പു­രട്ചി­ത്തലൈ­വി­...


തമിഴനെക്കുറിച്ച് പണ്ടേ നമ്മൾ മലയാളികൾക്ക് അത്ര മതിപ്പു പോര. നമ്മളെ പോലെ എന്നും കുളിക്കില്ല. വൃത്തി പോര. നമ്മുടെയത്ര മിടുക്കും പോര. ഒരു കഴുതയെപ്പോലെ പരാതിയില്ലാതെ രാപ്പകൽ അദ്ധ്വാനിക്കാൻ മടിയില്ലാത്ത ഒരുപാടു തമിഴ് മക്കളെ നമുക്കറിയാം. അവരെ കഴുതകളെന്നു കരുതാൻ നമുക്കൊരിക്കലും മടിയില്ല. അതിവൈകാരികതയാണ് തമിഴന് നമ്മൾ കാണുന്ന മറ്റൊരു കുറ്റം. അങ്ങനെ കാലങ്ങളായി നമ്മൾ പറഞ്ഞു ശീലിച്ച കളിയാക്കലുകളിലൊന്നായിരുന്നു രണ്ടു പ്രമുഖ തമിഴ് ഭരണാധികാരികളുടെ പേരിനൊപ്പമുള്ള വിശേഷണങ്ങൾ. പച്ച മലയാളിയായ പുരട്ചിത്തലൈവർ മക്കൾ തിലകം മരുതൂർ ഗോപാലൻ രാമചന്ദ്രനെന്ന സാക്ഷാൽ ശ്രീമാൻ എം.ജീ.ആറാണ്. അടുത്തത് പുരട്ചിത്തലൈവി യും. പുരട്ചിത്തലൈവരെന്നാൽ തമിഴിലർത്ഥം വിപ്ലവ നായകനെന്നാണ്. എം.ജി.ആർ ഏതു വിപ്ലവത്തിലാണ് പങ്കെടുത്തതെന്ന് കളിയാക്കി ചോദിച്ചിട്ടുള്ള ബുദ്ധിജീവികളെ എനിക്കറിയാം. പുരട്ചിത്തലൈവരുടെ പിൻഗാമിയായി രാഷ്ട്രീയത്തിലും അധികാരത്തിലുമെത്തിയ തമിഴകത്തിൻ്റെ ഇദയക്കനിയെയും ജനം വിപ്ലവനായികയെന്നു വിളിച്ചു. ആ വിപ്ലവ പരാമർശത്തിൻ്റെ പേരിൽ അവരെയും നമ്മളിൽ ചിലർ അറി‌‌‌‌ഞ്ഞു കളിയാക്കി. 

എന്നാൽ ഇന്ന് ലോകം അവർക്കു വിട നൽകുന്ന വേളയിൽ അവരെ തമിഴനും ലോകവും വേദനയോടേ ഓർമ്മിക്കുന്നത് വിപ്ലവനായികയെന്ന തലത്തിൽ തന്നെയാവും. ചോരച്ചൊരിച്ചിലും കലാപങ്ങളുമില്ലാതെ കുറ‌ഞ്ഞപക്ഷം തമിഴകത്തെങ്കിലും ഗുണപരമായ വലിയ മാറ്റത്തിനു വഴിമരുന്നിട്ട് അത് സാദ്ധ്യമാക്കിയ ഭരണാധികാരിയാണ് ജയ. വിപ്ലവം എന്ന വാക്കിനർത്ഥം വലിയ തരത്തിലുള്ള മാറ്റം എന്നാണ്. സാമൂഹിക ക്ഷേമ പദ്ധതികളുടെ കാര്യത്തിൽ പ്രത്യേകിച്ച് സ്ത്രീ ശാക്തീകരണത്തിന് പൊതുവേ രാഷ്ട്രീയക്കാരെല്ലാം വലിയ പ്രാധാന്യമാണ് നൽകുന്നത്. ജനപ്രീതി വർദ്ധിപ്പിക്കാൻ ഇത് അവശ്യമാണെന്ന് നേതാക്കൾക്കൊക്കെ വ്യക്തമായറിയാം. എന്നാൽ രാഷ്ട്രീയ നേതൃത്വത്തിലെ ബഹുഭൂരിപക്ഷവും ഇതു ചെയ്യുന്നത് വോട്ട് എന്ന ലക്ഷ്യമിട്ടു മാത്രമാണ്. വോട്ടിനു പണമെന്ന സാമൂഹ്യ വിപത്താണ് ഇതിൻ്റെ ഫലം. തുടക്കത്തിൽ ജയലളിതയുടെ ജനക്ഷേമപരിപാടികൾക്കു പിന്നിലും ഇതേ മനശ്ശാസ്ത്രം തന്നെയെന്ന ആരോപണം ശക്തമായിരുന്നു. എന്നാൽ ഇത്തവണ അധികാരമേറ്റശേഷം അവർ സ്ത്രീകൾക്കും പെൺകുട്ടികൾക്കും ദരിദ്രവിഭാഗങ്ങൾക്കുമായി നടപ്പാക്കിയ പദ്ധതികൾ ഈ ആരോപണങ്ങളെയെല്ലാം അസ്തപ്രഭമാക്കുന്നതായിരുന്നു.

പണമില്ലാത്തവനും അടിസ്ഥാന സൗകര്യങ്ങളെല്ലാം ഉറപ്പാക്കപ്പെടുന്പോഴാണ് ഏതൊരു ഭരണവും നല്ല ഭരണമാകുന്നത്. ജയ ഭരണത്തിൽ അടിസ്ഥാന വിഭാഗങ്ങളുടെ സന്തുഷ്ടി ഉറപ്പാക്കപ്പെട്ടിരുന്നു എന്ന കാര്യത്തിൽ തർക്കമില്ല. മുതിർന്ന സ്ത്രീകളും പെൺകുട്ടികളുമടങ്ങുന്ന അടിസ്ഥാന വർഗ്ഗത്തിൻെറ ജീവിതനിലവാരത്തിൽ വിപ്ലവകരമായ മാറ്റളുണ്ടാക്കിയത് പുരട്ചിത്തലൈവി തന്നെ.

സ്വന്തം ജീവിതത്തിൽ ഉയർച്ച താഴ്ചകളുടെ വിപ്ലവകരമായ ഒരുപാട് ഏടുകൾ താണ്ടി തമിഴകത്തിൻ്റെ ഹൃദയത്തുടിപ്പായ അമ്മ ഒടുവിൽ ഒർമ്മയായിരിക്കുന്നു. സിനിമയിലും ജീവിതത്തിലും നായകനായിരുന്ന മക്കൾ തിലകം എം.ജി.ആറിൻ്റെ വിയോഗം നടന്ന ഡിസംബർ 24ന് തനിക്കും ഈ ലോകം വിട്ടു പോകണമെന്നത് അവരുടെ ആശയായിരുന്നു. എം.ജി.ആർ മരിച്ച് 30 ആണ്ടു തിയുന്നതിനു 20 നാൾ ബാക്കിയിരിക്കെയാണ് തമിഴകത്തിൻെറ അമ്മ യാത്രയാവുന്നത്. ഇന്ത്യൻ രാഷ്ട്രീയം കണ്ട പെൺകരുത്തുകളിൽ ഒന്നുകൂടി ഓർമ്മയായിരിക്കുന്നു. 

വിട, പുരട്ചിത്തലൈവീ. 

You might also like

Most Viewed