ആകു­ലതകളു­ടെ­ നാ­ലാം തൂ­ണ്


വി.ആർ സത്യദേവ്

 

ജനാധിപത്യം മഹത്തരമാണ്. അതിന്റെ ശ്രീകോവിലിന്റെ മേൽക്കൂര താങ്ങി നിർത്തുന്നത് നാലു തൂണുകളാണ്. ആഗോളതലത്തിൽ ഇതിനു പാഠഭേദങ്ങളുണ്ട്. ചിലയിടങ്ങളിൽ ഈ തൂണുകളുടെയെണ്ണം മൂന്നു മാത്രമാണ്. ഇനിയും ചിലയിടങ്ങളിൽ അഞ്ചാണ് തൂണുകളുടെയെണ്ണം. തൂണെണ്ണം പതിനൊന്നു വരെ പോകുന്ന രാജ്യങ്ങളും ജനാധിപത്യ ശ്രീകോവിലുകളുമൊക്കെയുണ്ട്. തൂണുകളെല്ലാം ജനാധിപത്യത്തെ താങ്ങി നിർത്താനാണ്. ലെജിസ്ലേച്ചർ (നിയമനിർമ്മാണ സഭകൾ), എക്സിക്യൂട്ടീവ് (ഭരണ നിർവ്വഹണ സംവിധാനം), ജുഡീഷ്യറി (നീതിനിർവ്വഹണ സംവിധാനം), മാധ്യമങ്ങൾ എന്നിവയാണ് ഭാരതത്തിന്റെ നാലു തൂണുകൾ. ഈ തൂണുകളെല്ലാം ശക്തവും ഒരേ പോലെ കർമ്മ നിരതമാവുകയും ചെയ്യുന്പോൾ ജനാധിപത്യവും ശക്തവും പുഷ്കലവുമാകും. തൂണുകളിലൊന്നെങ്കിലും ദുർബ്ബലമാകുന്പോൾ ജനാധിപത്യ ശ്രീകോവിലും ദുർബ്ബലവും അസ്ഥിരവുമാകും.

നമ്മുടെ ജനാധിപത്യം താരതമ്യേന ശക്തവും സ്ഥിരവുമാണ്. നമുക്കൊപ്പം പിറന്ന പാകിസ്ഥാനും നമ്മളെ പോലെതന്നെയുള്ള ജനാധിപത്യ രാഷ്ട്രമായിരുന്നു. ഒരേ രീതിയിൽ പിറവികൊണ്ട പാകിസ്ഥാൻ ഇന്ന് ഏതവസ്ഥയിലാണുള്ളതെന്ന് ലോകത്തിനു മുഴുവനറിയാം. മറുവശത്തുള്ള ചങ്ങായി, ബംഗ്ലദേശിൽ ജനാധിപത്യം പേരിന് അവശേഷിക്കുന്നുണ്ട്. മതേതരത്വം അടിച്ചതിനകത്തില്ലാതായിട്ട് കാലങ്ങളായി. ഇവിടെയാണ് ഭാരതത്തിന്റെ ജനാധിപത്യത്തിന്റെ പ്രസക്തി. തീർച്ചയായും ഡോക്ടർ ഭീംറാവ് റാംജി അംബദ്കറുടെ നായകത്വത്തിൽ എഴുതപ്പെട്ട നമ്മുടെ ഭരണഘടനയ്ക്ക് ഇക്കാര്യത്തിൽ വലിയ പങ്കുണ്ട്. ഒപ്പം പ്രസക്തമാണ്, തൂണുകളിലോരോന്നിലും അവശേഷിക്കുന്ന നേരിന്റെയും നന്മയുടെയും തുരുത്തുകൾ. മൂല്യ ശോഷണത്തിന്റെ വർത്തമാനകാലത്തും മൂല്യബോധം കൈവിടാത്ത വ്യക്തത്വങ്ങളും സംഘടനകളുമൊക്കെയാണ് നമ്മുടെ സമൂഹത്തിന്റെ ജനാധിപത്യ ശ്രീകോവിലിന്റെ അടിത്തറയും മേൽക്കൂരയുമൊക്കെ തകരാതെ കാക്കുന്നത്.

