രക്ത ദാ­നം, മഹാ­ ദാ­നം


“Give me blood, and I shall give you freedom!” നിങ്ങളെനിക്കു രക്തം തരൂ, ഞാൻ നിങ്ങൾക്കു സ്വാതന്ത്ര്യം തരാം എന്ന പ്രശസ്തമായ വചനം നേതാജി സുഭാഷ് ചന്ദ്രബോസിന്റേതാണ്. 1944 ജൂലൈ നാലിന് ബർമ്മയിലായിരുന്നു ഇന്ത്യൻ നാഷണൽ ആർമിയിലെ ഭടന്മാരോടു നടത്തിയ അഭിസംബോധനയിൽ അദ്ദേഹം ഇങ്ങനെ ആഹ്വാനം ചെയ്തത്. ബ്രിട്ടീഷുകാരനോടു സ്വാതന്ത്ര്യം പൊരുതി നേടാനുറച്ച നേതാജി സ്വന്തം അണികളിൽ ഊർജ്ജം നിറയ്ക്കുന്നതിനായാണ് അത്തരത്തിലൊരു രക്തപ്രയോഗം നടത്തിയത്. തീവ്ര ദേശീയതയും മനസ്സിലെ വിപ്ലവാഗ്നിയും ആത്മാഭിമാനവും ധൈര്യവും കൂടിച്ചേർന്നുണ്ടായ വാക്കുകളായിരുന്നു അത്. ആ വാക്കുകളിലെ രക്തം ഒരു പ്രതിബിംബമായിരുന്നു. ദേശാഭിമാനികളുടെ ആത്മാർപ്പണമായിരുന്നു നേതാജി അർത്ഥമാക്കിയ രക്തം. 

നേതാജി ഇപ്പോഴെങ്ങാനുമായിരുന്നു അത്തരമൊരു ആഹ്വാനം നടത്തിയിരുന്നതെങ്കിൽ അദ്ദേഹത്തെ രക്തദാഹിയായ നേതാവെന്ന് വിശേഷിപ്പിക്കാൻ ഇവിടെ മാധ്യമങ്ങളും എതിരാളികളും മടിക്കില്ലായിരുന്നു എന്നതാണ് വാസ്തവം. കാലം മാറിയിരിക്കുന്നു. എന്നിട്ടും രാഷ്ട്രീയ നേതാക്കൾക്ക് രക്തത്തോടുള്ള പ്രതിപത്തി നഷ്ടമായിട്ടില്ല. എന്നാൽ പുതിയ കാലത്തെ വിപ്ലവനേതാക്കളിൽ ചിലർ തമാശയ്ക്കാണെങ്കിൽ പോലും രക്തം ആവശ്യപ്പെടുന്നില്ല എന്നതാണ് കൗതുകം. “നിങ്ങൾ രക്തത്തിനായി മുറവിളി കൂട്ടുകയാണല്ലോ. അതുകൊണ്ട് ആവശ്യമുള്ളത്ര രക്തം തരാം” എന്നാണ് നിയമ നിർമ്മാണ സഭയിൽ ഒരു നേതാവ് വികാര തീവ്രമായി പ്രഖ്യാപിച്ചത്. എന്നാൽ സംഭാഷണ ശകലങ്ങൾ പരിശോധിച്ചാൽ അതിലൊരിടത്തും താൻ സ്വന്തം രക്തം നൽകാം എന്നദ്ദേഹം പറയുന്നില്ല എന്നു വ്യക്തമാകുന്നു. മന്ത്രി സ്ഥാനം ത്യജിക്കേണ്ടി വന്നതിനെപ്പറ്റിയുള്ള അദ്ദേഹത്തിന്റെ വാചകങ്ങങ്ങളിലെന്പാടും നിറഞ്ഞു നിന്നത് രാജ്യത്തിനു വേണ്ടി താൻ ജീവൻ നൽകിയതിനെക്കുറിച്ചുള്ള വിശേഷണങ്ങളുമാണ്. 

കേട്ടറിഞ്ഞിടത്തോളം രാജിവെച്ച മന്ത്രിക്ക് മനുഷ്യ നന്മയുടെ മറ്റൊരു തലമുണ്ട്. അശരണ ജന്മങ്ങൾക്കായി അദ്ദേഹം നേതൃത്വം നൽകുന്ന ഒരു സ്ഥാപനം കണ്ണൂരിൽ നല്ല നിലയിൽ പ്രവർത്തിക്കുന്നണ്ട്. കടക്കെണിയിൽ പെട്ട് അദ്ദേഹത്തിന്റെ മകൻ ഗൾഫിൽ നിന്നും നാട്ടിലേക്കു തിരിച്ചു പോയി എന്ന വാർത്തയും ഉണ്ടാക്കുന്നത് മികച്ച പ്രതിച്ഛായ തന്നെയാണ്. അഴിമതിയിലൂടെ കള്ളപ്പണം കുന്നുകൂട്ടുന്ന പല രാഷ്ട്രീയക്കാരും ഗൾഫ് മേഖലയിൽ ബന്ധുക്കളുടെ പേരിലും ബിനാമികളുടെ പേരിലും സന്പത്ത് സുരക്ഷിതമായി കുന്നു കൂട്ടുന്നു എന്ന ആരോപണം ശക്തമായ കാലത്ത് ഇതിന് പ്രാധാന്യമേറുന്നു. ഒരു രാഷ്ട്രീയക്കാരനെന്ന നിലയിൽ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിന്റെ തിളക്കം കൂട്ടുന്ന കാര്യങ്ങളാണ് ഇവയൊക്കെ. എന്നാൽ അതുകൊണ്ടു മാത്രം ഒരു നേതാവും ആരോപണങ്ങൾക്ക് അതീതനാകുന്നില്ല. 

മാത്രവുമല്ല അദ്ദേഹത്തിന്റെ വിശദീകരണത്തിന് കൈതട്ടി പിന്തുണ പ്രഖ്യാപിക്കുന്ന ഒരു വിഭാഗത്തെയും നമ്മൾ കണ്ടു. സത്യം പുറത്തെത്തിക്കുന്നതിലും വിഷയം സജീവമായി നിർത്തുന്നതിലും നിസ്തുലമായ പങ്കു വഹിച്ച മാധ്യമങ്ങളെല്ലാം കൂടി നടത്തിയ ഗൂഢാലോചനയുടെ ഇരയാണ് താൻ എന്ന തരത്തിൽ അടച്ചാക്ഷേപിച്ചുകൊണ്ടുള്ള വിശദീകരണത്തെയാണ് അഴിമതി വിരുദ്ധരെന്നു നമ്മളൊക്കെ കരുതുന്നവരടക്കം നിരവധി നേതാക്കൾ പിന്തുണച്ചത്. മന്ത്രിയെന്ന നിലയിൽ അദ്ദേഹം അഴിമതി വിരുദ്ധ നടപടികൾ കൈക്കൊണ്ടിട്ടുണ്ട് എങ്കിൽ അത് തികച്ചും അഭിനന്ദനീയമാണ്. അത് ആ സ്ഥാനത്തിരിക്കുന്ന ഒരാളുടെ ഉത്തരവാദിത്തവും ബാദ്ധ്യതയുമാണ്. എന്നാൽ മാധ്യമങ്ങൾക്കും എതിരാളികൾക്കും നേരേ ഉണ്ടയില്ലാ വെടികളുതിർത്ത് ഒരു രാഷ്ട്രീയക്കാരനും തന്റെ മേൽ പുരണ്ട ചെളി മറയ്ക്കാനാവില്ല. കാലം പഴയതല്ല. ജനം എല്ലാം കണ്ടു കൊണ്ടിരിക്കുകയാണ്.

സാൻ്റിയാഗോ മാർട്ടിൻ, വിവാദ വ്യവസായിയുടെ പരസ്യം എന്നിവയൊന്നും ജനം മറന്നിട്ടില്ല. ഇതിന്റെ പിന്നാലെ ജാഥ നയിച്ചവനെയും തല്ലുകൊണ്ടവളെയും മുദ്രാവാക്യം വിളിച്ചവനെയും ഒക്കെത്തഴഞ്ഞ് ഒന്നിലധികം അനർഹ ബന്ധുക്കളെ അധികാരക്കസേരകളിൽ അവരോധിച്ച് മന്ത്രി നടത്തിയത് സത്യപ്രതിജ്ഞാ ലംഘനം തന്നെയെന്ന കാര്യത്തിൽ സംശയമില്ല. അതുകൊണ്ടാണ് മുഖ്യമന്ത്രിയും പാർട്ടിയിലെ ബഹുഭൂരിപക്ഷവും ഇക്കാര്യത്തിൽ അദ്ദേഹത്തെ സംരക്ഷിക്കാതിരുന്നത്. എന്നിട്ടും വഴിവിട്ട് ന്യായീകരിക്കാൻ അദ്ദേഹം സ്വയവും മറ്റു ചിലരും നടത്തുന്ന ശ്രമങ്ങൾ കാണുന്പോൾ പെട്ടന്ന് ഓർമ്മ വരുന്നത് നവമാധ്യമങ്ങളിലെല്ലാം കാട്ടു തീ പോലെ പ്രചരിച്ച ഒരു പോസ്റ്റാണ്. അത് ഇങ്ങനെയാണ്; കള്ളൻ കുഞ്ചു ആടു മോഷണത്തിനിടെ ഒരു ദിവസം നാട്ടുകാരുടെ പിടിയിലായി. നാട്ടുകാർ കുഞ്ചുവിനെ ഇടിച്ചു പരുവമാക്കി. അവർ കുഞ്ചുവിനെ ഗ്രാമസഭയ്ക്കു മുന്പാകെ ഹാജരാക്കി. 

“അറിയാതെ പറ്റിയതാണ്. കള്ളന്മാരുടെ മാന്വലിൽ ആടിനെ അടിച്ചുമാറ്റരുതെന്ന് എഴുതിവെച്ചിട്ടില്ല. പക്ഷേ ഇടിയുടെ ആഘാതത്തിന്റെ ഫലമായി ആടിനെ ഞാൻ സ്വമേധയാ ഉടമയ്ക്കു തിരികെ നൽകുന്നു.” വിചാരണയ്ക്കൊടുവിൽ കുഞ്ചു പറഞ്ഞു. ഇതു കേട്ടതും ജനം കൈയടിച്ചു. അതുകണ്ട് പഞ്ചായത്ത് അധികാരി പറഞ്ഞു:− “തെറ്റു തിരിച്ചറിഞ്ഞപ്പോൾ ആടിനെ തിരിച്ചു നൽകിയതിലൂടെ കുഞ്ചു ചെയ്തത് മഹാ ത്യാഗമാണ്.” ജനം കൈയടിച്ചു.

ഇത് ഒരു കഥമാത്രമാണ്. ഇതിലെ കഥാപാത്രങ്ങൾ തികച്ചും സാങ്കൽപ്പികവുമാണ്.

You might also like

Most Viewed