നാ­യ, കോ­ഴി­, താ­റാ­വ്


ചിന്തകൾ ചിലപ്പോൾ അങ്ങനെയാണ്. നമ്മൾ ഉദ്ദേശിക്കാത്ത ഭൂമികകളിലൂടെയൊക്കെയാവും സഞ്ചരിക്കുക. ചിന്തിക്കാനും ചർച്ച ചെയ്യാനും വലിയവലിയ കാര്യങ്ങളുള്ളിടത്തുനിന്ന് ചിന്ത നമ്മെ കൂട്ടിക്കൊണ്ടു പോകുന്നത് അതി നിസാരങ്ങളായ കാര്യങ്ങളിലേക്കാവും. ചിലപ്പോഴെങ്കിലും അങ്ങനെ ബാലിശ ചിന്തകളിൽ അഭിരമിക്കാനും നമുക്കാവണം. അല്ലെങ്കിൽ അതു പിരിമുറുക്കങ്ങൾ വർദ്ധിപ്പിക്കും. അങ്ങനെയുള്ളൊരു അലസ ചിന്തയിലേക്കാണ് നായയും കോഴിയും താറാവും കടന്നു വന്നത്. 

നായ മനുഷ്യകുലത്തിന്റെ ഏറ്റവും പഴയ കൂട്ടുകാരിൽ ഒന്നാമനാണ്. അവന്റെ സുഹൃത്തും കാവൽക്കാരനും രക്ഷകനും ഒക്കെയാണ്. ‘നമ്മുടെ വീട്ടിൽ കാവൽ കിടക്കും നായൊരു നല്ല മൃഗം’ തൊട്ട് നായയെ വർണ്ണിക്കുകയും വാഴ്ത്തുകയും ഒക്കെ ചെയ്യുന്ന സാഹിത്യ സൃഷ്ടികൾ പോലും ഒരുപാടുണ്ട്. സ്നേഹിക്കാനും കാവൽ കിടക്കാനും കള്ളനെ പിടിക്കാനും മഞ്ഞുറഞ്ഞ ധ്രുവപ്രദേശങ്ങളിൽ തെന്നു വണ്ടി വലിക്കാനും മഞ്ഞിൽ പുതഞ്ഞവരെ കണ്ടെത്തി രക്ഷിക്കാനുമെല്ലാം മനുഷ്യനുതകുന്ന മൃഗ സുഹൃത്താണ് നായ. Man’s best friendഅഥവാ മനുഷ്യന്റെ ഏറ്റവും നല്ല ചങ്ങായിയെന്ന് സായിപ്പിന്റെ സർട്ടിഫിക്കറ്റ്.

ഭൂമിമലയാളത്തിൽ പണ്ട് എല്ലാ വീടുകളിലും ഉറപ്പായും ഉണ്ടായിരുന്ന പക്ഷിയാണ് കോഴി. കാട്ടു കോഴിയുടെ പിന്മുറക്കാർ. നമ്മുടെ ഗ്രാമജീവിതത്തിന്റെ അവിഭാജ്യ ഘടകമായിരുന്നു കോഴികൾ. പാച്ഛാത്യ പരിഷ്കാരി സമൂഹത്തിന്റെ ഭക്ഷണക്രമത്തിലെ അവിഭാജ്യ ഘടകമാണ് ഇന്നു ചിക്കൻ. സ്വാഭാവികമായുള്ള ഉത്പാദനം തികയാഞ്ഞ് കൃത്രിമമാർഗ്ഗത്തിൽ കൂടിയും ചിക്കൻ സൃഷ്ടിക്കപ്പെടുന്നുണ്ടത്രേ. ചരിത്രാതീത കാലത്ത് ലോകം വാണ ഡൈനസോറുകളുടെ പിന്മുറക്കാരാണ് കോഴികൾ. ലോകത്തിന്റെ എല്ലായിടങ്ങളിലേയ്ക്കും കോഴികൾ വ്യാപിച്ചത് നമ്മുടെ സ്വന്തം ഭാരത പർവ്വത്തിൽ നിന്നാണ്. ഭാരതം എന്ന പേരുപയോഗിക്കാൻ ഇഷ്ടമില്ലാത്ത സാർവ്വ ദേശീയ വാദികളുടെ ഭാഷയിൽ ഇൻഡസ് വാലിയിൽ നിന്നാണ് കോഴികുലം ലോക തീന്മേശകളിലേയ്ക്ക് എത്തിയതെന്നും പറയാം. ദിവസവും ജീവൻ സൃഷ്ടിക്കുന്ന ജീവിയെന്ന് കോഴിക്കൊരു വിശേഷണമുണ്ട്. മുട്ടയിടുന്ന ശീലം കൊണ്ടു ലഭിച്ചതാണ് അത്. അങ്ങനെയുള്ള മുട്ടയും അതിടുന്ന കോഴിയും വെട്ടിവിഴുങ്ങുന്നത് നമ്മുടെ ശീലമാണ്.