പരസ്പര പൂരകങ്ങളാണ് ഈ തൂണുകളൊക്കെ. ഇവ തമ്മിലുള്ള പാരസ്പര്യം ജനാധിപത്യത്തിന്റെ നിലനിൽപ്പിനും വളർച്ചയ്ക്കും അനുപേക്ഷണീയവുമാണ്. ദൗർഭാഗ്യവശാൽ ഈ പാരസ്പര്യം അതിവേഗം ദുർബ്ബലമാവുകയും ചെയ്യുന്നു. പഴയ ചാതുർവർണ്യ വ്യവസ്ഥിതിക്കുമപ്പുറം നമ്മുടെ നാലുതൂണുകളും തമ്മിൽ അത്ഭുതകരവും ഭയാനകവുമായ തരത്തിലുള്ള തെട്ടുകൂടായ്മ പുലർത്തിത്തുടങ്ങിയിരിക്കുന്നു. ജെ.എൻ.യുവിൽ ആസാദിയാവശ്യ വിദ്യാർത്ഥി സംഘത്തിനുനേരേ കറുത്ത കോട്ടിട്ട കാപാലിക സംഘം അഴിഞ്ഞാടിയപ്പോൾ ഉറഞ്ഞു തുള്ളിയവരാണ് ഭൂമിമലയാളത്തിലെ സാംസ്കാരിക ലോകം. സർവ്വകലാശാലകൾ കലാപശാലകളാക്കും വിധമുള്ള അധിനിവേശം ന്യായീകരിക്കാവുന്നതായിരുന്നില്ല. അഭിഭാഷകർക്ക് കയ്യേറാനും അഴിഞ്ഞാടാനുമുള്ള ഇടങ്ങളല്ല കലാശാലകൾ. 

എന്നാലിന്ന് നമ്മുടെ സ്വന്തം ഭൂമിമലയാളത്തിൽ ഈ ചാതുർവർണ്ണ്യം അതിഭീകരമായ അവസ്ഥയിലാണ്. തങ്ങളുടെ വിഹാരരംഗങ്ങളായ കോടതികളിൽ നിയമലോകം മാധ്യമലോകത്തിന് പ്രവേശനം നിഷേധിച്ചിരിക്കുന്നു. മാധ്യമലോകവും ഭരണനിർവ്വഹണ ലോകവും നിയമനിർമ്മാണ സംവിധാനങ്ങളും ഒന്നിച്ചു ശ്രമിച്ചിട്ടും ഈ തൊട്ടുകൂടായ്മയും പ്രവേശന വിലക്കും നീക്കാൻ സാധിച്ചിട്ടില്ല. ഇവിടെ വ്യക്തമാകുന്നത് നമ്മുടെ ജനാധിപത്യ സംവിധാനത്തിന്റെ തളർച്ചയല്ലാതെ മറ്റൊന്നുമല്ല. ഓരോ രംഗങ്ങളിലെയും മൂല്യച്യുതി തന്നെയാണ് ഈ പരിതോവസ്ഥയിലേക്ക് കൂപ്പു കുത്തിക്കുന്നത്. നമ്മുടെ മാധ്യമങ്ങൾ ഇക്കാര്യത്തിൽ മുന്നിലാണ്. സമൂഹത്തിന്റെ സ്പന്ദനങ്ങളറിഞ്ഞും അളന്നും സമൂഹനന്മക്കായി അക്ഷീണം യത്നിച്ചും നിലകൊണ്ടിരുന്ന മാധ്യമ ലോകത്ത് നിരവധി മാധ്യമങ്ങളും മാധ്യമ പ്രവർത്തകരും ആ മൂല്യങ്ങൾ കൈവിടുകയാണ്. 

അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ കാര്യമായ സ്വാധീനമൊന്നുമില്ലാത്ത മലയാളിസമൂഹത്തിന്റെ സ്പന്ദനങ്ങൾ നേരിട്ടറിഞ്ഞ് ഡെമോക്രാറ്റിക് സ്ഥാനാർത്ഥി ഹിലരിക്ലിന്റെണെ വിജയിപ്പിക്കാൻ ഏഴാംകടലിനക്കരെ തന്പടിച്ച് ജനവികാരമുണർത്തിയ നമ്മുടെയൊരു ദൃശ്യ വാർത്താസംഘം നാണംകെട്ടന്പിയത് ഇതിനുള്ള ഉദാഹരണമാണ്. ജനാധിപത്യത്തിന്റെ നാലാംതൂണായ PRESS നെ മൂല്യശോഷണത്തിന്റെ PRESSTITUTES  മലീമസമാക്കുന്നു. ഈ മൂല്യശോഷണം മാധ്യമലോകത്തിന്റെ നിലനിൽപ്പിനെ തന്നെ അപകടത്തിലാക്കുന്നുവെന്ന കാര്യം അഭിഭാഷക മർദ്ദനകാര്യം കൊണ്ടുമാത്രം പഠിക്കാൻ നമ്മൾ തയ്യാറാകുന്നില്ല. 

രാജ്യത്തെ ഗ്രസിച്ചിരിക്കുന്ന കള്ളപ്പണ വിപത്തിന്റെ ദുരന്തഫലങ്ങളെക്കുറിച്ച് അറിയാത്തവരല്ല മാധ്യമങ്ങൾ. അതിർത്തി കടന്നുള്ള തീവ്രവാദം നമുക്കെതിരേ ഉപയോഗിച്ചുകൊണ്ടിരുന്ന എറ്റവും മാരകമായ ആയുധങ്ങളിലൊന്നായിരുന്നു കള്ളനോട്ട്. തീവ്രവാദി നേതാവ് ഹാഫീസ് മുഹമ്മദടക്കമുള്ളവരുടെ പുത്തൻ വെല്ലുവിളികൾക്ക് എതിരെയുള്ള ശക്തമായ മറുപടികൂടിയായാണ് ഉടനടിയുള്ള പിൻവലിക്കൽ നടപടി. ആവശ്യത്തിനു പുതിയ നോട്ടുകൾ സംഭരിച്ച ശേഷം നടപ്പാക്കാനുദ്ദേശിച്ചിരുന്ന പിൻവലിക്കൽ നേരത്തേയാക്കിയതിനു പിന്നിൽ ഈ കാരണവുമുണ്ടാകാം. പിൻവലിക്കൽ ദിവസം കാലത്ത് പ്രധാനമന്ത്രി ഉന്നത സേനാനായകന്മാരുമായി നടത്തിയ അടിയന്തിരകൂടിക്കാഴ്ചയെയും ഇതിനോടു ചേർത്തു വായിക്കാം. ഇതുമൂലം പൊതുസമൂഹത്തിന് ബുദ്ധിമുട്ടുകളുണ്ട് എന്നത് വാ
സ്തവമാണ്. എന്നാൽ രാജ്യനന്മക്കായുള്ള ശക്തമായ നടപടികളുണ്ടാകുന്നവേളയിൽ അതുമൂലമുള്ള ബുദ്ധിമുട്ടുകളനുഭവിക്കാൻ നമുക്കും ബാദ്ധ്യതയുണ്ടെന്ന കാര്യം വിസ്മരിക്കരുത്. ഇതു മറന്നപോലെ സ്ഥിതിഗതികൾ ആകെ തകരാറിലാണെന്നുകാട്ടി പരിഭ്രാന്തി പരത്തുന്ന തരത്തിലുള്ള നമ്മുടെ ചില മാധ്യമങ്ങളുടെ നിലപാട് അവരുടെ ഉദ്ദേശ, ലക്ഷ്യങ്ങളെക്കുറിച്ചുള്ള സംശയങ്ങളും ആരോപണങ്ങളും കൂടുതൽ ശക്തമാക്കുന്നതാണ്.

 

You might also like

Most Viewed