കാ­ര്യം നി­സാ­രമല്ല...


കാരാഗൃഹം എന്നാൽ തടവുകാരെ പാർപ്പിക്കാനുള്ള സ്ഥലമെന്ന് അർത്ഥം. നമ്മുടെയൊക്കെ ധാരണകളിൽ അതിന് മാറ്റമൊന്നുമുണ്ടായിരുന്നില്ല. എന്നാൽ കാലം എല്ലാം മാറ്റുകയാണ്. കാരാഗൃഹമെന്ന വാക്കും സങ്കൽപ്പവും പോലും പുനഃനിർവ്വചിക്കപ്പെടുകയാണ്. ഇത് എളുപ്പത്തിൽ മനസ്സിലാക്കാനുതകുന്ന സമാനമായ മറ്റൊന്നുണ്ട്, മൃഗശാലകൾ. സാധാരണ കാട്ടിൽ മാത്രം കാണുന്ന വന്യമൃഗങ്ങളെ കന്പിയഴികളുള്ള കൂടുകളിലടച്ച് സംരക്ഷിച്ച് ജനങ്ങൾക്ക് സുരക്ഷിതമായ കാഴ്ചയൊരുക്കുന്ന ഇടങ്ങളാണ് മൃഗശാലകൾ അഥവാ സൂ (ZOO). ZOOLOGICAL GARDEN എന്നതിന്റെ ചുരുക്കമാണ് ZOO. അക്ഷരാർത്ഥത്തിൽ കുറ്റകൃത്യങ്ങൾ ചെയ്ത് ശിക്ഷിക്കപ്പെട്ട് തടവറകളിൽ അടയ്ക്കപ്പെട്ട കുറ്റവാളികളുടെ അവസ്ഥ തന്നെയായിരുന്നു ഈ മൃഗങ്ങളുടേതും. കാലം പുരോഗമിച്ചപ്പോൾ സിംഹങ്ങളും കാണ്ടാമൃഗങ്ങളും അടക്കമുള്ള ജന്തുക്കളെ കൂടുതൽ വിസ്തൃതിയുള്ള കിടങ്ങുകളിൽ പാർപ്പിക്കാൻ തുടങ്ങി. പരിഷ്കൃത സമൂഹത്തിന്റെ മനസ്സും തിരിച്ചറിവുകളും കൂടുതൽ വികസ്വരമായപ്പോഴാണ് തുറന്ന മൃഗശാലകൾ എന്ന സങ്കൽപ്പം പിറവി കൊണ്ടത്.

വന്യമൃഗങ്ങളുടെ സ്വഭാവം പ്രവചനാതീതമാണ്. അതുകൊണ്ട് അവയുമായി ഇടപെടുന്പോൾ ഒരു സംരക്ഷണം മനുഷ്യന് ഉണ്ടായേ തീരൂ. പ്രത്യേക കാരണമില്ലാതെ സഹജീവികൾക്ക് ഹിതകരമല്ലാത്ത പ്രവൃത്തികൾ ചെയ്യുന്നതിനാലാണ് കുറ്റവാളികളെയും ഇത്തരത്തിലുള്ള കാരിരുന്പു വേലികൾക്കുള്ളിൽ പാർപ്പിക്കുന്നത്. ആക്രമണകാരികളായേക്കാവുന്ന വന്യമൃഗങ്ങളെ കൂടുകളിൽ പാർപ്പിക്കുകയെന്ന സങ്കൽപ്പം മനുഷ്യൻ സഞ്ചരിക്കാവുന്ന കൂടുകളിലിരുന്ന് സ്വതന്ത്രരായ ജീവികളെ കണ്ടു രസിക്കുക എന്ന സങ്കൽപ്പത്തിനു വഴിമാറിയിരിക്കുന്നു. സമാനമായ പരിഷ്കൃത ചിന്തയാണ് തുറന്ന ജയിലുകളെന്ന ആശയത്തിനു വഴിവെച്ചത്. തടവിലായിരിക്കുന്പോൾ തന്നെ സ്വാതന്ത്ര്യത്തോടെ തിരുത്തപ്പെടാൻ അവസരമൊരുക്കുകയാണ് തുറന്ന ജയിലുകളിൽ ചെയ്യുന്നത്. ഇവിടെ കനത്ത കന്മതിലുകളും കാരിരുന്പഴികളും പേരിനുള്ള നിയന്ത്രണങ്ങൾക്കു വഴിമാറുന്നു. ഇരുന്പഴികൾ ഫലത്തിൽ പ്രതീകാത്മകം മാത്രമാകുന്നു. 

