ഭി­ക്ഷാം ദേ­ഹി­


വി.ആർ സത്യദേവ്

നോട്ടുപിൻവലിക്കൽ മൂലം സമൂഹത്തിലെ വലിയ വിഭാഗം ജനങ്ങൾ ബുദ്ധിമുട്ടി എന്നകാര്യത്തിൽ തർക്കമില്ല. എന്നാലതിന്റെ ഗുണഫലങ്ങൾ പലതാണ്. അതിലൊന്നാണ് സംസ്ഥാനത്ത് അതിശക്തമായ ഭിക്ഷാടന മാഫിയയുടെ ശക്തിക്ഷയം. വലിയ നോട്ടുകൾ പിന്മവലിക്കപ്പെട്ടതോടെ ചെറിയ നോട്ടുകൾക്ക് വിലയേറി. ഒഴിവാക്കാനാവുന്ന ചെലവുചെയ്ത്തെല്ലാം മലയാളി ഒഴിവാക്കിത്തുടങ്ങിയതാണ് സംസ്ഥാനത്തെ സംഘടിത ഭിക്ഷാടനത്തിനും തിരിച്ചടിയായത്. ഒരുതരത്തിൽ ഇത് ഗുണകരമായ കാര്യം തന്നെയാണ്. നമ്മുടെ നാട്ടിലെ ഭിക്ഷാടനമാഫിയയുടെ വലിപ്പവും ദുസ്വാധീനവും അത്ര വലുതാണ്.

ദൈവത്തിന്റെ ദാനമാണ് മനുഷ്യ ജീവിതം എന്നു വിശ്വസിക്കുന്നവരുണ്ട്. ഒരുപാടൊരുപാട് സുമനസ്സുകളുടെ മനസ്സറിഞ്ഞുള്ള പലതരത്തിലുള്ള ദാനങ്ങളാണ് നമ്മളോരോരുത്തരുടെയും ജീവിതങ്ങളെ പൂർണ്ണമാക്കുന്നത്. ത്യാഗപൂർണ്ണമായ മനസ്സാണ് പ്രധാനമായും ദാനത്തിനു വഴിവെയ്ക്കുന്നത്. തനിക്കുള്ളത് മറ്റൊരാൾക്കു നൽകലാണ് ദാനം. ഭിക്ഷയുടെ കാര്യത്തിലും സംഭവിക്കുന്നതും ഒരാൾ എന്തെങ്കിലും മറ്റൊരാൾക്കു നൽകൽ തന്നെയാണ്. എന്നാൽ ഭിക്ഷയുടെ കാര്യത്തിൽ ഒരാളുടെ യാചനയുടെ ഫലമായാണ് നൽകൽ സംഭവിക്കുന്നത്. ഭിക്ഷ യാചിക്കുകയാണ്. ഭിക്ഷ യാചിക്കുന്നവനാണ് ഭിക്ഷക്കാരൻ. നാട്ടു ഭാഷയിൽ നമ്മൾ പിച്ചക്കാരനെന്നു പറയുന്നതും അതുതന്നെ. ഇരക്കൽ തൊഴിലായപ്പോൾ ഭിക്ഷാടകന് ഇരക്കാതെ തന്നെ ദാനം ചെയ്യുന്ന പതിവും വന്നു. പക്ഷേ ഭിക്ഷയും ദാനവും രണ്ടു തന്നെ. സഹജീവികളോട്, പ്രത്യേകിച്ച് ഏഴകളോട് സഹാനുഭൂതിയും ദയയും ഒക്കെയുണ്ട് എങ്കിലും ഭിക്ഷ നൽകാത്ത ചില വ്യക്തികളുണ്ട്. ഞാനും അവരിലൊരാളാണ്. 

ഞങ്ങളെപ്പോലുള്ളവരുടെ നിലപാടു ശരിവയ്ക്കുന്നതാണ് സംസ്ഥാനത്തെ ഭിക്ഷാടന മാഫിയയെക്കുറിച്ചുള്ള ഏഷ്യാനെറ്റിന്റെ പുതിയ പരന്പര. നമ്മുടെ സാമൂഹ്യ സുരക്ഷിതത്വത്തിന്റെ കടയ്ക്കൽ കത്തിവെയ്ക്കുന്ന ഘടകങ്ങളിലൊന്നാണ് ഈ മാഫിയ. കുട്ടികളെ തട്ടിക്കൊണ്ടു പോകൽ, അവയവ വ്യാപാരം മറ്റു കുറ്റകൃത്യങ്ങൾ എന്നിവയൊക്കെ ഇതിന്റെ ഉപഫലങ്ങളാണ്.  

ചങ്ങനാശ്ശേരി എന്നെസ്സെസ്സിലെ പ്രീഡിഗ്രി വിദ്യാഭ്യാസക്കാലത്ത് നെടുംകുന്നത്തുനിന്നും പ്രൈവറ്റ് ബസിലെ സ്റ്റുഡൻ്റ്് ടിക്കറ്റ് (ST) ചാർജ് 25 പൈസയായിരുന്നു. നൈനാൻസിലെ ട്യൂഷനും കഴിഞ്ഞ് വിശപ്പുമാറ്റാൻ ഒരു മസാലദോശ. അന്നതിനു രണ്ടര രൂപയാണു വില. അന്നത്തെ പ്രതിദിന ബത്ത കൃത്യം മൂന്നുരൂപയാണ്. കാലത്തും വൈകിട്ടും പ്രൈവറ്റ് സ്റ്റാൻഡിൽ നിന്നും കോളേജിലേക്കുള്ള നടപ്പിനിടിയുള്ള പതിവു കാഴ്ചയായിരുന്നു കാവാലം ബസാറിനു മുന്പിലുള്ള ഒരു ഒറ്റക്കയ്യൻ ഭിക്ഷക്കാരൻ. അയാളെ സഹായിക്കണമെന്നു പലപ്പോഴും തോന്നിയിരുന്നെങ്കിലും സാന്പത്തിക സ്ഥിതി അതിന് അനുവദിച്ചിരുന്നില്ല. അങ്ങനെയൊരു ദിവസം കയ്യിലുണ്ടായിരുന്ന 25 പൈസ അയാൾക്കു കൊടുക്കാനുറച്ചു. അയാളുടെ അടുത്തെത്തി ആ മുറിക്കയ്യിലേക്ക് ഞാൻ തുട്ടു വെച്ചു. നാണയം 25 പൈസയാണെന്നു തിരിച്ചറിഞ്ഞതും അയാൾ അത് ഒറ്റത്തട്ടിനു തെറിപ്പിച്ചു. വാസ്തവത്തിൽ അന്നാണ് ഭിക്ഷ നൽകൽ കാര്യത്തിൽ വിമുഖത തുടങ്ങിയത്.

വർഷങ്ങൾക്കുശേഷം ചെന്നൈ മഹാനഗരത്തിൽ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായാണ് ശിശുക്കളെയുപയോഗിച്ചുള്ള ഭിക്ഷാടനത്തിന്റെ പിന്നിലെ ഞെട്ടിപ്പിക്കുന്ന കാര്യങ്ങൾ നേരിട്ടറിഞ്ഞത്. നടുറോഡിൽ വാഹനങ്ങളിലെത്തുന്നവരുടെ കരുണനേടാൻ തളർന്നുറങ്ങുന്ന കുഞ്ഞുങ്ങളെ ചുമലിലിട്ടാണ് ഭിക്ഷാടകരായ യുവതികളെത്തുന്നത്. ഭൂരിപക്ഷം കേസുകളിലും ആ കുഞ്ഞുങ്ങൾ വാടകക്കെടുക്കപ്പെട്ടവരായിരുന്നു. അവരെയെല്ലാം പുകയിലവെള്ളം പൊലുള്ള പാനീയങ്ങൾ കൊടുത്തു മയക്കിക്കിടത്തപ്പെട്ടവരായിരുന്നു. സുമനസ്സുകൾ നൽകുന്ന ഭിക്ഷയുടെ സിംഹഭാഗവും അവരെ നിയന്ത്രിക്കുന്ന മാഫിയയുടെ കയ്യിലായിരുന്നു എത്തപ്പെട്ടിരുന്നത്. ഈ വാസ്തവങ്ങൾ നേരിട്ടറിഞ്ഞതോടെ ഭിക്ഷാടനത്തോടും ഭിക്ഷ നൽകുന്നതിനോടുമുള്ള എന്റെ എതിർപ്പു കൂടുതൽ ശക്തമായി.  

ആരോഗ്യമുള്ള ഭക്തന്മാർക്കു തന്നെ നടന്നു കയറാൻ ബുദ്ധിമുട്ടുള്ള ശബരിമല പാതയിൽ നീലിമലയ്ക്കു മുകളിൽ കണ്ട യാചകർ എങ്ങനെ അവിടെയെത്തിയെന്ന അന്വേഷണമായിരുന്നു അടുത്തത്. കയ്യും കാലുമില്ലാത്ത, ചലനശേഷി തീരെയില്ലാത്ത അത്തരെ മാംസപിണ്ഡസമാനരായ യാചകരെ ചുമന്നായിരുന്നു മലമുകളിലെത്തിച്ചിരുന്നത്. അന്വേഷണത്തിൽ അവരൊക്കെ ഈശ്വരന്റെ ആളുകളാണെന്നായിരുന്നു അറിഞ്ഞത്. ശബരിമലയിൽ അക്കാലത്തെ യാചക മാഫിയയുടെ തലവനായിരുന്നു കുഷ്ഠരോഗിയായ ഈശ്വരൻ. കഞ്ചാവിന്റെ വിതരണവും നിയന്ത്രിച്ചിരുന്നത് അയാളാണെന്നു സൂചിപ്പിച്ചത് അന്നവിടെ പരിചയപ്പെട്ട ഒരു പോലീസുകാരനായിരുന്നു. സന്നിധാനത്ത് ആദ്യമായി മൊബൈൽ ഫോൺ കൊണ്ടുവന്നത് ഇതേ ഈശ്വരനായിരുന്നുവത്രേ. 

ഇത്രയും നേരനുഭവങ്ങൾക്കു ശേഷം ഭിക്ഷ നൽകാൻ കഴിയുന്നില്ല എന്നതാണ് വാസ്തവം. ആവുമെങ്കിൽ വിശക്കുന്ന വയറുകൾക്ക് ഒരു നേരത്തേ ഭക്ഷണം നൽകുക. ദാനം നൽകുന്നത് പാത്രമറിഞ്ഞല്ലെങ്കിൽ അത് ഗുണത്തെക്കാളേറെ ദോഷമാവും ചെയ്യുക.

You might also like

Most Viewed