അടുത്തത് താറാവ്. ജലപക്ഷിയായ താറാവെന്നു പറയുന്പോൾ തന്നെ പലരുമോർമ്മിക്കുക ഡക്ക് റോസ്റ്റിന്റെ കാര്യമാവും. ഒൗഷധഗുണമേറെയുള്ള താറാമ്മുട്ടക്കും പ്രിയം ഏറെ. മനുഷ്യനുമായി ഏറ്റവും അധികം ചങ്ങാത്തം കൂടാൻ കഴിയുന്ന പക്ഷികളാണ് താറാവുകളും വാത്തകളുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ചിലയിടങ്ങളിൽ കാവലിനായി താറാവുകളുടെ വലിയേട്ടന്മാരായ വാത്തകളെ ഉപയോഗിക്കാറുണ്ട്. എന്നിരിക്കിലും ഭക്ഷണാവശ്യത്തിനായി തന്നെയാണ് നമ്മുടെ താറാവുപ്രേമവും താറാവു വളർത്തലും. അവർ മനുഷ്യന്റെ നല്ല ചങ്ങാതിമാരാണെന്ന കാര്യം ഡക്ക് റോസ്റ്റിന്റെ രുചിക്കു മുന്നിൽ നമ്മൾ മറക്കുന്നു. 

താറാവും ചിക്കനും പോലല്ല എങ്കിലും ലോകത്ത് ഏറെ ആരാധകരുള്ള മാംസമാണ് നായ്ക്കളുടേതും എന്നാണ് റിപ്പോർട്ട്. 2014ലെ കണക്കനുസരിച്ച് പ്രതിവർഷം രണ്ടരക്കോടി നായ്ക്കളെ മനുഷ്യൻ കൊന്നു തിന്നുന്നുണ്ടത്രേ. ചൈനയും കൊറിയയും വിയറ്റ്നാമും അമേരിക്കയും മാത്രമല്ല നമ്മുടെ സ്വന്തം വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ചിലതും ഈ പട്ടികയിലുണ്ട്. മിസോറം, നാഗാലാൻഡ്, മണിപ്പൂർ സംസ്ഥാനക്കാരായ ചിലർക്ക് നായിറച്ചി വിശിഷ്ട ഭോജ്യമാണ്. ചുരുക്കത്തിൽ മേൽ പ്രതിപാദിച്ച മൂന്നു ചങ്ങായിമാരും മനുഷ്യന്റെ ഭക്ഷണപട്ടികയിലെ ഇനങ്ങളെന്ന പൊതുവായ പ്രത്യേകത പങ്കു െവയ്ക്കുന്നവരാണ്. ഉറുന്പിന്റേതായാലും നായയുടേതായാലും കോഴിയുടേതായാലും ആനയുടേതായാലും മനുഷ്യന്റേതായാലും ജീവൻ ഒരേ പോലെ തന്നെയാണ്. ഇതിൽ പക്ഷേ ചിലരോട് നമ്മൾ ഇരട്ടത്താപ്പാണ് പുലർത്തുന്നത്. രുചിമുകുളങ്ങളുടെ കാമനകൾക്കു വഴങ്ങി കോഴികളെയും താറാവുകളെയും കൊന്നൊടുക്കി തിന്നു കൊഴുക്കുന്ന നമ്മൾ, മനുഷ്യനെ കൊല്ലുന്ന നായ്ക്കളെ കൊല്ലുന്നതിനെതിരെ രോഷാകുലരാകുന്നു. 