ഒരൊറ്റ ഇരുന്പഴിയോ കന്മതിലോ ആണ് കുറ്റവാളിയെയും പൊതു സമൂഹത്തെയും വേർതിരിക്കുന്നത്. പൊതു സമൂഹത്തിനുള്ള സ്വാതന്ത്ര്യാവകാശങ്ങൾ അഴിക്കപ്പുറത്തുള്ള കുറ്റവാളിയ്ക്കു നിഷേധിക്കപ്പെടുന്നു എന്നതാണ് അഴിയ്ക്ക് അപ്പുറവും ഇപ്പുറവും തമ്മിലുള്ള വ്യത്യാസം. തുറന്ന ജയിലും ബാഹ്യ ലോകവും തമ്മിലുള്ള വ്യത്യാസവും ഇതാണ്. എന്നാൽ ഈ അതിർത്തിയും സ്വാതന്ത്ര്യാവകാശങ്ങളും അതിവേഗം പുനർ നിർവ്വചിക്കപ്പെടുകയാണ്. കന്മതിനുള്ളിൽ പാർപ്പിക്കപ്പെട്ടവന് പുറത്തുള്ളവരെക്കാൾ സുഖഭോഗങ്ങൾ ലഭ്യമാകുന്ന അവസ്ഥ. അതിനുമപ്പുറം തങ്ങളുടെ ദുഷ്ചെയ്തികൾ മൂലം സൃഷ്ടിക്കപ്പെട്ട ശത്രുക്കളിൽ നിന്നുള്ള സംരക്ഷണവും ഈ ജയിൽ പുള്ളികൾക്കു ലഭിക്കുന്നു. കാര്യങ്ങൾ അവിടംകൊണ്ടും അവസാനിക്കുന്നില്ല. ഈ സംരക്ഷണത്തിൽ ജീവിക്കുന്ന കൊടുംകുറ്റവാളി സ്വതന്ത്രലോകത്ത് ജീവിക്കുന്നവരെ ഭീഷണിപ്പെടുത്തുന്ന തലത്തിലാണ് കാര്യങ്ങൾ എത്തി നിൽക്കുന്നത്. ഇത് ഒട്ടും ശുഭകരമല്ല.

കാരാഗൃഹങ്ങൾ വാസ്തവത്തിൽ തിരുത്തലുകൾക്കുള്ള ഇടമാണ് എന്നതാണ് വെപ്പ്. അത് അങ്ങനെ തന്നെ ആയിരിക്കണം. ആരും കുറ്റവാളികളായി ജനിയ്ക്കുന്നില്ല. സാഹചര്യങ്ങൾ ആണ് ഓരോരുത്തരെയും കുറ്റവാളികളോ വിശുദ്ധന്മാരോ ഒക്കെയാക്കി മാറ്റുന്നത് എന്നതാണ് പൊതുവെയുള്ള ധാരണ. എന്നാൽ  ‘criminals are born not made’ എന്ന ഒരു സങ്കൽപ്പമാണ് പുതിയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ജന്മനാൽ നമുക്കു ലഭിക്കുന്ന ജീനുകളാണത്രേ നമ്മുടെ സ്വഭാവവും പ്രതികരണങ്ങളുമൊക്കെ എങ്ങനെയായിരിക്കുമെന്നതിനെ സ്വാധീനിക്കുക. ഇത്തരത്തിൽ ജന്മനാ ക്രിമിനൽ സ്വഭാവമുള്ളവരെ കണ്ടെത്തി നിരീക്ഷിക്കുന്ന തലത്തിലേയ്ക്ക് പരിഷ്കൃത ലോകം പുരോഗമിച്ചിരിക്കുന്നു. അതിനിടയിലും ഭൂമിമലയാളത്തിൽ കാരാഗൃഹങ്ങൾ കൊടും കുറ്റവാളികളെ സംരക്ഷിക്കാനും അവർക്ക് സ്വൈര്യ വിഹാരം നടത്താനും കുറ്റകൃത്യങ്ങളും തുടരാനുമുള്ള ഇടങ്ങളായി അധഃപതിച്ചിരിക്കുകയാണ്. പൊതു സമൂഹത്തിനെ കുറ്റകൃത്യങ്ങളിൽ നിന്നും അകറ്റി നിർത്താനും കുറ്റവാളികളെ തിരുത്തലിനു വിധേയരാക്കാനുമുള്ള ഉപാധികളാണ് കാരാഗൃഹങ്ങൾ എന്ന സങ്കൽപ്പമാണ് ഇവിടെ തച്ചുടയ്ക്കപ്പെടുന്നത്. ഇത് നമ്മുടെ വ്യവസ്ഥിതിക്ക് ഗുരുതരമായ ആഘാതമുണ്ടാക്കുമെന്ന് ഉറപ്പ്. കാര്യങ്ങൾ ഒട്ടും നിസ്സാരമല്ല.

You might also like

Most Viewed