ആപ്പി­ലാ­ക്കു­ന്ന ആപ്പു­കൾ


വി.ആർ സത്യദേവ്

 

“ഹലോ.... പോലീസ് േസ്റ്റഷനല്ലേ...”?

“അതേ..”

“സർ, ഇന്നലെ മൂന്ന് പിള്ളാരേ കാണാതെ പോയതു സംബന്ധിച്ച് ഒരു കേസു കൊടുത്തിരുന്നു. അതിൻ്റെ കാര്യം എന്തായി സാർ?”

“അതിൻ്റെ നടപടി തൊടങ്ങീട്ടൊണ്ട് സർ..”

“എന്തായി സാർ അന്വേഷണം..?

“എടോ അതിനു പിന്നിലും ബ്ലൂവെയില് തന്നെയാണ് എന്നാണ് നമ്മടെ സംശയം. തിമിംഗലത്തിന് വേണ്ടി നമ്മടെ പ്രത്യേക അന്വേഷണ സംഘം ചൂണ്ടയിട്ടോണ്ടിരിക്കുവാണ്.”

പറഞ്ഞു വരുന്പം സംഗതി തമാശയാണ്. ബ്ലൂ വെയിൽ അഥവാ നീലത്തിമിംഗലവുമായി ബന്ധപ്പെട്ട് ഇത്തരം നിരവധി തമാശകളാണ് നാട്ടിൽ പ്രചരിച്ചുകൊണ്ടിരിക്കുന്നത്. അടുത്തൊരു കഥയിലെ രംഗവും പൊലീസ് േസ്റ്റഷൻ തന്നെ. രണ്ട് പൊലീസുകാർ തമ്മിലുള്ള സംഭാഷണത്തിൻ്റെ ഗതി ഇനി പറയും വിധമാണ്. 

“സാറേ ഇന്ന് റിപ്പോർട്ട് ചെയ്ത ആ പയ്യൻ്റെ ദുരൂഹ മരണമൊണ്ടല്ലോ...?”

“ഒണ്ട്..”

“അതു സംബന്ധിച്ച് ഒരു എത്തും പിടീം തുന്പും കിട്ടുന്നില്ലല്ലോ സാറേ...”

“എന്നാപ്പിന്നെ അത് നമ്മടെ ബ്ലൂവെയ്ലിൻ്റെ പൊറത്തോട്ട് ചാർത്തിയേര് സാറേ...”

“സമാധാനം...”

ഇതും തമാശ തന്നെ. എന്നാൽ തമാശയുടെ തലത്തിനപ്പുറത്ത് അതീവ ഗുരുതരമാണ് ബ്ലൂവെയിലുമായി ബന്ധപ്പെട്ട വർത്തമാനങ്ങൾ. അവ ഒട്ടും തമാശയല്ല. ബ്ലൂവെയിലുമായി ബന്ധപ്പെട്ട ഇപ്പോഴത്തെ സംഭവ വികാസങ്ങൾ നമ്മുടെ സാമൂഹ്യ രോഗമായി ചിലരെങ്കിലും വിലയിരുത്തുന്നുണ്ട്. എന്നാൽ അത് ഒരു സാമൂഹ്യ രോഗമായിട്ടില്ല. ഇത് രോഗ ലക്ഷണം മാത്രമാണ്. രോഗ ലക്ഷണം ഇത്ര ആപൽക്കരമാകുന്പോൾ രോഗം എത്രത്തോളം ഭീകരമാവും എന്ന് ആലോചന പോലും ആശങ്കാ ജനകമാകുന്നു. ബ്ലൂവെയിൽ ഒരു മൊബൈൽ ഗെയിമാണ്. പഴയെ നോക്യ ഫോണിൻ്റെ കുഞ്ഞൻ ഡിജിറ്റൽ സ്ക്രീനിൽ സ്നെയ്ക് ഗയിം കളിച്ച തലമുറയുടെ ഭാവനയ്ക്കും അപ്പുറം തന്നെയാണ് ഈ മൊബൈൽ കളികളൊരുക്കുന്ന അപായ സാദ്ധ്യത. മാനസികോല്ലാസത്തിനും കായിക മികവിനുമുള്ള ഉപാധികളാണ് ഗെയിമുകളെന്ന് ആവർത്തിച്ച് ഉരുവിട്ടു പഠിച്ചുറപ്പിച്ച തലമുറകളുടെ സങ്കൽപ്പങ്ങളെയെല്ലാം ഈ പുതുപുത്തൻ ഗെയിമുകൾ തച്ചു തകർക്കുന്നു. 

