സ്വാ­തന്ത്ര്യം തന്നെ­യമൃ­തം


കേരളത്തിലെ ദൃശ്യ മാധ്യമങ്ങളുമായി ബന്ധപ്പെട്ട ഒരു വ്യാജ വാർത്തയെ കുറിച്ചുള്ള കേസ് വിചാരണ കോടതിയിൽ നടക്കുകയാണ്. അതിന്റെ ഭാഗമായി പ്രതിസ്ഥാനത്തുള്ള മാധ്യമപ്രവർത്തകനെ കോടതി പതിവു ശൈലിയിൽ അദ്ദേഹത്തിന്റെ ഇൻഷ്യൽ ചേർ‍ത്തുള്ള പേരു ചൊല്ലി വിളിച്ചു. കോടതിയുടെ മുന്പാകെ ഹാജരായത് മറ്റൊരു പേരിൽ പ്രശസ്തനായ മാധ്യമ പ്രവർത്തകൻ. ആൾ അത് തന്നെ പക്ഷെ റിപ്പോർട്ടിംഗ് പേരും യഥാർത്ഥ പേരും വ്യത്യസ്ഥം. ഇതിനെ കുറിച്ചു ന്യായാധിപൻ ചോദിച്ചതും വാദിഭാഗം അഭിഭാഷകന്റെ ക്ഷിപ്ര പ്രതികരണം വന്നു. “സർ ഇവന്‍റെ വാർത്ത മാത്രമല്ല പേരും വ്യാജമാണ്”. പ്രതിയടക്കം സകലരും കോടതിയാണ് എന്നത് ഒരു നിമിഷം വിസ്മരിച്ചു ചിരിച്ചു.  മാധ്യമ പ്രവർത്തകരുടെയും എഴുത്തുകാരുടെയും ഒക്കെ പേരിന്‍റെ  കാര്യത്തിൽ ഇത് തികച്ചും സ്വാഭാവികമാണ്. ശിവശങ്കരപ്പിള്ളയെ തകഴിയായും പി.സി.കുട്ടികൃഷ്ണനെ ഉറൂബായും കുഞ്ഞിരാമൻ നായരെ മഹാകവി പിയായും ഒക്കെയാണ് നമുക്ക് പരിചയം. ഇതൊന്നും ഇവർ പിന്നീട് തിരുത്തിയിട്ടില്ല. തിരുത്തേണ്ട കാര്യവുമില്ല. പ്രതിഭാ ധാരാളിത്തം കൊണ്ട് വിഗ്രഹവൽ‍ക്കരിക്കപ്പെട്ട ആ പ്രമുഖർ‍ക്കൊന്നും അതിന്‍റെ ആവശ്യവുമില്ല.  കാലം മാറിയതോടെ, കാര്യങ്ങളുടെ കിടപ്പുവശം മാറിയതോടെ ഏറെ തിരുത്തലുകൾക്ക് വിധേയമാകേണ്ടി വരുന്ന ഒരു വിഭാഗമുണ്ട്. നമ്മുടെ രാഷ്ട്രീയക്കാരിൽ പലരും തങ്ങൾ‍ യഥാർത്ഥത്തിൽ ആരാണെന്നത് എന്നും