ലോകത്തിനാവശ്യം സങ്കുചിതമല്ലാത്ത മനസ്സുകൾ


ലോകജാലകം തുറക്കുന്പോൾ പതിവായി നമ്മൾ കാണാറുള്ളത് ഭൂഗോളത്തിന്റെ മുക്കിലും മൂലയിലും നിന്നുള്ള വർത്തമാനങ്ങളാണ്. അവയിലേറെയും സംഘർഷങ്ങളുടെയും പോരാട്ടങ്ങളുടെയും വർത്തമാനങ്ങളുമാണ്. അതല്ലെങ്കിൽ കൊടുങ്കാറ്റും പേമാരിയും ഭൂചലനവുമടക്കമുള്ള പ്രകൃതി ദുരന്തങ്ങൾ വിതയ്ക്കുന്ന നാശത്തിന്റെ കഥകളുമാകാം. പ്രകൃതി ദുരന്തങ്ങളൊഴിച്ചു നിർത്തിയാൽ, പലയാവർത്തി പറഞ്ഞതുപോലെ സ്വാർത്ഥത്തിന്റെയും അധീശത്വത്തിന്റെയും പേരിലുള്ള മത്സരങ്ങളും പോരാട്ടങ്ങളുമാണ് അവയിലേറെയും. നിസാരമായ മനുഷ്യ ജീവിതത്തിൽ സ്നേഹവും സമഭാവനയും പുലർത്തേണ്ടിടത്ത് ക്രമാനുഗതമല്ലാത്തത്ര മത്സരബുദ്ധി കുത്തി നിറയ്ക്കുന്നതിന്റെ ദോഷങ്ങളാണ് ഇതൊക്കെ. ഇവിടെയാണ് ജ്ഞാനം കൊണ്ടും സ്വന്തം പ്രവൃത്തികൾ കൊണ്ടും ലോകത്തോളം വളർന്ന വ്യക്തിത്വത്തങ്ങളുടെ പ്രസക്തി. അവരുടെ സാമീപ്യത്തിലൂടെയും വാക്കുകളിലൂടെയും നമുക്കു ലഭ്യമാകുന്നത് കൂടുതൽ മെച്ചപ്പെട്ടൊരു ലോകത്തേയ്ക്കുള്ള റൂട്ട് മാപ്പാണ്. അല്ലെങ്കിൽ മാറ്റാനാവാത്ത ചില ഘടകങ്ങളെക്കുറിച്ചുള്ള തിരിച്ചറിവാണ്. അത്തരമൊരു വ്യക്തിയിലൂടെയുള്ള തികച്ചും വ്യത്യസ്ഥമായൊരു ലോകകാഴ്ചയാണ് ഇന്നത്തെ ലോകജാലകത്തിൽ.

ശേഷികൊണ്ടും പ്രവൃത്തികൊണ്ടും ഒരുപാടു തരത്തിൽ പരിചയപ്പെടുത്താനാവുന്ന ഒരപൂർവ്വ വ്യക്തിത്വമാണ് ഡോക്ടർ വൈ.എസ്.ആർ അഥവാ ഡോക്ടർ യജ്ഞസ്വാമി സുന്ദര രാജൻ. എന്നാൽ സാധാരണക്കാരായ നമുക്ക് അദ്ദേഹത്തെ കൂടുതൽ പരിചയം ഭാരതത്തിന്റെ മുൻ രാഷ്ട്രപതിയും ഒരുപാടു തലമുറകൾക്കു തന്നെ പ്രചോദനവുമായ ഡോക്ടർ എ.പി.ജെ അബ്ദുൾകലാമിന്റെ ഇന്ത്യ 20−20 എ വിഷൻ ഫൊർ ദ ന്യൂ മില്ലനിയം എന്ന അതിപ്രശസ്ത പുസ്തകത്തിന്റെ സഹരചയിതാവ് എന്ന നിലയിലായിരിക്കും. ഡോക്ടർ കലാമിന്റെ അടുത്ത സുഹൃത്തായിരുന്നു വൈ.എസ്.ആർ. ദശാബ്ദങ്ങളുടെ ദൈർഘ്യമുണ്ട് ആ സൗഹൃദത്തിന്. ഐ.എസ്.ആർ.ഓയിലായിരുന്നു ആ സൗഹൃദത്തിനു തുടക്കം. വൈഎസ് ആറിനെക്കാൾ 12ഓ 13ഓ വയസ്സ് മൂത്തയാളാണ് കലാം. വൈ.എസ്.ആർ ബഹിരാകാശ ഗവേഷണ കേന്ദ്രത്തിലെത്തുന്പോൾ കലാം അവിടെയുണ്ട്. അദ്ദേഹം അന്നേ ശ്രദ്ധിക്കപ്പെട്ടു തുടങ്ങിയ വ്യക്തിത്വവുമായിരുന്നു. അതി ശക്തമായ സൗഹൃദത്തിനു വർഷങ്ങളുടെ പഴക്കമായപ്പോൾ ചിലരെങ്കിലും തങ്ങൾ സഹപാഠികളായിരുന്നുവെന്നു തെറ്റിദ്ധരിച്ചതായും വൈ.എസ്.ആർ ഓർക്കുന്നു. ഐ.എസ്.ആർ.ഓയിൽ നിന്നും ഡി.ആർ.ഡി.ഓയിലേക്കു മാറുന്ന കാര്യത്തിൽ എതിരഭിപ്രായങ്ങളുണ്ടായപ്പോൾ കലാമിനു പിന്തുണയേകിയ വ്യക്തിത്വങ്ങളിൽ ഒരാളായിരുന്നു വൈ.എസ്.ആർ. 

