ആമോദിച്ച്, ആഹ്ലാദിച്ച്...
ഇതുപോലൊരു വരവേൽപ്പ് ദുബൈയിൽ ഇതാദ്യമെന്ന് വെണ്ടയ്ക്ക നിരത്തി വാർത്ത ഗംഭീരമായി ആഘോഷിച്ചത് മലയാളത്തിന്റെ പത്ര മുത്തശ്ശി. Dubai Cricket stadium spills over with Indians welcoming Modi... എന്ന തലക്കെട്ടെഴുതിയത് ദുബൈയിൽ നിന്നുള്ള പ്രമുഖ ഇംഗ്ലീഷ് ദിനപത്രം ഖലീജ് ടൈംസ്. പ്രമുഖ പത്രങ്ങളിൽ ചിലത് അങ്ങനെയെഴുതിയെങ്കിലും പ്രമുഖമെന്നു നമ്മളൊക്കെ കരുതുന്ന ഒന്നിലധികം പത്രങ്ങൾ പ്രധാനമന്ത്രി നരേന്ദ്ര മോഡിയുടെ ദുബൈ വാർത്ത തമസ്കരിച്ചു മിടുക്കു കാട്ടി. അവരെ കുറ്റം പറയാനാവില്ല. ലോകം അങ്ങനെയാണ്. എല്ലാവരെയും എല്ലാവർക്കും അംഗീകരിക്കാനാവില്ല. എന്നാൽ ജനാധിപത്യ സംവിധാനങ്ങളിൽ ബഹുഭൂരിപക്ഷത്തിന്റെ ഇഷ്ടങ്ങൾ തമസ്കരിക്കുന്നത് എത്രത്തോളം നീതിയുക്തമാണെന്ന കാര്യം പ്രസക്തമാണ്. അതിനുമപ്പുറം ഭാരതത്തിന്റെ പ്രധാനമാന്ത്രിക്കാണ് ദുബൈ പോലൊരു അറബ് രാജ്യത്ത് ഇത്ര ഊഷ്മളമായ വരവേൽപ്പ് ലഭിച്ചത് എന്നതും.
ചരിത്രപരം തന്നെയാണ് ഈ സന്ദർശനം. പൊരിവെയിലിൽ ചോര നീരാക്കുന്ന സാധാരണ പ്രവാസിക്ക് നരേന്ദ്ര മോഡിയോ മറ്റേതെങ്കിലും ഭരണാധികാരിയോ വന്നു പോയതു കൊണ്ട് എന്ത് പ്രയോജനമാണ് ഉണ്ടാവുക എന്ന പ്രസക്തമായ സന്ദേഹമാവും മോഡി വിരോധികൾ പ്രധാനമന്ത്രിയുടെ സന്ദർശനത്തെ ഇകഴ്ത്താൻ ഉന്നയിക്കുന്ന കാര്യങ്ങളിൽ ഒന്ന്. ഇതിനുള്ള ഉത്തരങ്ങൾ ഒന്നല്ല രണ്ടാണ്. ഒന്നാമതായി പ്രവാസ ലോകത്തെ അതി സാധാരണക്കാരായ ബഹുഭൂരിപക്ഷം തൊഴിലാളികൾ ദുരിത ജീവിതം നയിക്കുന്ന പ്രവാസലോകത്തെ ലേബർ ക്യാന്പുകളിൽ സന്ദർശനം നടത്തി എന്നതാണ്. വിദേശ രാജ്യങ്ങളിൽ ഔദ്യോഗിക സന്ദർശനങ്ങൾക്കെത്തുന്പോൾ അവിടങ്ങളിലെ രാജകീയ സുഖഭോഗങ്ങൾ മാത്രമാസ്വദിച്ച് സന്പന്നരും അധികാര ശ്രേണിയിലെ ഉന്നത വൃന്ദങ്ങളുമായി മാത്രം ഇടപെട്ട് മൂട്ടിലെ പൊടിയും തട്ടി തിരിച്ചു പോകുന്ന സാധാരണ നേതാക്കൾക്ക് കടകവിരുദ്ധമായിരുന്നു മോഡിയുടെ ലേബർ ക്യാന്പ് സന്ദർശനം. നേരിട്ട് ഇനി ഒന്നും ചെയ്തില്ലെങ്കിൽ കൂടി തൊഴിലുടമകളും ബന്ധപ്പെട്ട അധികാരികളും ഈ ലേബർ ക്യാന്പുകളുടെ കാര്യത്തിൽ കൂടുതൽ ശ്രദ്ധ കാട്ടും എന്നുറപ്പ്.
