മാതൃകാപരം, അനിവാര്യം...
ഒടുവിൽ ജയരാജത്രയത്തിലെ കരുത്തൻ അധികാരക്കസേര വിട്ടൊഴിഞ്ഞിരിക്കുന്നു. ഇതൊരു നല്ല മാതൃക തന്നെയാണ്. അഴിമതിക്കും സ്വജന പക്ഷപാതത്തിനും ഒക്കെയെതിരെ നിലപാടെടുക്കുമെന്നു പ്രതിജ്ഞാബദ്ധമായ ഇടതുപക്ഷം അതിന്റെ ഏറ്റവും കരുത്തരിൽ ഒരാൾക്കെതിരേയാണ് നടപടിയെടുത്തിരിക്കുന്നത്. സമീപകാല അനുഭവങ്ങൾ വെച്ച് ഇതൊക്കെ തികച്ചും അത്ഭുതകരം എന്നു തന്നെ വിലയിരുത്തേണ്ടി വരും. ഒരു മന്ത്രിസഭയിലെ ഭൂരിപക്ഷം അംഗങ്ങളും അഴിമതിയാരോപണങ്ങളുടെ കുന്തമുനയിൽ നിന്നപ്പോഴും അതിനെയെല്ലാം തെളിവില്ല എന്ന ഒറ്റയുത്തരം കൊണ്ടു നേരിട്ട ഒരു മുഖ്യമന്ത്രിയെ നമുക്കു മറക്കാറായിട്ടില്ല. കേരള ജനതയുടെ പ്രതികരണ ശേഷിയെക്കുറിച്ച് നല്ല ധാരണയുണ്ടായിട്ടും അവരുടെ സഹനശേഷിയെ ആവർത്തിച്ചു പരീക്ഷിച്ചുകൊണ്ട് അഴിമതിയുടെ പുത്തനുയരങ്ങൾ തേടുന്നതിലായിരുന്നു ആ മന്ത്രിസഭയ്ക്കു താൽപ്പര്യം. അതുകൊണ്ടു തന്നെയാണ് വികസന കാര്യത്തിൽ വളരെയേറെ മുന്പോട്ടു പോയിട്ടും യു.ഡി.എഫ് സർക്കാരിനെ പൊതുജനം ചുരുട്ടിക്കെട്ടി വലിച്ചെറിഞ്ഞത്.
പാർട്ടിയെ സംബന്ധിച്ചിടത്തോളം എന്നും ഏറെ ത്യാഗങ്ങൾ സഹിച്ച് അതിനു കരുത്തായ വ്യക്തിയാണ് ഇ.പി.ജയരാജനെന്ന നേതാവ്. അദ്ദേഹത്തിന്റെ ജീവൻ പോലും അപകടപ്പെടുത്തുന്ന തരത്തിലുള്ള ആക്രമണങ്ങൾ അദ്ദേഹത്തിനെതിരെ ഉണ്ടായത് അദ്ദേഹം ഒരു രാഷ്ട്രീയ കക്ഷിയുടെ നേതാവായതുകൊണ്ടു മാത്രമാണ്. പാർട്ടിക്കു വേണ്ടി സാന്പത്തിക സ്രോതസ്സുകൾ കണ്ടെത്തി ഉപയുക്തമാക്കുന്നതിലും കാലികവും പ്രായോഗികവുമായ സമീപനമാണ് ജയരാജനെന്ന നേതാവ് എന്നും കൈക്കൊണ്ടത്. എന്നിരിക്കിലും ഇ.പി ജയരാജനെന്ന രാഷ്ട്രീയ നേതാവിന്റെ ധാർമ്മികതയുടെ ഔന്നിത്യമാണ് രാജിയെന്ന് വിലയിരുത്താനാവുമോ എന്ന കാര്യം പക്ഷേ സംശയകരമാണ്. മന്ത്രി എന്ന നിലയിലും സി.പിഐ.എമ്മിന്റെ ഉന്നത നേതാവ് എന്ന തലത്തിലുമൊക്കെ സ്വന്തം ചെയ്തികൾ കൊണ്ട് അദ്ദേഹം ചെയ്തു കൂട്ടിയ കാര്യങ്ങൾ തന്നെയാണ് അതിനു കാരണം.
മന്ത്രിസ്ഥാനത്ത് ഭരണപരമായ എന്തൊക്കെ മികവുകൾ സൃഷ്ടിക്കാൻ അദ്ദേഹത്തിനു കഴിയുമായിരുന്നു എങ്കിലും ആ കസേരയിലിരുന്ന കാലത്ത് സ്വന്തം പ്രതിച്ഛായ കൂടുതൽ മോശമാക്കുന്ന പ്രവൃത്തികളാണ് ജയരാജന്റെ ഭാഗത്തു നിന്നുണ്ടായത്. അതിൽ ഒന്നാമത്തേതായിരുന്നു മുഹമ്മദാലി സംഭവം. ഇതിഹാസ ബോക്സിംഗ് താരം മുഹമ്മദാലിയുടെ നിര്യാണത്തെക്കുറിച്ച് പ്രതികരണമാരാഞ്ഞ ഒരു പ്രമുഖ ചാനലവതാരകയോട് മന്ത്രി പ്രതികരിച്ചപ്പോൾ മുഹമ്മദാലി കേരളത്തിന്റെ കായികരംഗത്തിനു വിലപ്പെട്ട സംഭാവനകൾ നൽകിയ മഹാനാവുകയായിരിന്നു. എല്ലാവരും മുഹമ്മദാലിയെ അറിയണമെന്നില്ല. രാഷ്ട്രീയക്കാരെല്ലാം സർവ്വ വിജ്ഞാനകോശങ്ങൾ ആകണമെന്നുമില്ല. എന്നാൽ ഒരു സംസ്ഥാനത്തിന്റെ മന്ത്രി, അതും കായിക വകുപ്പിന്റെ ചുമതല വഹിക്കുന്ന മന്ത്രി അത് അറിഞ്ഞിരിക്കണമെന്ന് നമ്മളൊക്കെ ആഗ്രഹിക്കും. അതിനും ആയില്ലെങ്കിൽ വിവരമുള്ള സ്വന്തം ഉദ്യോഗസ്ഥരുടെ ഉപദേശം തേടിയിട്ടാവണം വിവരവും വകതിരിവുമുള്ള മന്ത്രിമാർ അത്തരം അവസരങ്ങളിൽ പ്രതികരിക്കേണ്ടത് എന്ന കാര്യവും അന്നു മന്ത്രി മറന്നു.
ഒളിന്പ്യൻ അഞ്ജു ബോബി ജോർജ് വിവാദത്തിൽ രാഷ്ട്രീയവും അഴിമതിയുമടക്കം മറ്റു പല തലങ്ങളുമുണ്ട്. എന്നാൽ ഇത്തവണ ഒളിന്പിക്സിൽ നേട്ടമുണ്ടാക്കിയ കായിക താരങ്ങളെ അനുമോദിക്കുന്ന വേളയിലും മന്ത്രി നമ്മുടെ കായിക മന്ത്രാലയത്തിനും ആ കസേരയ്ക്കും നാണക്കേടായ സംഭവത്തിന്റെ വീഡിയോയും വൈറലായിരുന്നു. അറിവുള്ളവരെന്ന് ആഗോള തലത്തിൽ തന്നെ മേനിനടിക്കുന്ന മലയാളിയുടെ കായികാധികാരിക്ക് ഇന്ത്യ ഇത്തവണ നേടിയ മെഡലുകളുടെ എണ്ണം പോലും കൃത്യമായി അറിയില്ലെന്നത് വ്യക്തമാക്കുന്നതായിരുന്നു ആ പ്രസംഗം. കായിക താരങ്ങൾക്ക് ഇല്ലാത്ത പേരുകൾ സൃഷ്ടിച്ചു കൊണ്ടും മന്ത്രി അന്ന് ഉളുപ്പില്ലായ്മയുടെ പുത്തൻ തലങ്ങളിലേയ്ക്ക് നിപതിച്ചു. ഒരുതുണ്ടു പേപ്പറിൽ മെഡലെണ്ണവും പേരുകളും എഴുതിയാൽ തീർക്കാവുന്ന പ്രശ്നമായിരുന്നു അത്. കരുത്തനായ രാഷ്ട്രീയ നേതാവ് ഭരണതലത്തിൽ അന്പേ പരാജയമാകാമെന്നതിന്റെ മകുടോദാഹരണമാവുകയായിരുന്നു ഇ.പി ജയരാജൻ. ഇതുക്കും മേലെയായി ബന്ധു നിയമന വിവാദം.
നമ്മളുകൊയ്യും വയലുകളെല്ലാം നമ്മുടേതാകും പൈങ്കിളിയേ എന്ന ആവേശമുണർത്തുന്ന വരികൾ വെച്ച് ശത്രുക്കൾക്ക് പാരഡിയൊരുക്കാനുള്ള അവസരമൊരുക്കുകയായിരുന്നു മന്ത്രി ജയരാജൻ. ശരിക്കും പറഞ്ഞാൽ ഗ്രഹണി പിടിച്ച കുട്ടികൾ ചക്കക്കൂട്ടാൻ കണ്ട പോലെ എന്ന് പഴഞ്ചൊല്ല് അന്വർത്ഥമാക്കുകയായിരുന്നു അദ്ദേഹം. തനിക്ക് ആവുന്ന സ്ഥാനങ്ങളിലൊക്കെ സ്വന്തം ബന്ധുക്കളെ നിയമിച്ചു എന്നതു മാത്രമല്ല ഇക്കാര്യത്തിൽ മന്ത്രി ചെയ്ത തെറ്റ്. നിയമിക്കപ്പെട്ടവരിൽ പലരും മതിയായ യോഗ്യതകളില്ലാത്തവരായിരുന്നു. അവരിൽ പലരുടെയും യോഗ്യത അവരുടെ ചിറ്റപ്പൻ മന്ത്രിയായിരുന്നു എന്നത് മാത്രമായിരുന്നു. ഏതായാലും ഒടുവിൽ ചിറ്റമ്മ നയം മാത്രമല്ല ചിറ്റപ്പൻ നയവും പാർട്ടി വെച്ചു പൊറുപ്പിക്കില്ല എന്നു വ്യക്തമാക്കിയിരുന്നു. പാർട്ടിയുടേത് തികച്ചും മാതൃകാപരമായ നടപടിയാണ്. എന്നാൽ നേതാവിന്റേത് സ്വന്തം നാണംകെട്ട ചെയ്തികൾ പിടിക്കപ്പെട്ടതുകൊണ്ട് ഗതികെട്ടുള്ള പടിയിറക്കം മാത്രം.