ഹിന്ദി സീഖോ...
നമുക്കു ചുറ്റുമുള്ള അവസരങ്ങളുടെ അനന്ത സാദ്ധ്യതകളെപ്പറ്റി എപ്പോഴും ഓർമ്മപ്പെടുത്തുന്ന അന്നദാതാവും മുഖ്യപത്രാധിപരുമായ പി.ഉണ്ണികൃഷ്ണന്‍റെ ഉപദേശപ്രകാരമാണ് കാർട്ടൂണും കാരിക്കേച്ചറും ചിത്രകലയുമൊക്ക പഠിപ്പിക്കുന്ന ഒരു ഇൻസ്റ്റിറ്റ്യൂട്ട് ആരംഭിക്കാനുള്ള ആലോചന തലപൊക്കിയത്. അതിനുള്ള പ്രാരംഭ പ്രവർത്തനങ്ങൾ നടത്തിയാണ് ഒരുമാസത്തെ അവധിക്കായി നാട്ടിലെത്തിയത്. നാട്ടിലെ അനുഭവങ്ങളാവട്ടെ പുതിയൊരു കോഴ്സിന്‍റെ സാദ്ധ്യതകളിലേക്കാണ് വിരൽ ചൂണ്ടുന്നത്. ഒരു ഹിന്ദി സ്പീക്കിംഗ് കോഴ്സിന് ഗൾഫിൽ അനന്ത സാദ്ധ്യതയാണുള്ളത്.
വിമാനമിറങ്ങി വീട്ടിലെത്തിയപ്പോൾ കാണുന്നത് പറന്പിൽ പണി ചെയ്യുന്നയാളോട് വിമുക്ത ഭടനായ അച്ഛൻ രാഷ്ട്ര ഭാഷയിൽ ഭാഷണം ചെയ്യുന്നതാണ്. കക്ഷി ബിഹാറിയാണ്. എഞ്ചിനീയറും കോണ്‍ട്രാക്ടറുമായ അനുജന്‍റെ പണിക്കാരിൽ ഒരാൾ. ഒരുപാടു പേരുണ്ട് അവർ. തൊഴിലില്ലായ്മയും വറുതിയും ഗ്രസിച്ച ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും ഭൂമി മലയാളത്തിന്‍റെ തൊഴിൽ സാദ്ധ്യതകൾ തിരിച്ചറിഞ്ഞ് എല്ലുമുറിയെ പണിചെയ്ത് ജീവിതം കൂടുതൽ മനോഹരമാക്കുന്നവർ. അവരുമായി സംവദിക്കണമെങ്കിൽ പക്ഷേ രാഷ്ട്രഭാഷ കുറച്ചെങ്കിലും അറിഞ്ഞിരിക്കണം എന്നു മാത്രം. ദോഷം പറയരുതല്ലോ അവരിൽ ചിലരെങ്കിലും ഒഴുക്കോടേ മലയാളം പറയുന്നുമുണ്ട്.
അവധിക്കാല യാത്രകളുടെ ഭാഗമായി തൃപ്പൂണിത്തുറയിലെത്തിയപ്പോഴായിരുന്നു അടുത്ത അനുഭവം. ഭേദപ്പെട്ട ഒരു നാടൻ ഹോട്ടലിൽ ഉച്ചയൂണു കഴിക്കാൻ കയറി. ഓർഡർ എടുക്കാൻ വന്നത് ബംഗാളിയായ മുഹമ്മദ്. കേരളത്തിൽ എത്തിയിട്ട് മാസം ഒന്നു തികഞ്ഞിട്ടില്ല. മലയാളം വഴിയേ പോലും പോയിട്ടില്ല. പള്ളിക്കൂടകാലത്തെ സുഗമ ഹിന്ദി പരീക്ഷയിലെ പ്രഥമസ്ഥാനത്തിന്‍റെ പെരുമയ്ക്കിപ്പുറം രാഷ്ട്ര ഭാഷയുമായി പുലബന്ധം പോലുമില്ലാത്ത ഞാൻ സാദാ മീൽസിനപ്പുറം എന്തെങ്കിലും ഓർഡർ ചെയ്യാൻ പെട്ട പാട് എനിക്കേ അറിയൂ. ഒടുവിൽ ബുദ്ധിപരമായ നീക്കത്തിലൂടെ മീൽസിൽ അഭയം കണ്ടെത്തി. ഹോട്ടലിൽ എടുക്കാനും കൊടുക്കാനും തുടയ്ക്കാനുമെല്ലാം ഹിന്ദി വാലകൾ മാത്രം.
