വേ­ട്ടക്കാ­രു­ടെ­ ഇരവാ­ദം


വടക്കാഞ്ചേരിയിൽ പ്രാദേശിക രാഷ്ട്രീയ നേതാവിനെതിരേ ലൈംഗീക പീഡനാരോപണം 

ഈ വാർത്ത നമ്മളെ ഞെട്ടിച്ചു എന്നു പറയുന്പോഴും നമ്മൾ തരിന്പും ഞെട്ടുന്നില്ല എന്നതാണ് വാസ്തവം. ഭൂമിമലയാളം അരാജകത്വങ്ങളുടെ നീരാളിപ്പിടുത്തത്തിലാണ്. ഇതിനെച്ചൊല്ലി രാഷ്ട്രീയമായി ചേരിതിരിഞ്ഞു നിലപാടെടുക്കുന്നതിൽ നമ്മൾ അനുദിനം കൂടുതൽ മികവു പ്രകടിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നമ്മളിട്ടാൽ ബർമ്മുഡ, നിങ്ങളിട്ടാൽ കളസമെന്നതാണ് ഇക്കാര്യങ്ങളിൽ നമ്മുടെ പൊതു നിലപാട്. കുറ്റം ചെയ്തത് ആര് എന്നതിനെ ആശ്രയിച്ചല്ലാതായിരിക്കുന്നു ഇരവാദം. കുറ്റവാളിയാണെങ്കിലും ആൾ നമ്മുടെ പക്ഷക്കാരനോ പക്ഷക്കാരിയോ ആയാൽ ഇരയുടെ പരിവേഷം നമ്മൾ ചാർത്തിക്കൊടുക്കുക അവർക്കാകുന്നു. യഥാർത്ഥ ഇര പാർശ്വവൽക്കരിക്കപ്പെടുന്നു. ഇതിൽ രാഷ്ട്രീയമുണ്ടന്ന് പ്രത്യക്ഷത്തിൽ നമുക്കു തോന്നിയേക്കാം. പക്ഷേ അതു തികച്ചും ഉപരിവിപ്ലവമാണ്. സ്ത്രീയ്ക്കെതിരെയുള്ള അധീശത്വത്തിന്റെയും അതിക്രമങ്ങളുടെയും പുരുഷാധിപത്യത്തിന്റെയും രാഷ്ട്രീയം മാത്രമാണ് ഇത്തരം സാഹചര്യങ്ങളിൽ പ്രസക്തമാകുന്നത്. 

കാറ്റു കടക്കാത്ത കൂറ്റൻ കണ്ടെയ്നറിനുള്ളിൽ കഴുത്തിൽ ചങ്ങലയ്ക്കിട്ട നിലയിൽ യുഎസ് യുവതി

പാക്കിസ്ഥാനിൽ സ്ത്രീയുടെ പാദങ്ങൾ മുറിച്ചു, കണ്ണുകൾ ചൂഴ്ന്നെടുത്തു. 

പെണ്ണിനു നേരെയുള്ള അതിക്രമങ്ങളുടെ ഈ വാർത്തകൾ ഇന്നു കണ്ണിൽപ്പെട്ടവയാണ്. ഇതു രണ്ടും കേരളത്തിൽ നിന്നുള്ളതല്ല. നമ്മുടെ രാജ്യത്തു നിന്നുള്ളതല്ല. അതിൽ ഒന്നാമത്തേതാവട്ടെ നമ്മുടെ ഭൂഖണ്ഡത്തിൽ നിന്നു തന്നെയുള്ളതല്ല. സ്വാതന്ത്ര്യത്തിന്റെയും പരിഷ്കാരത്തിന്റെയും പരകോടിയായ അമേരിക്കൻ ഐക്യനാടുകളിൽ ഒരു സ്ത്രീയ്ക്കുണ്ടായ ദുരനുഭവത്തിന്റെ വർത്തമാനമാണ് ആദ്യ വാർത്ത. അമേരിക്കയിലെ സൗത് കാരലിനയിൽ നൂറേക്കറോളം വരുന്ന സ്വകാര്യ ഭൂമിയിലാണ് ഷിപ്പിംഗ് കണ്ടെയ്നറിനുള്ളിൽ 30 കാരിയെ കണ്ടെത്തിയത്. സ്ത്രീയുടെ പുരുഷ സുഹൃത്തിനെക്കുറിച്ച് ഇതുവരെ വിവരമൊന്നും ലഭിച്ചിട്ടില്ല. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ഇത്തരം വാർത്തകൾ ആശങ്കയുണ്ടാക്കുന്നതാണ്. വർത്തമാന കാലത്ത് ഇടങ്ങളുടെ വ്യത്യാസമില്ലാതെ സ്ത്രീ എത്രത്തോളം അരക്ഷിതയാണ് എന്ന് ഈ റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

