കറുപ്പിനഴക്
ഇന്ദിരാ ഗാന്ധി എന്നൊരു നേതാവ് ഭാരതത്തിനുണ്ടായിരുന്നു. ഇന്ത്യയുടെ കരുത്തയായ പ്രധാനമന്ത്രിയായിരുന്നു അവർ. ഒരുപക്ഷേ ഇന്ത്യയെ നയിച്ച എല്ലാ പുരുഷ കേസരികളേക്കാളും കരുത്തയെന്നു കാലവും രാജ്യവും അംഗീകരിച്ച മഹതി. കരുത്തിന്റെ ഉത്തുംഗതകളിൽ തന്നെയായിരുന്നു അവർ അധികാര ഭ്രഷ്ടയാകാനുള്ള സാഹചര്യം ഇന്ത്യൻ രാഷ്ട്രീയത്തിൽ സംജാതമായത്. അതിനെ അവർ പ്രതിരോധിച്ചത് അടിയന്തിരാവസ്ഥയിലൂടെ ആയിരുന്നു. ഇന്ത്യൻ ഭരണഘടനയുടെ 352 (13) വകുപ്പ് പ്രകാരം അന്നത്തെ രാഷ്ട്രപതി ഫക്രുദ്ദീൻ അലി അഹ്മദായിരുന്നു രാജ്യത്ത് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. ആഭ്യന്തര സുരക്ഷ ഉറപ്പാക്കുക എന്നതായിരുന്നു അടിയന്തിരാവസ്ഥയുടെ പ്രഖ്യാപിത ലക്ഷ്യം. 1975 ജൂൺ 26നായിരുന്നു അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചത്. പ്രധാനമന്ത്രിയെ സർവ്വാധികാരിയാക്കിക്കൊണ്ടുള്ള അടിയന്തിരാവസ്ഥ 21 മാസങ്ങൾക്കു ശേഷം 1977 മാർച്ച് 21 ന് പിൻ വലിക്കപ്പെട്ടു.
പത്രമാരണ നിയമമടക്കം ജനാധിപത്യ വ്യവസ്ഥയെ കൊഞ്ഞനം കുത്തുന്ന ഒരുപാട് അടിച്ചമർത്തലുകൾക്ക് വഴി വെയ്ക്കുന്നതായിരുന്നു അടിയന്തിരാവസ്ഥ. ഇന്ദിരാ ഗാന്ധിയെന്ന രാഷ്ട്രീയക്കാരിയുടെ എതിർ പക്ഷത്തുള്ള രാഷ്ട്രീയക്കാരെല്ലാം അറസ്റ്റിലായി, അധികാരം കയ്യാളിയവരുടെ എതിരാളികളെല്ലാം കള്ളക്കേസുകളിൽ കുടുങ്ങിയും അല്ലാതെയുമൊക്കെ ജയിലറകൾക്കുള്ളിലായി. കൊടിയ മർദ്ദനങ്ങളും പീഡനങ്ങളും അകാല മരണങ്ങളുമൊക്കെ ആ കാലഘട്ടത്തിന്‍റെ സ്വഭാവമായി. പത്ര സ്വാതന്ത്ര്യം ഇല്ലാതെയായി. ഭാരതത്തിന്റെ ചരിത്രത്തിലെ ഇരുണ്ട ദിനങ്ങൾ എന്നായിരുന്നു അടിയന്തിരാവസ്ഥക്കാലം ഇതുവരെ അറിയപ്പെട്ടത്.
ഭാരത പർവ്വതത്തിൽ ഇപ്പോൾ അടിയന്തിരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടിട്ടില്ല. ചരിത്രത്തിൽ ഇരുണ്ട ദിനങ്ങളായി രേഖപ്പെടുത്തപ്പെട്ട അടിയന്തിരാവസ്ഥയുടെ നിഴലനക്കങ്ങൾ പോലും കാൺമാനില്ല. മാധ്യമ സ്വാതന്ത്ര്യത്തിനു വിഘാതം സംഭവിച്ചിട്ടില്ല. പ്രത്യേക സാഹചര്യങ്ങളുടെ പേരിൽ ഈച്ചര വാരിയന്മാർക്കു കണ്ണീരു പകർന്നു നൽകി രാജന്മാരുടെ ദുരൂഹ തിരോധാനവും സംഭവിച്ചിട്ടില്ല. എന്നിട്ടും എഡ്വിഗെ അന്റോണിയ അൽബിനൊ മൈനോ മാഡം പറയുന്നത് ഇന്ത്യൻ ജനാധിപത്യത്തിലെ കറുത്ത ദിവസമാണ് ഓഗസ്റ്റ് 3 എന്നാണ്. എഡ്വിഗെ അന്റോണിയ അൽബിനൊ മൈനോ എന്ന ആ പേരിൽ തന്നെയുണ്ട് അങ്ങനെ പറയാനുള്ള പ്രചോദന രഹസ്യം.
പാർലമെന്‍റു നടപടികൾ സുഗമമായി നടത്തിക്കൊണ്ടുപോകുന്നതിനു തടസം നിന്ന 25 എം.പീമാരെ സസ്പെന്‍റു ചെയ്ത സ്പീക്കറുടെ നടപടിയാണ് എഡ്വിഗെ അന്റോണിയ അൽബിനൊ മൈനോ എന്ന് യഥാർത്ഥ പേരുള്ള സോണിയയെക്കൊണ്ട് കറുത്ത ദിന പ്രസ്താവന നടത്തിച്ചത്. കോൺഗ്രസിലെ നെഹ്്റുവിയൻ അധിനിവേശം അവകാശമാക്കി 1996ൽ അതിന്‍റെ തലപ്പത്തെത്തിയ അവർ അധികാരത്തിന്‍റെ രണ്ടു പതിറ്റാണ്ടു തികയ്ക്കാൻ ദിവസങ്ങൾ മാത്രം ബാക്കിയായിരിക്കെയും ഭാരതത്തിന്‍റെ രാഷ്ട്രീയ ചരിത്രത്തെക്കുറിച്ചു ബോധവതിയായിട്ടില്ല എന്നത് കൊണ്ടാണ് അടിയന്തിരാവസ്ഥയെന്ന കരിദിനത്തെ മറന്നോ മറച്ചോ ഇന്നലത്തെ അച്ചടക്ക നടപടിയുടെ പേരിൽ കരിദിന പ്രയോഗം നടത്തിയത്. ഒരു പക്ഷേ ചരിത്രം തിരുത്തിക്കുറിക്കാനുള്ള ശ്രമവുമാവാം. അല്ലെങ്കിൽ ഇന്ദിരാ ഗാന്ധിയെ വെള്ളപൂശാനുള്ള ശ്രമം. അതെന്തായാലും സ്വന്തം പേരും വിദ്യാഭ്യാസ യോഗ്യതയും ജനന തീയതിയും ഒക്കെ തിരുത്തിയതു പോലെ എളുപ്പമാവില്ല ഭാരതത്തിന്‍റെ ചരിത്രം ഇനിയും വളച്ചൊടിക്കാൻ എന്ന് സോണിയ മനസ്സിലാക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം.
ഇന്നലെകളിൽ വരെ ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തെ ഏറ്റവും വലിയ രാഷ്ട്രീയ കക്ഷിയായിരുന്നു കോൺഗ്രസ്. ഇന്ന് സ്ഥിതി വേറെയാണ്. ദശാബ്ദങ്ങളോളം രാജ്യം ഭരിച്ച പാർട്ടിക്ക് ലോക്സഭയിലെ പ്രതിപക്ഷനേതൃസ്ഥാനം പോലുമില്ല. കാലിനടിയിലെ മണ്ണൊലിച്ചുപോയിട്ടും കോൺഗ്രസ് ചുറ്റും നടക്കുന്ന കാര്യങ്ങൾ കണ്ണു തുറന്നു കാണാനും വാസ്തവങ്ങൾ അംഗീകരിക്കാനും തയ്യാറാകുന്നുമില്ല. ഈ യാഥാർത്ഥ്യബോധമില്ലായ്മയാണ് അവരുടെ ഇന്നത്തെ അവസ്ഥയ്ക്ക് കാരണം. രാജ്യം അനുനിമിഷം മാറിക്കൊണ്ടിരിക്കുകയാണ്. പാകിസ്ഥാനിലേത് പോലെ സംഘർഷങ്ങൾ കൊണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടു കാര്യ ലാഭമുണ്ടാക്കുന്ന നേതൃത്വ ശൈലി ഭാരതത്തിലും പലയിടത്തും നമുക്ക് കാണാം. രാജ്യത്തിന്റെ അഘണ്ധതയ്ക്കു തുരങ്കം വെയ്ക്കുന്ന ഇത്തരം സംഘർഷ മേഖലകളിൽ ആയുധം വിൽക്കാൻ ഇടനില നിന്നവരെക്കുറിച്ചും നമുക്കറിയാം. ആ സ്ഥിതി മാറ്റി ഇത്തരം സംഘർഷങ്ങൾ ശാശ്വതമായി പരിഹരിക്കുകയോ ഇല്ലാതാക്കുകയോ ചെയ്യാനാണ് സർക്കാർ ഇപ്പോൾ ശ്രമിക്കുന്നത്. വലിയ വിദേശ ഫണ്ടുകൾ കൈപ്പറ്റി ദശാബ്ദങ്ങളായി ഇന്ത്യാ വിരുദ്ധ നിലപാട് കൈക്കൊണ്ട് ഭാരതത്തിനു തലവേദനയായ പല സംഘടനകളും യാഥാർത്ഥ്യം മനസ്സിലാക്കിക്കഴിഞ്ഞു.
ആറു പതിറ്റാണ്ടു നീണ്ട നാഗ കലാപത്തിനു അറുതിയാകുന്നത് ഇതിനു ഉദാഹരണമാണ്. പാർലമെന്റിലെ അച്ചടക്ക നടപടിയുടെ പേരിൽ സോ
ണിയ മൈനോ കറുത്ത ദിന പ്രയോഗം നടത്തിയ ദിവസം തന്നെയായിരുന്നു പ്രധാനമന്ത്രി നരേന്ദ്ര മോഡി, ആഭ്യന്തര മന്ത്രി രാജ്നാഥ് സിംഗ്, നാഷണലിസ്റ്റ് സോഷ്യലിസ്റ്റ് കൗൺസിൽ ഓഫ് നാഗാലാന്‍റ് ജനറൽ സെക്രട്ടറി ടി.മുയ്്വ എന്നിവർ ചേർന്ന് നാഗാ സമാധാന ഉടന്പടി പ്രഖ്യാപിച്ചത്. മൻമോഹൻ സിംഗ് സർക്കാരിന്‍റെ കാലത്ത് ഓസ്കർ ഫെർണാണ്ടസിന്‍റെ നേതൃത്വത്തിൽ നടന്ന ശ്രമങ്ങൾ പരാജയപ്പെട്ടിടത്താണ് കേരള കേഡർ ഐ.പി.എസ് ഉദ്യോഗസ്ഥനായ ആർ.എൻ രവിയുടെ നേതൃത്വത്തിൽ നടത്തിയ നീക്കങ്ങൾ വിജയം കണ്ടത്. 20 ഇന്ത്യൻ സൈനികരുടെ മരണത്തിനു കാരണക്കാരായ നാഗാ തീവ്രവാദികൾക്കെതിരെ മ്യാന്മർ അതിർത്തി കടന്നു നടത്തിയ സൈനിക നടപടിയും ഇതോടു ചേർത്തു വായിക്കാം. സംഘർഷങ്ങൾക്ക് വലിയ തോതിലുള്ള മത പരിവർത്തനവും കാരണമായിരുന്ന നാഗന്മാരുടെ മണ്ണിൽ ആറു പതിറ്റാണ്ടിനിപ്പുറം സാധാരണ നില കൈവരുന്ന വർത്തമാനവും തമസ്കരിച്ചുള്ള സോണിയയുടെ കരിദിനപ്രസ്താവന ചരിത്ര നിഷേധവും ഉത്തരവാദിത്ത രഹിതവും അപലപനീയവുമാണ്.