പൊതു ജനങ്ങളോടു മറച്ചു െവയ്ക്കാറായിരുന്നു പതിവ്. തെരഞ്ഞെടുപ്പു നാമനിർദ്ദേശ പത്രികാ സമർപ്പണത്തിനൊപ്പം സത്യസന്ധമായ വിവരങ്ങൾ നൽകേണ്ട സ്ഥിതി വന്നതോടെയാണ് ഇവരിൽ പലരുടെയും യാഥാർത്ഥ്യങ്ങൾ ജനം അറിഞ്ഞു തുടങ്ങിയത്. ആദ്യം വായിലും മനസ്സിലും തോന്നിയ മാഹാത്മ്യങ്ങളൊക്കെ സ്വന്തം സത്യവാങ്മൂലങ്ങളിൽ എഴുതിച്ചേർത്തു മേനിനടിച്ചിരുന്ന നേതാക്കൾ അവയുടെ സൂക്ഷ്മ പരിശോധന കർക്കശമാക്കിയതോടേ ഓരോ തെരഞ്ഞെടുപ്പു കഴിയുന്തോറും കൂടുതൽ കൂടുതൽ കൃത്യമായ വിവരങ്ങൾ നൽകിത്തുടങ്ങിയിട്ടുണ്ട്. അതു വരെ കേംബ്രിഡ്ജിലും ഒക്സ്ഫോഡിലും പഠിച്ചു എന്നൂറ്റം കൊണ്ടിരുന്ന പല നേതാക്കളും അവിടങ്ങളിൽ ഹോട്ടൽ വെയ്റ്ററും വെയ്ട്രസും ഒക്കെയായിരുന്നു എന്നതടക്കമുള്ള കാര്യങ്ങളും വെളിവാകുന്നത് ഇത്തരം സത്യവാങ്മൂലങ്ങളുടെ സൂക്ഷ്മ പരിശോധന കൂടുതൽ കുറ്റമറ്റതായതോടെയാണ്.  കയ്യൂക്കുള്ളവൻ എന്തു തോന്ന്യാസത്തിനും സ്വാതന്ത്ര്യമുണ്ടായിരുന്ന ഭാരതത്തിൽ അത്തരം വഴിവിട്ട സ്വാതന്ത്ര്യങ്ങൾക്ക് മൂക്കുകയർ ഇടപ്പെടുകയാണ്. 1947 ആഗസ്റ്റ്‌ 15 തൊട്ടിങ്ങോട്ട് ക്രമാനുഗതമായി, സ്വാഭാവികമായി സംഭവിക്കുന്ന ഒരു പുരോഗതിയാണ് ഇത്. കൂടുതൽ നന്മയും കൂടുതൽ നേട്ടങ്ങളും അന്തർ‍ദേശീയ തലത്തിലെ മെച്ചപ്പെട്ട ആദരവും ഒക്കെ ഇങ്ങനെയുള്ള നമ്മുടെ ശുദ്ധീകരണത്തിന്‍റെ കൂടി ഫലമായി ഉണ്ടാകുന്നതാണ്. നമ്മുടെ ശക്തമായ ജനാധിപത്യ സംവിധാനം 68 ആണ്ടുകൾ കൊണ്ട് കൈവരിച്ച നേട്ടം.

