അമരത്വത്തിലേക്കൊരു ചുവന്ന നക്ഷത്രം
മഹത്തുക്കൾ സ്വന്തം ചെയ്തികൾ കൊണ്ടു ചരിത്രത്തിന്റെ ഏടുകളിൽ സ്വയം അടയാളപ്പെടുത്തുന്നു. ആ മഹത്വം മനുഷ്യ സാദ്ധ്യതകൾക്കും പ്രതീക്ഷകൾക്കും അപ്പുറത്തേയ്ക്കു വളരുന്പോൾ ചരിത്രം തന്നെ ഓർമ്മിക്കപ്പെടുന്നത് അത്തരം വ്യക്തിത്വങ്ങളുടെ പേരിലായിരിക്കും. അത്തരത്തിലൊരു വ്യക്തിത്വമാണ് ഓർമ്മയാകുന്നത്. നമ്മൾ ജീവിച്ചിരിക്കുന്ന കാലഘട്ടത്തിന്റെ പ്രധാന ബിംബങ്ങളിലൊന്നാണ് ഫിഡേൽ അലെജാൻഡ്രോ കാസ്ട്രോ റൂസ്. ഫുൾഗെൻസിയോ ബത്തീസ്തയെന്ന സ്വേച്ഛാധിപത്യത്തിന്റെ കരാള ഹസ്തങ്ങളിൽ നിന്നും ഒരു ജനതയ്ക്ക് രൂക്ഷ പോരാട്ടത്തിന്റെ പാതയിലൂടെ മോചനം സമ്മാനിച്ച യഥാർത്ഥ പോരാളി. ഇസങ്ങളോരോന്നും അതിസമർത്ഥമായി മാർക്കറ്റു ചെയ്യപ്പെടുന്ന വർത്തമാനകാലത്ത്, പേരിൽ മാത്രം വിപ്ലവമുള്ള സാമർത്ഥ്യക്കാർ നിറഞ്ഞ ലോകത്ത് ഒരു നാടിന്റെ മേൽ നിഴൽ വിരിച്ച കുത്തകകൾക്കെതിരെ യഥാർത്ഥ വിപ്ലവം നയിച്ചു വിജയിച്ച ഒരു അപൂർവ്വതയാണ് ഫിഡെലിന്റെ വിയോഗത്തോടേ ലോകത്തിനു നഷ്ടമായിരിക്കുന്നത്.
കുത്തകകൾ പത്തി വിരിച്ചാടിയ ക്യൂബയിൽ ആഗോള മുതലാളിത്തത്തിന്റെ തന്നെ പതാകാ വാഹകരായ അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ മൂക്കിനു താഴെ അവരോട് എന്നുമെതിർത്താണ് കാസ്ട്രോ പടയ്ക്കിറങ്ങിയതും വിജയിച്ചതും ദശാബ്ദങ്ങളായി അതു നിലനിർത്തുന്നതും. ഇത് ആ പോരാട്ടത്തിന്റെ മഹത്വം വാനോളമുയർത്തുന്നു. ലോകത്തിന്റെ വിവിധയിടങ്ങളിൽ വിപ്ലവങ്ങളുടെ കൂടെപ്പിറപ്പായിരുന്നു അധികാരപ്രമത്തതയും സ്വേച്ഛാധിപത്യവുമൊക്കെ. ആയുസ്സൊടുങ്ങിയാലും ആർത്തി തീരാത്ത ഭരണാധികാരികൾ എണ്ണമില്ലാതോളമുണ്ട് ചരിത്രത്തിൽ. ക്യൂബയെ പുത്തൻ സ്വാതന്ത്ര്യത്തിലേക്കു നയിച്ച കാസ്ട്രോയെന്ന അത്ഭുതം മരണം വരേയ്ക്കും രാഷ്ട്രനായക സ്ഥാനത്തിരുന്നാലും ക്യൂബക്കാരൻ സർവ്വാത്മനാ അതിനെ അംഗീകരിക്കുമായിരുന്നു. എന്നിട്ടും അനാരോഗ്യമെന്നു സ്വയം തോന്നിച്ചതോടേ ആ അധികാരം പിൻഗാമികൾക്കു കൈമാറാൻ അദ്ദേഹം മനസ്സു കാട്ടി. അധികാരത്തിനപ്പുറം ക്യൂബക്കാരന്റെ മോചനമായിരുന്നു തന്റെ ആത്യന്തിക ലക്ഷ്യമെന്ന പ്രഖ്യാപനം കൂടിയായിരുന്നു ആ സ്ഥാനത്യാഗം.
ഫിഡലിന്റെ നേതൃത്വത്തിലുള്ള ഭരണത്തെപ്പറ്റിയും വിമർശനങ്ങളുണ്ടാവാം. എന്നാൽ കൊടിയ ചൂഷണത്തിന്റെ നീരാളിപ്പിടുത്തത്തിൽ നിന്നും ഒരു ജനതയുടെ മോചനം സാദ്ധ്യമാക്കിയ പടയോട്ടം സാദ്ധ്യമായത് ആ മഹാനിലൂടെ തന്നെയാണ് എന്ന വാസ്തവം എന്നും എല്ലാ വിമർശനങ്ങളെയും അസ്തപ്രഭമാക്കി നിലനിൽക്കുക തന്നെ ചെയ്യും.
ബാഹ്യലോകം വിമർശനങ്ങളുന്നയിക്കുന്പോഴും ക്യൂബ അതിന്റെ നായകനെ ദശാബ്ദങ്ങളായി നെഞ്ചോടു ചേർത്തു നിർത്തിയിരിക്കുന്നത് ഈ വാസ്തവം തിരിച്ചറിഞ്ഞു തന്നെയാണ്. ആ പിന്തുണയുടെയും നന്മയുടെയും കരുത്തിൽ കൂടിയാണ് സാമ്രാജ്യത്വത്തിന്റെ തന്ത്രങ്ങളും ചുഴികളുമുയർത്തിയ ഭീഷണികളിൽ നിന്നും ക്സ്ട്രോയെന്ന മഹാത്ഭുതം ചരിത്രത്തിലെ അപൂർവ്വതയായി വളർന്നത്. തന്നെ ഇല്ലായ്മ ചെയ്യാനുള്ള 634 വധശ്രമങ്ങളാണ് അദ്ദേഹം അതിജീവിച്ചതെന്നാണ് കണക്ക്. 1961 ഏപ്രിൽ മാസത്തിൽ ബേ ഓഫ് പിഗ്സിൽ കപ്പലിറങ്ങിയ കൂലിപ്പട്ടാളക്കാർ തൊട്ടിങ്ങോട്ടുള്ള 634 വധശ്രമങ്ങൾക്കും സാമ്രാജ്യത്വ തന്ത്രങ്ങൾക്കും ഫിഡൽ അലെജാൻഡ്രോ കാസ്ട്രോ റൂസിനെ അപായപ്പെടുത്താനായില്ല. ഒടുവിൽ ശാന്തനായി അദ്ദേഹം മൃത്യുവിന്റെ തണുത്ത കരങ്ങളിലേയ്ക്ക് വിലയം പ്രാപിച്ചിരിക്കുന്നു. പക്ഷേ ഫിഡൽ അങ്ങേയ്ക്കു മരണമില്ല. ചരിത്രവും ഭൂമിയുമുള്ള കാലത്തോളം മറക്കാനാവാത്തവിധം അങ്ങ് ആത്മാർത്ഥമായ യാഥാർത്ഥ്യങ്ങൾകൊണ്ട് സ്വയമടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു.
ലാൽ സലാം.