ഗതാഗത ഭീകരത


തിരുവനന്തപുരത്തു നിന്നും കന്യാകുമാരിയിലേക്കുള്ള ദേശീയപാത കരമന കഴിഞ്ഞാൽ കുപ്പിക്കഴുത്തു പോലെയാണ് പലയിടത്തും. വീതി തീരെ കുറഞ്ഞ ദേശീയ പാത പലയിടത്തും നാട്ടു വഴിയുടെ അവസ്ഥയിലെത്തും. ആ അവസ്ഥ മാറുകയാണ്. കരമന, പാപ്പനം കോട് തൊട്ട് പാത ഇരട്ടിക്കൽ പണികൾ അതിവേഗം പുരോഗമിക്കുകയാണ്. പക്ഷെ റോഡിന്‍റെ ഗതിയും ഇതു വഴിയുള്ള യാത്രയും അതി ഭീകരമാണ് ഇപ്പോൾ.റോഡ്‌ കാട്ടു പാതയെക്കാളും പരിതാപകരമായ അവസ്ഥയിലാണ്. ഡ്രൈവിംഗ് അതീവ ദുഷ്കരം. മുൻപേ പോകുന്ന വണ്ടിയുടെ പിന്നാലേ മര്യാദക്കു പോകാൻ തീരുമാനിക്കുന്നവർക്ക് യാത്ര ബുദ്ധിമുട്ടേറിയതാവും. പ്രത്യേകിച്ച് ഗൾഫ് മേഖലയടക്കം വിദേശങ്ങളിലെ ഡ്രൈവിംഗ് ശീലങ്ങളുമായി എത്തുന്നവർക്ക്. ഭൂമി മലയാളത്തിലെത്തി രണ്ടാഴ്ചയായിട്ടും ഡ്രൈവിംഗിലെ മാന്യത കാത്തു സൂക്ഷിക്കാനുള്ള എന്‍റെ ശ്രമം പരാജയമടഞ്ഞത് കന്യാകുമാരിയിലേക്കുള്ള യാത്രാ വേളയിലായിരുന്നു.

കുന്നും മലയുമായി കിടക്കുന്ന വഴിയിലൂടെ ബുദ്ധിമുട്ടിയുള്ള ഡ്രൈവിംഗിന്‍റെ ബുദ്ധിമുട്ട് പരകോടിയിലെത്തിക്കുന്നതായിരുന്നു ഇരുചക്രയാത്രികരുടെ ലക്കും ലഗാനുമില്ലാത്ത ഡ്രൈവിംഗ്. ഇരുചക്രവാഹനങ്ങൾ പിന്നിൽ നിന്നും കയറി വരുന്നത് ഇടത്തു നിന്നെന്നോ വലത്ത് നിന്നെന്നോ പറയാനാവില്ല. നെയ്യാറ്റിൻകരയ്ക്കടുത്തു വച്ച് ഇടതു വശത്ത് നിന്നും പാഞ്ഞു വന്ന ഒരു ഒരു മാന്യൻ വണ്ടിക്ക് കുറുകേ കടന്നത് മിന്നല്‍ വേഗത്തിലായിരുന്നു. എന്താണു സംഭവിക്കുന്നതെന്ന് എനിക്ക് മനസിലാക്കും മുമ്പ് എന്‍റെ വലതു  വശത്തു കൂടി പാഞ്ഞു വന്ന വാഹനത്തിൽ ഇടിക്കാതിരിക്കാൻ അദ്ദേഹം സഡണ്‍ ബ്രേക്കിട്ടു. ആൾ മിച്ചമുണ്ടോയെന്നറിയാൻ ഞാൻ തിരിഞ്ഞു നോക്കുമ്പോഴേയ്ക്കും സഡണ്‍ ബ്രെയ്ക്കിട്ടകക്ഷി ആ വാഹനങ്ങൾക്കിടയ്ക്കു കൂടി ബഹുകാതം അതേ രീതിയിൽ പിന്നിട്ടു കഴിഞ്ഞിരുന്നു. അയാൾ നമ്മുടെ നാട്ടിലെ ബഹുഭൂരിപക്ഷത്തിന്‍റെയും ഡ്രൈവിംഗ് ശൈലിയുടെ പ്രതിരൂപമാണ്. റോഡ്‌ നിയമങ്ങൾ നമുക്ക് പാലിക്കാനുള്ളതല്ല. അത് ആരെങ്കിലും പാലിക്കുന്നുണ്ടെങ്കിൽ അയാൾക്ക് എന്തെങ്കിലും കുഴപ്പമുണ്ട്. ചീറിപ്പായുന്ന വാഹനങ്ങൾക്കിടക്കു കൂടി റോഡ്‌ ക്രോസ്സ് ചെയ്യാൻ നിൽക്കുന്ന വൃദ്ധയെയും കുഞ്ഞുങ്ങളെയും കടത്തി വിടാൻ വേണ്ടി വണ്ടി നിർത്തിക്കൊടുത്തപ്പോൾ അവരുടെ കണ്ണുകളിൽ അത്ഭുതം. അവർ റോഡ്‌ മുറിച്ചു കടക്കും മുമ്പ് തന്നെ പിന്നാലേ വന്ന അത്യാവശ്യക്കാരൻ നീട്ടി ഹോണ്‍ മുഴക്കി. ഉറപ്പായും അയാൾ എന്‍റെ വംശാവലി മുഴുവൻ വിളിച്ചു കൂവിയിട്ടുമുണ്ടാവും. 
 
കൊമ്പൻ മീശക്കാരൻ ട്രാഫിക് കമ്മീഷനറായിരിക്കുമ്പോൾ മാത്രം സംഭവിച്ച ഒരപൂര്‍വ്വ പ്രതിഭാസമായിരുന്നു മലയാളിക്ക് ട്രാഫിക് നിയമങ്ങൾ അനുസരിക്കുക എന്നത്. മലയാളക്കരയിലെ റോഡുകളിൽ അപകടനിരക്കു കുറച്ച നിയമ പാലനത്തിന്‍റെ ഗുണം പക്ഷെ നമുക്ക് വേണ്ടെന്നാണ് നമ്മുടെ ഭരണ നേതൃത്വവും പൊതു സമൂഹവും തീരുമാനിച്ചിരിക്കുന്നത്. അതു കൊണ്ടാണല്ലോ ഋഷിരാജ് സിംഗ് സ്ഥാന ഭൃഷ്ടനായതും ശരരാശരി മലയാളി ഡ്രൈവിംഗ് നിയമങ്ങൾ പാലിക്കാത്തതും. 
ബാറുകൾ അടച്ചു പൂട്ടിയതുകൊണ്ട് മദ്യപിച്ചുള്ള വാഹനമോടിക്കൽ മാത്രം അൽപ്പം കുറഞ്ഞിട്ടുണ്ട്. എന്നാൽ  സീറ്റ് ബെൽറ്റ്‌, ഹെൽമറ്റ് തുടങ്ങിയ കാര്യങ്ങൾ മലയാളിക്ക് അലർജിയാണ്, അനാവശ്യമാണ്. അതുപോലെ അനാവശ്യമായ മറ്റൊരു വസ്തുവാണ് ഡ്രൈവിംഗ് ലൈസൻസ്.  പക്ഷെ അതൊന്നും അത്ര മോശം കാര്യങ്ങളല്ല എന്നാണ് നമ്മുടെ ആഭ്യന്തര മന്ത്രി തന്നെ നല്കുന്ന സൂചന. കഴിവു തെളിയിച്ച ഋഷിരാജ് സിംഗിനെ മാറ്റിയതു കൊണ്ട് മാത്രമല്ല ഈ വിലയിരുത്തൽ. കഴിഞ്ഞ ദിവസം മണ്ണുത്തിക്കടുത്ത് വാഹന പരിശോധനക്കിടെയുണ്ടായ അപകടത്തിൽ പിഞ്ചു കുഞ്ഞും മാതാവും മരിച്ച സംഭവത്തിന്‍റെ തുടർച്ചയായി ആഭ്യന്തര മന്ത്രി നൽകിയ നിർദ്ദേശങ്ങൾ നല്കുന്ന സൂചനയും ഇതാണ്. എങ്ങനെ സംഭവിച്ചതായാലും എന്തുകൊണ്ടു  സംഭവിച്ചതായാലും ഇത്തരം ദുരന്തങ്ങൾ ദുഃഖകരമാണ്. ഭാര്യയേയും കുഞ്ഞിനേയും നഷ്ടപ്പെട്ട ആ യുവാവിനെ ഇനി കുറ്റപ്പെടുത്തുന്നതും ശരിയല്ല. അതേ സമയം അപകടത്തിന്‍റെ പേരിൽ അവിടെ പരിശോധന നടത്തിയ നിയമ പാലകര്‍ക്കെതിരേ നടപടിയെടുത്ത രീതി ശരിയായില്ല. നിയമം പാലിക്കുന്നതു തെറ്റാണെന്ന ധാരണ പൊതു സമൂഹത്തിൽ ശക്തമാക്കാനേ ഇത് ഉപകരിക്കൂ. ലൈസൻസും ഹെൽമറ്റും ഇല്ലാതുള്ള യാത്ര മൂലം യാത്രികനുണ്ടായ പരിഭ്രമമാണ് മണ്ണുത്തിയിൽ വില്ലനായത് എന്നാണു വാർത്തകളിൽ നിന്നും മനസിലാക്കാനാകുന്നത്. ഇത് രണ്ടുമുണ്ടായിരുന്നു എങ്കിൽ വാസ്തവത്തിൽ അയാൾ പോലീസിനെ വെട്ടിച്ചു പോകേണ്ട കാര്യമുണ്ടായിരുന്നുമില്ല. 
 
ഈ സാഹചര്യങ്ങൾ തിരിച്ചറിയാതെയാവണം മന്ത്രിപുംഗവൻ നടപടിയും നിർദ്ദേശവും ഒക്കെ നടത്തിയത്. തിരക്കുള്ള സമയങ്ങളിൽ വാഹന പരിശോധന വേണ്ടെന്ന നിർദ്ദേശം തിരക്കുള്ള സമയങ്ങളിൽ എങ്ങനെയും വാഹനമോടിക്കാം എന്ന തെറ്റായ സന്ദേശം തന്നെയാണ് നൽകുന്നത്. നിയമങ്ങൾ നമുക്ക് വേണ്ടിയാണ് ഉണ്ടാക്കപ്പെട്ടിരിക്കുന്നത്. അത് പാലിക്കുന്നതാണ് സമൂഹത്തിനു പൊതുവിൽ ഗുണകരം. ഭരിക്കുന്നവനും ഭരിക്കപ്പെടുന്നവനും അത് തിരിച്ചറിയും വരെ ഭൂമി മലയാളത്തിലെ ഈ ഗതാഗത ഭീകരത തുടരുക തന്നെ ചെയ്യും.    

You might also like

Most Viewed