വരുമോരോ ദശ വന്നപോലെ പോം
വി.ആർ സത്യദേവ്
ഒരു സംസ്ഥാന മുഖ്യമന്ത്രിപദവും പട്ടുമെത്തയല്ല. അതു വ്യക്തമാവണമെങ്കിൽ ശിശുമരണങ്ങൾ തുടർക്കഥയാവുന്ന ഉത്തരപ്രദേശത്തെ മന്ത്രി മുഖ്യൻ സാക്ഷാൽ ശ്രീമാൻ ആദിത്യനാഥ് യോഗിയോടോ നമ്മുടെ അയൽ മുഖ്യൻ എടപ്പാടി പളനിയണ്ണനോടോ ചോദിച്ചു നോക്കണം. പണ്ടു ജോക്കർ സിനിമയിൽ ദിലീപ് പാടിയഭിനയിച്ച കണ്ണീർമഴയത്ത് ഞാനൊരു ചിരിയുടെ കുടചൂടി എന്ന പാട്ടിനു സമാനമായ മാനസികാവസ്ഥയിലാണ് നമുക്കറിയാവുന്ന മന്ത്രി മുഖ്യന്മാരിൽ ഏറെപ്പേരും. ഒരു മുഖ്യമന്ത്രിയാവുക എന്നൊക്കെപ്പറഞ്ഞാൽ സംഗതി പെടാപ്പാടു തന്നെയാണ്. മാനവും മര്യാദയും നോക്കി കാര്യങ്ങൾ നല്ല രീതിയിൽ ചെയ്ത് അടങ്ങിയൊതുങ്ങിയിരുന്നാൽ പോരാ. നാട്ടിൽപ്പിടിച്ച നല്ലതിനും ചീത്തയ്ക്കുമെല്ലാം മറുപടി പറഞ്ഞേ പറ്റു. എന്നാൽ പിന്നെ മൗനം വിദ്വാനുഭൂഷണമെന്ന ആപ്തവാക്യത്തെ ശരണം പ്രാപിച്ച് വായടക്കവും വാക്കടക്കവും പ്രകടിപ്പിച്ചിരുന്നാൽ സംഗതി അഹങ്കാരമെന്നാവും മാധ്യമ വിചാരണക്കാർ അടച്ചാക്ഷേപിക്കുക.
സ്വന്തം കാര്യം മാത്രം നോക്കിയിരുന്നാൽ പണി നടക്കില്ല. മന്ത്രിസഭയുടേത് കൂട്ടുത്തരവാദിത്തമാണെന്നൊക്കെപ്പറയുമെങ്കിലും കാര്യങ്ങൾക്കെല്ലാം മന്ത്രി മുഖ്യന്റെ നോട്ടം ഉറപ്പാക്കിയേ പറ്റൂ. അച്ചിക്ക് ഇഞ്ചി പക്ഷം നായർക്കു കൊഞ്ചു പക്ഷം എന്നതാണ് നാടൊട്ടുക്ക് മന്ത്രി സഭകളിലെയെല്ലാം മാന്യ ദേഹങ്ങളുടെ ദുരവസ്ഥ. ജനാധിപത്യം ഉണ്ടായ കാലം മുതൽ ഇതാവാം അവസ്ഥ. സംഗതി ജനാധിപത്യം ആയ കാലത്തെക്കാര്യം പറയാതിരിക്കുന്നതാണ് ഭേദം. ഇതര സംസ്ഥാനങ്ങളുമായി തട്ടിച്ചു നോക്കുന്പോൾ നമ്മുടെ നാട്ടിലെക്കാര്യം ഏറെ ഭേദമാണെന്നു സമ്മതിക്കാതെ തരമില്ല. എങ്കിലും പ്രശ്നങ്ങൾക്ക് ഇവിടെയും അത്ര കണ്ടു കുറവില്ല. ജനാധിപത്യ സംവിധാനമാവുന്പോൾ ആരോപണപ്രത്യാരോപണങ്ങൾ സഹജമാണ്. ആരോപണങ്ങളിലും പ്രത്യാക്രമണങ്ങളിലും വാസ്തവമുണ്ടാകാം. ചിലപ്പോൾ വസ്തുതകൾ മരുന്നിനുപോലും ഉണ്ടായെന്നും വരില്ല. ഇരകളെയും കുറ്റവാളികളെയും വേർതിരിച്ചു കാണാൻ പോലുമാവാത്ത തരത്തിലാണ് പലപ്പോഴും കാര്യങ്ങളുടെ കിടപ്പ്.
