ബന്ധുവാര് ?
The art or science of government or governing, especially the governing of a political entity, such as a nation, and the administration and control of its internal and external affairs.
Politics refers to achieving and exercising positions of governance.
Politics is the practice and theory of influencing other people.
രാഷ്ട്ര ഭരണത്തിന്‍റെ ശാസ്ത്രവും കലയുമാണ് രാഷ്ട്രീയം. ഭരണ സ്ഥാനങ്ങൾ സ്വന്തമാക്കലും ഭരിക്കലുമാണ് രാഷ്ട്രീയം. ജനങ്ങളെ സ്വാധീനിക്കലാണ് രാഷ്ട്രീയം.
ഇതൊക്കെയാണ് രാഷ്ട്രീയം. ഇതു മാത്രവുമല്ല രാഷ്ട്രീയം. രാഷ്ട്രീയത്തെ സംബന്ധിച്ച നമ്മുടെ ധാരണകളെല്ലാം തിരുത്തപ്പെടുകയാണ്. പൊളിച്ചടുക്കപ്പെടുകയാണ്.പൊളിച്ചെഴുതപ്പെടുകയാണ്. ആ പൊളിച്ചെഴുത്തു നടത്തുന്നതും നമ്മുടെ രാഷ്ട്രീയക്കാർ തന്നെയാണ്. മേൽപ്പറഞ്ഞ നിർവ്വചനങ്ങളെക്കുറിച്ചൊന്നും വലിയ ധാരണയില്ലാത്ത സാമാന്യജനം ധരിച്ചു വശായിരുന്നത് പാവപ്പെട്ട ജനത്തിനെ ഗുണപ്പെടുത്തുന്നതിനുള്ള ഒരു നിസ്വാർത്ഥ പ്രവൃത്തിയെയാണ് രാഷ്ട്രീയം എന്നു വിശേഷിപ്പിച്ചിരുന്നതെന്നാണ്. പക്ഷേ പണ്ടേയ്ക്കു പണ്ടേ അതിനർത്ഥം ജനങ്ങൾക്കുമേലുള്ള അധീശത്വം നേടൽ എന്നു മാത്രമാകുന്നു. ഈ കലയുടെ ഭാഗമാകുന്നു ചാക്കിട്ടു പിടുത്തവും കുതികാൽ വെട്ടും കുതിരക്കയറ്റവും കത്തിക്കുത്തുമൊക്കെ.
തന്നോടൊഴിച്ച് ഒരുവനോടും ആത്മാർത്ഥതയില്ലായ്മ, പാരവെയ്പ്പിൽ പി.എച്ച്.ഡി, ഉളുപ്പില്ലായ്മ എന്നിത്യാദി ഗുണഗണങ്ങളുള്ളവരാണ് രാഷ്ട്രീയത്തിൽ ശോഭിക്കുക എന്ന സത്യവും നമുക്കറിയാം. കാര്യങ്ങൾ ഇങ്ങനെയൊക്കെയാണെങ്കിലും ഒത്തൊരുമ, ഐക്യം, നേതൃഭക്തി, ആദർശങ്ങളോടുള്ള കൂറ്, സ്വന്തം പാർട്ടിക്കാരോടുള്ള സ്നേഹം, അന്യ രാഷ്ട്രീയകക്ഷികളോടും അവയിലെ പ്രവർത്തകരോടും ഉള്ള വിരോധം എന്നീ ഗുണങ്ങൾ ഓരോ രാഷ്ട്രീയ പ്രവർത്തകനും അത്യന്താപേക്ഷിതമാണ് എന്നതാണ് ഇന്നും പൊതു സമൂഹത്തിന്‍റെ ധാരണ.
