പ്രതീക്ഷകളുടെ കൊറിയ
വി.ആർ സത്യദേവ്
സഹസ്രാബ്ദങ്ങളുടെ ചരിത്രം പറയാനുള്ള മണ്ണാണ് കൊറിയ. എന്നാൽ ഇപ്പോൾ ആഗോള ആശങ്കകളുടെ തലസ്ഥാനമെന്ന് വിശേഷിപ്പിക്കാവുന്ന മണ്ണായിരിക്കുന്നു ആ കൊറിയ. കൊറിയയിൽ നിന്നും സമീപകാലത്ത് നമ്മൾ കേൾക്കുന്നത് ആരും കേൾക്കാൻഏറെ ഇഷ്ടപ്പെടുന്ന വർത്തമാനങ്ങളല്ല. എങ്കിലും അവിടെ നിന്നും പുതുതായെത്തുന്നത് പ്രതീക്ഷയുണർത്തുന്ന വാർത്തകൾ കൂടിയാണ്. പോരടിച്ചു നിൽക്കുന്ന ഇരു കൊറിയകളും ഒന്നാവാനുള്ള സാദ്ധ്യതകൾക്ക് ചിറകു മുളയ്ക്കുകയാണ് എന്നതാണ് അതിൽ ഒരു റിപ്പോർട്ട്. സാദ്ധ്യതകൾ വളരെ ദുർബ്ബലമാണെങ്കിലും ഏറെ പ്രതീക്ഷാനിർഭരമാണ് ഈ സൂചന.
ചൈനയുടെ കിഴക്കേയറ്റത്ത് കടലിലേക്ക് തള്ളി നിൽക്കുന്ന ഭൂവിഭാഗമാണ് കൊറിയ. ചൈനയ്ക്കു പുറമേ റഷ്യയുമായി മാത്രമാണ് കരവഴിയുള്ള അതിരു പങ്കിടൽ. ബാക്കി ചുറ്റും കടലാണ്. പടിഞ്ഞാറ് മഞ്ഞക്കടൽ (Yellow sea). കിഴക്ക് ജപ്പാൻ കടൽ. ആകെ വിസ്തൃതി 220750 ചതുരശ്ര കിലോമീറ്റർ. കൊറിയ ഇപ്പോൾ രണ്ടു രാജ്യങ്ങളാണ്. ഉത്തരകൊറിയയും ദക്ഷിണ കൊറിയയും. ഉത്തര കൊറിയയുടെ ഭൂവിസ്തൃതി 120540 ചതുരശ്ര കിലോമീറ്റർ. ഇന്ത്യയുമായി താരതമ്യം ചെയ്താൽ ഒരു കുഞ്ഞൻ രാജ്യമാണ് ഇത്. കൃത്യമായിപ്പറഞ്ഞാൽ ഉത്തര കൊറിയയെക്കാൾ 27 ഇരട്ടിയിലധികം വലുതാണ് നമ്മുടെ രാജ്യം. ആകെ ജനസംഖ്യ 25368620. അതിന്റെ 52 ഇരട്ടിയിലധികമാണ് നമ്മുടെ ജനസംഖ്യ. വലിപ്പത്തിന്റെ കാര്യം ഇങ്ങനെയൊക്കെയാണെങ്കിലും ലോകത്തെ മുൾമുനയിൽ നിർത്തുന്ന രാജ്യമാണ് ഉത്തരകൊറിയ. ലോകത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തിയെന്നവകാശപ്പെടുന്ന സാക്ഷാൽ അമേരിക്കയെ വിറപ്പിക്കുന്ന രാഷ്ട്രം. നഞ്ചെന്തിനു നാനാഴി എന്ന പഴഞ്ചൊല്ല് ഉത്തര കൊറിയയുടെ കാര്യത്തിൽ നൂറു ശതമാനം സത്യമാണ്.
അമേരിക്കയുമായുള്ള ശീതയുദ്ധം തന്നെയാണ് നാളുകളായി ഉത്തരകൊറിയ നടത്തുന്നത്. ശീതയുദ്ധമെന്ന പേരിട്ട് ആ പോരിന്റെ ചൂടുകുറയ്ക്കുന്നത് ശരിയല്ല. പരസ്പരം ആയുധം പ്രയോഗിക്കുകയോ ആൾനാശം വരുത്തുകയോ ചെയ്യുന്നില്ലെങ്കിലും പൊരിഞ്ഞ പോരാട്ടം തന്നെയാണ് ഇരു രാഷ്ട്രങ്ങളും നടത്തുന്നത്. സാന്പത്തികവും രാഷ്ട്രീയവുമായ ഒരുപാടു തലങ്ങളും പ്രത്യാഘാതങ്ങളുമുള്ള യുദ്ധം തന്നെ. ഉത്തര കൊറിയ അടിക്കടി നടത്തുന്ന ഓരോ ആയുധ പരീക്ഷണങ്ങളും വാസ്തവത്തിൽ അമേരിക്കയെ ഉദ്ദേശിച്ചുള്ളവയാണ്. അതിൽ അമേരിക്കക്ക് ആശങ്കയുമുണ്ട്. ഈ ആശങ്ക കുറച്ചെങ്കിലും പ്രകടമാക്കുന്നതായിരുന്നു കഴിഞ്ഞ ദിവസം അമേരിക്കയിലെ ഹവായ്ക്ക് നേരേയുണ്ടായ വ്യാജ മിസൈൽ ആക്രമണ മുന്നറിയിപ്പ്. അമേരിക്കയുടെ ഭീതി വാസ്തവമാണ്.
ഉത്തരകൊറിയൻ നായകനായ കിം ജോംഗ് ഉന്നാണ് ഈ വിറപ്പിക്കലിനു പിന്നിലെ യഥാർത്ഥ ശക്തി. ഉത്തര കൊറിയയുടെ സ്വാതന്ത്ര്യവും പരമാധികാരവും സംരക്ഷിക്കുന്നതിനായാണ് തങ്ങളുടെ ആയുധപരീക്ഷണങ്ങൾ എന്നതാണ് കിമ്മിന്റെ നിലപാട്. സഹോദര രാഷ്ട്രമെന്നു വിശേഷിപ്പിക്കാവുന്ന തെക്കൻ കൊറിയയുമായുള്ള ശത്രുതയാണ് കിമ്മിന്റെ അമേരിക്കൻ വിരോധത്തിന്റെയും കാതൽ. പതിറ്റാണ്ടുകളായി തുടരുന്ന പക്ഷഭേദങ്ങളാണ് ഈ കുടിപ്പകയ്ക്കു കാരണം. തലമുറകളുടെ പഴക്കമുണ്ട് ഈ ശത്രുതയ്ക്ക്. നിരവധി രാജവംശങ്ങളുടെയും രാഷ്ട്രശക്തികളുടെയും ഭരണത്തിലും സ്വാധീനത്തിലുമെല്ലാമായെങ്കിലും ഏഴാം നൂറ്റാണ്ടിൽ തന്നെ ഒരൊറ്റ രാഷ്ട്രരൂപം സ്വന്തമായിരുന്ന മണ്ണാണ് കൊറിയ. കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്കത്തിൽ ജപ്പാനായിരുന്നു സ്വാധീനശക്തി. 1910 ജപ്പാൻ കൊറിയയെ അവരുടെ രാഷ്ട്രത്തിന്റെ ഭാഗമാക്കി. പക്ഷേ 1945ൽ രാഷ്ട്രം സ്വതന്ത്രമായി.
സ്വാതന്ത്ര്യത്തിലേക്ക് ഇരട്ടകളായി പിറന്ന ഭാരതത്തെയും പാകിസ്ഥനെയും പോലെ ഉത്തര കൊറിയ, തെക്കൻ കൊറിയ എന്നിങ്ങനെ രണ്ടു രാഷ്ട്രങ്ങളായിത്തന്നെ ആയിരുന്നു ആ മണ്ണും അവിടുത്തെ ജനതയും വീണ്ടും സ്വാതന്ത്ര്യത്തിന്റെ വിഹായസ്സിലേക്ക് പിച്ച വച്ചത്. അന്നത്തെ പ്രധാന ആഗോള ശക്തികളായിരുന്ന അമേരിക്കയുടെയും റഷ്യയുടെയും താൽപ്പര്യങ്ങൾ കൂടിയായിരുന്നു ഉത്തര ദക്ഷിണ കൊറിയകളുടെ പിറവിയിലേക്കു നയിച്ചത്. അമേരിക്ക പക്ഷം തെക്കൻ കൊറിയയായപ്പോൾ റഷ്യൻ പക്ഷം കിം ഉൽ സുംഗിന്റെ നായകത്വത്തിലുള്ള ഉത്തര കൊറിയയായി. ഫലത്തിൽ രണ്ടു ലോകശക്തികളുടെയും അധിനിവേശ പ്രദേശങ്ങൾ മാത്രമായിരുന്നു ഇരു കൊറിയകളും.
പിറവിക്ക് ഏറെക്കാലം കഴിയും മുന്പ് ഇരു രാജ്യങ്ങളും തമ്മിൽ പക്ഷഭേദങ്ങളും പ്രാദേശിക പ്രശ്നങ്ങളും മൂലമുള്ള സംഘർഷം നേരിട്ടുള്ള യുദ്ധത്തിനു വഴിവച്ചു. 1950ലായിരുന്നു യുദ്ധാരംഭം. 50 മുതൽ 53 വരെയായിരുന്നു നേരിട്ടുള്ള പോര്. എന്നാൽ സാങ്കേതികമായി പറഞ്ഞാൽ യുദ്ധം ഇന്നും തുടരുകയാണ്. യുദ്ധാനന്തരം സാധാരണ സംഭവിക്കും പോലെ വെടിനിർത്തൽ പ്രഖ്യാപനമോ കരാറോ ഉണ്ടായിട്ടില്ല എന്നതാണ് ഇതിനു കാരണം. അത് ഒരു പരിധിവരെ ശരിവയ്ക്കും വിധം ഇരു രാഷ്ട്രങ്ങളും തമ്മിലുള്ള പല തരത്തിലുള്ള ശത്രുതയും പോരും തുടരുകയുമാണ്. ലോകശക്തികളാവട്ടെ അതിന് ആവും വിധമെല്ലാം വളം വയ്ക്കുകയും ചെയ്യുന്നു. അതിൽ ഒരുപക്ഷത്ത് ഇപ്പോഴും അമേരിക്ക തന്നെയാണ്. റഷ്യയിൽ കമ്യൂണിസം തകർന്നടിഞ്ഞതോടേ ഉത്തരകൊറിയ്ക്കു മേലുള്ള അവരുടെ സ്വാധീനവും നിയന്ത്രണവുമെല്ലാം പഴങ്കഥയായി. നിലവിൽ കമ്യൂണിസ്റ്റ് ചൈനമാത്രമാണ് അവർക്കുമേൽ കുറച്ചെങ്കിലും സ്വാധീനമുള്ള ശക്തി. അത് എത്രത്തോളം എന്നത് പൂർണ്ണമായും വ്യക്തവുമല്ല.
ഡെമോക്രാറ്റിക് പിപ്പീൾസ് റിപ്പബ്ലിക് ഓഫ് കൊറിയ അഥവാ കൊറിയൻ ജനാധിപത്യ ജനകീയ പരമാധികാര രാഷ്ട്രം എന്നാണ് ഉത്തരകൊറിയ എന്നു നമ്മൾ വിളിക്കുന്ന രാഷ്ട്രത്തിന്റെ ഔദ്യോഗിക നാമം. കമ്യൂണിസ്റ്റ് കൊറിയ എന്നും വിളിപ്പേരുണ്ട്. റഷ്യൻ കമ്യൂണിസത്തിന്റെ സ്വാധീനത്തിലും നിയന്ത്രണത്തിലും പിറന്നു വീണതു കൊണ്ടാണ് രാജ്യത്തിന് ആ വിളിപ്പേര് കിട്ടിയത്. പിറന്നത് അങ്ങനെയൊക്കെയാണെങ്കിലും റഷ്യ ദുർബ്ബലമാവുകയും അവിടുത്ത കമ്യൂണിസം നാമാവശേഷമാവുകയും ചെയ്തതോടേ റഷ്യയെയും കമ്യൂണിസത്തെയും ഔദ്യോഗികമായി തന്നെ തള്ളിപ്പറഞ്ഞ രാഷ്ട്രമാണ് ഉത്തര കൊറിയ. പേരിലുള്ള ജനാധിപത്യവും ജനകീയവും പേരിൽ മാത്രവുമായി.
സ്വാതന്ത്ര്യ കാലത്ത് രാഷ്ട്രനായകനായിരുന്ന കിം ഉൽ സുംഗ് രാജ്യത്തയും ഭരണാവകാശവും കുടുംബസ്വത്താക്കിമാറ്റുകയായിരുന്നു. കിമ്മിന്റെ കൊച്ചുമകൻ കിം ജോംഗ് ഉൻ രാഷ്ട്രനായകനായപ്പോഴേയ്ക്കും സ്വാതന്ത്ര്യവും ജനാധിപത്യവും പടിക്കു പുറത്തായി. പാർട്ടി ആധിപത്യത്തിനപ്പുറം കുടുംബാധിപത്യം തഴച്ചു വളർന്ന രാജ്യത്ത് പക്ഷേ ഭരണാധിപൻ്റെ ഉറ്റ ബന്ധുക്കൾക്കു പോലും രക്ഷയില്ല. കിം മൂന്നാമനെ അധികാരത്തിന്റെ സിംഹാസനത്തിലേക്ക് ആനയിച്ചവരിൽ പ്രധാനിയായിരുന്നു അദ്ദേഹത്തിന്റെ മാതുലൻ ജാം സോംഗ് തേയ്ക്ക്. സംശയത്തിന്റെ പേരിൽ കിം അദ്ദേഹത്തെ ജീവനോടേ വേട്ടപ്പട്ടികൾക്ക് ഇട്ടുകൊടുക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്. അധികാരവഴികളിൽ നിന്നും അകന്നു നടന്ന വ്യക്തിയായിരുന്നു കിമ്മിന്റെ അർത്ഥ സഹോദരൻ കിം ജോംഗ് നാം. രണ്ടാം തലമുറ കിമ്മായ കിം ജോംഗ് ഇല്ലിന്റെ ആദ്യ പുത്രൻ. ഒരുകാലത്ത് അനന്തരാവകാശി അദ്ദേഹമായിരുന്നു. പിതാവിനെതിരെയും ഭരണത്തിനെതിരെയും വിമർശനങ്ങളുയർത്തിയതോടെ കിം ജോംഗ് നാം അധികാരവഴികളിൽ നിന്നും ഒഴിവാക്കപ്പെട്ടു. ജനകീയനായിരുന്ന കിം ജോംഗ് നാം മലേഷ്യയിൽ വച്ച് വിഷപ്രയോഗം മൂലം കൊല്ലപ്പെട്ടത് അടുത്ത കാലത്താണ്. ഇതിനു പിന്നിലും കിമ്മിന്റെ കറുത്തകരങ്ങളാണെന്ന് ലോകം സംശയിച്ചു.
അങ്ങനെ ഏകാധിപത്യത്തിനും കുറഞ്ഞൊരളവ് പാർട്ടി ആധിപത്യത്തിനും വഴിമാറിയ ഉത്തരകൊറിയ അടച്ചു കെട്ടപ്പെട്ട സമൂഹമായി മാറി. ആയുധ പരീക്ഷണങ്ങളും മേൽപ്പറഞ്ഞവ പോലുള്ള ക്രൂരതയുടെ കഥകളും കൊണ്ട് ആഗോള ഭീഷണിയുടെ വർത്തമാനകാല പ്രഭവകേന്ദ്രങ്ങളിൽ പ്രധാനമെന്ന പദവിയും അവർക്ക് സ്വന്തമായി. ഇതിനിടയിലാണ് പ്രത്യാശയുടെ പുത്തൻ കിരണങ്ങളും ആ മണ്ണിൽ നിന്നും ഇപ്പോൾ ഉയരുന്നത്. ഇരുരാജ്യങ്ങളുടയും പ്രതിനിധികൾ നടത്തിയ മുഖാമുഖ ചർച്ചയുടെ തുടർച്ചയായാണ് പുതിയ വാർത്തകൾ പുറത്തു വരുന്നത്.
രണ്ടു വർഷത്തിനിടെ ഇതാദ്യമായാണ് ഇരു കൊറിയകളും മുഖാമുഖ ചർച്ച നടത്തുന്നത്. ശൈത്യകാല ഒളിന്പിക്സിൽ ഉത്തര കൊറിയ പങ്കടുക്കുന്നതു സംബന്ധിച്ചാണ് ഇരുപക്ഷവും ഇത്തവണ ചർച്ച നടത്തിയത്. ദക്ഷിണ കൊറിയയിലെ പ്യോംഗ് ചാംഗിൽ അടുത്തമാസം 9 മുതൽ 25 വരെയാണ് ശൈത്യകാല ഒളിന്പിക്സ് നടക്കുന്നത്. ഒളിന്പിക്സ് മൽസരങ്ങളിൽ പങ്കെടുക്കുകയും മെഡൽ നേടുകയും ഒക്കെ ചെയ്യുന്പോഴും ശൈത്യകാല ഒളിന്പിക്സിൽ നിന്നും പതിവായി വിട്ടുനിൽക്കുന്ന രാജ്യമാണ് ഉത്തര കൊറിയ. അതിനൊരു മാറ്റമാണ് ഇപ്പോഴുണ്ടാകുന്നത്. കൊറിയകൾതമ്മിലുള്ള മഞ്ഞുരുകുന്നതിന്റെ ലക്ഷണമായാണ് നിരീക്ഷകർ ഇതിനെ കാണുന്നത്. അതിർത്തി ഗ്രാമമായ പാൻമുൻജോമിൽ നടന്ന മുഖാമുഖ ചർച്ച പ്രതീക്ഷകളും ഗുണഫലങ്ങളും ഉളവാക്കുന്നതാണ്.
ഇതിന്റെ തുടർച്ചയായി ഉത്തരകൊറിയൻ പത്രമായ റോഡോംഗ് സിൻമുൺ പ്രസിദ്ധീകരിച്ച ഒരു ലേഖനം ഈ ദിശയിലുള്ള ഉത്തരകൊറിയയുടെ പുതിയ നിലപാട് വ്യക്തമാക്കുന്നു. കൊറിയൻ പുനരേകീകരണത്തിലേക്കുള്ള വലിയ ചുവടുവയ്പ്പാണ് കഴിഞ്ഞ ദിവസത്തെ ചർച്ചയും ഒളിന്പിക്സ് പങ്കാളിത്തവും എന്നാണ് പത്രം വിലയിരുത്തുന്നത്. ഇരു രാജ്യങ്ങൾക്കുമിടയിലെ സൈനിക സമ്മർദ്ദം മാറ്റി സമാധാനാന്തരീക്ഷം സൃഷ്ടിക്കാനായാൽ പുനരേകീകരണം അസാധ്യമല്ല എന്നാണ് പത്രം തുറന്നു പറയുന്നത്.
മാധ്യമങ്ങൾക്കും മാധ്യമ സ്വാതന്ത്ര്യത്തിനുമൊക്കെ ഏറെ നിയന്ത്രണങ്ങളുള്ള നാടാണ് ഉത്തരകൊറിയ. ഭരണകൂടത്തിനു ഹിതകരമല്ലാത്തതു പറഞ്ഞാൽ പത്രവും എഴുതുന്നവൻ്റെ തലയുമൊന്നും മിച്ചം കാണണമെന്നു നിർബ്ബന്ധമില്ല. അങ്ങനെയുള്ള നാട്ടിൽ നിന്നുള്ള പത്രവാർത്ത ഭരണകൂടത്തിൻ്റെ അറിവോടെയും സമ്മതത്തോടെയും തന്നെയാവാതെ തരമില്ല. അഥവാ അത് ഭരണകൂടത്തിൻ്റെ നിലപാടുതന്നെയാവാം. അതിനുള്ള കാരണങ്ങൾ പലതാവാം. അതെന്തായാലും ആയുധ പരീക്ഷണങ്ങൾകൊണ്ട് ലോകസ്വസ്ഥത കെടുത്തുന്ന ഒരു രാഷ്ട്രത്തിൽ നിന്നു പരന്പരാഗത ശത്രുത അവസാനിപ്പിക്കാനും പുനരേകീകരണത്തിനുമുള്ള ഏതൊരു നീക്കവും ഗുണപരവും പ്രതീക്ഷാ ഭരിതവുമാണ്. ശാന്തി പുലരട്ടെ.