ദുരന്തമുഖങ്ങൾ...
ഞായറാഴ്ച പ്രഭാതം ഇറ്റലിക്കു സമ്മാനിച്ചത് നടുക്കമാണ്. മദ്ധ്യ ഇറ്റാലിയൻ നഗരമായ നോറിക്കയിൽ കാലത്ത് ഏഴരയോടെയുണ്ടായ ഭൂചലനം വരുത്തിവച്ച നാശനഷ്ടങ്ങളുടെ പൂർണ്ണ വിവരങ്ങൾ ഈ കുറിപ്പെഴുതുന്പോഴും പൂർണ്ണമായി അറിവായിട്ടില്ല. റിക്ക്ടർ സ്കെയിലിൽ 6.6 രേഖപ്പെടുത്തിയ ഭൂചലനത്തിൽ നിരവധി കെട്ടിടങ്ങൾ തകർന്നിട്ടുണ്ട്. കഴിഞ്ഞ ആഗസ്റ്റിൽ രാജ്യത്തുണ്ടായ ഭൂചലനത്തിൽ 300 ലേറെപ്പേർ കെല്ലപ്പെട്ടിരുന്നു. ആഗസ്തിലെ ഭൂചലനത്തെക്കാളും ശക്തമായിരുന്നു ഇന്നു കാലത്തുണ്ടായ ഭൂചലനം. ഇന്ന് കാലത്തുണ്ടായ ഭൂചലനത്തിനു പിന്നാലേ നിരവധി തുടർ ചലനങ്ങളും ഉണ്ടായി. നോറിക്കയിലെ വിശുദ്ധ ബെനഡിക്ടിന്റെ ബസലിക്ക ഭൂചലനത്തിൽ തകർന്നടിഞ്ഞു. ഉസിത, അർക്ക്വാട്ടാ നഗരങ്ങളിൽ എല്ലാം തകർന്നടിഞ്ഞു എന്നാണ് അതാതു നഗരങ്ങളുടെ മേയർമാർ പറഞ്ഞത്. ടൊളൻറിനോയിൽ മറ്റൊരു പള്ളിയും തകർന്നതായി സ്ഥിരീകരിക്കപ്പെട്ടിട്ടുണ്ട്. ഇവിടെ ആരാധന നടക്കുന്നതിനിടെയായിരുന്നു ഭൂചലനം.
ഭൂചലനമൊഴിച്ചു നിർത്തിയാൽ വാർത്താ പ്രാധാന്യത്തിൽ ഇക്കഴിഞ്ഞ വാരവും മുന്നിൽ നിൽക്കുന്നത് അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പു തന്നെയാണ്. തെരഞ്ഞെടുപ്പിന് ഇനി 9 നാളുകൾ മാത്രമാണ് അവശേഷിക്കുന്നത്. വരുന്ന 8 നാണ് അടുത്ത നാലുവർഷത്തേക്ക് ലോകത്തെ ഏറ്റവും കരുത്തുറ്റ അധികാര സ്ഥാനത്ത് ആരായിരിക്കണമെന്ന കാര്യം തീരുമാനിക്കാനുള്ള അവസാനവട്ട തെരഞ്ഞെടുപ്പു നടക്കുന്നത്. വോട്ടെടുപ്പിനുള്ള പ്രചാരവേലകൾ അതിന്റെ പരകോടിയിലെത്തുന്പോൾ പക്ഷേ ഇരുപക്ഷവും നിലവാരത്തകർച്ചയുടെ പുത്തനുയരങ്ങൾ തേടുകയാണ്. ഒരുതരത്തിലുള്ള ദുരന്തം തന്നെയായി ദോഷൈകദൃക്കുകൾ ഇതിനെ വിലയിരുത്തിയേക്കാം. ആത്യന്തികമായി പറഞ്ഞാൽ ലോക തോൽവി തന്നെ. ചരിത്രത്തിലെ ഏറ്റവും ജനപ്രിയരല്ലാത്ത പ്രസിഡണ്ടു സ്ഥാനാർത്ഥികളാണ് ഇത്തവണത്തേതെന്ന് ചില പഠനങ്ങൾ വ്യക്തമാക്കുന്നു.