ഇന്നലെകളിൽ വരെ രക്ഷിതാക്കൾ ആശങ്കപ്പെടുകയും കൂലംകഷമായി ചർച്ച ചെയ്യുകയും ഗവേഷണം നടത്തുകയും പരിഹാരമാർഗ്ഗം ആരായുകയും ഒക്കെ ചെയ്തുകൊണ്ടിരുന്നത് കുട്ടികളിലെ അമിത ടെലിവിഷൻ കാഴ്ചാ ശീലത്തെക്കുറിച്ചായിരുന്നു. അമിതമായാൽ എന്തും അപകടകരമാണ് എന്നതു പോലെ അമിത ടെലിവിഷൻ കാഴ്ചയും അത്യന്തം അപകടകാരി തന്നെയായിരുന്നു. കുഞ്ഞുങ്ങൾ അമിതമായി ടെലിവിഷൻ കാണുന്നത് അവരുടെ ഓർമ്മശക്തിയെയും ചിന്താശേഷിയെയും പൊതുവെയുള്ള വളർച്ചയെയുമൊക്കെ ദോഷകരമായി ബാധിക്കും എന്നത് പഠനങ്ങൾ തെളിയിച്ച കാര്യമാണ്. മുതിർന്നവരിലാകുന്പോൾ ഇത് കർമ്മശേഷിയെയും ദോഷകരമായി ബാധിക്കുമെന്നത് രക്ഷിതാക്കൾ സൗകര്യ പൂർവ്വം മറക്കും എന്നത് വേറേ കാര്യം. 

കാലത്തിൻ്റെ പ്രയാണത്തിനിടെ ഇൻഫോടെയിൻമെൻ്റുമായി ബന്ധപ്പെട്ട ചതിക്കുഴികളുടെ ആഴവും വ്യാപ്തിയും വർദ്ധിച്ചു കൊണ്ടേയിരിക്കുന്നു. ടെലിവിഷനിൽ നിന്നും നമ്മൾ കന്പ്യൂട്ടറുകളിലേയ്ക്കും മൊബൈൽ ഫോണുകളിലേയ്ക്കും ടാബുകളിലേയ്ക്കുമൊക്കെ കാഴ്ചാതാൽപ്പര്യങ്ങൾ പറിച്ചു നട്ടു. ദൂരത്തിരുന്ന് ഇരുവർതമ്മിൽ ശബ്ദതരംഗങ്ങളിലൂടെ ആശയ വിനിമയം നടത്തുന്നതിനുള്ള ഉപകരണമെന്ന് നിർവ്വചനം കാലക്രമത്തിൽ ടെലിഫോണിന് നഷ്ടമായി. കേബിളുകൾകൊണ്ട് പരസ്പരം ബന്ധിക്കപ്പെട്ടിരുന്ന ഫോണുകൾ മൊബൈൽ ഫോണുകൾക്ക് ഭാഗീകമായെങ്കിലും വഴിമാറിയതോടെയായിരുന്നു ഇതിനു തുടക്കം. കന്പ്യൂട്ടറുകളുടെ വികാസം മൊബൈൽ ഫോണുകളുടെ രൂപഭാവങ്ങളിലും ഉപയോഗത്തിലും, എന്തിനേറെ നമ്മുടെ സാമൂഹ്യ രീതികളിലും മനുഷ്യ സ്വഭാവത്തിൽത്തന്നെയും കാതലായ പൊളിച്ചെഴുത്താണ് നടത്തിയത്.

ആശയം കൈമാറ്റത്തിനപ്പുറം വിജ്ഞാന വിതരണത്തിലും വിനോദോപാധി എന്ന നിലയിലും ഔദ്യോഗിക കൃത്യ നിർവ്വഹണത്തിനുള്ള ഒഴിച്ചു കൂടാനാവാത്ത ഉപകരണങ്ങളിൽ ഒന്ന് എന്ന നിലയും വിലയുമെല്ലാം മൊബൈൽ ഫോണുകൾക്ക് കൈ വന്നു. മേൽപ്പറഞ്ഞ ഉപയോഗിക്കലുകൾക്കൊന്നും വേറിട്ട സമയങ്ങൾ കണ്ടെത്തേണ്ടതില്ല എന്ന സൗകര്യവും ഇതോടെ സംജാതമായി. സൗകര്യങ്ങളാണെങ്കിൽ കൂടി അമിതമായാൽ അപകടമാവുമെന്നതിനു സാക്ഷ്യമാണ് ഇപ്പോഴത്തെ സംഭവവികാസങ്ങൾ. ആ അപകട തോത് മുന്പെങ്ങുമില്ലാത്ത തലത്തിൽ വർദ്ധിച്ചിരിക്കുന്നു. മൊബൈലിൻ്റെയും ആപ്പുകളുടെയും മോഹവലയത്തിൽ കുടുങ്ങിയാൽ ജീവിതം മാത്രമല്ല ജീവൻ തന്നെ നഷ്ടമാകും എന്നതാണ് സ്ഥിതി. മയക്കുമരുന്നുകളെക്കാൾ മനംമയക്കാൻ ശേഷി നേടിയിരിക്കുന്നു പുതു തലമുറ മൊബൈൽ ഗെയിമുകൾ. 

കളിക്കാരേ ഘട്ടം ഘട്ടമായി ആത്മഹത്യയിലേക്കെത്തിക്കുന്ന ബ്ലൂവെയിൽ എന്ന പ്രഹേളികയാണ് ഇതുസംബന്ധിച്ച പുതിയ ആശങ്കകൾക്ക് ഇപ്പോൾ നിദാനമായിരിക്കുന്നത്.

പ്രഹേളിക എന്ന വാക്ക് ബോധപൂർവ്വം ഉപയോഗിച്ചതാണ്. ദിനംപ്രതി ബ്ലൂവെയിൽ ആത്മഹത്യകളും ആത്മഹത്യാ ശ്രമങ്ങളുമൊക്കെ റിപ്പോർട്ടു ചെയ്യപ്പെടുന്പോഴും അങ്ങനെയൊന്ന് വാസ്തവത്തിൽ ഉണ്ടോ എന്ന കാര്യത്തെക്കുറിച്ച് സാങ്കതിക വിദഗ്ദ്ധർ തന്നെ സംശയം പ്രകടിപ്പിച്ചിട്ടുണ്ട്. അതിനിടെ മറുവശത്ത് അതു സ്ഥിരീകരിക്കും വിധമുള്ള റിപ്പോർട്ടുകളും പുറത്തു വന്നുകൊണ്ടിരിക്കുന്നു. ആധുനിക കാലത്തെ ഈ ആളെക്കൊല്ലി റഷ്യയിലാണ് പിറന്നത് എന്നാണ് ധാരണ. തലതിരിഞ്ഞ ഒരു സാങ്കേതിക വിദഗ്ദ്ധൻ്റെ വഴിപിഴച്ച സൃഷ്ടി. ഇത്തരം വ്യക്തിത്വങ്ങളെ മഹത്വവൽക്കരിക്കുന്നത് ഗുണപരമാവില്ല എന്നതിനാൽ അതിൻ്റെ ഉപജ്ഞാതാവിനെപ്പറ്റിയും തുടർച്ചക്കാരെപറ്റിയുമുള്ള വിശദാംശങ്ങളിലേയ്ക്ക് തൽക്കാലം കടക്കുന്നില്ല. 

