ഗൃഹപാഠങ്ങളും ഗുണപാഠങ്ങളും
ഓരോ പദ്ധതികളും പരിപാടികളും നടപ്പാക്കും മുന്പ് അതിനൊക്കെ വലിയ ആസൂത്രണങ്ങളും നല്ല ഗൃഹപാഠങ്ങളും ആവശ്യമാണ്. പദ്ധതിയുടെ വിജയത്തിന് അത് ഒഴിച്ചുകൂടാനാവാത്ത ഘടകമാണ്. നമ്മുടെ ഭരണാധികാരികൾക്കൊക്കെ അതു നന്നായറിയാം. എ.കെ ആന്‍റണി ഭൂമിമലയാളത്തിലും മഹാഭാരതത്തിലും പല സുപ്രധാന പദവികളും അലങ്കരിച്ച ഒട്ടേറെ ജനക്ഷേമ നടപടികൾ ചെയ്ത ഭരണ പരിചയമുള്ള മികച്ച നേതാവാണ്. ഓരോ തീരുമാനങ്ങളും എടുക്കും മുന്പ് ഗൃഹപാഠം ചെയ്യേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ച് വളരെ കൃത്യമായ ധാരണയുണ്ട് അദ്ദേഹത്തിന്. ആവശ്യത്തിനു ഗൃഹപാഠം ചെയ്യാത്തതിനാലാണ് ഇന്ത്യ പാക് ദേശീയ ഉപദേഷ്ടാവുതല ചർച്ചകളുടെ മുടക്കം എന്നതാണ് ആന്‍റണിയുടെ വിദഗ്ദ്ധാഭിപ്രായം. ഒരുപക്ഷേ നേതാവല്ലാ പ്രതിപക്ഷമായ കോൺഗ്രസിന്‍റ തല മുതിർന്ന നേതാവായതു കൊണ്ടാവാം ബി.ജെ.പി സർക്കാരിനെ അടിക്കാനുള്ള ഒരവസരം അന്തോണിച്ചൻ ഉപയോഗിച്ചത്. പണ്ടു ചാരായനിരോധന കാലത്ത് ഇതേ അന്തോണിച്ചൻ എന്തു ഗൃഹപാഠമായിരുന്നു എടുത്തിരുന്നത് എന്നാലോചിച്ച് ആരും മനസു പുണ്ണാക്കരുത്. അതു മൂലം നാടൊട്ടുക്കുള്ള കള്ളുഷാപ്പുകളിൽ ആനമയക്കിയും മണവാട്ടിയും ക്രിസ്തുവുമൊക്കെ നിറഞ്ഞാടിയത് ഭൂമിമലയാളം തൽക്കാലത്തേയ്ക്കു മറന്നേക്കുക.
അത് അന്നങ്ങനെ പറ്റിപ്പോയി. ഒരാൾക്കു പറ്റിയ അബദ്ധം അടുത്തയാൾ പാഠമാക്കി അതു ആവർത്തിക്കാതിരിക്കുകയാണല്ലോ വേണ്ടത്. കോൺഗ്രസായാലും ബി.ജെ.പി ആയാലും അനുഭവങ്ങൾ പാഠങ്ങളാക്കണം എന്ന കാര്യത്തിൽ അന്തോണിച്ചനു വിട്ടു വീഴ്ചയില്ല. അക്കാര്യത്തിൽ ബി.ജെ.പിയെന്നോ കോൺഗ്രസെന്നോ അദ്ദേഹത്തിനു ഭേദവുമില്ല. ഉമ്മൻ ചാണ്ടി സർക്കാരിന്‍റെ ബാറടപ്പിക്കലിനെപ്പറ്റിയുള്ള അന്തോണിച്ചന്റെ ഏറ്റവും പുതിയ പ്രസ്താവന അദ്ദേഹത്തിന്‍റെ ഈ വേർതിരിവില്ലായ്മയും അനുഭവ പരിജ്ഞാനവും ഭരണ പരിചയവും വ്യക്തമാക്കുന്നതാണ്. ബാറടപ്പിക്കൽ മൂലം സംസ്ഥാനത്ത് മയക്കുമരുന്നുപഭോഗം ക്രമാതീതമായി വർദ്ധിച്ചു എന്നതാണ് എ.കെ ആന്റണിയുടെ വിലയിരുത്തൽ. ഇതിൽ വാസ്തവം ഇല്ലാതില്ല. നാട്ടിൽ മയക്കുമരുന്നുപഭോഗത്തിലുണ്ടായിരിക്കന്ന വർദ്ധന ഞെട്ടിക്കുന്നതു തന്നെയാണ്, ഭയപ്പെടുത്തുന്നതും. എന്‍റെ സ്വന്തം നാട്ടിൽ നിന്നും നേരിട്ടു ലഭിച്ച വിവരങ്ങളും അതു ശരിവെയ്ക്കുന്നു.
