കൂട്ടായ്മകളുടെ ആത്യന്തിക ലക്ഷ്യം. ഈ ഒരുമ രാഷ്ട്ര സങ്കൽപ്പങ്ങളിൽ വളരെ പ്രധാനമാണ്. രാഷ്ട്രങ്ങളുടെ നിലനിൽപ്പിലും വികാസത്തിലും ഈ രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ പങ്കു വളരെ വലുതുമാണ്.
എന്നാൽ വർത്തമാനകാലത്താകട്ടെ രാഷ്ട്രീയമെന്ന പദത്തിന്‍റെ വ്യാഖ്യാനം തന്നെ പുനർ നിർവ്വചിക്കപ്പെട്ടിരിക്കുന്നു. രാഷ്ട്രനന്മക്കും രാജ്യ പുരോഗതിക്കുമപ്പുറം സ്വാർത്ഥതാൽപ്പര്യങ്ങൾ രാഷ്ട്രീയത്തെ ഗ്രസിച്ചതോടെയാണ് ഇത്. ഇത് വാസ്തവത്തിൽ ഒരു പുതമയല്ല. ലോകചരിത്രം പരിശോധിച്ചാൽ ഇതിന് ഉദാഹരണങ്ങൾ എത്രവേണമെങ്കിലും നമുക്കു കാണാനാവും. ഓരോ നാടുവാഴികളുടെയും അതാതു നാട്ടുരാജ്യങ്ങളുടെയും താൽപ്പര്യങ്ങൾക്കു പ്രാധാന്യമുണ്ടായിരുന്ന കാലത്ത്, ഇന്നത്തെ രാഷ്ട്രീയ നേതാക്കളുടെ സ്ഥാനത്ത് നാടുവാഴികളും ഇടപ്രഭുക്കന്മാരും ഒക്കെ നിറഞ്ഞാടിയ കാലത്ത് ആയുധമെടുത്തും അല്ലാതെയുമൊക്കെയുള്ള അസംഖ്യം പോരാട്ടങ്ങൾക്ക് ഭാരതം വേദിയായിട്ടുണ്ട്. ഒരുമയുണ്ടായിരുന്നെങ്കിൽ നമുക്ക് ഒരുകാലത്തും ഭീഷണിയാകാൻ സാധിക്കാത്ത വൈദേശിക ശക്തികൾ നമ്മളെ അടിമകളാക്കി മുതലെടുപ്പു നടത്തിയത് ഈ സാഹചര്യത്തിലായിരുന്നു.
സ്വാതന്ത്ര്യപ്രാപ്തിക്കിപ്പുറവും ദശാബ്ദങ്ങളോളം ഒന്നിലധികം വിദേശ ശക്തികൾ പലതരത്തിൽ നമ്മളെ മുതലെടുത്തതും നമ്മുടെ മുഖ്യധാരാ രാഷ്ട്രീയത്തിൽ നിലനിന്ന പുഴുക്കുത്തുകൾ മൂലം തന്നെയാണ്. കാലം മാറിയിരിക്കുന്നു. വൈദേശികമായ താൽപ്പര്യങ്ങൾക്കപ്പുറം ഭാരതത്തിന്‍റെ പുരോഗതിയും സമസ്ഥമേഘലകളിലെയും വളർച്ചക്കുമാണ് നമ്മളിന്ന് ഊന്നൽ നൽകേണ്ടത് എന്ന തിരിച്ചറിവ് ഭാരതത്തെ സ്നേഹിക്കുന്ന എല്ലാവരിലും ഉണർന്നു കഴിഞ്ഞു. നമ്മുടെ സംസ്കാരവും ലോകമാകെ അനുകരിക്കുന്ന മൂല്യങ്ങളും പുനരുദ്ധരിക്കുന്ന കാര്യത്തിൽ രാഷ്ട്രീയാതീതമായ താൽപ്പര്യവും ദൃശ്യമായിക്കഴിഞ്ഞു. ആഗോള സാന്പത്തിക നായകസ്ഥാനത്തുള്ള ചൈനയുടെ വളർച്ച നീർക്കുമിളയ്ക്കു സമാനമാണെന്നു സൂചിപ്പിക്കുന്ന വാർത്തകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. ഇന്ത്യയെക്കറിച്ചു ലോകത്തിനുള്ള പ്രതീക്ഷകൾ വീണ്ടും ഉയരങ്ങളിലേക്കു കുതിക്കുകയാണ്.