ഇതുപോലെ തന്നെയാണ് അപകടകരമായ ഇതര ഗെയിമുകളുടെയും ആപ്പുകളുടെയും കാര്യവും. അത്തരം ആപ്പുകളെക്കുറിച്ച് രക്ഷിതാക്കൾക്ക് കൃ‍ത്യമായ ധാരണയുണ്ടായിരിക്കണം. എന്നാൽ അവയുടെ പേരുകൾ ഒരു പൊതു വേദിയിൽ പറയുന്നത് ഗുണത്തെക്കാളേറെ ദോഷകരമാവും. ഉദാഹരണത്തിന് നിരോധിക്കേണ്ട പോൺ സൈറ്റുകളെക്കുറിച്ച് ഒരു ലേഖനത്തിൽ പരാമർശിച്ചാൽ ആ സൈറ്റുകളിലേക്കുള്ള സന്ദർശകരുടെ എണ്ണം വർദ്ധിപ്പിക്കാനേ അത് ഉപകരിക്കൂ. അപകടകരമായ ആപ്പുകളുടെ പേര് ഇവിടെ പറഞ്ഞുപോയാൽ ഒരു കൗതുകത്തിന് ആരെങ്കിലുമൊക്കെ ആ ആപ്പുകളിലേയ്ക്ക് ഒരു എത്തിനോട്ടം നടത്താനുള്ള സാദ്ധ്യത ഏറെയാണ്. അതുകൊണ്ട് അമിതമായ മൊബൈൽ ഉപയോഗത്തിൻ്റെ അപകടങ്ങളെക്കുറിച്ചുമാത്രം പൊതുവായി സൂചിപ്പിക്കാം.

പൊതുവെ സാധാരണ ജീവിതത്തെ കൂടുതൽ എളുപ്പമാക്കുന്ന ഉപകരണം തന്നെയാണ് മൊബൈൽ ഫോൺ. ബുദ്ധിപൂർവ്വമല്ലാത്ത ഉപയോഗം മൊബൈലിനെ അപകടകാരിയുമാക്കുന്നു. അതിൻ്റെ സാദ്ധ്യതകൾ അത്യപാരമാണ്. ഏതു രംഗത്തും വികസനങ്ങൾ ഉണ്ടാവുക സ്വാഭാവികമാണ്. അവയെ സുരക്ഷിതവും ഗുണപരവുമായി ഉപയോഗിക്കുകയാണ് വേണ്ടത്. അതിനു വേണ്ടത് അതിൻ്റെ സാദ്ധ്യതകളെക്കുറിച്ചും ദോഷവശങ്ങളെക്കുറിച്ചും സാമാന്യ ധാരണ ഉണ്ടാക്കിയെടുക്കുക എന്നതാണ്. 

കുഞ്ഞുങ്ങൾക്ക് ഏറെയിഷ്ടം ജങ്ക് ഫുഡ്ഡാണ്. എന്നാൽ അവ‍ർ കഴിക്കുന്ന ആഹാരങ്ങളെക്കുറിച്ച് സാമാന്യമായെങ്കിലുമുള്ള അറിവ് ഈ തലമുറയിലെ രക്ഷിതാക്കൾക്കുണ്ട്. ഇതിനു സമാനമാണ് മൊബൈൽ ഗെയിമുകളുടെയും കാര്യം. കുട്ടികളാണ് ഏറെയും ഗെയിമുകളുടെ തോഴർ. അത് ശരിക്കും അവരുടെ ഏരിയ ആണ്. മുതിർന്നവർ പൊതുവേ അക്കാര്യങ്ങളെക്കുറിച്ച് ശ്രദ്ധയും കരുതലും പുലർത്താറില്ല. ബുദ്ധിപരവും ശാരീരികവുമായ ചില പ്രശ്നങ്ങൾ ഉണ്ട് എന്ന് അറിയാമെങ്കിലും ഗെയിമുകൾക്ക് മറ്റപകടങ്ങളില്ല എന്ന ധാരണയായിരുന്നു ആ നിസ്സാരതയ്ക്ക് കാരണം.