മലയാളിയുടെ ദേശീയ ഭക്ഷണമായ ചിക്കൻ വിൽക്കുന്ന കടകളുലും സ്ഥിതി ഇതു തന്നെയാണ്. കെട്ടിട നിർമ്മാണ മേഖല പൂർണ്ണമായും ഉത്തരേന്ത്യൻ തൊഴിലാളികൾ കയ്യടക്കിയിരിക്കുന്നു. ഈ രംഗത്ത് ഉത്തരേന്ത്യയിലെ പ്രശ്ന ബാധിത സ്ഥലങ്ങളിൽ നിന്നുള്ള തീവ്രവാദ ബന്ധമുള്ള നേതാക്കളടക്കം നിരവധിയാൾക്കാർ കടന്നു കൂടിയിട്ടുണ്ട്. ഇവരെക്കുറിച്ച് സംസ്ഥാന പോലീസ് അന്വേഷണവും നടത്തുന്നുണ്ട്. ഇതോടെ ലേബർ കോണ്‍ട്രാക്ടർമാർ ബംഗാളിലെ ഗ്രാമങ്ങളിൽ നേരിട്ടു പോയാണ് ആവശ്യമുള്ള തൊഴിലാളികളെ കൊണ്ടുവരുന്നത്. ഇവരുമായുള്ള സംസർഗ്ഗത്തിലൂടെ ലേബർ കോണ്‍ട്രാക്ടർമാരിൽ പലരും അറിഞ്ഞോ അറിയാതെയോ രാഷ്ട്രഭാഷ അൽപ്പാൽപ്പമായി പഠിച്ചു തുടങ്ങിയിട്ടുമുണ്ട്. പണ്ട് തമിഴകത്തുനിന്നുമുള്ള കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു ഈ മേഖല കയ്യടക്കി വച്ചിരുന്നത്. ആ തൊഴിലാളികളിൽ പലരും പിന്നീട് ലേബർ കോണ്‍ട്രാക്ടർമാരുമായി. അക്കാര്യം പരിഗണിക്കുന്പോൾ നാട്ടിൽ സമീപ ഭാവിയിൽ തന്നെ ഉത്തരേന്ത്യൻ ലേബർ കോണ്‍ട്രാക്ടർമാരെ നമുക്കു പ്രതീക്ഷിക്കാം. പ്രവാസ ലോകത്തിരുന്നു നാട്ടിൽ സ്വന്തം വീടു പണിയുന്ന നമ്മളിൽ പലർക്കും പണിക്കാരുമായി ഒന്നു നേരിട്ട് ഇടപെടണമെങ്കിൽ ഹിന്ദി അവശ്യ ഭാഷ തന്നെയാകും.
പ്രശസ്ത കാർട്ടൂണിസ്റ്റ് ജോയി കുളനടക്ക് കേരള കാർട്ടൂൺ അക്കാദമി വിശിഷ്ടാംഗത്വം നൽകിയ ചടങ്ങിനു പോയപ്പോഴാണ് ഹിന്ദി അറിയാത്തു കൊണ്ട് വെള്ളംകുടി മുട്ടിയത്. അക്കാദമി അദ്ധ്യക്ഷൻ പ്രസന്നൻ ആനിക്കാടിന്‍റെ നേതൃത്വത്തിൽ പുറത്ത് ചടങ്ങിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്പോൾ ഹോട്ടൽ മുറിയിൽ വന്നും പോയുമിരിക്കുന്ന കറണ്ടിന്‍റെ കാരുണ്യത്തിൽ അന്നത്തെ ലോകജാലകം തീർക്കുന്ന തിരക്കിലായിരുന്നു ഞാൻ. തിരക്കിട്ടു പണി ചെയ്യുന്ന എന്നോടുള്ള കനിവു മൂലം അക്കാദമി മുൻ ഉപാദ്ധ്യക്ഷൻ അനിൽ വേഗത്തിൽ ഒരു ചൂടു ചായക്ക് ഇന്‍റർകോമിലൂടെ ഓർഡർ നൽകി. ഫോൺസംഭാഷണത്തിന്‍റെ ദൈർഘ്യം ഏറിയപ്പോൾ തന്നെ അങ്ങേ തലക്കൽ ഏതോ അന്യഭാഷക്കാരനാണെന്നു വ്യക്തമായി. ചായ കിട്ടിയതു തന്നെ എന്നു മനസ്സിൽ ഉറപ്പിക്കുകയും ചെയ്തു. ഏതായാലും എഴുത്തും അയക്കലും പൊതുപരിപാടിയും ഒക്കെക്കഴിഞ്ഞിട്ടും അത്യാവശ്യമായി ഓർഡർ ചെയ്ത ചായ മാത്രം വന്നില്ല. അവിടെയും തൊഴിലാളികളെല്ലാം ഹിന്ദിവാലകൾ തന്നെ.
സർക്കാരിന്‍റ പ്രത്യേക ശ്രമമോ പദ്ധതികളോ ഇല്ലാതെ തന്നെ രാഷ്ട്ര ഭാഷ ഭൂമി മലയാളത്തിലും വേരോട്ടം നേടുകയാണ്. സൂപ്പർ ഹിറ്റ് ചലച്ചിത്രം ദൃശ്യത്തിലെ ഒരു രംഗവുമായി ബന്ധപ്പെടുത്തിയുള്ള ഈ സോഷ്യൽ മീഡിയ തമാശ ഇതു ശരി വെയ്ക്കുന്നു. അങ്ങനെ വരുന്പോൾ പ്രവാസ ലോകത്തും ഹിന്ദി സ്പീക്കിംഗ് കോഴ്സുകൾക്കുള്ള സാദ്ധ്യത വർദ്ധിക്കുകയാണ്. ഒരുപക്ഷേ നാടുവിട്ടു പ്രവാസിയാവേണ്ടി വന്ന ആദ്യ മലയാളിയായ മാവേലിത്തന്പുരാൻ പോലും ആ കോഴ്സിനു ചേർന്നു കൂടായ്കയുമില്ല.