ഈ സാഹചര്യത്തിൽ നമ്മുടെ സ്വന്തം ഭൂമിമലയാളത്തിൽ തിരുവോണനാൾതൊട്ടിങ്ങോട്ടുണ്ടായിരിക്കുന്ന രാഷ്ട്രീയ അസ്വസ്ഥതകൾ അങ്ങയറ്റം അപലപനീയമാണെന്നു പറയാതെ വയ്യ. കൊല്ലുക, കൊല്ലപ്പെടുക. തിന്നുക ഭക്ഷണമാവുക. ഇതിനെ വനനീതിയെന്നാണ് പരിഷ്കൃത ലോകം വിളിക്കുന്നത്. കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്ന സ്ഥിതിയാണ് ഇത്തരം സാഹചര്യങ്ങളിൽ സംജാതമാകുന്നത്. ഇത് ജനാധിപത്യ വ്യവസ്ഥിതിക്കു ഭൂഷണമല്ല. വ്യത്യസ്ഥ ആശയഗതികളാണ് ഓരോ രാഷ്ടീയ കക്ഷികൾക്കുമുള്ളത്. ആ ആശയഗതികൾക്കനുസരിച്ചു സംഘടിക്കാനും കൂട്ടായി പ്രവർത്തിക്കാനും നമ്മുടെ രാജ്യത്തെ ഓരോ പൗരനും സ്വാതന്ത്ര്യവും അവകാശവും നൽകുന്നതാണ് നമ്മുടെ ഭരണഘടന. പക്ഷേ അതൊക്കെ നമ്മുടെ രാഷ്ട്ര സങ്കൽപ്പങ്ങൾക്കും താൽപ്പര്യങ്ങൾക്കും ഹിതകരമായിരിക്കണം എന്നുമാത്രം. അത്തരം ആശയങ്ങൾ അനുവർത്തിക്കാനും പ്രചരിപ്പിക്കാനും നമുക്കൊക്കെ അവകാശവുമുണ്ട്. പക്ഷെ അതൊരിക്കലും അടിച്ചേൽപ്പിക്കലാകരുത്. ആശയങ്ങളോട് താൽപ്പര്യമുണ്ടാക്കി ആരെയും ഓരോ രാഷ്ട്രീയ കൂട്ടായ്മകളുടെ ഭാഗമാക്കുന്നതിൽ തെറ്റില്ല. പക്ഷേ ദൗർഭാഗ്യവശാൽ നമ്മുടെ നാട്ടിലെ പല രാഷ്ട്രീയ കക്ഷികളും ഇതൊന്നും പാലിക്കാറില്ല. നേരത്തേ പറഞ്ഞതുപോലെ കയ്യൂക്കുള്ളവൻ കാര്യക്കാരൻ എന്നതാണ് നമ്മുടെ നാട്ടിലെ പരിതാപകരമായ അവസ്ഥ. ഈ അവസ്ഥയാണ് കണ്ണൂരിലും കാസർകോട്ടും തൃശൂരും ഒക്കെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്.
വെട്ടിപ്പിടിച്ച രാഷ്ട്രീയ തട്ടകങ്ങൾ സംരക്ഷിച്ചു നിലനിർത്താനും ഉള്ളവ വിസ്തൃതമാക്കാനുമുള്ള ത്വരയിലാണ് സി.പി.എമ്മും ബി.ജെ.പിയും എതിരാളികൾക്കെതിരേ ആയുധമെടുത്ത് അടരാടുന്നത്. രാഷ്ടീയത്തിനു വേണ്ടി എന്ന പേരിൽ നടത്തുന്ന ഈ അതിക്രമങ്ങൾ പക്ഷേ ഇല്ലാതാക്കുന്നത് നമ്മുടെ മൂല്യങ്ങളെയാണ്. അതുവഴി നമ്മുടെ രാഷ്ട്ര സങ്കൽപ്പത്തെ തന്നെയും. സങ്കുചിത താൽപ്പര്യങ്ങൾക്കായുള്ള ഈ പരസ്പരം കുത്തിച്ചാകൽ ആത്യന്തികമായി ആർക്കും പ്രയോജനമുണ്ടാക്കില്ല. സൃഷ്ടിക്കപ്പെടുന്നത് കുറേ വിധവകളും അനാഥരും മാത്രമാകും. ഒപ്പം രാഷ്ട്രീയ കക്ഷികൾക്കു മുതലെടുക്കാൻ കുറേ രക്തസാക്ഷി മണ്ധപങ്ങളും ബാക്കിയാവും. ചില സങ്കുചിത സ്വാർത്ഥ താൽപ്പര്യങ്ങളുടെ ഉപോൽപ്പന്നങ്ങൾ. ഇതു തിരിച്ചറിഞ്ഞ് അക്രമപാതയിൽ നിന്ന് അകന്നു നിൽക്കുകയാണ് യഥാർത്ഥ ജനാധിപത്യ സ്നേഹികൾ ചെയ്യേണ്ടത്. അതാണ് ആത്യന്തികമായി ഭാരതത്തിനും ഗുണം ചെയ്യുക.