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും കടുത്ത ആരാധകർ തമ്മിലുള്ള കടുത്ത വിരോധവും പകയും കണ്ടാൽ മോഹൻലാലും മമ്മൂട്ടിയും കടുത്ത വിരോധത്തിലാണെന്ന ധാരണ ആർക്കുമുണ്ടാവും. താരങ്ങളാവട്ടെ അടുത്ത സൗഹൃദത്തിലും. ഇതിനു സമാനമാണ് പാർട്ടിക്കാരുടെ കാര്യവും എന്നു സാധാരണക്കർക്കും ഇപ്പോഴറിയാം. വൻകിട പദ്ധതികൾക്കുള്ള കോഴപ്പണം ഭരണ പ്രതിപക്ഷങ്ങളിലെ നേതാക്കൾക്കു വീതിച്ചു നൽകേണ്ടി വരുന്നതായി പോലും ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. എങ്കിലും പ്രത്യക്ഷത്തിൽ പ്രധാനപ്പെട്ട രാഷ്ട്രീയ കക്ഷികളുടെ പ്രവർത്തകരൊക്കെ പരസ്പരം അത്ര മികച്ച സൗഹൃദമാവില്ല പുലർത്തിപ്പോരുന്നത്. ആശയപരമാണ് ഇത് എന്നാണ് വെപ്പ്. ഇതിലൊരു വലിയ കൗതുകമുണ്ട്. രൂപീകരണ വേളകളിൽ എഴുതപ്പെട്ട ഭരണഘടനകളുമായോ ആശയഗതികളുമായോ പുലബന്ധം പോലുമില്ലാത്ത ശൈലികളിലാണ് നമ്മുടെ രാഷ്ട്രീയ കക്ഷികളിൽ പലതും ഇപ്പോൾ പ്രവർത്തിക്കുന്നത്. മാർക്സിസവും കമ്മ്യൂണിസവും അറിയുന്ന കമ്യൂണിസ്റ്റുകാർ ഇന്നു വിരളം. അറിയുന്നവരിൽ തന്നെ അതനുസരിച്ചു പാർട്ടി പ്രവർത്തനം നടത്തുന്നവർ അത്യപൂർവ്വം. കുത്തക വിരുദ്ധ നിലപാടുകളിലൂടെ രാഷ്ട്രീയത്തിൽ നിലനിൽക്കുന്ന നേതാക്കന്മാരുടെ മക്കൾ കുത്തക കന്പനികളുടെ ശന്പളം വാങ്ങി സുഖിച്ചു ജീവിക്കുന്ന പുത്തൻ വൈരുദ്ധ്യാത്മക ഭൗതിക വാദത്തിന്‍റെ നേർ ചിത്രങ്ങൾ എത്ര വേെണമെങ്കിലും നമുക്കു കാണാം. മറുപക്ഷത്തും സ്ഥിതി ഒട്ടും വ്യത്യസ്ഥമല്ല. സമാധാനത്തിന്‍റെ അപ്പോസ്തലനായി കൂടുതൽ കൂടുതലാൾക്കാർ ഗാന്ധിജിയെ വാഴ്ത്തുകയും വർത്തമാന കാലത്ത് ഗാന്ധിസത്തിന്‍റെ പ്രസക്തി വർദ്ധിക്കുകയും ചെയ്യുന്ന കാലത്ത് അഹിംസയുടെ പ്രവാചകന്‍റെ പേരു കളയാൻ അരയും തലയും മുറുക്കുകയാണ് ഗാന്ധിപ്പാർട്ടിക്കാർ.
ചത്തതു കീചകനെങ്കിൽ കൊന്നതു ഭീമൻ തന്നെയെന്ന ചൊല്ലും വർത്തമാനകാലത്തു ശരിയല്ലെന്നു വന്നിരിക്കുന്നു. എതിർ പാർട്ടിക്കാർ തമ്മിൽ രാഷ്ട്രീയ വൈരം മൂലം നടത്തുന്ന കൊലപാതകങ്ങളായിരുന്നു രാഷ്ട്രീയ കൊലകൾ. ഇന്ത്യക്കു സ്വാതന്ത്ര്യം നേടിത്തന്ന രാഷ്ട്രീയ കക്ഷി ചാവക്കാട്ടെ ഗ്രൂപ്പു കൊലപാതക രാഷ്ട്രീയത്തിലൂടെ, രാഷ്ട്രീയ കൊലയ്ക്കും പുത്തൻ നിർവ്വചനം തീർക്കുകയാണ്. നമ്മുടെ രാഷ്ട്രീയ കക്ഷികൾക്ക്, പ്രത്യേകിച്ച് കോൺഗ്രസെന്ന മഹത്തായ പ്രസ്ഥാനത്തിനു സംഭവിച്ച മൂല്യച്യുതി വ്യക്തമാക്കുന്നതാണ് ചാവക്കാട്ടെ കോൺഗ്രസ് നേതാവ് ഹനീഫയുടെ കൊലപാതകം. സ്വന്തം മാതാവിനെ തിന്നുതീർക്കുന്ന ചിലയിനം ചിലന്തികളുടേതിനു സമാനമാണ് ഈ പ്രവൃത്തി. നമ്മുടെ രാഷ്ട്രീയക്കാർ ആത്മപരിശോധന നടത്തുകയും സ്വയം തിരുത്തുകയും ചെയ്യേണ്ട കാലം അതിക്രമിച്ചിരിക്കുന്നു.