സമീപകാലത്തുണ്ടായ ഇത്തരം ചില സംഭവങ്ങളുടെ പേരിൽ ഭരണകക്ഷിയെയും സർക്കാരിനെയും പ്രതിക്കൂട്ടിലാക്കാൻ ശ്രമിക്കുന്ന ചിലരുണ്ട്. എന്നാൽ ഇതിൽ കാര്യമായ കഴന്പില്ല. സർക്കാരുകൾ മാറുന്നതിനനുസരിച്ച് സ്ത്രീകളോടുള്ള പൊതു സമൂഹത്തിന്റെ കാഴ്ചപ്പാടിൽ കാര്യമായ മാറ്റങ്ങളൊന്നും വന്നിട്ടില്ല. അതിനുമപ്പുറത്ത് ഭരണകക്ഷിയംഗങ്ങൾ പ്രതിസ്ഥാനത്തു വരുന്ന ഇത്തരം സംഭവങ്ങൾ പറയാതെ പറയുന്ന മറ്റൊരു കാര്യമുണ്ട്. കുറ്റവാളികൾ ഭരണകക്ഷിയംഗങ്ങളും നേതാക്കളുമാണെങ്കിൽ പോലും ഭരണ സംവിധാനം അനീതിക്കും അക്രമപ്രവർത്തനങ്ങൾക്കും അരുനിൽക്കില്ലെന്ന വ്യക്തമായ സന്ദേശമാണ് ഇത്തരം കേസുകൾ മുന്നോട്ടു വെയ്ക്കുന്നത്. നമുക്കു ശീലമുള്ളതു പോലെ സ്വന്തക്കാർ തെറ്റു ചെയ്താൽ അതിനൊന്നും തെളിവില്ലാത്ത കാലം കഴിഞ്ഞിരിക്കുന്നു. പാർട്ടി നായകൻ ഭരണനായകനായിരിക്കുന്ന കാലത്ത് പാർട്ടിക്കാരും പാർട്ടിനേതാക്കന്മാരും കൂടുതൽ തുല്യരായിരിക്കും. അവർ കൂടുതൽ സംരക്ഷിക്കപ്പെടും. ഇതാണു നമ്മുടെ മുന്നനുഭവങ്ങളും പരിചയങ്ങളും നൽകുന്ന പാഠം. എന്നാൽ അത്തരമൊരു പരിഗണന പ്രവർത്തകർക്കും നേതാക്കൾക്കും ഇപ്പോൾ നിഷേധിക്കപ്പെടുന്നു എന്നതാണ് സത്യം. ഇതു പ്രതീക്ഷ നൽകുന്ന സ്ഥിതിയാണ്.