നായോട് മനുഷ്യൻ കാട്ടുന്ന സ്നേഹത്തിനു പ്രധാനകാരണം അതു മനുഷ്യനോട് കാട്ടുന്ന അടുപ്പമാണ്. അടുപ്പം ആക്രമണത്തിനു വഴിമാറുന്നിടത്ത് തുടരേണ്ടതാണോ ഈ പ്രേമം എന്ന കാര്യം വളരെ പ്രസക്തമാണ്. മുഖത്തു നായ കടിച്ചുകീറി മരിച്ച വൃദ്ധന്റേത് പട്ടിണിമരണമാണെന്നു പരസ്യമായി പറയാൻ മടിക്കാത്ത നായപ്രേമികൾ നമുക്കു ചുറ്റുമുണ്ടായിരിക്കുന്നു. കുട്ടനാട്ടിൽ പനിപിടിച്ച താറാക്കൂട്ടങ്ങളെ കൂട്ടത്തോടേ ചുട്ടരിക്കുന്പോഴും ലക്ഷക്കണക്കിനു കോഴികളെ തീന്മേശകളിലേക്കായി കൊന്നൊടുക്കുന്പോഴും ഇത്തരക്കാരുടെ ഭൂതദയ ഉണരുന്നില്ല. പലതരത്തിലുള്ള ചങ്ങാത്തങ്ങളും ഗുണങ്ങളും തന്നെയാണ് ഇവിടെ അക്രമകാരികളായിട്ടും നായകളുടെ രക്ഷയ്ക്കെത്തുന്നത്. ലോകം അങ്ങനെയാണ്. എത്ര ആക്രമകാരികളും അഴിമതിക്കാരും ഗൂണ്ടകളും ഒക്കെയായാലും നമുക്കു വേണ്ടപ്പെട്ടവരും പാർട്ടി ഭാരവാഹികളും ഗുണമുള്ളവരുമായാൽ അവരെ സംരക്ഷിക്കാൻ നമ്മൾ  ഒരൽപ്പമധികം താൽപ്പര്യം കാണിക്കും. അവരുടെ കുറ്റങ്ങളും കുറവുകളും അവർ സമൂഹത്തിനുണ്ടാക്കുന്ന ദോഷങ്ങളും നമ്മൾ മറക്കും. ശുദ്ധമായ ഇരട്ടത്താപ്പാണ് ഇത്. എന്നാൽ ഇത്തരത്തിലുള്ള ഇരട്ടത്താപ്പിലൂടെ പേപിടിച്ച തെരുവുനായ്ക്കളെപ്പോലുള്ള ആക്രമികളെ സംരക്ഷിക്കുന്നത് നമ്മുടെ സാമൂഹ്യ വ്യവസ്ഥിതി താറുമാറാക്കും.

മനുഷ്യനു ദോഷം ചെയ്യുന്ന നായ്ക്കളുടെ തേർവ്വാഴ്ച ഇല്ലായ്മ ചെയ്യുന്നതുകൊണ്ട് നമ്മുടെ പരിസ്ഥിതി തകരില്ല എന്നുറപ്പാണ്. പൊതു സമൂഹത്തിന്റെ സുരക്ഷ ഉറപ്പാക്കാനാവുമെന്ന ഗുണവും അതിനുണ്ട്. ആവശ്യക്കാരുണ്ടെങ്കിൽ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലേക്കോ മറ്റെവിടേയ്ക്കെങ്കിലുമോ ഇവയെ പിടിച്ചു കയറ്റിയയക്കാനുള്ള സാദ്ധ്യതയും ആലോചിക്കാവുന്നതാണ്. നായക്കളെക്കൊണ്ടും പലതരത്തിൽ ഗുണമുള്ള കപട ഭൂതദയക്കാർ അതിനെതിരെയും ഗോഗ്വാ വിളിയുമായി രംഗത്തെത്തിയേക്കാം. എന്നാൽ ഏതു വിധേനെയും ‘ഗോഡ്സ് ഓൺ കൺട്രി’ എന്നത് ‘ഡോഗ്സ് ഓൺ കൺട്രി’ ആവാതെ കാക്കാനുള്ള ബാദ്ധ്യത നമുക്കുണ്ട്.

You might also like

Most Viewed