ആഘോഷങ്ങൾ അതിരുവിടുന്പോൾ


ജീവിതം ആഘോഷിക്കാനുള്ളതാണ്. ജീവിത യാഥാർ‍ത്ഥ്യങ്ങളിലേക്ക് ആണ്ടുപോകുന്പോൾ നമ്മിൽ‍ പലർ‍ക്കും അതൊന്നും എളുപ്പം സാധ്യമാകുന്നില്ല എന്ന് മാത്രം. പക്ഷേ യൗവ്വനം അങ്ങനെയല്ല. യൗവ്വനത്തിളപ്പിൽ‍ പ്രശ്നങ്ങൾ പലതും ചിന്തയുടെ പടിക്കു പറത്തായിരിക്കും. യുവാക്കളുടെ സ്വന്തം ഭാഷയിൽ‍ പറഞ്ഞാൽ‍ കെയർ‍ ഫ്രീ കാലം. ആഘോഷത്തിമിർ‍പ്പിന്‍റെ കാലം. നിയന്ത്രണങ്ങളില്ലാത്ത യൗവ്വനം ആഘോഷങ്ങൾക്കും നിയന്ത്രണം വെയ്ക്കാറില്ല. അതിനവരെ കുറ്റം പറഞ്ഞിട്ടും കാര്യമില്ല. ജീവിതത്തിൽ‍ പല പാഠങ്ങളും പഠിക്കാൻ ഇങ്ങനെയുള്ള അനുഭവങ്ങൾ കൂടിയേ തീരൂ. 

തിരുവനന്തപുരത്തും അടൂരിലും എഞ്ചിനീയറിംഗ് കോളേജുകളിൽ‍ നടന്ന ഓണാഘോഷങ്ങളോടനുബന്ധിച്ച് നടന്ന അതിരു വിടലും ഇതിന്‍റെയൊക്കെ ഭാഗം തന്നെയാണ്. പക്ഷെ ഇതൊക്കെ ഇത്രത്തോളം അതിരു വിടണമോ എന്ന് നമ്മുടെ സമൂഹം ഉറക്കെ ചിന്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. തിരുവനന്തപുരത്ത് ആഘോഷങ്ങൾ ഒരു പെൺ‍കുട്ടിയുടെ ദാരുണാന്ത്യത്തിൽ‍ കലാശിച്ചതോടെയാണ് പൊതുസമൂഹം അതിനെതിരേ അതിശക്തമായ പ്രതികരണവുമായി രംഗത്തെത്തിയത്. എന്നാൽ‍ അതൊന്നും വകവെയ്ക്കാതെയാണ് അടൂർ‍ എഞ്ചിനീയറിംഗ് കോളജിലെ കുട്ടികൾ അവരുടെ ആഘോഷങ്ങൾക്കു കൊഴുപ്പു പകരാൻ ഫയർ‍ എഞ്ചിനും ട്രാക്ടറും ഒക്കെ ക്യാന്പസിനുള്ളിൽ‍ അണി നിരത്തിയത്. 

കണ്ടാലറിയാത്തവൻ കൊണ്ടാലറിയും എന്നാണ് ചൊല്ല്. എഞ്ചിനീയറിംഗ് കോളേ‍‍ജിലെ കുട്ടികളുടെ കാര്യത്തിൽ‍ ഇതുണ്ടായിട്ടില്ല. ഇത് നമുക്കു മുന്പിൽ‍ വെയ്ക്കുന്ന ചോദ്യങ്ങൾ പലതാണ്. നമ്മുടെ യുവത്വത്തിന് എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നത്. ഇവിടെ യുവസമൂഹത്തെ മാത്രമായി മാറ്റി നിർ‍ത്തി നമുക്ക് ഒരു ഉത്തരവും കണ്ടത്താനാവില്ല. ഒരു നിഗമനങ്ങളിലും എത്തിച്ചേരാനുമാവില്ല. അങ്ങനെ വരുന്പോൾ ഉത്തരവും ഈ ചോദ്യത്തിൽ‍ത്തന്നെയുണ്ട് എന്ന് നമുക്കു സമ്മതിക്കേണ്ടി വരും. അനുഭവങ്ങൾ നൽ‍കുന്ന പാഠം അതാണ്. 

ഓണനാളിൽ‍ ഗുരുവായൂർപുരേശനെ കാണാൻ സഹോദരനും കുടുംബത്തിനുമൊപ്പമുള്ള യാത്ര തുടങ്ങിയത് ഉച്ചയൂണിന് ശേഷമായിരുന്നു. തുടക്കം മുതൽ‍ ഭൂമി മലയാളത്തിലെ ഓണാഘോഷ പരിപാടികളും കാണാം എന്നും ഉറപ്പുണ്ടായിരുന്നു. പക്ഷേ അതൊരു യാത്രാ ദുരിതമാകുമെന്ന് കണക്കാക്കിയില്ല. യാത്ര ഏറെ ദൂരം പിന്നിടും മുന്പ് വണ്ടി ഒരു ഗതാഗതക്കുരുക്കിൽ‍പ്പെട്ടു. മുന്പിൽ‍ അഞ്ചാറു വാഹനങ്ങൾ നിരയായി കിടക്കുന്നു. പിന്നിലും വാഹനങ്ങളുടെ എണ്ണമേറിയതോടേ ഇറങ്ങി മുന്പോട്ടു നടന്നു. നോക്കുന്പോൾ അവിടെയൊരു വലിയ ജനക്കൂട്ടം. നാട്ടിലെ ഓണാഘോഷപരിപാടിയുടെ ഭാഗമായ വടംവലി മത്സരമായിരുന്നു ഗതാഗതക്കുരുക്കിന് കാരണം. 

മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ സ്വന്തം മണ്ധലമായതിനാൽ‍ നല്ല കണ്ണാടി പോലെ താർ‍ ചെയ്ത നടുറോഡിൽ‍ പെയിന്‍റു കൊണ്ടു കളിക്കളമൊക്കെ മാർ‍ക്ക് ചെയ്താണ് വടം വലി. ആഴ്ചകളുടെ തയ്യാറെടുപ്പിനൊടുവിൽ‍ നാട്ടിലെ കരുത്തന്മാർ‍ യൂണിഫോമണിഞ്ഞാണ് മാറ്റുരക്കുന്നത്. ചുറ്റുമുള്ള കൂട്ടം ആവേശത്തിമിർ‍പ്പിലാണ്. പലരും അക്ഷരാർ‍ത്ഥത്തിൽ‍ ലഹരിയിലാണ്. നല്ല മണം മൂക്കിൽ‍ തുളഞ്ഞു കയറുന്നുണ്ട്. പല വർ‍ഷങ്ങളായി മിസ്സുചെയ്ത ഓണാഘോഷത്തിന്‍റെ ഭാഗമാകുന്നതിൽ‍ ‍‍ഞാനും രസം കണ്ടെത്തി. പക്ഷെ ഒരു കാര്യം മാത്രം എനിക്കു മനസ്സിലാകാതെ പോയി. മത്സരം നടത്താനും ആവേശം പകരാനും ആവശ്യമുള്ളതിലും അധികം സ്ഥലമുണ്ടായിട്ടും എന്തിനാണ് ഇരു വശത്തുമായി ഇത്രയധികം വാഹനങ്ങൾ പിടിച്ചിട്ടത് എന്നത് എന്നിലുണർ‍ത്തിയത് ആത്മരോഷമായിരുന്നു. ആ സാഹചര്യത്തിൽ‍ അതിനെ ചോദ്യം ചെയ്യുന്നത് തികച്ചും നിരർ‍ത്ഥകമാണ്. അതുകൊണ്ട് പുഞ്ചിരിയോടെ അതു മനസിലടക്കി. ഇതാണ് നമ്മുടെ പൊതുവായ മാനസിക നില. ആഘോഷങ്ങളുടെ ലഹരി തലയ്ക്ക് പിടിച്ച് കഴിഞ്ഞാൽ‍ പിന്നെ ചെയ്യുന്നതെല്ലാം നമുക്ക് യാന്ത്രികമാണ്. കുട്ടികളെ കുറ്റം പറയുന്ന നമ്മൾ എന്താണ് ചെയ്യുന്നതെന്ന് ആത്മപരിശോധന നടത്തുകയും തിരുത്തുകയും ചെയ്യാതെ ഒരു പ്രശ്നങ്ങളും പരിഹരിക്കപ്പെടില്ല. ആഘോഷങ്ങൾ അതിരു വിടാതിരിക്കാൻ ശ്രദ്ധിക്കേണ്ടത് നമ്മൾ തന്നെയാണ്.

You might also like

Most Viewed