പഠിക്കാൻ പഠിക്കാം
വി.ആർ.സത്യദേവ്
വിദ്യാഭ്യാസ നിലവാരത്തിലും വിദ്യാഭ്യാസ സംവിധാനങ്ങളുടെ കാര്യത്തിലും ദേശീയ നിലവാരത്തെക്കാളും മികച്ചു നിൽക്കുന്ന സംസ്ഥാനമാണ് കേരളം. അതുകൊണ്ടു തന്നെ എല്ലാം അറിയാവുന്നവരെന്നൊരു ഭാവം നമ്മുടെ പൊതു സ്വഭാവവുമാണ്. പക്ഷേ അവശ്യം വേണ്ട പല ബോധങ്ങളും ഇപ്പോഴും നമ്മുടെ തലച്ചോറിനു വെളിയിലാണ്. അതിനുള്ള ഉദാഹരണമാണ് നമ്മുടെ പൊതു നിരത്തുകളിൽ നിന്നും വന്നുകൊണ്ടിരിക്കുന്ന അപകടവർത്തമാനങ്ങൾ. ഒരുകാലത്ത് ദേശീയപാതയിലെ കുപ്പിക്കഴുത്തായിരുന്ന കരമന− കളിയിക്കാവിള ഭാഗത്ത് ആറുവരിപ്പാതകൾ പൂർത്തിയാവുകയാണ്. പക്ഷേ അവിടെ നിന്നും എന്നുമെത്തുന്നത് എണ്ണമില്ലാത്ത അപകട വാർത്തകളാണ്. നമ്മുടെ ദേശീയ പാതകൾ പലതും ലോക നിലവാരത്തിലേയ്ക്കു തന്നെ ഉയർത്തപ്പെടുന്നു. കഴിഞ്ഞ ദിവസം ഉത്തർപ്രദേശിലെ ഒരു ദേശീയ പാതയുടെ ഉദ്ഘാടനത്തോടനുബന്ധിച്ച് പറന്നിറങ്ങി റോഡിലൂടെ ചീറിപ്പാഞ്ഞത് യുദ്ധവിമാനങ്ങളാണ്. പാതകളുടെ നിലവാരം മെച്ചപ്പെട്ടപ്പോഴും അത് ഉപയോഗിക്കുന്നവരുടെ ഉപയോഗ പരിജ്ഞാനം വർദ്ധിച്ചിട്ടില്ല എന്നതാണ് പരിതാപകരമായ കാര്യം.
മുത്തുകളുടെ നാട്ടിലെത്തി വൈകാതെ തന്നെ വാഹനമോടിക്കാനുള്ള പരിശീലനമാരംഭിച്ചപ്പോൾ ഏറെ കൗതുകങ്ങളായിരുന്നു കാത്തിരുന്നത്. ഇതര വാഹനശല്യമില്ലാതെ വേർതിരിച്ച മതിൽക്കെട്ടിനുള്ളിലെ സുരക്ഷിതമായ പരിശീലന സ്ഥലമായിരുന്നു ആദ്യ കൗതുകം. ആളെക്കൊല്ലൽ അവകാശമാണെന്ന് ആവർത്തിച്ചു ബോധിച്ചുകൊണ്ട് ചീറിപ്പായുന്ന കെ.എസ്.ആർ.ടി.സി ബസ്സുകളുടെയും യമധർമ്മന്റെ നേരനന്തരവന്മാരായ ടിപ്പറുകളുടെയും വിഹാരരംഗങ്ങളാണ് നമ്മുടെ നാട്ടുവഴികളും നഗരപാതകളും. അവയ്ക്കിടയിലൂടെ പരന്പരാഗത ആശാന്മാരുടെ ശിക്ഷണത്തിൽ ഡ്രൈവിംഗ് പരിശീലനം നേടിയിട്ടുള്ള സാധാരണ മലയാളി ഡ്രൈവറെ സംബന്ധിച്ചിടത്തോളം തികച്ചും അത്ഭുതകരം തന്നെയാണ് ഈ നാട്ടിലെ പരിശീലന പദ്ധതികൾ. ഇവിടുത്തേതു പോലുള്ള ലെക്ചർ ക്ലാസുകളും ഏറെ ഗുണകരം തന്നെയാണ്.
പരിശീലന ട്രാക്കിൽ കൈതെളിയുന്നവരെ മാത്രമാണ് ഇവിടെ പൊതു വഴികളിൽ പരിശീലനത്തിനു കൊണ്ടുപോകുന്നത്. നാട്ടിൽ ഓടിച്ചു ശീലമുള്ളവരാണെങ്കിൽ മറ്റു വണ്ടികൾ വരുന്നുണ്ടായെന്ന് ഒന്നു പാളിനോക്കി കൂൾകൂളായി വണ്ടി റോഡിലിറക്കും. ഇതൊക്കെ കണ്ട് ആനന്ദിച്ചിരിക്കുന്ന അറബയാശാൻ നമ്മുടെ ശൈലിയുടെ തനി ഗുണമറിയുന്നത് തൊട്ടടുത്ത റൗണ്ട്എബൗട്ടിലെത്തുന്പോഴായിരിക്കും. പരിശീലന സ്ഥലത്തു നിന്ന് പൊതു വഴിയിലേയ്ക്കു കയറുന്ന ലാഘവത്തോടെ നമ്മളൊരൊറ്റ കയറ്റമായിരിക്കും റൗണ്ട് എബൗട്ടിലേയ്ക്ക്. “എന്തു തോന്ന്യാസാടാ ഗുണം വരാത്തോനേ നീയീ ചെയ്യുന്നത്...” എന്നതിനു തുല്യമായ അറബി വാക്കുകൾ ആശാന്റെ അലർച്ചയായി പുറത്തുവരികയും ചെയ്യും. ഇതുകേട്ടു നടുങ്ങി നമ്മുടെ കാല് അറിയാതെ ബ്രേക്കിലമരുന്പോൾ “ആളെക്കൊല്ലാൻ ഇറങ്ങിത്തിരിച്ചവനേ, നീയേതു ട്രാക്കിലൂടാ ഓടിക്കുന്നത്...” എന്ന അനുരണനം ആശാനും മുഴക്കും.
തിരുവനന്തപുരത്തെയും കൊച്ചിയിലെയും കോഴിക്കോട്ടെയുമൊക്കെ രാജപാതകളിലൂടെ ഇടതും വലതും നോക്കാതെ കുത്തിക്കേറ്റിയും വെട്ടിത്തിരിച്ചും ഉരച്ചുമൊക്കെ ഡ്രൈവു ചെയ്യുന്ന നമുക്കെന്ത് ട്രായ്ക്ക്, എന്തു റൗണ്ടെബൗട്ട്...? നല്ല കണ്ണാടിപോലുള്ള റോഡ്, മുട്ടായി കണ്ടീഷനിലുള്ള വണ്ടി, താക്കോലു തിരിക്കുകയോ ബട്ടൺ ഞെക്കുകയോ ചെയ്താൽ വണ്ടി ഓണായി, ബ്രേക്കിൽ ചവിട്ടി ഗിയർ ഡ്രൈവ് മോഡിലാക്കി ആക്സിലറേറ്റർ അമർത്തിച്ചവിട്ടിയാൽ ശൂൂൂ....ന്നു വണ്ടി പായാൻ വേറെ എന്താണു വേണ്ടത്?
പക്ഷേ കാര്യങ്ങൾ പെട്ടെന്നു പഠിച്ചെടുക്കാൻ ശേഷിയുള്ള മലയാളി ഏറെ സമയമെടുക്കാതെ ഈ മിഥ്യാ ധാരണകളിൽ നിന്നു മുക്തനാവുകയും സാഹചര്യങ്ങളുമായി താദാമ്യം പ്രാപിക്കുകയും നല്ല രീതിയിൽ തന്നെ വണ്ടികൾ ഓടിച്ചു തുടങ്ങുകയും ചെയ്യും. നാട്ടിൽ നിന്നു വണ്ടിയോടിക്കാതെ മറുനാട്ടിലെത്തി പരിശീലനം തുടങ്ങുന്നവർക്ക് ഈ പ്രതിസന്ധികളില്ല എന്നത് മറ്റൊരു കൗതുകം. നമ്മുടെ നാട്ടിലെ പാതകളിൽ ആവശ്യമായ പല നിയമങ്ങളും നമ്മൾ പാലിക്കുന്നില്ല. അതുമാത്രമല്ല അത്തരം നിയമങ്ങൾ പാലിക്കേണ്ടത് ആവശ്യമാണ് എന്ന ബോധം തന്നെ നമുക്കില്ല എന്നതാണ് ഇതിനു കാരണം. മൾട്ടി ട്രായ്ക്ക് (നാലുവരി, ആറുവരി) പാതകൾ നമ്മുടെ നാട്ടിൽ വ്യാപകമായത് സമീപകാലത്താണ്. അത് നമുക്കു ശീലമായി വരുന്നതേയുള്ളു. വരികൾ കൂടുന്നതിനെ പൊതുവിൽ പറഞ്ഞാൽ റോഡിന്റെ വീതി കൂടുന്നു എന്ന തരത്തിൽ മാത്രമാണ് ശരാശരി മലയാളി കാണുന്നത്.
വാഹനമോടിക്കുന്പോൾ വരികൾ പാലിക്കേണ്ടതിന്റെയും മറ്റു നിയമങ്ങൾ പാലിക്കേണ്ടതിന്റെയും ആവശ്യകത നമുക്ക് പൂർണ്ണമായും പിടി കിട്ടിയിട്ടില്ല.
നമ്മുടെ വിദ്യാഭ്യാസ ശൈലിയിൽ കാലികമായ മാറ്റം വരുത്തണമെന്ന ആവശ്യം ശക്തമാണ്. ഡ്രൈവിംഗ് പോലുള്ള പരിശീലന പദ്ധതികളിലും മാറ്റം വരുത്തേണ്ടതും ഇതേപോലെ തന്നെ പ്രധാനമാണ്. പൊതുസമൂഹത്തിൽ കാര്യമത്രപ്രസക്തമായ ബോധവൽക്കരണവും കൂടിയേതീരൂ. വണ്ടി എങ്ങനെ ഓടിക്കണം എന്നതുപോല തന്നെ മലയാളിയെ മനസ്സിലാക്കേണ്ട കാര്യമാണ് എങ്ങനെയൊക്കെ ഓടിക്കരുത് എന്ന കാര്യവും.