ഇത് നമ്മുടെ നാട്ടിലെ മാത്രം സ്ഥിതിയല്ല. അമേരിക്കയിൽ നിന്നുമുള്ള ആൽബർട് വുഡ്ഫോക്സിന്റെ കഥ അതിന് ഉദാഹരണമാണ്. അൽപകാലം മുന്പു വരെ അമേരിക്കയിൽ വില്ലന്മാരുടെ പട്ടികയിലായിരുന്നു സ്ഥാനം. വില്ലനെന്നാൽ കൊടും കുറ്റവാളി. കൊലപാതകി. ജീവപര്യന്തം തടവുകാരൻ. അതും കഠിന തടവ്. സംഗതി സുഖസൗകര്യങ്ങളുടെ പറുദീസയെന്നു വിശേഷിപ്പിക്കപ്പെടുന്ന അമേരിക്കയാണെങ്കിലും ദണ്ധനം ദണ്ധനം തന്നെയാണ്. ശിക്ഷ ജീവപര്യന്തമാണെങ്കിൽ ജീവിതകാലം മുഴുവൻ ജയിലറയ്ക്കുള്ളിൽ തന്നെ കഴിച്ചു കൂട്ടിയേ മതിയാവൂ. ആൽബർട് ജയിലറയ്ക്കുള്ളിലായിട്ട് നാലുപതിറ്റാണ്ടു കഴിഞ്ഞിരുന്നു. കൃത്യമായിപ്പറഞ്ഞാൽ 43 വർഷം.
ലൂസിയാന ജയിലിലെ ഇടുങ്ങിയ മുറിക്കുള്ളിൽ കഠിന തടവുശിക്ഷയനുഭവിക്കുകയായിരുന്നു അയാൾ. ഒരു ദിവസത്തിന്റെ 23 മണിക്കൂറും ആ മുറിക്കുള്ളിൽ ഏകാന്ത തടവിലായിരുന്നു ആൽബർട്. അയാൾ ശിക്ഷയനുഭവിക്കുന്ന കുറ്റം തെളിയാക്കാൻ സാക്ഷികളാരും ഇല്ല എന്നതും തെളിവുകളൊന്നും പൂർണ്ണമല്ല എന്നതും നിലനിൽക്കെയാണ് നീണ്ട 43 വർഷം ആൽബർട് അഴിയെണ്ണിയത്. ഒടുവിൽ 43 വർഷത്തെ കാരാഗൃഹ വാസത്തിനു ശേഷം കുറ്റം തെളിയിക്കാനാകാതെ കോടതി അയാളെ മോചിപ്പിച്ചു.
അമേരിക്കയിൽ ആൽബർട്ടിന്റേത് ഒറ്റപ്പെട്ട കേസല്ല. അടുത്തിടെ വന്ന ഒരു വൃത്താന്തമുണ്ട്. ഡേവിഡ് ബ്രിയാന്റ് എന്നയാളാണ് ഈ വാർത്തയിലെ കേന്ദ്ര കഥാപാത്രം. ഒരു ബാലികയുടെ കൊലപാതകവുമായി ബന്ധപ്പെട്ട് 40 വർഷത്തിലേറെ കഠിന തടവിൽ കഴിയുകയായിരുന്ന ഡേവിഡ് ഈ മാസമാദ്യമാണ് കുറ്റ വിമുക്തനായത്. ഡേവിഡിന് ആ കുറ്റത്തിൽ പങ്കില്ലെന്ന് നീതിന്യായ വ്യവസ്ഥിതിക്കു കണ്ടെത്താൻ നാലു പതിറ്റാണ്ടു വേണ്ടി വന്നു. ഇതിനെ വിധിയെന്നു പഴിച്ചു തലയൂരാനാവില്ല. സാമൂഹ്യ വ്യവസ്ഥിതിയുടെ തിരുത്തൽ ശക്തികളും സംവിധാനങ്ങളും കൊലയ്ക്കു കൊടുത്തത് ഒരു നിരപരാധിയുടെ യൗവ്വനവും ജീവിതവുമാണ്. അയാളുടെ സ്വപ്നങ്ങൾ അവർ തല്ലിക്കൊഴിക്കുകയായിരുന്നു. അയാളെക്കൊണ്ട് ഉണ്ടാകുമായിരുന്ന ഗുണങ്ങളെല്ലാം സമൂഹത്തിനും നഷ്ടമാക്കി. ഇവിടെ തിരുത്തപ്പെടേണ്ടത് നിയമം നിരപരാധികളുടെ ദണ്ധകരാകുന്ന സാഹചര്യങ്ങളാണ്. നിയമവും നീതിന്യായ വ്യവസ്ഥിതിയും വേട്ടക്കാരാവുകയല്ല മറിച്ച് ഇരകളുടെ സംരക്ഷകരാവുകയാണ് വേണ്ടത്.
ഒരർത്ഥത്തിൽ എസ്.എൻ.സി ലാവലിൻ (SNC LAVALINഎന്നതിന് മലയാളത്തിൽ ലാവ്ലിൻ എന്നുച്ചാരണം കണ്ടു പിടിച്ച മഹാത്മാവിനും അതു വെള്ളം തൊടാതെ വിഴുങ്ങുന്ന എല്ലാവർക്കും സ്തുതി) കേസിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് ഇത്തരത്തിലൊരു ഇരയുടെ സംരക്ഷണം കൂടിയാണ് എന്നു വിലയിരുത്താം. കേസിൽ പിണറായി വിജയനെന്ന നേതാവിനെ സി.ബി.ഐ തെരഞ്ഞു പിടിച്ച് പ്രതി ചേർക്കുകയായിരുന്നു എന്ന ഹൈക്കോടതി നിരീക്ഷണം അതാണു സൂചിപ്പിക്കുന്നത്. രാഷ്ട്രീയക്കാരനാണോ അഴിമതിക്കാരനായിരിക്കും എന്നതാണ് നമ്മുടെ പൊതുവായ കാഴ്ചപ്പാട്. അങ്ങനെവരുന്പോൾ വൈദ്യുത മന്ത്രിയായിരുന്ന പിണറായി വിജയൻ ഉറപ്പായും കൈക്കൂലി വാങ്ങിയിരിക്കും എന്നു പറയാൻ എളുപ്പമാണ്. എന്നാൽ നീതിപീഠത്തിന് വസ്തുതകൾ ആഴത്തിൽ പരിശോധിക്കാതെ ആ പൊതു ധാരണയ്ക്കൊപ്പം പോകാനാവില്ല. അതുകൊണ്ടു തന്നെയാവും മൂന്നു വൈദ്യുത മന്ത്രിമാരുടെ കാലത്തായി നടന്ന ലാവലിൻ ഇടപാടു സംബന്ധിച്ച കേസിൽ അതിലൊരാൾ മാത്രം എങ്ങനെ കുറ്റക്കാരനാവും എന്ന് കോടതി ചോദിച്ചത്. ഇടപാടിനെക്കുറിച്ചുള്ള ആലോചന തുടങ്ങിയതോ ഒപ്പു വെച്ചതോ പിണറായിയുടെ കാലത്തല്ല. കരാർ പ്രകാരം പിണറായിക്ക് സാന്പത്തിക ലാഭമുണ്ടായി എന്നതിനും തെളിവില്ല. പദ്ധതി സംബന്ധിച്ച് മന്ത്രിയുടെ ശുപാർശയല്ല മറിച്ച് ബോർഡിന്റെ ശുപാർശയാണ് മന്ത്രിസഭ അംഗീകരിച്ചത്. പിണറായിക്കുശേഷം വകുപ്പിന്റെ ചുമതലക്കാരായ മന്ത്രിമാരും ലാവലിൻ കന്പനിയുമായി പദ്ധതി സംബന്ധിച്ച ആശയവിനിമയം നടത്തിയിട്ടുണ്ട്. എന്നാൽ സി.ബി.ഐയുടെ കണ്ണിൽ പ്രതിയായത് പിണറായി വിജയനെന്ന നേതാവുമാത്രം. ഇതു പരിശോധിക്കുന്പോൾ ഈ കേസിൽ അദ്ദേഹം ഫലത്തിൽ ഇരയാക്കപ്പെടുകയായിരുന്നോ എന്ന സംശയം സംജാതമാകുന്നു. അതുകൊണ്ടു തന്നെയാവും കേസിൽ പിണറായി വേട്ടയാടപ്പെട്ടു എന്ന് ചിലരെങ്കിലും വിലയിരുത്തുന്നത്. പദ്ധതിയുടെ ആവിർഭാവ കാലത്ത് പിണറായി ചിത്രത്തിലേ ഇല്ലായിരുന്നു എന്നതു കൂടി ചേർത്തു വായിക്കുന്പോൾ ഈ ഇരയാക്കൽ വാദം കൂടുതൽ ശക്തമാകുന്നു.
അകത്തും പുറത്തുമുള്ള ശത്രുക്കൾക്ക് ഈ കോടതി വിധിയോടേ തൽക്കാലത്തേക്കെങ്കിലും പത്തി മടക്കാതെ രക്ഷയില്ല. ഒരു പിണറായിയെ തൊട്ടാൽ പിണറായിക്കു മുന്പും പിന്പുമിരുന്ന കോൺഗ്രസ് മന്ത്രിമാരും കേസിലേക്ക് വലിച്ചിഴയ്ക്കപ്പെടുമെന്ന വസ്തുത മറുപക്ഷത്തെ കുഴക്കുമെന്നുറപ്പ്. കേസിൽ നിന്നും നിയമപരമായും സാങ്കേതികമായും ഒഴിവാക്കപ്പെട്ടങ്കിലും സംഭവത്തിൽ പിണറായിക്ക് ധാർമ്മികമായ ഉത്തരവാദിത്തമുണ്ടെന്ന ബി.ജെ.പി നേതൃത്വത്തിന്റെ നിലപാടാവട്ടെ ശരിക്കും ചിരിപ്പിക്കുന്നതുമാണ്. നേരാണെങ്കിലും നുണയാണെങ്കിലും സ്വന്തം പാളയത്തിൽ നിന്നും കോഴക്കഥകളുടെ ആധിക്യമുള്ള കാലത്ത് ധാർമ്മികതയെക്കുറിച്ചുള്ള പരാമർശം തൽക്കാലത്തേക്കെങ്കിലും ഒഴിവാക്കാമായിരുന്നു.
ലോകകപ്പു ഫുട്ബോൾ മത്സരങ്ങൾക്കിടെ പ്രതിസന്ധി സമയത്തു വീണുകിട്ടിയ വിജയഗോൾ പോലെ തന്നെയാണ് പിണറായി വിജയനെന്ന അമരക്കാരന് ഈ കോടതി വിധി. അടിസ്ഥാനമുണ്ടങ്കിലും ഇല്ലെങ്കിലും ആരോപണങ്ങളും പ്രതിസന്ധികളും ഒന്നിലധികമാണ് സർക്കാരിനെ തുറിച്ചു നോക്കുന്നത്. ഗതാഗതമന്ത്രിയുടെ ഭൂമി നിരത്തൽ ആരോപണം ഒരു വശത്ത് പാർട്ടി എംഎൽഎയുടെ അമ്യൂസ്മെൻ്റ് പാർക്ക് ഇനിയൊരു വശത്ത്. ഇതിനിടെയാണ് ആരോഗ്യമന്ത്രിയുടെ വകുപ്പിൽ ബാലാവകാശ കമ്മീഷൻ നിയമന കാര്യത്തിൽ അനാരോഗ്യകരമായ സംഭവങ്ങളുണ്ടെന്ന അതിശക്തമായ ആരോപണങ്ങൾ കോടതി തന്നെ മുന്നോട്ടു െവയ്ക്കുന്നത്. കോടതി നിരീക്ഷണം തിരുത്താനുള്ള അപേക്ഷ കൂടുതൽ രൂക്ഷമായ കോടതി പരാമർശങ്ങൾക്ക് വഴിവെച്ചു നിൽക്കുന്ന സാഹചര്യത്തിൽ വന്ന ലാവലിൻ വിധി മുഖ്യമന്ത്രിക്കും സർക്കാരിനും മുന്നണിക്കും നൽകുന്ന ഊർജ്ജം കുറച്ചൊന്നുമല്ല. ചാനൽ കോടതി മുറികളിൽ അന്തിച്ചർച്ചക്കു വിഭവമാവേണ്ടിയിരുന്ന ബാലാവകാശ കമ്മീഷൻ വിധി അപ്രധാന വാർത്തയായി. തെറ്റുകളുണ്ടെങ്കിൽ തിരുത്താൻ ആവശ്യത്തിലേറെ സമയമാണ് ലാവലിൻ വിധി സർക്കാരിനു നൽകുന്നത്. എല്ലാം ശരിയാവുക തന്നെ ചെയ്യും എന്നു നമുക്കും പ്രത്യാശിക്കാം.