കാശു ചെലവു കുറവ്, ഏതു പോലീസ് എത്ര ഊതിച്ചാലും ഒരു ബ്രെത്ത് അനലൈസറും കമാന്നൊരക്ഷരം മിണ്ടില്ല, പെറ്റിക്കേസ് പോലും ചാർജു ചെയ്യുകയുമില്ല. പുളിച്ച കള്ളിന്‍റെയോ ഒണക്ക വിദേശ മദ്യത്തിന്‍റെയോ കെട്ട നാറ്റമില്ല. ഉപയോഗിച്ചാൽ സാധാരണ ഗതിയിൽ ഉപഭോക്താവ് വയലന്‍റാകുന്ന പ്രശ്നവുമില്ല. അങ്ങനെ നമുക്ക് കഞ്ചാവെന്ന മാസ്മരിക മയക്കു മരുന്നിനെ അനവധി നിരവധി ഗുണഗണങ്ങളുടെ നിരതന്നെ കണ്ടെത്താനാവും. നാട്ടിലെ വിദ്യാർത്ഥികളടക്കം വലിയൊരു വിഭാഗം യുവാക്കൾ ഇന്നു കഞ്ചാവിന്‍റെ ഉപഭോക്താക്കളാണ്. രണ്ടു പുകയെടുത്തിട്ടു ക്ലാസിൽ കയറുന്ന വിദ്യാർത്ഥികൾ ഏറെയാണ് എന്നതാണ് ഞെട്ടിക്കുന്ന വിവരം. കഞ്ചാവടിച്ചവനെ പിടികൂടാനുള്ള ബ്രെത്ത് അനലൈസറുകൾ സ്കൂൾ കവാടങ്ങളിൽ സ്ഥാപിക്കേണ്ട കാലം അകലെയല്ല.
ഈ അടിമത്തത്തിനു അടുത്ത പല തലങ്ങൾ കൂടിയുണ്ട്. കഞ്ചാവു കടത്തലിനുള്ള കാര്യർമാരായി നവയൗവ്വനത്തെ ഉപയോഗിക്കുക എന്നതാണ് അതിലൊന്ന്. കോട്ടയം ജില്ലയുടെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രകൃതിയുടെ നിറവായ ഹൈറേഞ്ചിലേക്കുള്ള കടത്തൽ പിക്നിക്കാണ് ഇതിലൊന്ന്. കൈനിറയെ പണവും നൽകി കാലത്ത് ഹൈറേഞ്ചുകയറുന്ന കുട്ടി സംഘങ്ങൾ തിരികെയെത്തുന്നത് കിലോക്കണക്കിനു കഞ്ചാവുമായാണ്. പേരുകേട്ട ബിസിനസ് കുടുംബങ്ങളിൽ നിന്നുള്ള കൗമാരക്കാർ പോലും ഇങ്ങനെയുള്ള കടത്തു സംഘങ്ങളുടെ കണ്ണികളായി പ്രവർത്തിക്കുന്നുണ്ട്. അടുത്തിടെ ചങ്ങനാശ്ശേരിയിലെ ഒരു പ്രമുഖ കുടുംബത്തിലെ മിടുക്കനായ ആൺതരിയെ കുടുംബാംഗങ്ങൾ ഇറക്കിക്കൊണ്ടു വന്നത് പോലീസ് േസ്റ്റഷനിൽ നിന്നാണ്. കഞ്ചാവു കടത്തായിരുന്നു കേസ്. നേരേ ചൊവ്വേ മാതാപിതാക്കളോടു ചോദിച്ചാൽ കൊടുക്കുന്നത് പോലുമില്ല ആ യുവാവ് കഞ്ചാവു കടത്തലിലൂടെ ഒരു ദിവസം നേടുന്ന തുക. പക്ഷേ വീട്ടിൽ നിന്നും കിട്ടാവുന്ന തുകയ്ക്ക് മദിപ്പിക്കുന്ന ലഹരിയില്ലല്ലോ.
പാരന്പര്യ ശൈലികൾക്കൊപ്പം നാട്ടിൽ ഫാഷനായ പുകയില മുറുക്കാനുള്ള വെറ്റിലയിൽ ലേഹ്യ രൂപത്തിലുള്ള മയക്കു മരുന്നു തേച്ചു നൽകുന്ന ലോബിയും ഇതിനൊപ്പം വ്യാപകമാണ്. നിമിഷാർദ്ധങ്ങൾ കൊണ്ട് കോടീശ്വരന്മാർ സൃഷ്ടിക്കപ്പെടുന്നു. ദിവസങ്ങൾ കൊണ്ട് അവരുടെ വലകളിൽ വീഴുന്നവർ മയക്കുമരുന്നുകളുടെ അടിമകളും മനോരോഗികളുമാകുന്നു. ഗൃഹപാഠങ്ങളെക്കുറിച്ചുള്ള തമാശകൾ മാറ്റി വെച്ച് സുഖഭോഗങ്ങളുടെ പിഴച്ച വഴിയിലേക്കു ഗതിമാറുന്ന യൗവ്വനങ്ങളെ തിരുത്താനും നല്ല വഴിയിലേക്കു നയിക്കാനും സർക്കാരും സമൂഹവും നിയമ പാലകരും ഉണർന്നു പ്രവർത്തിക്കേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.