തെറ്റു ചെയ്തവർ യുക്തമായി ശിക്ഷിക്കപ്പെടുന്നതാണ് വ്യവസ്ഥിതിക്കു ഗുണകരമായ അവസ്ഥ. പക്ഷപാതപരമായ സമീപനമെടുക്കാത്ത ഭരണസംവിധാനങ്ങൾ ഇക്കാര്യത്തിന് അനുപേക്ഷണീയമാണ്. കുറ്റവാളികൾക്കെതിരേ നമ്മുടെ സർക്കാർ സംവിധാനങ്ങൾ പ്രത്യേക പ്രീതിയില്ലാതെ പ്രവർത്തിക്കുന്നു എന്നതാണ് ഇപ്പോഴത്തെ അവസ്ഥ. അധികാരത്തിലുള്ള രാഷ്ട്രീയ നേതൃത്വം തന്നെയാണ് ഇക്കാര്യത്തിൽ പ്രധാനം. തുല്യ ഉത്തരവാദിത്തമുണ്ട് നമ്മുടെ ഇതര രാഷ്ട്രീയ നേതാക്കൾക്കും. ഭരണ നേതൃത്വം പാകത കാട്ടുന്പോഴും ഭരണകക്ഷിയിലെ മുതിർന്ന നേതാക്കളിൽ ചിലർ പ്രവർത്തിക്കുന്നത് തികച്ചും വകതിരിവില്ലാത്ത തരത്തിലാണെന്നു പറയാതെ വയ്യ.

സ്പീക്കർ കക്ഷിരാഷ്ട്രീയത്തിന് അതീതനായിരിക്കണമെന്നാണു െവയ്പ്പ്. സ്പീക്കറായിരുന്ന രാഷ്ട്രീയ നേതാക്കൾക്കു തുടർന്നും ലഭിക്കുന്ന പ്രത്യേക ബഹുമാനത്തിനു കാരണം പാർട്ടികൾക്ക് അതീതമായ നിലയും നിലവാരവും അത്തരക്കാർ പുലർത്തുന്നു എന്ന പൊതു ധാരണമൂലമാണ്. അതിന് അപമാനമായിരിക്കുകയാണ് മുൻ സ്പീക്കർ കെ.രാധാകൃഷ്ണൻ. പാർട്ടി ജില്ലാസെക്രട്ടറിയെന്ന നിലയിൽ പ്രാദേശിക നേതാവിനെ സംരക്ഷിക്കാനുള്ള ബാദ്ധ്യത അദ്ദേഹത്തിനുണ്ട്. എന്നാൽ അത്തരമൊരു സംരക്ഷണ വേളയിൽ ഇരയാക്കപ്പെട്ട ഒരു വ്യക്തിയുടെ നിയമപ്രകാരമുള്ള അവകാശങ്ങൾ ധ്വംസിക്കാൻ രാധാകൃഷ്ണൻമാർക്ക് ആരും അവകാശം നൽകിയിട്ടില്ല. ഇരയുടെ പേരു വെളിപ്പെടുത്തിയതിലൂടെ കെ. രാധാകൃഷ്ണൻ ചെയ്തത് വ്യക്തമായ കുറ്റകൃത്യം തന്നെയാണ്.  സ്പീക്കർ പദവിക്കു തന്നെ കളങ്കമേൽപ്പിച്ചിരിക്കുകയാണ് ഈ സഭാ മുൻ നായകൻ. നിയമനിർമ്മാണ സഭാ നായകനായിരുന്ന വ്യക്തി തികച്ചും ബോധ പൂർവ്വമായിത്തന്നെയാണ് ഇത്തരമൊരു കൃത്യം ചെയ്തതെന്ന് വിലയിരുത്തിയാൽ തെറ്റു പറയാനാവില്ല. 

ജയന്തന്മാർ ഏതു പാർട്ടിയിലുമുണ്ടാകാം. എന്നാൽ അത്തരക്കാരെയും നിയന്ത്രിക്കാനും സമൂഹത്തെ ശരിയായ ദിശയിൽ നയിക്കാനും ബാദ്ധ്യതയുള്ള രാധാകൃഷ്ണന്മാരുടെ ഉത്തരവാദിത്ത ശൂന്യത ഒരു പാർട്ടിക്കും ഒരു നാടിനും ഭൂഷണമല്ല.

You might also like

Most Viewed