പൊതു സമൂഹത്തിന്റെ ഔദാര്യമാണ് തങ്ങളുടെ സ്ഥാനാർത്ഥിത്വവും പ്രസിഡണ്ടു പദവിയുമെന്നാണ് സാധാരണ നേതാക്കളൊക്കെ കരുതിപ്പോരുന്നത്. ചരിത്രം മഹാന്മാരെന്നു വിലയിരുത്തിയ നേതാക്കന്മാരൊന്നും ഇക്കാര്യത്തിൽ വ്യത്യസ്ഥരല്ല. എന്നാലിതൊന്നും തങ്ങൾക്കു ബാധകമല്ല എന്ന തരത്തിലാണ് റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ഡൊണാൾഡ് ട്രംപും ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥിയും മുൻ പ്രഥമ വനിതയുമ മുൻ േസ്റ്ററ്റ് സെക്രട്ടറിയും ഒക്കെയായ ഹിലരി ക്ലിന്റെണും പ്രവർത്തിക്കുന്നത്.
പൊതു പ്രവർത്തകർ തങ്ങളെക്കുറിച്ചുള്ള വിവരങ്ങളൊക്കെ പൊതു സമൂഹത്തിൽ നിന്നും മറച്ചു വെയ്ക്കരുത് എന്നതാണ് പ്രമാണം. ഇന്ത്യയിലും അമേരിക്കയിലുമെല്ലാം ഇക്കാര്യത്തിനു വ്യത്യാസമില്ല. എന്നാൽ സ്വകാര്യ വിവരങ്ങൾ മാത്രമല്ല പൊതു സമൂഹം ആവശ്യപ്പെടുന്ന പലകാര്യങ്ങളും പത്രക്കാരുമായി പങ്കുെവയ്ക്കാൻ വിമുഖത കാട്ടുന്ന വ്യക്തിത്വമാണ് ഹിലരിയുടേത്. വിളിച്ചു വരുത്തിയ മാധ്യമ പ്രവർത്തകരെ പോലും വെളിപ്പെടുത്താത്ത കാരണങ്ങൾ കൊണ്ട് തിരിച്ചയച്ചതിന്റെ ദുഷ്പേരും ഹിലരിക്കു സ്വന്തം. അതിനെല്ലാമപ്പുറമാണ് പുതുതായി അവർക്കെതിരെ ഉയർന്നിരിക്കുന്ന ആരോപണവും അന്വേഷണവും അതിനെച്ചൊല്ലിയുള്ളവിവാദങ്ങളും. അമേരിക്കൻ പ്രതിരോധ സെക്രട്ടറിയായിരുന്ന കാലത്ത് സ്വകാര്യ ബിസിനസ് ആവശ്യങ്ങൾക്കായുള്ള ഈ മെയിലുകൾക്കായി സ്വകാര്യ സർവ്വർ സെറ്റു ചെയ്തെന്ന ആരോപണത്തിന്മേലുള്ള അന്വേഷണമാണ് പ്രസിഡണ്ടു തെരഞ്ഞെടുപ്പു പ്രചാരണത്തിന്റെ അവസാനഘട്ടത്തിൽ ഹിലരിക്കു തലവേദനയാകുന്നത്.
നേരത്തേ കഴിഞ്ഞ ജൂലൈയിൽ സംഭവത്തിൽ ഹിലരിയെ കുറ്റ വിമുക്തയാക്കിയ എഫ്.ബി.ഐ തന്നെയാണ് കേസിൽ വീണ്ടും സുപ്രധാന വിവരങ്ങൾ ലഭിച്ചിട്ടുണ്ടന്ന വിവരവുമായി കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കുന്നത്. ഇതു സംബന്ധിച്ച എഫ്.ബി.ഐ ഡയറക്ടർ ജെയിംസ് കോമി അമേരിക്കൻ കോൺഗ്രസിന് കത്തെഴുതിക്കഴിഞ്ഞു. ഹിലരി പക്ഷത്തെ ചില പ്രമുഖരുടെ നടപടി ദോഷങ്ങളാണ് ഈ പുതിയ കുരുക്കിനു കാരണം. ഹിലരിയുടെ സുഹൃത്തും രാഷ്ട്രീയ സഹകാരിയുമായ ഹൂമാ ആബിദിന്റെ മുൻ ഭർത്താവ് ആന്റണി വെയ്നിനെതിരെയുള്ള അന്വേഷണങ്ങൾക്കിടെയാണത്രേ ഹിലരിയുടെ ഈ മെയിൽ വിവാദത്തെക്കുറിച്ചുള്ള പുതിയ വിവരങ്ങൾ എഫ്ബിഐക്കു ലഭിച്ചത്. 15 കാരിയായ ഒരു പെൺകുട്ടിക്ക് ലൈംഗീകച്ചുവയുള്ള ഈമെയിലുകളയച്ചതിനാണ് വെയ്ൻ അന്വേഷണം നേരിടുന്നത്. ഇതിന്മേലുള്ള അന്വേഷണത്തിനിടെ വെയ്നിന്റെ കന്പ്യൂട്ടറിൽ ഹിലരിയുടെ വിവാദ മെയിലുകളെക്കുറിച്ചുള്ള നിർണ്ണായക വിവരങ്ങളുണ്ടായിരുന്നു എന്നാണ് എഫ്.ബി.ഐ ഡയറക്ടർ അമേരിക്കൻ കോൺഗ്രസിനെ അറിയിച്ചിരിക്കുന്നത്. ലഭ്യമായ തെളിവുകളും വിവരങ്ങളും വെച്ചാണ് ജൂലൈയിൽ ഹിലരിയെ കുറ്റവിമുക്തയാക്കിയത്. എന്നാൽ പുതിയ വിവരങ്ങൾ വച്ച് ഹിലരിയെ സംശയിക്കാൻ തെളിവുകളുണ്ടെന്നാണ് കോമി പറയുന്നത്. അതേസമയം എഫ്.ബി.ഐയുടെ പുതിയ നീക്കം സംശയകരമാണ് എന്നതാണ് ഹിലരിക്യാന്പിന്റെ നിലപാട്.
തെരഞ്ഞെടുപ്പിന് ദിവസങ്ങൾ മാത്രം അവശേഷിച്ചിരിക്കെ എഫ്.ബി.ഐ നടത്തിയിരിക്കുന്ന ഈ പ്രസ്താവന ഹിലരിയുടെ ജനപ്രീതി ഇടിക്കുമെന്ന കാര്യത്തിൽ തർക്കമില്ല. നിലവിൽ മൂന്നു പോയിന്റുകളുടെ മാത്രം മേൽക്കയ്യാണ് മുൻ പ്രഥമ വനിതയ്ക്കുള്ളത്. എഫ്.ബി.ഐയുടേത് കേട്ടുകേൾവിയില്ലാത്ത നടപടിയാണെന്നായിരുന്നു ഹിലരിയുടെ ആദ്യ പ്രതികരണം. അത് ബുദ്ധിമുട്ടുണ്ടാക്കുന്നതാണ്. അതേ സമയം വ്യക്തമായി അറിവുള്ളൊരു കാര്യം ബദ്ധപ്പെട്ടവരോട് വെളിപ്പെടുത്താതിരിക്കുന്നത് ചരിത്രത്തോടും നീതിയോടുമുള്ള ഉത്തരവാദിത്തം നിർവ്വഹിക്കാതിരിക്കലാവുമെന്നും അതുകൊണ്ടു മാത്രമാണ് കോൺഗ്രസിനു കത്തെഴുതിയതെന്നുമാണ് എഫ്.ബി.ഐ പക്ഷം.
അതേ സമയം സംഭവത്തിൽ പുകമറ സൃഷ്ടിക്കാതെ എത്രയും വേഗം കൂടുതൽ വ്യക്തത വരുത്തണമെന്ന് ഹിലരിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
തെരഞ്ഞെടുപ്പ് അടുത്തതോടെ വെട്ടിലായ ഹിലരി പക്ഷം എഫ്.ബി.ഐയെ വെല്ലുവിളിക്കുകയാണ്. എന്നാൽ ഇക്കാര്യങ്ങളിൽ ഹിലരി നിർണ്ണായക വിവരങ്ങൾ നേരത്തേ വെളിപ്പെടുത്താൻ മടിച്ചതാണ് കാര്യങ്ങൾ ഇവിടം വരെ കൊണ്ടത്തിച്ചതെന്നാണ് അവരുടെ സ്വന്തം പക്ഷത്തു തന്നെയുള്ള പലരുടെയും അഭിപ്രായം.
പ്രതികൂല സാഹചര്യങ്ങൾക്കിടയിലും അഭിപ്രായ വോട്ടെടുപ്പുകളിൽ അൽപ്പമെങ്കിലും മേൽക്കൈയുള്ളത് ഹിലരി പക്ഷത്തിന് ആശ്വാസം പകരുന്നു. ഇതിനിടെ സുപ്രസിദ്ധ വാർത്താ ഏജൻസിയായ റോയ്ട്ടേഴ്സ് നടത്തിയ അഭിപ്രായ വോട്ടുടുപ്പു ഫലം ഹിലരിക്ക് വിജയം പ്രവചിച്ചതും ഡെമോക്രാറ്റിക് ക്യാന്പിന് ആവേശം പകരുന്നു. എന്നാൽ പ്രവചനങ്ങളെല്ലാം ഹിലരിക്കു തന്നെ വിജയം പ്രഖ്യാപിക്കുന്നവയല്ല. അമേരിക്കൻ പ്രസിഡണ്ടു തെരഞ്ഞെടുപ്പിൽ വിശ്വാസ്യത കൊണ്ട് മുന്നിൽ നിൽക്കുന്ന വ്യക്തിയാണ് പ്രൊഫസർ ഹെൽമുട് നോറോദ്. നൊറോദ് നടത്തിയവയിൽ രണ്ടായിരത്തിലെ പ്രസിഡണ്ടു തെരഞ്ഞെടുപ്പു പ്രചാരണം മാത്രമാണ് പിഴച്ചത്. രണ്ടായിരത്തിലെ പ്രസിഡണ്ടു തെരഞ്ഞെടുപ്പു നടപടികൾ തന്നെ അടിമുടി പിഴച്ചതായിരുന്നെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നു. പോപ്പുലർ വോട്ടുകൾ കൂടുതൽ നേടിയിട്ടും അന്നത്തെ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർത്ഥി അൽ ഗോർ പരാജയപ്പെടുകയായിരുന്നു. വോട്ടെണ്ണൽ കുഴഞ്ഞു മറിഞ്ഞപ്പോൾ സുപ്രീം കോടതി ഇടപെട്ടായിരുന്നു റിപ്പബ്ലിക്കൻ സ്ഥാനാർത്ഥി ജോർജ് ബുഷിനെ വിജയിയായി പ്രഖ്യാപിച്ചത്. പ്രൊഫസർ നോറോദിന്റെ പ്രവചനപ്രകാരം ഇത്തവണ വിജയിക്കുക ഡൊണാൾഡ് ട്രംപായിരിക്കുമത്രേ. എല്ലാ തിരിച്ചടികൾക്കുമപ്പുറം ഈ പ്രവചനം റിപ്പബ്ലിക്കൻ ക്യാന്പിന് ആവേശം പകരുന്നെന്ന കാര്യത്തിൽ തർക്കമില്ല.
എന്നാൽ സ്വയം വരുത്തിെവയ്ക്കുന്ന വിനകളുടെ കാര്യത്തിൽ ഹിലരിക്യാന്പിന് ഒപ്പമോ മുന്പിലേ ആണ് ട്രംപ്. സ്വന്തം വാക്കും പ്രവൃത്തിയും തന്നെയാണ് ട്രംപിന്റെ പ്രഥാന ശത്രുക്കൾ.
അഹംഭാവത്തിന്റെ ആൾരൂപമാണ് ട്രംപെന്ന് പൊതുവെ വിലയിരുത്തലുകൾ ഉണ്ട്. ഞാനൊഴിഞ്ഞുണ്ടോ രാമനിത്രിഭുവനത്തിങ്കലെന്ന് അഹങ്കാരത്തോടേ ചോദിക്കുന്ന ഭാർഗ്ഗവരാമനു സമാനനായി താനൊഴിഞ്ഞ് പ്രസിഡണ്ടു സ്ഥാനത്തേയ്ക്ക് യോഗ്യതയുള്ളവർ ഇന്നു ഭൂമുഖത്ത് മറ്റൊരാളില്ല എന്നതാണ് ട്രംപിന്റെ നടപ്പു രീതി. താൻ അധികാരത്തിലെത്തുന്നതോടേ അമേരിക്കയിൽ എല്ലാം ശരിയാകും എന്നതാണ് കക്ഷിയുടെ ഡയലോഗുകളിലെല്ലാം നിറയുന്നത്. എല്ലാം ശരിയാകും എന്നു പറയുന്നത്ര എളുപ്പമല്ല എല്ലാം ശരിക്കും ശരിയാക്കുകയെന്ന് ലോകത്തിന് വ്യക്തമായറിയാം. ഇത് മൂലം പണ്ടു പറഞ്ഞതും ഇപ്പോൾ പറയുന്നതുമെല്ലാം കക്ഷിക്ക് പാരയാവുകയാണ്. ശരിക്കും പറഞ്ഞാൽ അവനവൻ പാര. തന്നെക്കുറിച്ച് ആര് എന്തു പറഞ്ഞാലും ചാടിക്കടിക്കുന്നതാണ് ട്രംപ് ലൈൻ. അങ്ങനെ ചാടിക്കടിക്കുന്നവനെ എങ്ങനെ വിശ്വസിച്ച് ആണവ ബട്ടൺ ഏൽപ്പിക്കുമെന്നാണ് ഹിലരി ചോദിക്കുന്നത്. ജനങ്ങളിൽ നിന്ന് എല്ലാമൊളിപ്പിക്കുന്ന വനിതയെ സമൂഹം എങ്ങനെ വിശ്വസിക്കുമെന്നാണ് ഇതിനു മറുപടിയായി ട്രംപ് തുറന്നടിക്കുന്നത്.
മൂല്യങ്ങളെക്കാൾ പക്ഷേ മൂല്യച്യുതിയുടെ ദൃഷ്ടാന്തങ്ങളാണ് അമേരിക്കൻ പ്രസിഡണ്ട് തെരഞ്ഞെടുപ്പു വേദിയിൽ നിറഞ്ഞു നിൽക്കുന്നത്. അമേരിക്ക സഹനത്തിന്റെ നെല്ലിപ്പലകകൾ കാണുകയാണ്. പ്രസിഡണ്ടു തെരഞ്ഞെടുപ്പു ദിനം കൊണ്ട് മൂല്യച്യുതിയുടെ ഉപദ്രവം അവസാനിക്കില്ല എന്നതാണ് ഏറെ സുഖകരമല്ലാത്ത വാസ്തവം. അമേരിക്ക മാത്രമല്ല ആഗോളതലത്തിൽ തന്നെ അതിന്റെ അലയൊലികളും ഉണ്ടാവും.