മോഡിയുടെ സന്ദർശനത്തിലൂടെ രാജ്യത്തേക്ക് ഒഴുകിയെത്തുന്ന വൻ നിക്ഷേപമാണ് അടുത്തത്. കഴിഞ്ഞ സർക്കാരുകളിലെ മിടു മിടുക്കന്മാരായ പല മന്ത്രിമാരെയും നമുക്കറിയാം. അതിൽ നമുക്കറിയാവുന്ന ചിലരെങ്കിലും ബഹ്റിൻ അടക്കമുള്ള രാജ്യങ്ങളിൽ അടിക്കടി സന്ദർശനം നടത്തിയിരുന്നത് തങ്ങൾ രഹസ്യമായി നടത്തിയിരുന്ന വൻ തുകകളുമായി ബന്ധപ്പെട്ടായിരുന്നു എന്നത് പരസ്യമായ രഹസ്യമാണെന്നും പറച്ചിലുണ്ട്. അങ്ങനെയൊരു മന്ത്രിപുംഗവൻ ബഹ്റിനിൽ എത്തുന്പോൾ എന്‍റെയൊരു മാധ്യമ സുഹൃത്ത് പറഞ്ഞിരുന്നത് ആൾ സി.ആർ പുതുക്കാൻ വന്നിട്ടുണ്ട് എന്നായിരുന്നു. ഈ സ്ഥാനത്താണ് നരേന്ദ്രമോഡി എന്ന പ്രധാനമന്ത്രി ദുബൈയിൽ നിന്നും ആദ്യ വരവിൽ ശത കോടികളുടെ നിക്ഷേപം ഉറപ്പാകിയത്. ഈ നിക്ഷേപം ആത്യന്തികമായി ഭാരതത്തിൽ കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കും. അസ്വസ്ഥതകളുടെയും അനിശ്ചിതത്വത്തിന്‍റെയും പ്രവാസ ജീവിതങ്ങൾക്ക് ഏറെ പ്രതീക്ഷ നൽകുന്നതാണ് ഈ നിക്ഷേപവും അതു മൂലം ഉണ്ടാകാവുന്ന കൂടുതൽ തൊഴിലവസരങ്ങളും.
അതിലൊക്കെയുപരി നരേന്ദ്രമോഡി അധികാരത്തിലെത്തിയാൽ ഗൾഫിലെ ഇന്ത്യക്കാരുടെ ഗതി അധോഗതിയെന്നു പറഞ്ഞ് പ്രചരിപ്പിച്ചവർക്കുള്ള മറുപടി കൂടിയായിരുന്നു നരേന്ദ്ര മോഡി എന്ന ജനനായകന് ദുബൈയിൽ ലഭിച്ച ഊഷ്മളമായ സ്വീകരണം. ഒരു ഇന്ത്യൻ ഭരണാധികാരിക്ക് ദുബൈയുടെ മണ്ണിൽ ഇതുപോലൊരു വരവേൽപ്പ് ഇത് ആദ്യമാണ്. ദുബൈ ഭരണാധികാരിയും യു.എ.ഇ വൈസ് പ്രസിഡണ്ടുമായ ഷൈഖ് മൊഹമ്മദ് ബിൻ റാഷിദ് അൽ മഖ്തൂമുമായുള്ള പ്രധാനമന്ത്രിയുടെ കൂടിക്കാഴ്ച്ചയെപ്പറ്റിയും അദ്ദേഹത്തിന്‍റെ പൊതു ചടങ്ങിനെക്കുറിച്ചുമുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത് മോഡി പ്രധാനമന്ത്രിയായത് കൊണ്ട് പ്രവാസികളുടെ സ്ഥിതി മോശമായില്ല എന്ന് തന്നെയാണ്. കഴിഞ്ഞ പൊതു തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് ബഹ്റിനിൽ നടന്ന ഒരു പൊതു ചർച്ചയിൽ ഒരു പ്രമുഖൻ ഭയന്നത് മോഡി അധികാരത്തിലെത്തിയാൽ ഭാരതത്തിലെ മുസ്ലീങ്ങളെ ഇല്ലായ്മ ചെയ്യുമെന്നും അതോടെ ഇന്ത്യക്കാർക്ക് ഗൾഫിൽ നിന്നും കെട്ടുകെട്ടേണ്ടി വരുമെന്നുമായിരുന്നു. ഒരാൾക്കോ ആശയത്തിനോ ഒക്കെയെതിരെ ഭീതി ആയുധമാക്കി ആക്രമണം നടത്തുകയെന്ന രഹസ്യ അജണ്ടയായിരുന്നു ഗൂഡ ലക്ഷ്യങ്ങളുള്ള ആ മാന്യന്റെ വാദത്തിനു പിന്നിൽ. അതെന്തായാലും പ്രധാന മന്ത്രിയെന്ന നിലയിലുള്ള നരേന്ദ്ര മോഡിയുടെ പൊതു സ്വീകാര്യത കൂടുതൽ വ്യക്തമാക്കുന്നത് തന്നെയായിരുന്നു അദ്ദേഹത്തിന്റെ ദുബൈ സന്ദർശനവും.