കള്ളനും പോലീസും
വി.ആർ സത്യദേവ്
പണ്ടുപണ്ട് നാട്ടുന്പുറത്ത് എന്തെങ്കിലുമൊരു കാര്യത്തിന് പോലീസ് എത്തുന്നെന്നു കേട്ടാൽ ഒരുമാതിരിപ്പെട്ടവനൊക്കെ അവിടങ്ങളിൽ നിന്നു മുങ്ങിയിരുന്നു. നിയമപരിപാലകരായ പോലീസുകാർ ഭീതിയുടെ പ്രതിരൂപങ്ങളായിരുന്നു. വാശിക്കാരായ കുഞ്ഞുങ്ങളെ നിലയ്ക്കു നിർത്താൻ അമ്മമാരും മുത്തശ്ശിമാരുമൊക്കെ പോലീസുകാരൻ വരുന്നുണ്ടെന്നു പേടിപ്പിച്ചിരുന്ന കാര്യവും മുതിർന്ന തലമുറ മറന്നിട്ടില്ല. നിയമപാലനത്തിന് ലോകത്തെല്ലായിടത്തും നിയമപാലകർ ഭീതിയെ വിദഗ്ദ്ധമായി ഉപയോഗിച്ചു പോന്നിട്ടുണ്ട്. അതുകൊണ്ടാണ് പോലീസെന്ന വാക്കിന് ഭീതിയുടെ കൂടി പ്രതിച്ഛായ കൈവന്നത്. പോലീസുകാരുടെ കയ്യിൽ പെട്ടാൽ തീർന്നു എന്നതായിരുന്നു പണ്ടൊക്കെ അവസ്ഥ. കാലികമായി വന്ന മാറ്റങ്ങൾ മൂലം പോലീസിനോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ വലിയ മാറ്റങ്ങൾ വന്നിട്ടുണ്ട്. വന്നു വന്ന് ജനമൈത്രി പോലീസ് എന്നതടക്കമുള്ള ഉദാത്തമായ സങ്കൽപ്പങ്ങളും നമ്മുടെ നാട്ടിൽ നടപ്പാക്കപ്പെട്ടു കഴിഞ്ഞു.
കൈയ്യൂക്കും ശാരീരിക ശക്തിയും ചങ്കൂറ്റവുമായിരുന്നു പണ്ടൊക്കെ സാദാ പോലീസുകാരനാകാനുള്ള പ്രധാന യോഗ്യത. അതു മാറി പഠിപ്പും വിവരവുമുള്ള പുതിയൊരു തലമുറ പോലീസ് സേനയിൽ അണിചേർന്നതോടെയാണ് ഈ മാറ്റമുണ്ടായത്. കേവലം ക്രൂരതയ്ക്കപ്പുറത്ത് നിയമപാലനത്തിന് മറ്റു ഗുണപരമായ മാർഗ്ഗങ്ങൾ അവലംബിക്കാമെന്ന് പോലീസ് സേനയും തിരിച്ചറിഞ്ഞിരിക്കുന്നു. എങ്കിലും കാഴ്ചപ്പാടിലും പ്രതിച്ഛായയിലും വലിയ മാറ്റമുണ്ടായിട്ടും പോലീസിൽ പ്രതിച്ഛായക്കൊത്ത മാറ്റം പൂർണ്ണമായി ഉണ്ടായിട്ടില്ല എന്നു നമുക്കെല്ലാമറിയാം.
പോലീസുകാരൻ പ്രധാനമായും ഇടപെടേണ്ടി വരുന്നത് സാമൂഹ്യ ജീവിതത്തിന്റെ ഇരുണ്ടതും അക്രമപൂർണ്ണവുമായ ഇടങ്ങളിലാണ്. അവിടങ്ങളിൽ ന്യായത്തിന്റെയും നീതിയുടെയും വെളിച്ചമെത്തിക്കാനുള്ള നിരന്തര യത്നത്തിനിടെ ഇവരിൽ ചിലരെങ്കിലും വഴിവിട്ട ചെയ്തികളുമായി സമരസപ്പെട്ടു പോകുന്നു.
നമ്മൾ അധിവസിക്കുന്ന ഇടങ്ങളും സഹവസിക്കുന്ന വ്യക്തിത്വങ്ങളും നിരന്തരം ചെയ്യുന്ന കർമ്മങ്ങളുമായി താദാമ്യം പ്രാപിച്ചു പോകുന്നത് ഒരിക്കലും തെറ്റല്ല. മനുഷ്യകുലത്തിന്റെ വ്യാപനത്തിനും അതിജീവനത്തിനും ഒക്കെ അവനെ സഹായിക്കുന്ന ഒരു വലിയ ഗുണമാണ് വാസ്തവത്തിൽ അത്. കുറ്റകൃത്യങ്ങളുമായുള്ള സഹവർത്തിത്വം മൂലം നിയമ പാലകൻ കുറ്റകൃത്യങ്ങളുടെ വഴിയേ പോകുന്നതും മനുഷ്യന്റെ ഈ സ്വഭാവഗുണം കൊണ്ടു തന്നെ. ഒപ്പം മേലനങ്ങാതെ വലിയ തോതിലുള്ള ഭൗതിക നേട്ടമുണ്ടാകുന്നു എന്നതും പല നിയമപാലകരെയും കുറ്റകൃത്യങ്ങളുടെയും കുറ്റവാളികളുടെയും ചങ്ങാതിമാരാക്കുന്നു. എന്നാൽ പൊതു സമൂഹത്തിന്റെ സ്വൈര്യവും സ്വാസ്ഥ്യവും കെടുത്തുന്ന സ്ഥിതിയാണ് ഇതുമൂലം സംജാതമാകുന്നത്. ഇത് അപകടകരമാണ്. കാവലാളുകൾ ചൂഷകരും ജനദ്രോഹികളുമാകുന്പോൾ പൊതു സമൂഹം അരക്ഷിതരാകും. സ്വാഭാവികമായും അത് അഴിമതിയ്ക്കും അരാജകത്വത്തിനും വഴിവെയ്ക്കും.
ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ ഉണർന്നു പ്രവർത്തിക്കേണ്ടത് അധികാരമാളുന്ന ജനനേതാക്കളാണ്. എന്നാൽ പലപ്പോഴും അഴിമതിക്കാരായ നിയമപാലകരെ സ്വന്തമാവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന നേതാക്കൾ പോലീസിലെ തെമ്മാടികളുടെ ദുഷ്ചെയ്തികൾ കണ്ടില്ലെന്നു നടിക്കാറാണ് പതിവ്. അങ്ങനെ സംരക്ഷിക്കപ്പെട്ട ഒരുപാടു ഗൺമോൻമാരേ ഭൂമി മലയാളത്തിനു പരിചയവുമുണ്ട്. അത്തരക്കാരെ നിലയ്ക്കു നിർത്തുക എളുപ്പമല്ല. എന്നാൽ അങ്ങനെയൊരു നടപടിക്കാണ് ഇപ്പോൾ കേരളത്തിലെ ഇടതു സർക്കാർ തയ്യാറായിരിക്കുന്നത്. ഗുണ്ടാ ബന്ധം തെളിയിക്കപ്പെട്ട കാലടി േസ്റ്റഷനിലെ നാലു ഗ്രേഡ് എസ്.ഐമാരടക്കം പത്തു പോലീസുകാരെയാണ് നടപടിയുടെ ഭാഗമായി സ്ഥലം മാറ്റിയിരിക്കുന്നത്. ഇത്തരം നടപടികൾ പോലീസ് സേനയെയും തദ്വാരാ പൊതുസമൂഹത്തെയും ശുദ്ധീകരിക്കുമെന്ന് ഉറപ്പാണ്.
വേലിതന്നെ വിളവു തിന്നൊടുക്കുന്ന ഈ സ്ഥിതി പക്ഷേ പോലീസുകാരുടെ മാത്രം കാര്യത്തിലല്ല ഉണ്ടാകുന്നത്. പോലീസുകാരെയും നിയന്ത്രിക്കാൻ ശേഷിയുള്ളവരാണ് രാഷ്ട്രീയക്കാർ. ജനപിന്തുണയും പലപ്പോഴും കൈവരുന്ന അധികാരവുമൊക്കെ കൊണ്ട് പൊലീസുകാരെക്കാളും മറ്റേത് ഉദ്യോഗസ്ഥ വൃന്ദത്തെക്കാളും ശക്തരാണ് രാഷ്ട്രീയക്കാർ. നിയമലംഘന പാതയിൽ അഴിമതിക്കാരായ പോലീസുകാരെക്കാളും ഭീഷണികളാണ് ഇത്തരക്കാർ. അധികാരമേൽക്കും മുന്പു നടത്തിയ വാർത്താ സമ്മേളനത്തിൽ ഇത്തരക്കാർക്കെതിരെ ശക്തമായ നടപടിയുണ്ടാകുമെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. എന്നാൽ ശക്തമായ ആരോപണങ്ങളുയർന്നിട്ടും അധികാരത്തിന്റെയും ജനപിന്തുണയുടെയും പിൻബലത്തിൽ ഗുണ്ടാമാഫിയ പ്രവർത്തനം നടത്തുന്ന പല നേതാക്കളും നിയമത്തിന്റെ പിടിയിൽ നിന്നും വഴുതി മാറി നിൽക്കുകയാണ്.
ഒറ്റ ദിവസം കൊണ്ട് അവസാനിപ്പിക്കാനാകുന്നതല്ല നമ്മുടെ നാട്ടിലെ പോലീസ് രാഷ്ട്രീയ ഗുണ്ടാ കൂട്ടുകെട്ടും അതിന്റെ ദോഷങ്ങളും. എന്നാൽ പറഞ്ഞ വാക്കുകൾ പാലിക്കാനുള്ള ആത്മാർത്ഥതയുണ്ടങ്കിൽ, അഴിമതിക്കാരായ പോലീസുകാർക്കൊപ്പം, ഇത്തരത്തിൽ നിയമവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്നു വ്യക്തമായ പാർട്ടി നേതാക്കൾക്കെതിരെയും ശക്തമായ നടപടികളെടുക്കാൻ നേതൃത്വം തയ്യാറാകണം. വേട്ടക്കാരല്ല ഇരകളാണ് സംരക്ഷിക്കപ്പെടേണ്ടത്. പാർട്ടിക്കാരനായതുകൊണ്ട് വേട്ടക്കാരന് ഇരയുടെ പരിവേഷം നൽകാനുള്ള ശ്രമമുണ്ടായാൽ നാണക്കേടാണ്. പദവികളുടെ പിൻബലത്തിൽ നിയമലംഘനം നടത്തുന്നവർ ആത്യന്തികമായി പാർട്ടികൾക്കു തന്നെയാണ് ദോഷം വരുത്തുന്നതെന്ന വസ്തുതയും നേതൃത്വങ്ങൾ മറക്കാതിരിക്കട്ടെ.