ജനാധിപത്യ ഭാരതത്തിനു 68 വയസു പ്രായമായപ്പോഴേയ്ക്കും അത് നമ്മളെ ഒരുകാലത്ത് അടക്കിഭരിച്ച് കൊള്ള ചെയ്ത് ഒരുവഴിക്കാക്കി സന്പന്നന്മാരായ ബ്രിട്ടീഷ് സാമ്രാജ്യത്വ ശക്തിയെക്കാളും പല മേഖലയിലും കരുത്താർജ്ജിച്ചിരിക്കുന്നു. നമ്മുടെ ജനാധിപത്യത്തിന്‍റെയും ഭരണസ്ഥിരതയുടെയും  ജനാധിപത്യ സർക്കാരിനു വിധേയമായ സൈനിക ശക്തിയുടെയും ചിറകേറിയാണ് ഇന്ത്യ അഭിമാനകരമായ ഈ സ്ഥിതിയിൽ എത്തിയത്. നമ്മുടെ ലക്ഷ്യം സമസ്ത രംഗങ്ങളിലുമുള്ള കൂടുതൽ കൂടുതൽ വളർച്ചയാണ്. 

അതേസമയം ഇന്ത്യാ വിരുദ്ധത മുഖമുദ്രയാക്കിയ പാകിസ്ഥാനെന്ന നമ്മുടെ സഹോദര  രാജ്യത്തിനു വഴി പിഴച്ചതും ഈ സ്വാതന്ത്ര്യ ദിനാഘോഷ വേളയിൽ നമ്മൾ ഒരു പാഠമായി എടുക്കണം. ബ്രിട്ടീഷ് പാർലമെന്‍റു പാസാക്കിയ ‘ഇന്ത്യൻ ഇന്റിപെൻഡന്‍റ് ആക്റ്റ് 1947’ പ്രകാരം 1947 ആഗസ്റ്റ്‌ 15 നാണ് ഇന്ത്യക്കും പാകിസ്ഥാനും സ്വാതന്ത്ര്യം ലഭിച്ചത്. ഇത് പ്രകാരം ഇന്ത്യ ഇന്നും ആഗസ്റ്റ്‌ 15 സ്വാതന്ത്ര്യ ദിനമായി ആഘോഷിക്കുകയും ചെയ്യുന്നു. ആദികാലങ്ങളിൽ പാകിസ്ഥാനും ഇതേ ദിനത്തിൽ തന്നെയായിരുന്നു സ്വാതന്ത്ര്യ ദിനാചരണം. പാക് രാഷ്ട്രപിതാവ് മുഹമ്മദലി ജിന്നയുടെയടക്കം പുസ്തകങ്ങളും ഒട്ടനവധി തപാൽ സ്റ്റാന്പുകളും ഇതിനു സാക്ഷ്യം പറയുന്നു. സ്വാതന്ത്ര്യ ദിന കാര്യത്തിലെങ്കിലും ഇന്ത്യയേക്കാൾ മുന്പന്മാരാകാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് പിന്നീട് അവർ സ്വാതന്ത്ര്യ ദിനം ആഗസ്റ്റ്‌ 14 ആക്കി തിരുത്തിയത്. ചുരുക്കത്തിൽ തുടക്കത്തിൽ പറഞ്ഞ കഥയിലെ മാധ്യമ പ്രവർ‍ത്തകന്‍റെ കാര്യം പോലെ നമ്മുടെ സഹോദര രാഷ്ട്രത്തിന്‍റെ സ്വാതന്ത്ര്യ ദിനം പോലും വ്യാജമെന്ന് വിലയിരുത്തേണ്ടി വരും. ഭാരതത്തിന്‍റെ കാര്യത്തിൽ അങ്ങനെ ഒരിക്കലും സംഭവിക്കാതിരിക്കട്ടെ.

തിരുത്തലുകൾ നയിക്കുന്നത് യാഥാർത്ഥ്യങ്ങളിലേക്കാവണം. അതിനുള്ള സ്വാതന്ത്ര്യമാണ് നാം വിനിയോഗിക്കേണ്ടത്. അതാണ്‌ ഏതൊരു രാഷ്ട്രത്തിന്‍റെയും മഹത്വമേറ്റുന്നത്.

സ്വാതന്ത്ര്യം തന്നെയമൃതം 

പാരതന്ത്ര്യം മാനികൾക്ക് 

മൃതിയെക്കാൾ ഭയാനകം 

ദുസ്വാതന്ത്ര്യങ്ങൾ കൊണ്ട് സ്വന്തം സ്വാതന്ത്ര്യങ്ങൾ ഇല്ലാതാക്കി പരാധീനതയിലേക്കു നിപതിക്കാതിരിക്കാൻ നമുക്ക് പ്രതിജ്ഞാ ബദ്ധരാകാം. പ്രതിലോമ ശക്തികൾക്കെതിരെ ഒന്നിച്ചു പോരാടി വിജയം നേടാം. രാജ്യവിരുദ്ധ ശക്തികൾക്കെതിരെ ജാഗരൂകരാകാം. ജാതിമത സങ്കുചിത താൽപ്പര്യങ്ങൾക്കപ്പുറം വിധ്വംസക ശക്തികളെ ഒന്നിച്ചെതിർത്തു തോൽപ്പിക്കാം. എല്ലാത്തിലും വലുതാണ്‌ രാഷ്ട്രം. 

You might also like

Most Viewed