കലാം മികച്ചൊരു സാങ്കതിക വിദഗ്ദ്ധനും പ്രൊജക്ട് മാനേജരുമായിരുന്നു. അത്തരമൊരു നേതൃത്വം അന്ന് ഡി.ആർ.ഡി.ഒയ്ക്ക് ഉണ്ടായിരുന്നില്ല. കലാമിന്റെ നേതൃത്വം ഡി.ആർ.ഡി.ഒയ്ക്ക് വലിയതോതിൽ ഗുണം ചെയ്തു എന്നത് ചരിത്രത്തിന്റെ തങ്ക ലിപികളിൽ കുറിക്കപ്പെട്ടിരിക്കുന്നു.

ഇന്ത്യയുടെ മിസൈൽമാനായും പിന്നീട് തികച്ചും അപ്രതീക്ഷിതമായി രാഷ്ട്ര നായകപദവിയിലേക്കുമൊക്കെ അദ്ദേഹം ഉയർത്തപ്പെട്ടത് ഈ നായകത്വത്തിന്റെ കൂടി കരുത്തിലായിരുന്നു.

എല്ലാത്തിലുമുപരി രാഷ്ട്രത്തിന്റെ മിസൈൽ മാനെന്ന് ലോകം ഡോക്ടർ കലാമിനെ വാഴ്ത്തുന്നതിൽ തനിക്കുള്ള പരിഭവവും അദ്ദേഹം സംഭാഷണത്തിനിടെ വ്യക്തമാക്കി. കേവലം മിസൈൽ സാങ്കേതിക വിദഗ്ദ്ധൻ എന്നതിനെക്കാൾ അദ്ദേഹം മാനവിതയ്ക്കു നൽകിയ സംഭാവനകളാണ് ലോകം കൂടുതൽ  ശ്രദ്ധിക്കേണ്ടിയിരുന്നത്. ഒരു സാധാരണ യാഥാസ്ഥിതിക മുസ്ലീം കുടുംബത്തിൽ പിറന്ന കലാമിന് ലോകത്തെ ഒന്നായി കാണാനും ഇതര മതങ്ങളോട് അസഹിഷ്ണുതാ ലേശമില്ലാതെ ഇടപെടാനുമായി. എല്ലാ മതങ്ങളെയും അംഗീകരിക്കുകയും അവയുടെയൊക്കെ സത്ത ഉൾക്കൊള്ളാനും അദ്ദേഹത്തിനായി. ഒരു ഹിന്ദുവിനെപ്പോലെ  ഹൈന്ദവ ആരാധനാലയങ്ങളിലും സിഖുകാരനെപ്പോലെ സിഖു ഗുദ്വാരകളിലും ജൈനമതവിശ്വാസിയെപ്പോലെ ജൈന ആരാധനാലയങ്ങളിലും പോകാൻ അദ്ദേഹത്തിനു കഴിഞ്ഞു. അതേസമയം ഒരു തികഞ്ഞ മുസൽമാനായി നിസ്ക്കരിക്കാനും മറ്റു മത ചടങ്ങുകളനുഷ്ടിക്കാനും അദ്ദേഹത്തിനു കഴിഞ്ഞു. 

വിശ്വമാനവികതയും സങ്കുചിതമല്ലാത്ത കാഴ്ചപ്പാടുകളുമാണ് ഡോക്ടർ കലാമിനെ അതിനു സഹായിച്ചതെന്ന് വൈ.എസ്.ആർ പറഞ്ഞു. ഇതെല്ലാം മറന്നാണ് ചിലപ്പോൾ ചിലർ കലാമിനെച്ചൊല്ലി വിവാദങ്ങളുണ്ടാക്കാൻ വൃഥാശ്രമം നടത്തിയത്. കലാം ശാസ്ത്രജ്ഞനാണോ സാങ്കേതിക വിദഗ്ദ്ധനാണോ എന്നതായിരുന്നു വിവാദ വിഷയം. ശാസ്ത്രം, സാങ്കേതിക വിദ്യ തുടങ്ങിയ സംജ്ഞകളുടെ അർത്ഥമറിയാതെയാണ് സമൂഹം ഇത്തരം വിവാദങ്ങളുണ്ടാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ശാസ്ത്രവും സാങ്കതിക വിദ്യയും പൊതു സമൂഹം പലപ്പോഴും ഉപയോഗിക്കുന്നത് അവയുടെ കൃത്യമായ അർത്ഥത്തിലല്ല. ശാസ്ത്രത്തിന് നേരിട്ട് മനുഷ്യ സമൂഹത്തിന് ഗുണമുണ്ടാക്കാനാവില്ല. നമ്മളുടെ ജീവിത നിലവാരം കൂടുതൽ മെച്ചപ്പെടുത്തുന്നത് സാങ്കതിക വിദ്യകളുടെ വികാസത്തിലൂടെയാണ്. മനുഷ്യ സമൂഹത്തിനു വിലപ്പെട്ട സംഭാവനകൾ നൽകാൻ സാങ്കേതിക വിദ്യക്കേ കഴിയൂ. നമ്മളുപയോഗിക്കുന്ന ഓരോ ഉപകരണങ്ങളിലും നൂറുകണക്കിന് സാങ്കേതിക വിദ്യകളാണ് ഉപയോഗിക്കുന്നത്.

അങ്ങനെയുള്ള സാങ്കതിക വിദ്യകളുടെ വികസനമാണ് ഏറ്റവും പ്രധാനം. അത്തരത്തിലൊരു മികച്ച സാങ്കേതിക വിദഗ്ദ്ധനും പ്രൊജക്റ്റ് മാനേജരുമായിരുന്നു ഡോക്ടർ കലാം. തന്റെ മേഖലയിൽ അദ്ദേഹം മഹത്തരമായ നേട്ടങ്ങളുണ്ടാക്കുകയും ചെയ്തു. ശാസ്ത്രവും സാങ്കേതിക വിദ്യയും തെറ്റിദ്ധരിക്കപ്പെടുന്ന സാഹചര്യമുണ്ടാക്കിയതിൽ നമ്മുടെ മാധ്യമങ്ങൾക്കും വലിയ പങ്കുണ്ട്. മറ്റെല്ലാ രംഗങ്ങളിലെയും പോലെ മാധ്യമരംഗത്തുമുണ്ടായ മൂല്യച്യുതി കാര്യങ്ങൾ കൂടുതൽ കുഴപ്പത്തിലാക്കി. സാങ്കതിക രംഗത്തിനും രാഷ്ട്രത്തിനും മഹത്തായ സംഭാവനകൾ നൽകിയ ഡോക്ടർ കലാമിനെ ചൊല്ലിയുണ്ടായ വിവാദങ്ങളും ഇതിന്റെയൊക്കെ ഭാഗമായിരുന്നു. അവരുടെയൊക്കെ സംഭാവനകളുടെ ആഴമറിയാതെയാണ് പലരും അത്തരക്കാരെ ഇകഴ്ത്താൻ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തുറന്ന നിരീക്ഷണവും തുറന്ന മനസ്സുമാണ് കാര്യങ്ങൾ വ്യക്തമായും കൃത്യമായും മനസ്സിലാക്കാൻ ആവശ്യം. എന്നാൽ ലോകം കൂടുതൽ കൂടുതൽ സങ്കുചിത ഭാവത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുകയാണ്. അന്വഷികളായ ശാസ്ത്ര കുതുകികൾ ഇങ്ങനെ ഏറ്റവും തുറന്ന സമീപനവും മനസ്സും ഉള്ളവരാകണം. എല്ലാത്തരം അനുഭവങ്ങളും ആർജ്ജിക്കാൻ കളിയുന്നവർക്കേ ലോകത്തിനു കൂടുതൽ നന്മകൾ സമ്മാനിക്കാനാവൂ. എല്ലാത്തരം പുസ്തകങ്ങളും വായിക്കുന്നത് നന്മയെയും തിന്മയെയും കുറിച്ചുള്ള ധാരണ വികസ്വരമാക്കും. അതേസമയം എല്ലാ അനുഭവങ്ങളും എന്നതിന് അതിരു വിട്ടുള്ള അനുഭവങ്ങൾ എന്ന് അർത്ഥമില്ല. അനുഭവങ്ങളുടെ മാത്രമല്ല സ്വാതന്ത്ര്യത്തിന്റെ കാര്യത്തിൽ പോലും നിയന്ത്രണമില്ലായ്മ ഹിതകരമല്ല. തിന്മകളിൽ നിന്നും നന്മകളെ തിരിച്ചറിയാൻ വിവേകം അവശ്യമാണ്. പുതിയ തലമുറ ആത്മനിയന്ത്രണത്തോടെയുള്ള അന്വേഷണങ്ങളിലൂടെ ഈ തിരിച്ചറിയൽ സ്വായത്തമാക്കണം. ആത്മ നിയന്ത്രണത്തിനു പകരം നിയന്ത്രണങ്ങൾ വെയ്ക്കുന്നത് ശരിയല്ല. ചങ്ങലക്കെട്ടുകൾ പൊട്ടിക്കാനുള്ള ത്വര മനുഷ്യ സഹജമാണ് എന്നും ഡോക്ടർ ഓർമ്മിപ്പിച്ചു.

ഐ.എസ്.ആർ.ഓയിലെ ദീർഘകാല സേവനത്തിനൊപ്പം കവിതാ സരണിയിലും ഗ്രന്ഥരചനയിലും വിലപ്പെട്ട സംഭാനകൾ നൽകിയ വ്യക്തിയാണ് ഡോക്ടർ വൈ.എസ്.ആർ. ഐ.എസ്.ആർ.ഓയിലെ വിവിധ തസ്തികകൾക്കു പുറമേ പഞ്ചാബ് സാങ്കേതിക സർവ്വകലാശാലാ വൈസ് ചാൻസലർ, നളന്ദ സർവ്വകലാശാലാ ബോർഡ് ചെയർമാൻ എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ഒരു ശാസ്ത്ര‍ജ്ഞനും ഒരു നല്ല വ്യക്തിയും എങ്ങനെയായിരിക്കണം എന്നതിന് ഒരു മികച്ച ഉദാഹരണം തന്നെയാണ് അദ്ദേഹം. എന്നാൽ താനടക്കം ആരെയും റോൾ മോഡലുകളാക്കുകയല്ല മറിച്ച് സ്വയം പുതിയ ലക്ഷ്യങ്ങൾ സൃഷ്ടിച്ച് അവ നേടിയെടുക്കുകയാണ് വേണ്ടതെന്ന് അദ്ദേഹം പുതു തലമുറയെ ഓർമ്മിപ്പിക്കുന്നു. ഇക്കാര്യത്തിൽ ഡോക്ടർ എ.പി.ജെ. അബ്ദുൾകലാമിനെപ്പോലും മാതൃകയാക്കരുത് എന്നാണ് അദ്ദേഹത്തിന്റെ പക്ഷം. കലാം ഒരു യാഥാർത്ഥ്യമാണ്. പക്ഷേ പുതിയ കാലത്തിന്റെ യാഥാർത്ഥ്യങ്ങൾ ഉൾക്കൊണ്ട് ലേകത്തിനു കൂടുതൽ കാര്യങ്ങൾ ചെയ്യുന്നതിലാവണം പുതു തലമുറ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. യാഥാർത്ഥ്യങ്ങൾ യാഥാർത്ഥ്യങ്ങളായി അംഗീകരിച്ചാലേ നേട്ടങ്ങൾ കൈപ്പിടിയിലൊതുക്കാനാവൂ. അതു രാജ്യങ്ങൾക്കു മാത്രമാവരുത് സകല ലോകത്തിനും ഗുണകരവുമാകണം. ഡോക്ടർ വൈ.എസ്.ആറെന്ന ജ്ഞാന ദേഹത്തിൽ നിന്നും വാക്കുകൾ ഒഴുകുകയാണ്. അതിന് സുബ്രഹ്മണ്യ ഭാരതിയും ബ്രഹ്തും കാൾ മാർക്സും ഉപനിഷത്തുക്കളുമൊക്കെ തിളക്കമേറ്റുന്നു.

You might also like

Most Viewed