ഒരു­ ചി­ത്രവും ചി­ല ചി­ന്തകളും...


വി.ആർ സത്യദേവ്

ഓരോ ജീവിതവും ഓരോ യാത്രയാണ്... ഓരോ യാത്രയും ഒരുപാട് അനുഭവങ്ങളാണ്... നമ്മുടെ കണ്ണു തുറപ്പിക്കാൻ പോന്നവയാണ് അതിൽ ചില അനുഭവങ്ങളെങ്കിലും. അങ്ങനെയൊരു യാത്രക്കിടെ ഒരു പ്രോഗ്രാം ഷൂട്ടിനിടെയാണ് മുത്തുകളുടെ നാടായ ബഹ്റൈനിലെ മുത്തുവാരൽ വ്യവസായത്തിന്റെ തലസ്ഥാനമായിരുന്ന മുഹറഖിൽ െവച്ച് ഒരാളുമായി കുറേനേരം സംസാരിക്കേണ്ടി വന്നത്. മുഹറഖ് സൂഖിനുള്ളിൽ ഒരു കടയുടെയും അവിടുത്തെ ഉൽപ്പന്നങ്ങളുടെയും വിശേഷങ്ങൾ എനിക്ക് മുന്നിൽ വിശദീകരിക്കുകയായിരുന്നു അയാൾ. അതിൽ പല ഉൽപ്പന്നങ്ങളും പാകിസ്ഥാനിലും ഇന്ത്യയിലും നിന്ന് കൊണ്ടുവന്നതാണെന്ന് പറയുന്പോൾ അയാളുടെ കണ്ണുകളിൽ പ്രത്യേക തിളക്കമുണ്ടായിരുന്നു. ശബ്ദത്തിൽ പ്രത്യേക സന്തോഷം പ്രകടമായിരുന്നു. അയാളോട് സംസാരിക്കുന്പോൾ സ്വന്തം നാട്ടുകാരനോട് ഹൃദയത്തിന്റെ കൂടി ഭാഷയിൽ സംസാരിച്ച അനുഭവം തന്നെയായിരുന്നു ഉണ്ടായത്. അയാൾ പാകിസ്ഥാനിയായിരുന്നു.

അതിർ‍ത്തിക്കപ്പുറമിപ്പുറവും പിന്നെ ആവുന്പോഴൊക്കെ അതിർ‍ത്തികടന്നും പരസ്പരം ആയുധം പ്രയോഗിക്കാനും പരസ്പരം ഇല്ലാതാക്കാനും കാത്തു നിൽക്കുന്ന രണ്ട് പക്ഷങ്ങളുടെ പ്രതിനിധികളാണ് ഞങ്ങൾ രണ്ടും എന്ന ചിന്ത ഒരിക്കൽ പോലും എന്റെ മനസ്സിലേയ്ക്ക് കടന്നു വന്നതേയില്ല. ഒരേ മണ്ണിന്റെയും സമാന സംസ്കൃതിയുടെയും പിൻമുറക്കാരെന്ന വൈകാരിക തലത്തിൽ നിന്നുകൊണ്ട് പരസ്പരം തുറന്ന് ഇടപെടാൻ മറ്റ് ഒരുപാടുപേരെ പോലെ ഞങ്ങൾക്കും കഴിഞ്ഞു. ഇത് ഒരു തുടർ‍ച്ചയാണ്. അതിനുള്ള സാക്ഷ്യപത്രങ്ങളായുള്ള ചിത്രങ്ങളിലൊന്നാണ് ഒരേ സമയത്ത് പിറന്ന രണ്ട് രാജ്യങ്ങളുടെ രാഷ്ട്ര പിതാക്കന്മാരുടെ ഈ ചിത്രം. 

വിഭജനത്തിന്റെ മുറിപാടുകൾക്കപ്പുറം പക്ഷേ ഏകോദരത്വത്തിന്റെ ഈ ഊഷ്മളത പുലരേണ്ടതിന്റെ ആവശ്യകത നമ്മൾ ഇരുപക്ഷവും പുച്ഛിച്ചു തള്ളുകയും പുറംകാലുകൊണ്ടടിച്ച് നമ്മുടെ ചിന്തകളിൽ നിന്നു തന്നെ അകറ്റുകയുമായിരുന്നു. സ്വാതന്ത്ര്യ സമരകാലത്തെ ചില ചിത്രങ്ങൾപോലും നമ്മൾ നമ്മുടെ താൽപ്പര്യങ്ങൾക്കൊപ്പിച്ചു മാത്രമാണ് പ്രചരിപ്പിച്ചതും ഉപയോഗിച്ചതും...

നാളെ ഭാരത രാജ്യം 70ാം പിറന്നാളാഘോഷിക്കുകയാണ്. ഇന്ന് പാകിസ്ഥാനും. പാതിരാപ്പിറവികളായ സഹോദരങ്ങൾ പക്ഷേ പോകെപ്പോകെ ശത്രുതയ്ക്ക് ഉത്തമോദാഹരണങ്ങളായി. പരസ്പരം അറിയാനോ സഹിക്കാനോ പോലും തയ്യാറല്ലാത്ത അവസ്ഥ അതിന്റെ ഫലമായിരുന്നു. തീവ്രവാദ രാഷ്ട്രമെന്ന മുദ്രകുത്തി പാകിസ്ഥാനെ ഇകഴ്ത്താൻ മത്സരിക്കുന്ന നമ്മൾ അതിന്റെ സാംസ്കാരിക പൈതൃകത്തെക്കുറിച്ച് ചിന്തകളിൽ പോലും നിശബ്ദധ പുലർ‍ത്തുന്നു. ഇന്ത്യയെന്ന നമ്മുടെ രാജ്യനാമത്തിന് പോലും കാരണമായ സിന്ധു നദീതട സംസ്കാരത്തിന്റെ തിരുശേഷിപ്പുകൾ ഭൂരിഭാഗവും ഇന്നത്തെ പാക് അതിർ‍ത്തിക്കുള്ളിലാണെന്ന് നമ്മൾ മറക്കുന്നു. നമ്മുടെ സാംസ്കാരിക ഔന്നിത്യത്തിന്റെ സവിശേഷതയ്ക്ക് ദാഹരണമായി നമ്മൾ എടുത്ത് പറയുന്ന ലോക പ്രശസ്തമായ തക്ഷശില സർ‍വ്വകലാശാല സ്ഥിതി ചെയ്തിരുന്നത് ഇന്നത്തെ വടക്കുപടിഞ്ഞാറൻ പാകിസ്ഥാനിലാണ്. ഇതിൽ പലകാര്യങ്ങളും മറന്നാണ് നമ്മിൽ പലരും അന്ധമായ പാക് വിരോധം പുലർ‍ത്തുന്നത് എന്നതാണ് വാസ്തവം. ബോധപൂർ‍വ്വമുള്ള ഈ അന്ധതമൂലം നമ്മുടെ അയൽക്കാരെക്കുറിച്ചുള്ള കാര്യങ്ങൾ അന്വേഷിച്ചറിയാനും നമുക്ക് താൽപ്പര്യമില്ല. ചിന്തകൾക്ക് പോലും സ്വയം പാരതന്ത്ര്യം വിധിക്കുകയാണ് നമ്മൾ.

കൗതുകകരമാണ് പാകിസ്ഥാന്റെ വിശേഷങ്ങൾ. ഒരുവേള ഭാരതത്തിന്റെ ആദ്യ പ്രധാനമന്ത്രിയാകുമെന്ന് കരുതപ്പെട്ടിരുന്ന സാക്ഷാൽ മുഹമ്മദലി ജിന്നയാണ് പാകിസ്ഥാന്റെ രാഷ്ട്ര പിതാവെന്ന് നമുക്കറിയാം. പക്ഷേ ആ രാഷ്ട്രപിതാവിന്റെ പിൻമുറക്കാർ ഇന്നും ഇന്ത്യയിലാണുള്ളത് എന്ന് നമ്മിൽ പലർക്കും അറിവില്ല. ജിന്നയുടെ ഏക പുത്രിയെ വിവാഹം ചെയ്തത് പ്രശസ്ത ഇന്ത്യൻ വ്യവസായി നെവിൽ വാഡിയയാണ്. പ്രശസ്തമായ ബോംബെ ഡയിംഗും ബ്രിട്ടാണിയയുമടക്കമുള്ള സ്ഥാപനങ്ങളുടെ അമരത്ത് മുഹമ്മദലി ജിന്നയുടെ പിൻമുറക്കാരാണ്. അതുപോലെ പാകിസ്ഥാനെന്ന പേരിന്റെ പിന്നിലെ കഥകളും നമ്മിൽ പലരും അജ്ഞരാണ്. ചൗധരി റഹ്്മത്തലിയെന്ന പണ്ധിതന്റെ സൃഷ്ടിയാണ് പാകിസ്ഥാനെന്ന പദം. 

കൗതുകകരമായ വിശേഷങ്ങൾ അങ്ങനെ അനവധിയാണ്. പറഞ്ഞാൽ തീരാത്ത വിശേഷങ്ങൾ... അവ അറിയാനും പങ്കുെവയ്ക്കാനുമുള്ള യാത്രകൾ നമുക്ക് അനസ്യൂതം തുടരാം. ഭാഗ്യത്തിന് അതിനുള്ള സ്വാതന്ത്ര്യം ആവോളമുണ്ട് നമ്മുടെ നാട്ടിൽ. അതിർ‍ത്തിരേഖയ്ക്ക് അപ്പുറവും ഇപ്പുറവുമുള്ള എല്ലാ സഹോദരങ്ങൾക്കും സ്വാതന്ത്ര്യ ദിനാശംസകൾ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed