ട്രംപ്-കിം ഭീഷണിയുടെ മുഖങ്ങൾ
അമേരിക്കയിൽ പ്രസിഡണ്ട് ട്രംപ് അധികാരത്തിന്റെ ആദ്യ 100 ദിനങ്ങൾ പൂർത്തിയാക്കുന്പോൾ ആ പദവി ലോകത്തിന് നൽകുന്നത് ഭീഷിയാണോ അതോ സംരക്ഷണമാണോയെന്ന ചോദ്യം കൂടുതൽ പ്രസക്തമാകുന്നു. ഇതിന്റെ ഉത്തരമെന്തെന്ന കാര്യത്തിൽ വിരുദ്ധാഭിപ്രായങ്ങളുണ്ടാകാമെങ്കിലും വിവാദങ്ങളുടെ കുത്തൊഴുക്കാണ് ഈ നൂറു ദിവസവും ഉണ്ടായത് എന്ന കാര്യത്തിൽ രണ്ടഭിപ്രായമില്ല. പ്രസിഡണ്ടു തെരഞ്ഞെടുപ്പു പ്രചാരണകാലത്തുണ്ടായ വിവാദങ്ങളുടെ ഒഴുക്ക് ഒരുപക്ഷേ അധികാരത്തിന്റെ ആദ്യ 100 ദിനങ്ങളിൽ കൂടുതൽ ശക്തമായെന്നുവേണം വിലയിരുത്താൻ. അമേരിക്ക പലതുകൊണ്ടും ലോകത്തെ ഏറ്റവും ശക്തമായ രാഷ്ട്രമാണ് എന്നാണ് വിലയിരുത്തപ്പെടുന്നത്. അതിന്റെ നായകനാണ് ലോകത്ത് ഏറ്റവും അധികാരങ്ങളുള്ള ഭരണാധികാരി. ലോകഗതിയെ പലതരത്തിലും സ്വാധീനിക്കാൻ ശേഷിയുള്ള വ്യക്തിയാണ് അമേരിക്കൻ നായകൻ. അതുകൊണ്ടു തന്നെ ഏറ്റവും കൂടുതൽ സംയമനശേഷിയുള്ള വ്യക്തിയായിരിക്കണം അമേരിക്കൻ നായകൻ. ആ അധികാരസ്ഥാനത്തുള്ള വ്യക്തി പെട്ടെന്നുള്ള പ്രകോപനത്തിൽ വിവേകരഹിതമായി പ്രവർത്തിച്ചാലുണ്ടാകുന്ന പ്രത്യാഘാതങ്ങൾ ദൂരവ്യാപകങ്ങളായിരിക്കും. എന്നാൽ ഇതു പൂർണ്ണമായും തിരിച്ചറിഞ്ഞാണോ നിലവിലുള്ള അമേരിക്കൻ നായകന്റെ പ്രവൃത്തികൾ എന്ന കാര്യത്തിൽ സംശയമുണ്ട്.
പൊതുസമൂഹത്തിലെ വലിയ വിഭാഗങ്ങളെ പെട്ടെന്നു പ്രകോപിപ്പിക്കുന്നതാണ് പ്രസിഡണ്ട് ട്രംപിന്റെ പല തീരുമാനങ്ങളും. പലപ്പോഴും അദ്ദേഹം പ്രകോപിതനുമാകുന്നു. അതേസമയം തിരക്കിട്ടു പ്രവർത്തിക്കുന്നവനുമാണ് അദ്ദേഹം. നൊടിയിടകൊണ്ടാണ് തീരുമാനങ്ങൾ എടുക്കുന്നതും നടപ്പാക്കുന്നതും. എന്നാൽ ആ ധൃതി തീരുമാനങ്ങളെ പിഴവുള്ളതാക്കുന്നു എന്നതാണ് അനുഭവങ്ങൾ നൽകുന്ന പാഠം. രാജ്യത്തേയ്ക്ക് ഏഴു രാജ്യങ്ങളിൽ നിന്നുള്ളവർക്കും അഭയാർത്ഥികൾക്കുമൊക്കെ പ്രവേശനം നിരോധിച്ചുകൊണ്ടുള്ള ഉത്തരവ് ഇതിന് ഉത്തമോദാഹരണങ്ങളിലൊന്നാണ്. തെരഞ്ഞെടുപ്പു വാഗ്ദാനങ്ങൾ ഒന്നൊന്നായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് ഇത്തരത്തിലുള്ള തീരുമാനങ്ങളുമായി മുന്നോട്ടു പോകുന്നത്. 24 എക്സിക്യൂട്ടീവ് ഉത്തരവുകളാണ് ഈ നൂറുദിവസങ്ങൾക്കിടെ ട്രംപ് ഒപ്പു െവച്ചത്. രണ്ടാം ലോക യുദ്ധകാലത്തിനുശേഷം ഏറ്റവും കൂടുതൽ എക്സിക്യൂട്ടീവ് ഉത്തരവുകളിറക്കിയ പ്രസിഡണ്ടാണ് ട്രംപ്. നിയമപരവും സാങ്കേതികവുമായ മുൻകരുതലില്ലായ്മ മൂലം ഇത്തരം തിരക്കിട്ട ഉത്തരവുകളിലൊക്കെ കോടതിനടപടികൾ നേരിടേണ്ടി വന്നത് ട്രംപ് ഭരണകൂടത്തിനേറ്റ തിരിച്ചടി തന്നെയാണ്. പ്രചാരണ കാലത്തു തന്നെ വിരോധികളായിക്കഴിഞ്ഞിരുന്ന മാധ്യമ സമൂഹവുമായി സമരസപ്പെട്ടു പോകാതിരുന്നതും അദ്ദേഹത്തിന്റെ പ്രതിച്ഛായ കൂടുതൽ മോശമാക്കി.
അഭിപ്രായ വോട്ടെടുപ്പുകളിൽ മുൻകാല പ്രസിഡണ്ടുമാരെ അപേക്ഷിച്ച് ആദ്യ 100 ദിനങ്ങളിൽ ട്രംപ് ഏറെ പിന്നിലാവാൻ കാരണം ഈ മാധ്യമ വിരുദ്ധത കൂടിയാണെന്ന് വിലയിരുത്തപ്പെടുന്നു. 40 മുതൽ 42 രണ്ടു വരെയാണ് നിലവിൽ അദ്ദേഹത്തിന്റെ ജനപ്രീതി.
ഇതിന് ഒരു മറുവശവുമുണ്ട് എന്ന കാര്യം കാണാതിരിക്കാനാവില്ല. മാധ്യമങ്ങളിൽ നിന്നും കടുത്ത വിമർശനം നേരിടുന്പോഴും മാധ്യമങ്ങളെ കൂടുതലവഗണിക്കാനും സമൂഹത്തിനുമേലുള്ള മാധ്യമ സ്വാധീനം നീർക്കുമിളയ്ക്കു സമാനമാണെന്നു സ്ഥാപിക്കാനുമാണ് ട്രംപിന്റെ ശ്രമം. പ്രസിഡൻസിയുടെ നൂറാം നാൾ ആഘോഷിക്കുന്നവേളയിൽ പോലും ട്രംപ് മാധ്യമങ്ങളിൽ നിന്നും അകന്നാണ് നിന്നത്. മാധ്യമലോകത്തെ കണക്കറ്റു പരിഹസിക്കാനുള്ള ചങ്കൂറ്റവും ട്രംപ് കാട്ടി എന്നത് ചെറിയ കാര്യമല്ല. എന്നാൽ അത് മഹത്തായ കാര്യമാണോ മണ്ടത്തരമാണോ എന്നതിന് കാലം തന്നെ ഉത്തരം നൽകണം.
അമേരിക്കൻ തലസ്ഥാനത്തുനിന്ന് 100 മൈലകലെ പെനിസിൽവാനിയയിലായിരുന്നു ട്രംപിന്റെ നൂറാം ദിനാഘോഷം. ഇതേസമയം വാഷിംഗ്ടൺ ഡി.സിയിൽ വൈറ്റ്ഹൗസ് കറസ്പോണ്ടൻസ് ഡിന്നർ അഥവാ വൈറ്റ് ഹൗസിലെ മാധ്യമ പ്രതിനിധികളുടെ വിരുന്ന് നടക്കുകയായിരുന്നു. രാജ്യത്തെ മാധ്യമ പ്രമുഖരും മറ്റു പ്രധാനവ്യക്തിത്വങ്ങളും ഒഴിവാക്കാത്ത ചടങ്ങാണ് ഇത്. സമീപകാല അമേരിക്കൻ നായകന്മാരിൽ പ്രസിഡണ്ട് റീഗൻ മാത്രമാണ് ഒരിക്കൽ ഈ ചടങ്ങിൽ പങ്കെടുക്കാതിരുന്നത്. വധശ്രമത്തിൽ നിന്നു രക്ഷപെട്ട് തീവ്രപരിചരണത്തിലായിരുന്നതിനാലാണ് അന്നു ചടങ്ങിൽ നിന്നും വിട്ടു നിന്നത്. അന്ന് റീഗനു കത്തിക്കുത്തിൽ പരിക്കേറ്റ ഹോട്ടലിൽ ഇന്നലെ കറസ്പോണ്ടൻ്റ്സ് നൈറ്റ് നടക്കുന്പോൾ അതിൽ ട്രംപ് പങ്കെടുക്കാതിരിക്കുന്നതിനു പിന്നിൽ പക്ഷേ മറ്റൊരു പരിക്കിന്റെ കഥയുണ്ട്. ട്രംപിന്റെ മനസ്സിന് പണ്ടൊരിക്കൽ പരിക്കേൽപ്പിച്ചത് പ്രമുഖ ഹാസ്യതാരം സേത് മെയേഴ്സും അന്നത്തെ പ്രസിഡണ്ട് ഒബാമയും ചേർന്നായിരുന്നു. ഇരുവരുടെയും കണക്കറ്റ കളിയാക്കൽ 2011 ലായിരുന്നു. അതിൽ പിന്നിങ്ങോട്ട് കറസ്പോണ്ടൻ്റ്സ് നൈറ്റിൽ ട്രംപ് പങ്കടുത്തിട്ടില്ല.
എന്നിട്ടും അതൊന്നും പ്രസിഡണ്ട് പദവിയിലേക്കുള്ള അദ്ദേഹത്തിന്റെ പ്രയാണത്തെ തടഞ്ഞില്ല. അതാണ് പ്രസിഡണ്ടെന്ന നിലക്ക് തനിക്കു പൗരന്മാരോടുമാത്രമാണ് കടപ്പാടെന്നു തുറന്നുറക്കെപ്പറയാൻ ട്രംപിനു കരുത്തു നൽകുന്നത്. ഹോളിവുഡ് പുലികളും മാധ്യമ മാന്യന്മാരും പരസ്പരം പുറം ചൊറിഞ്ഞു രസിക്കുന്പോൾ കൂടുതൽ നല്ലവരായ ജനസഞ്ചയത്തിനൊപ്പം 100ാം ദിനമാഘോഷിക്കുന്നതിൽ ഏറെ സന്തോഷമുണ്ട് എന്നതായിരുന്നു പെനിസിൽവാനിയയിലെ ഹാരിസ്ബർഗ്ഗിൽ നടന്ന ആഘോഷത്തിനിടെ ട്രംപ് പറഞ്ഞുവച്ചത്. പൗരന്മാരോടുള്ള കടപ്പാടിനെപ്പറ്റി ട്രംപ് ആവർത്തിച്ചു പറയുന്പോഴും നൂറാം ദിനാഘോഷ വേളയിൽ തലസ്ഥാനം പ്രതിഷേധക്കാരെക്കൊണ്ടു നിറഞ്ഞിരുന്നു എന്നതാണ് വാസ്തവം. കാലാവസ്ഥാ വ്യതിയാനം സംബന്ധിച്ച ട്രംപിന്റെ നിലപാടുകളാണ് പ്രതിഷേധങ്ങൾക്കാധാരം. ആഗോളതാപനം ശുദ്ധ തട്ടിപ്പാണെന്നും അതിനായി അമേരിക്കൻ ഖജനാവിൽ നിന്നും പണമൊഴുക്കേണ്ട ആവശ്യമില്ലെന്നുമാണ് ട്രംപ് പറയുന്നത്. ആഗോള ഭീഷണിയായ ഗ്ലോബൽ വാമിംഗിനെക്കുറിച്ചുള്ള ട്രംപിന്റെ നിലപാടുകളും നടപടികളും കൂടുതൽ പ്രതിഷേധങ്ങൾക്ക് വഴിെവയ്ക്കുമെന്ന് ഉറപ്പാണ്.
എന്നാൽ ലോകം ഇപ്പോൾ കൂടുതൽ ആശങ്കയോടേ നോക്കിക്കൊണ്ടിരിക്കുന്നത് ഉത്തരകൊറിയൻ വിഷയത്തിലെ അദ്ദേഹത്തിന്റെ തീരുമാനങ്ങൾ എന്താകും എന്നതാണ്. ഒരുവശത്ത് ലോകശക്തിയായ അമേരിക്കയുടെ വിലക്കുകളും മുന്നറിയിപ്പുകളും അവഗണിച്ച് കൂടുതൽ ആയുധ പരീക്ഷണങ്ങളുമായി ഉത്തര കൊറിയ മുന്നോട്ടു പോവുകയാണ്. കഴിഞ്ഞ ദിവസം അവർ പുതിയൊരു ബാലിസ്റ്റിക് മിസൈൽ കൂടി പരീക്ഷിച്ചു. വിക്ഷേപിച്ച് 45 മൈലകലെ മിസൈൽ തകർന്നു വീണതായാണ് റിപ്പോർട്ട്. ലോകത്തെ ഞെട്ടിക്കുമെന്നു കൊട്ടിഘോഷിട്ടു നടത്തിയ നാലാമത്തെ പരീക്ഷണമാണ് തുടർച്ചയായി പരാജയപ്പെടുന്നത്. ഉത്തരകൊറിയയുടെ അവകാശവാദങ്ങളിൽ പലതും പൊള്ളയാണെന്ന ധാരണയുണ്ടാക്കുന്നതാണ് ഇത്. എന്നാൽ ഒരിക്കലും അവരുയർത്തുന്ന ഭീഷണി ചെറുതായി കാണാനാവില്ല. ദശാബ്ദങ്ങളായി പാർട്ടി− കുടുംബ വാഴ്ച തുടരുന്ന കെറിയയുടെ ഭരണാധികാരിയുടെ ക്രൂരതയും സ്വഭാവവൈചിത്ര്യങ്ങളും അവരുയർത്തുന്ന ഭീഷണിയുടെ ആക്കം കൂട്ടുന്നു. അധികാരമുറപ്പിക്കുന്നതിനായി സ്വന്തം മാതുലനെ വിശന്നു വലഞ്ഞ വേട്ടപ്പട്ടികൾക്കിട്ടുകൊടുത്തു കൊലപ്പെടുത്തിയ ഭരണാധികാരിയാണ് കിം മൂന്നാമൻ. അധികാരത്തിന്റെ സിംഹാസന വഴികളിൽ നിന്നും അകന്നു കഴിഞ്ഞ സ്വന്തം സഹോദരനെയും കിം വേട്ടയാടി കൊന്നതായി ആരോപണമുണ്ട്. ആധുനിക ലോകം ആസ്വദിക്കുന്ന സാധാരണ സുഖസൗകര്യങ്ങളെല്ലാം നിഷേധിക്കപ്പെട്ട അടിച്ചമർത്തപ്പെട്ട ഒരു ജനതയാണ് ഉത്തര കൊറിയയിലേത്. അവരുടെ ഭരണാധികാരിയുടേതായി പ്രചരിക്കപ്പെടുന്ന കഥകൾ ഉണ്ടാക്കുന്നത് ഒരു ഭ്രാന്തന്റെ പ്രതിച്ഛായയുമാണ്. അതിലെത്രയുണ്ട് വാസ്തവമെന്നു സ്ഥിരീകരിക്കാൻ പോലും മാർഗ്ഗമില്ല. ഇങ്ങനെയുള്ളൊരു രാജ്യവും അവരുടെ നായകനും ചേർന്ന് എന്തൊക്കെ ചെയ്തുകൂട്ടുമെന്നത് പ്രവചനാതീതമാണ്. അതുകൊണ്ടാണ് അവരുടെ ആവർത്തിട്ടുള്ള ഭീഷണികളെ കുറച്ചു കാണാനാവില്ല എന്നു വിലയിരുത്തുന്നത്.
വാസ്തവത്തിൽ പരന്പരാഗത ശത്രുക്കളായ തെക്കൻ കൊറിയയുടെ സംരക്ഷണത്തിനു വേണ്ടി എന്ന പേരിൽ അമേരിക്ക നടത്തിപ്പോരുന്ന ആയുധ വിന്യാസവും സേനാശാക്തീകരണവും ഉയർത്തുന്ന വെല്ലുവിളിയാണ് ഉത്തരകൊറിയൻ പ്രകോപനങ്ങൾക്കുള്ള പ്രധാനകാരണം. പല അന്താരാഷ്ട്ര ഉടന്പടികളും കാറ്റിൽ പറത്തിയാണ് അമേരിക്ക തെക്കൻ കൊറിയയുടെ മണ്ണിൽ ആയുധങ്ങൾ നിറയ്ക്കുന്നത്. അമേരിക്കൻ ആയുധ നിർമ്മാണ വ്യവസായത്തിന് ഏറെ സാന്പത്തിക ലാഭമുണ്ടാക്കുന്ന വിപണിയാണ് വാസ്തവത്തിൽ ദക്ഷിണ കൊറിയ. സുഹൃദ് രാഷ്ട്രമെന്ന നിലയിലുള്ള സംരക്ഷണമാണ് തെക്കൻ കൊറിയയ്ക്ക് നൽകുന്നതെന്നാണ് അമേരിക്കൻ പക്ഷം. പക്ഷേ യാഥാർത്ഥ്യം അതിനു പിന്നിലെ വൻ സാന്പത്തിക ലാഭം തന്നെയാണെന്ന ആരോപണം എന്നും അതിശക്തമാണ്.
ഈ സത്യമുയർത്തുന്ന സന്ദേഹങ്ങൾ വേറേ പലതുമുണ്ട്. ഉത്തരകൊറിയക്കെതിരായ അമേരിക്കൻ നടപടിയിലെ അമേരിക്കയുടെ ആത്മാർത്ഥതയെയും ചോദ്യം ചെയ്യപ്പെട്ടേക്കാം. ഉത്തരകൊറിയയും കിമ്മും ശക്തമായി ഉയർത്തുന്പോൾ തെക്കൻ കൊറിയയ്ക്ക് അമേരിക്കയുടെ സഹായവും ആയുധങ്ങളും കൂടുതൽ ആവശ്യമായി വരുന്നു. ഇത് അമേരിക്കക്കും അവരുടെ ആയുധ വിപണിക്കും ഗുണകരമാണ്. അങ്ങനെ വരുന്പോൾ ഉത്തരകൊറിയൻ ഭീഷണി ഇല്ലാതാവുന്നത് തെക്കൻ കൊറിയയിലെ അമേരിക്കയുടെ താൽപ്പര്യങ്ങൾക്ക് തിരിച്ചടിയുമാകും. അങ്ങനെ ഒരു വിപണി ഒറ്റയടിക്ക് ഇല്ലാതാക്കാൻ അമേരിക്ക തയ്യാറാവില്ല. മറ്റെന്തിനെക്കാളും ലോക പോലീസിനു പ്രധാനമാണ് അവരുടെ കുത്തക കന്പനികളുടെ താൽപ്പര്യങ്ങൾ.
പ്രത്യക്ഷത്തിൽ നമ്മളറിയുന്ന ഈ ലോക നേതാക്കളുടെയൊക്കെ യഥാർത്ഥ താൽപ്പര്യങ്ങൾ മറ്റു പലതുമാകാം. ആവർത്തിച്ചുയർത്തുന്ന യുദ്ധ ഭീഷണികളും അങ്ങനെ തന്നെയാവാം. യുദ്ധം ആസുരമാണ്. ഇനിയൊരു യുദ്ധം മറ്റൊരു ലോകയുദ്ധത്തിനു പോലും വഴിവച്ചേക്കാം. അങ്ങനെയെങ്കിൽ അത് സർവ്വ നാശത്തിനും വഴിെവയ്ക്കും. അങ്ങനെ ഉണ്ടാവാതിരിക്കട്ടെ. ലോകത്തെ ഭരണാധികാരികളെല്ലാം സ്വാർത്ഥവും അഹംഭാവവും വെടിഞ്ഞ് കൂടുതൽ യാഥാർത്ഥ്യബോധത്തോടെയും ജനന്മ ലക്ഷ്യമാക്കിയും ഭരിക്കുന്നവരാകട്ടെ എന്നു നമുക്കു പ്രതാശിക്കാം.
ലോകാ സമസ്താ സുഖിനോ ഭവന്തു...