ആശങ്കക്കാലം...വി ആർ സത്യദേവ്
ആശങ്കകൾക്ക് ഭൂമിമലയാളത്തിൽ പഞ്ഞമില്ല. ആഗോളമലയാളിയുടെ കാര്യവും വ്യത്യസ്ഥമല്ല. ആശങ്കകളുള്ളതുകൊണ്ടുകൂടി തന്നെയാണ് മലയാളി പുതിയ മേച്ചിൽപ്പുറങ്ങളിലെല്ലാം മികവിന്റെ പുത്തനുയരങ്ങൾ സ്വന്തമാക്കുന്നത്. അങ്ങനെയൊരു മേച്ചിൽ പുറമായ അറേബ്യൻമണ്ണിൽ നമ്മൾ കാര്യമായി ആശങ്കപ്പെടാതിരുന്ന ഒന്നായിരുന്നു മോഷണ ശല്യം. നാട്ടുന്പുറത്തെ സാദാ മീശമാധവന്മാർ തൊട്ട് കോടികളുടെ കോഴക്കള്ളന്മാരെ വരെ ശീലിച്ചവനാണ് മലയാളി. വിശ്വസിക്കാൻ ഏറെ പ്രയാസമുള്ള മോഷണ കഥകൾ നമ്മൾ കണ്ടു കഴിഞ്ഞു. കോടികളുടെ തട്ടിപ്പും വെട്ടിപ്പും നടത്തിയും അതിനു കൂട്ടു നിന്നുമൊക്കെ കെട്ടപേര് ആവശ്യത്തിലധികം സന്പാദിച്ചിട്ടും അതിലൊന്നും തളരാതെ തട്ടിപ്പിന്റെ പുത്തനദ്ധ്യായങ്ങൾ രചിച്ചുകൊണ്ടേയിരിക്കുകയാണ് നമ്മുടെ രാഷ്ട്രീയ ഭിക്ഷാം ദേഹികൾ. എന്നിട്ട് അതെല്ലാം രാജ്യത്തിനുവേണ്ടി ചെയ്തതാണ് എന്ന് എഴുന്നള്ളിക്കാൻ പോലും മടിയില്ലാത്തവരെയും നമ്മൾ കണ്ടുകഴിഞ്ഞു. വിശ്വാസം ശുദ്ധഭോഷ്കാണെന്നു വിശ്വസിക്കുകയും അതു പ്രാവർകത്തികമാക്കുകയും അതു പ്രചരിപ്പിക്കുകയും ചെയ്ത ഒരു നേതാവ് കുടുംബ ക്ഷേത്രത്തിനു വേണ്ടി ചുളുവിൽ കാട്ടുതേക്ക് അടിച്ചു മാറ്റാൻ ശ്രമിച്ചകാര്യം സ്ഥിരീകരിച്ചത് അതേ പക്ഷത്തെ മറ്റൊരു നേതാവായിരുന്നു. സംഗതി രാജ്യത്തിനു വേണ്ടിയാണെന്ന് അങ്ങോർക്ക് ഇതുവരെ മനസ്സിലായിക്കാണില്ല. പാവം.
ഇനിയൊരു നേതാവ് അവശ്യ സാധനങ്ങളുടെ മാർക്കറ്റു വില കയറിയിറങ്ങുന്നതു പോലെയാണ് സ്വന്തം മാനത്തിനു വിലയിടുന്നത്. കേട്ടു കേൾവിയില്ലാത്ത ഇങ്ങനെയൊരു കാര്യം പക്ഷേ വെറും കേട്ടു കേൾവിമാത്രമല്ല. ബാർകോഴക്കേസിൽ തനിക്കെതിരെ ആരോപണമുന്നയിച്ചയാളിൽ നിന്നും 10 കോടി രൂപയാണ് ഈ മാന്യ ദേഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടിരുന്നത്. കേസിൽ അദ്ദേഹമിപ്പോൾ പുതിയൊരു അപേക്ഷ സമർപ്പിച്ചിരിക്കുകയാണ്. മാനഷ്ട തുക 20 ലക്ഷം മതിയെന്നാണ് പുതിയ അപേക്ഷയിൽ പറയുന്നത്. കക്ഷിയുടെ മാനത്തിന്റെ വില പുതിയ സാഹചര്യങ്ങളിൽ കുത്തനെ ഇടിഞ്ഞതാകാനുള്ള സാദ്ധ്യതയുണ്ട്. അതിനാലാവാം തുക കുറയ്ക്കാൻ അപേക്ഷ നൽകിയതെന്നാണ് ദോഷൈകദൃക്കുകളിൽ ഒരു വിഭാഗം പറയുന്നത്. അതു ശരിയാകാം, ആവാതിരിക്കാം. കാലക്രമത്തിൽ കക്ഷിക്കു പണത്തോടുള്ള അത്യാർത്തിയിൽ അൽപ്പമെങ്കിലും കുറവുണ്ടായതിനാലാവാം ഇങ്ങനെ സംഭവിച്ചതെന്നും വേറൊരു വിഭാഗം അസൂയക്കാർ പറയുന്നു.
കാര്യമെന്തായാലും ഇതൊന്നും കേവലം നുണകളും കഥകളുമല്ല പച്ചപ്പരമാർത്ഥങ്ങളാണ് എന്നതാണ് വാസ്തവം. തീവെട്ടിക്കൊള്ളയുടെ പാരമ്യതകളാണ് ഭൂമിമലയാളത്തിലെ പലമാന്യ ദേഹങ്ങളുടെയും ചെയ്തികൾ. ഇതിനൊപ്പം ഓരോ ദിവസവുമുണ്ടാകുന്ന എണ്ണമറ്റ ഭവനഭേദങ്ങളും മോഷണങ്ങളും വേറെ. നമ്മുടെ വീടുകൾക്കൊക്കെ കനത്ത വാതിൽ പാളികളും കാരിരുന്പിന്റെ അഴികളുമൊക്കെയുണ്ടാകാൻ പ്രധാന കാരണം ഇവയൊക്കെയാണ്. അതിൽ നിന്നൊക്കെ തികച്ചും വ്യത്യസ്ഥമായിരുന്നു നമ്മുടെ പ്രവാസഭൂമി. നമ്മുടെ ഫ്ളാറ്റുകളുടെയും വില്ലകളുടെയുമൊക്കെ വലിയ ചില്ലു ജനാലകൾ ഇതിന്റെ ദൃഷ്ടാന്തമായിരുന്നു. ജനാലകളുടെ കന്പിയഴികളുണ്ടാക്കുന്ന തടവറയുടെ പ്രതീതിയിൽ നിന്നും സ്വാതന്ത്ര്യത്തിന്റെ ലോകത്തേയ്ക്കുള്ള മാറ്റത്തെക്കുറിച്ച് തിരികെ നാട്ടിലെത്തുന്പോൾ നമ്മൾ വാചാലരായി. രാജ്യത്തെ പൊതു സുരക്ഷയുടെ അടയാളമായി നമ്മൾ അതിനെ വാഴ്ത്തിയിരുന്നു. പക്ഷേ അടുത്തിടെ കേൾക്കുന്ന ചില വാർത്തകൾ നമ്മുടെ നാക്കുകളെ സ്തബ്ദമാക്കുന്നു. അവ നമ്മളെ ഭയചകിതരാക്കുന്നു.
സിഞ്ചിൽ അടുത്തിടെ പട്ടാപ്പകലുണ്ടായ കൊള്ളയുടെ വാർത്തകൾ മറക്കാറായിട്ടില്ല. അതിനിടെയാണ് ഇന്നലെ ആഭ്യന്തര മന്ത്രാലയത്തിനു തൊട്ടടുത്ത് നെസ്റ്റോ പ്രവർത്തിക്കുന്ന കെട്ടിടത്തിലുണ്ടായ മോഷണ വർത്തമാനമെത്തുന്നത്. മേളൊത്സവത്തിരക്കവസാനിക്കും മുന്പ് തളർച്ചമൂലം വീട്ടിലെത്തിയയുടനായിരുന്നു സുഹൃത്ത് കൃഷ്ണകുമാറിന്റെ വിളിയെത്തിയത്. മേളോൽസവം കണ്ടു തിരിച്ചെത്തിയ അദ്ദേഹം കാർ പാർക്കു ചെയ്യാൻ ശ്രമിക്കുന്പോഴേയ്ക്കും ബിൽഡിംഗിന്റെ മൂന്നാം നിലയിലെത്തിയ ഭാര്യ ഫ്ളാറ്റിന്റെ വിതിൽ തുറക്കാൻ ശ്രമിച്ചു. പൂട്ടു തുറന്നപ്പോഴാണറിയുന്നത് വാതിൽ അകത്തു നിന്നും ചെയിൻ ലോക്കുകൊണ്ട് പൂട്ടിയിട്ടുണ്ട് എന്ന്. ഭാര്യയുടെ വിളികേട്ട് കൃഷ്ണകുമാർ പരിശോധിച്ചപ്പോഴാണറിയുന്നത് ഫയർ എക്സിറ്റിന്റെ അടുത്തുള്ള ടോയ്ലറ്റിന്റെ എക്സ്ഹോസ്റ്റ് ഫാൻ അഴിച്ചു മാറ്റി, ജനലിന്റെ സാക്ഷ മാറ്റി ആരോ അകത്തു കയറിയിട്ടുണ്ട് എന്ന്. പോലീസെത്തിയുള്ള പരിശോധനയിൽ വീട്ടിൽ കള്ളനോ കള്ളന്മാരോ അരിച്ചുപെറുക്കിയതായി കെണ്ടത്തി. അലമാരയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടതായി സ്ഥിരീകരിച്ചു. വീട്ടുകാർ പുറത്തു പോയി രണ്ടു മണിക്കൂറിനുള്ളിലാണ് ഇതെല്ലാം സംഭവിച്ചത്. 24 മണിക്കൂറും ആളുകളെക്കൊണ്ടു സജീവമായ ഒരിടത്താണ് ഇതു സംഭവിച്ചത് എന്നത് മലയാളി സമൂഹത്തിന് ആശങ്ക പകരുന്നതാണ്. രാജ്യത്തെ സാന്പത്തികരംഗത്ത് അടുത്തിടെയായി കാണപ്പെട്ടു തുടങ്ങിയ ഹിതകരമല്ലാത്ത സാഹചര്യങ്ങൾ ക്രിമിനൽ സ്വഭാവമുള്ളവരെ മോഷണത്തിനു പ്രേരിപ്പിച്ചു തുടങ്ങിയിരിക്കുന്നു. അനധികൃതമായി രാജ്യത്തു തങ്ങി താഴ്ന്ന ജോലികൾ ചെയ്തു ജീവിക്കുന്ന വിഭാഗങ്ങൾ സംഘടിതമായി കൂടുതലായി ഇത്തരം പ്രവൃത്തികളിലേയ്ക്കു തിരിയുന്നതായും സംശയമുണ്ട്. അസമയങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ മാത്രമല്ല ജനത്തിരക്കുള്ള ഇടങ്ങളിൽ പട്ടാപ്പകൽ പോലും ഭവനഭേദനങ്ങളുണ്ടാക്കുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സ്വയം കൂടുതൽ കരുതലുള്ളവരാവുക മാത്രമാണ് തൽക്കാലത്തേക്കെങ്കിലും ഇതിനൊരു പ്രതിവിധി.