പണ്ടൊക്കെ കരയുന്ന കുഞ്ഞിന് പാലുകിട്ടിയാൽ സമാധാനമായിരുന്നു. ഇന്ന് കുഞ്ഞിൻ്റെ കരച്ചിൽ മാറ്റാനുള്ള ഉപാധിയായി പോലും മൊബൈലും ടാബുമൊക്കെ ഉപയോഗിക്കപ്പെടുന്നു. കുട്ടി ഒരൽപ്പം കൂടി പ്രായമാകുന്പോൾ അവനോ അവളോ വെളിയിലൊന്നും കറങ്ങിനടക്കാതിരിക്കാനുള്ള എളുപ്പ വഴികളിലൊന്നായി മാതാപിതാക്കൾ മൊബൈലിനെയും ഗെയിമുകളെയും ആശ്രയിക്കുന്നു. ഇതിൻ്റെ അമിതോപയോഗം നമ്മുടെ തലച്ചോറിലുണ്ടാക്കുന്ന മാറ്റങ്ങൾ ഞെട്ടിക്കുന്നതാണ്. നമ്മുടെ ഓർമ്മശക്തി നമ്മളെ വിട്ടു പിരിയുകയാണ്. ലാൻഡ് ഫോണുകൾ മാത്രമുണ്ടായിരുന്ന കാലത്ത് നൂറുകണക്കിന് ടെലിഫോൺ നന്പറുകൾ മനപ്പാഠമായിരുന്ന പലർക്കും ഇന്ന് സ്വന്തം ജീവിത പങ്കാളിയുടെ ഫോൺ നന്പർ പോലും ഓർത്തു വയ്ക്കാനാവുന്നില്ല. ആയിരക്കണക്കിനു നന്പറുകൾ സേവുചെയ്തു വയ്ക്കാനാവുന്ന മൊബൈൽ ഹാൻഡ് സെറ്റുകളുള്ളപ്പോൾ എന്തിനാണ് നന്പറുകൾ ഒർത്തുവയ്ക്കുന്നതെന്ന് ഒരു മറുചോദ്യം ഇവിടെ സ്വാഭാവികമായിട്ടും ഉയരാം. എന്നാൽ നന്പറുകൾക്കപ്പുറം മറ്റു പലതും ഓർത്തുവയ്ക്കാനുള്ള ശേഷി നമുക്കു നഷ്ടമായിക്കൊണ്ടിരിക്കുന്നു എന്ന വാസ്തവം നമ്മെ തുറിച്ചു നോക്കുകയാണ്. സ്വന്തം പങ്കാളികളുടെയും കുറഞ്ഞത് 3 സുഹൃത്തുക്കളുടെയും ഫോൺ നന്പറുകളും ജന്മദിനങ്ങളും ഓർത്തുവയ്ക്കാൻ കഴിയാത്തവരാണ് യൂറോപ്പിലെ മൂന്നിലൊന്നു സ്ത്രീകളുമെന്ന് ഇതു സംബന്ധിച്ച പുതിയൊരു പഠനം ചൂണ്ടിക്കാട്ടുന്നു. 

തീക്കൊള്ളിയോ തീപ്പെട്ടിയോ പോലെയാണ് മൊബൈൽ ആപ്പുകളും. പണ്ടൊക്കെ വീടുകളിൽ പ്രകാശം പരത്തുന്ന വിളക്കുകൾ കൊളുത്താനും പാചകം ചെയ്യുന്ന അടുപ്പുകൾ കത്തിക്കാനുമൊക്കെ തീയും തീപ്പെട്ടിയും വേണമായിരുന്നു. അതേ തീ കൊണ്ട് വേണമെങ്കിൽ വീടും ചുട്ടെരിക്കാമായിരുന്നു. ബുദ്ധിയും ബോധവുമുള്ളവർ തീയെ ബുദ്ധിപരമായും ഉപയോഗപ്രദമായും കൈകാര്യം ചെയ്തു. അറിവു സന്പാദിക്കാനും വിനിമയങ്ങളും ജീവിതവും കൂടുതലെളുപ്പമാക്കാനുമുള്ള വലിയ സാദ്ധ്യതകളാണ് ആപ്പുകളും മുന്നോട്ടുവയ്ക്കുന്നത്. ചതിക്കുഴികളിലകപ്പെടാതെ വിവേക പൂർവ്വം നമ്മളോരോരുത്തരും അവയെ കൈകാര്യം ചെയ്താൽ തീരാവുന്നതുമാത്രമാണ് മൊബൈലാഴങ്ങളിലെ നീലത്തിമിംഗലങ്ങളുയർത്തുന്ന ഭീഷണികൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed