ഈ നാ­യ്ക്കൾ­ക്കിത് എന്തു­പറ്റി­ ?


വി.ആർ.സത്യദേവ്

മനോഹരമായ കാഴ്ചയേകിയാണ് കഴിഞ്ഞ ദിവസം ചന്ദ്രൻ ഉദിച്ചുയർന്നത്. ഇന്ത്യൻ സമയം കണക്കുകൂട്ടി ബഹ്റിനിൽ സൂപ്പർമൂൺ കാണാനും ക്യാമറയിൽ പകർത്താനും കാത്തിരുന്നവർ പക്ഷേ ഇന്നലെ നിരാശരായി. ഇന്ത്യൻ സമയം വെളുപ്പിന് 12.30 ഓടെ ചന്ദ്രൻ പരമാവധി വലിപ്പത്തിൽ ദൃശ്യമാവുമെന്ന പ്രവചനം അനുസരിച്ച് രാത്രി പത്തുമണിയോടെയായിരുന്നു ബഹ്റിനിൽ സൂപ്പർ മൂൺ ദൃശ്യമാവേണ്ടത്. എന്നാൽ ആ സമയമായപ്പോഴേക്കും ചന്ദ്രൻ ഏകദേശം നോർമ്മൽ പരുവത്തിലെത്തിയിരുന്നു. വൈകിട്ട് അഞ്ചു മണിക്കടുത്ത് വീടിനു വെളിയിലുണ്ടായിരുന്നവർക്ക് ആ അതിമനോഹര ദൃശ്യം ആസ്വദിക്കാനുമായി. മുത്തിന്റെ നാട്ടിൽ വൈകിട്ട് 4.52 ആയിരുന്നു മഹാചാന്ദ്ര കാഴ്ച. ബഹ്റിന്റെ മനേഹരമായ ആകാശത്തെ ആ കാഴ്ചയാസ്വദിക്കുന്നതിനിടെയായിരുന്നു ക്യാമറയിൽ അതു പകർത്താനുറച്ചിരുന്ന ഒരു സുഹൃത്തിനെക്കുറിച്ചോർത്തത്. ചന്ദ്രനെ കണ്ട കാര്യം പറയാൻ വിളിച്ചു എങ്കിലും സുഹൃത്ത് ഫോണെടുത്തില്ല.

രാത്രിയോടെയാണ് അദ്ദേഹം തിരികെ വിളിച്ചത്. പതിവില്ലാത്ത ക്ഷീണം മൂലം കക്ഷി ഉറങ്ങിപ്പോയി. ചന്ദ്രനും ഭൂമിയുമായുള്ള ദൂര വ്യത്യാസം മനുഷ്യനിലും മറ്റു ജീവികളിലും വ്യക്തമായ സ്വാധീനം ചെലുത്താറുണ്ടെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്. അതുപോലെന്തോ സ്വാധിനമാവും തന്റെ പതിവില്ലാത്ത ക്ഷീണത്തിനും ഉറക്കത്തിനും കാരണം എന്നായിരുന്നു വിദ്യാഭ്യാസ വിചക്ഷണനായ ആ സുഹൃത്തിന്റെ പക്ഷം. അതൊരു തമാശമാത്രമാകാം. എന്നാലും അദ്ദേഹം പറഞ്ഞ പൊതു തത്വം നമ്മളൊക്കെ കേട്ടിട്ടുള്ളതു തന്നെയാണ്. വാവടുക്കുന്പോൾ ചില മൃഗങ്ങൾ മതിലക്ഷണം കാട്ടിത്തുടങ്ങും. മനുഷ്യനിൽ മതിഭ്രമത്തിനും ചാന്ദ്ര സ്വാധീനം വഴിവയ്ക്കാറുണ്ട്. ചെറിയ മാനസിക പ്രശ്നങ്ങളുള്ളവരിൽ വാവുകൾ ദോഷകരമായ സ്വാധീനം ചെലുത്താറുള്ളതായി കാണുന്നു. ഇതൊക്കെ സ്വാഭാവികം മാത്രമാണ്. മനുഷ്യനും ഇതര ജീവജാലങ്ങളുമൊക്കെ പ്രകൃതിയുടെയും വിശാലമായ പ്രപഞ്ചത്തിന്റെയും ഭാഗമാണ്. അതുകൊണ്ടുതന്നെ പ്രാപഞ്ചിക ശക്തികൾക്ക് ജീവജാലങ്ങളുടെ ജീവിതവും മരണവുമായൊക്കെ നേരിട്ടു ബദ്ധമുണ്ടാകാനുള്ള സാദ്ധ്യതയുമുണ്ട്. 

പ്രകൃതിയിലെ മാറ്റങ്ങളുമായുള്ള ജീവിവർഗ്ഗങ്ങളുടെ ബന്ധം നമുക്കു മനസ്സിലാക്കാം. നമ്മൾ മനുഷ്യരുടെ ചലനങ്ങൾക്കും ഇഷ്ടങ്ങൾക്കുമൊക്കെ ഒത്തു പ്രതികരിക്കുന്നവരാണ് നായ്ക്കൾ. പക്ഷേ മനുഷ്യ സമൂഹത്തിന്റെ ഭരണപരവും രാഷ്ട്രീയ പരവുമായ മാറ്റങ്ങളോടു പോലും നാട്ടിലെ നായ്ക്കൾ പ്രതികരിച്ചു തുടങ്ങിയോ എന്ന സംശയം ബലപ്പെടുകയാണ്. രാജ്യം കള്ളപ്പണക്കാരെക്കൊണ്ടും അഴിമതിക്കാരെക്കൊണ്ടും തീവ്രവാദികളെക്കൊണ്ടുമുള്ള ഭീഷണികളുടെ മുൾ മുനയിലാണ് എന്നാണ് പ്രധാനമന്ത്രി പറയുന്നത്. മേൽപ്പറഞ്ഞ ഭീഷണികളൊക്കെ ഭൂമിമലയാളത്തിനു വെറും തൃണമാണ്. പച്ചമലയാളത്തിൽ പറഞ്ഞാൽ വെറും പുല്ല്. നമ്മുടെ സാമൂഹ്യാന്തരീക്ഷത്തെ ഭീതിദമാക്കിയിരുന്നത് പ്രധാനമായും നായ്ക്കളാണ്. പ്രത്യേകിച്ച് തെരുവു നായ്ക്കൾ. കാസർഗോഡു തൊട്ട് കളിയിക്കാവിള വരെയും തെരുവുനായ്ക്കൾ അഴിഞ്ഞാടുകയും കുരയ്ക്കുകയും കടിക്കുകയും കടിച്ചു കീറുകയും കടിച്ചു കൊല്ലുകയും ഒക്കെചെയ്യുന്ന കാഴ്ചകൾ നമുക്ക് പുതുതല്ലാതായിക്കഴി‌‌ഞ്ഞു. ശിലുവമ്മയെന്ന പാവം വൃദ്ധയിൽ തുടങ്ങിയ രക്ത സാക്ഷിപ്പട്ടികയിൽ ആളെണ്ണം ഉയരുകയുമായിരുന്നു.  

മനസ്സമാധാനത്തോട്  വീട്ടിനു വെളിയിലിറങ്ങാനാവാത്ത അവസ്ഥയായിരുന്നു അടുത്തിടവരെ നമ്മുടെ നാട്ടിൽ വെറിപൂണ്ട തെരുവുനായ്ക്കൾ സ‍ൃഷ്ടിച്ചത്. മാധ്യമങ്ങൾ അതിനെക്കുറിച്ചുള്ള റിപ്പോർട്ടുകളും അതിനും മീതേ റോവിംഗ് റിപ്പോർട്ടുകളും ഒക്കെക്കൊണ്ട് കളം നിറച്ചു. നമ്മളിൽ പലരും കേന്ദ്ര മന്ത്രിമൃഗത്തിന്റെയും കേരളത്തിലെ അവതാരകാമൃഗത്തിന്റെയും മെക്കിട്ടു കേറിയാണ് നായാക്രമണ വിരോധം തീർത്തത്. കോലാഹലസമൃദ്ധമായ ആ അന്തരീക്ഷം പൊടുന്നനെ മാറിയിരിക്കുന്നു. ‘നായപ്രശ്നം − ഫിനാൻഷ്യൽ സർജിക്കൽ സ്ട്രൈക്കിനും മുന്പും പിന്പും’ എന്നതരത്തിൽ സംഗതി വിശകലനം ചെയ്യേണ്ട സ്ഥിതിയിലാണ് കാര്യങ്ങൾ. പൊടുന്നനെ നായാനുബന്ധ വാർത്തകൾ ചാനൽ മുറികളിലും പത്രത്താളുകളിലും നിന്നു പടിയിറങ്ങിയിരിക്കുന്നു. നോട്ടു പിൻവലിക്കൽ നായകളിലുണ്ടാക്കിയ പ്രത്യാഘാതങ്ങളെപ്പറ്റി ഭാവിയിൽ നരവംശശാസ്ത്രജ്ഞന്മാരും നായവംശ ശാസ്ത്രകാരന്മാരും തനിച്ചും ഒന്നിച്ചും പഠനങ്ങൾ നടത്താനുള്ള സാദ്ധ്യത തള്ളിക്കളയാനാവില്ല. നായ്ക്കൾ കടിച്ചതിന്റെ പോയിട്ട് കുരച്ചതായുള്ള വർത്തമാനങ്ങൾ പോലും കാണ്മാനില്ലാതായിരിക്കുന്നു. 

വാസ്തവത്തിൽ പ്രധാനമന്ത്രിയുടെ ചാട്ടുളിപ്രയോഗം നമ്മുടെ നാട്ടിലെ നായ്ക്കളെ ഉദ്ദേശിച്ചുള്ളതായിരുന്നോ എന്നതാണ് ചിലരുന്നയിക്കുന്ന സംശയം. അതിനെപ്പറ്റിയും ഭാവിയിൽ വിദഗ്ദ്ധ വിലയിരുത്തലുകളുണ്ടാവാം. നമ്മുടെ നാട്ടിലെ തെരുവുനായ്ക്കൾക്ക് ഏതായാലും തൽക്കാലത്തേക്കെങ്കിലും ആക്രമണസ്വഭാവം നഷ്ടമായിരിക്കുന്നു. അവർ മാധ്യമങ്ങളിലെങ്കിലും നിശ്ശബ്ദരാണ്. നമ്മുടെ നായ്ക്കൾ മാത്രമല്ല നിശ്ശബ്ദരായതെന്നാണ് കേന്ദ്രപ്രതിരോധ മന്ത്രി സാക്ഷ്യപ്പെടുത്തുന്നത്. 

കശ്മീരിലും ബഹളങ്ങൾ നിലച്ചത്രേ. ആസാദി വിളികളും കല്ലേറും നാമമാത്രമായത്രേ. സേനയ്ക്കു നേർക്കെറിയുന്ന കല്ലൊന്നിന് 500 രൂപയും ഇതര തോന്ന്യാസങ്ങൾക്ക് ആയിരം ഉറുപ്പികയുമായിരുന്നത്രേ ആസാദികൾക്ക് പ്രതിഫലം. അതേതായാലും അത്ര വിശ്വാസയോഗ്യമല്ല. കള്ളനോട്ടിന്റെ ഒഴുക്കു പൊടുന്നനെ കുറയുകയോ ഇല്ലാതാവുകയോ ചെയ്തതിനെ തുടർന്നാണ് ഇപ്പോൾ താഴ്്വരയിൽ അത്തരം അക്രമങ്ങൾ നിലച്ചതെന്ന കാര്യം പക്ഷേ ഉറപ്പാണ്. അങ്ങനെ വരുന്പോൾ ഇതിനൊക്കെതമ്മിൽ എന്തെങ്കിലുമൊക്കെ ബന്ധവും ഉണ്ടായിക്കൂടായ്കയില്ല. അതെന്തായാലും നോട്ടു നിരോധിച്ചപ്പോൾ നമ്മുടെ നാട്ടിലെ നായ്ക്കൾക്കൊക്കെ എന്തോ സംഭവിച്ചിട്ടുണ്ട് എന്ന കാര്യത്തിൽ തർക്കമില്ല. അതിന്റെയൊക്കെ രഹസ്യങ്ങൾ ഭാവിയിൽ വെളിവാകുമെന്നു നമുക്കു പ്രത്യാശിക്കാം. 

You might also like

Most Viewed