മുതലെടുപ്പിന്റെ ചോരക്കളി...
വീണ്ടുമൊരിക്കൽക്കൂടി കണ്ണൂരിന്റെ മണ്ണ് ചോരയിൽ കുതിർന്നിരിക്കുന്നു. കൊല്ലപ്പെട്ടത് സി.പിഎമ്മിന്റെ ലോക്കൽ കമ്മറ്റിയംഗം. ‘ചത്തതു കീചകനെങ്കിൽ’ തിയറിപ്രകാരം സ്വാഭാവികമായും കൊന്നത് ആർ.എസ്.എസ്സുകാരാണെന്ന ആരോപണവും വന്നു കഴിഞ്ഞു. എന്നാൽ രാഷ്ട്രീയ വർണ്ണങ്ങളുള്ള കണ്ണാടികൾ മാറ്റിവെച്ചു നോക്കുന്പോൾ വ്യക്തമാകുന്ന ചിത്രം തികച്ചും വ്യത്യസ്ഥമാണ്. അങ്ങനെ കാണുന്പോൾ അകാലത്തിൽ ജീവൻ നഷ്ടമായിരിക്കുന്നത് ഒരു സാധാരണക്കാരനാണ്. അടിസ്ഥാന വർഗ്ഗത്തിന്റെ പ്രതിനിധിയായ ഒരു ചെത്തുതൊഴിലാളി. ഒ.ടി സുചിത്രയെന്ന സാധാരണക്കാരിയായ സ്ത്രീയുടെ ജീവിത പങ്കാളി. മിഥുന്റെയും സ്നേഹയുടെയും സ്നേഹനിധിയായ അച്ഛൻ. ഇതൊക്കെ 50 വയസ്സു മാത്രമുണ്ടായിരുന്ന കുഴിച്ചാലിൽ മോഹനനെന്ന രക്തസാക്ഷിയെക്കുറിച്ചുള്ള സാധാരണ നിഗമനങ്ങളാണ്.
അദ്ദേഹത്തിന് ഒരുപക്ഷേ പ്രായമായ മാതാപിതാക്കളുണ്ടാവും. അവരടക്കം പലരുടെയും അത്താണിയായിരുന്നിരിക്കാം അയാൾ. മോഹനനിലൂടെ അദ്ദേഹം അംഗമായിരുന്ന രാഷ്ട്രീയ കക്ഷിയ്ക്ക് ആചരിക്കാൻ ഒരു രക്ത സാക്ഷിയെക്കൂടി ലഭിച്ചിരിക്കുന്നു. അണികൾക്ക് ആർത്തു വിളിച്ച് ആവേശം കൊള്ളാൻ ഒരു പേരു കൂടി. പക്ഷേ മോഹനന്റെ കുടുംബാംഗങ്ങളുടെ മനസ്സുകളിൽ ഒരിക്കലും മായാത്ത മുറിപാടായി മാറിയിരിക്കുന്നു അയാൾ. ആരൊക്കെ എന്തൊക്കെ സഹായിച്ചാലും സഹകരിച്ചാലും ഒരിക്കലും ഒരുതരത്തിലും നികത്താനാകാത്ത നഷ്ടമായിരിക്കുന്നു അയാൾ. സുചിത്രയുടെ ജീവിതത്തിൽ ഇനി നല്ലപകുതി നഷ്ടത്തിന്റെതാണ്. അവരുടെ കരുതലിന്റെ കൈത്താങ്ങ് പെട്ടന്ന് ഇല്ലാതായിരിക്കുന്നു. ഇനി അവരുടെ രാവുകളും പകലുകളും ഒരുപരിധിവരെ അപൂർണ്ണതയുടേതാണ്. “അച്ഛനോട് പറ.” “അച്ഛനോട് ചോദിക്ക്”, “അച്ഛൻ വരട്ടെ...” എന്നിങ്ങനെയുള്ള വാചകങ്ങൾ ഇനി മക്കളോടു പറയാൻ അവർക്കാവില്ല. ആ വാക്കുകൾ കേൾക്കുന്പോൾ ഇനിയങ്ങോട്ട് ആ ഭാര്യയുടെ നെഞ്ചകം വിങ്ങിപ്പൊട്ടുമെന്നുറപ്പ്. മിഥുനെയും സ്നേഹയെയും മോഹന്റെ സുഹൃത്തുക്കൾ സ്നേഹവും കരുതലും കൊണ്ട് പൊതിഞ്ഞേക്കാം. പക്ഷേ ആ സ്നേഹവും കരുതലുമൊന്നും അവരുടെ അച്ഛന്റെേതല്ല. ഇനിയൊരിക്കലും അവർക്ക് അച്ഛന്റെ ഭൗതിക സാമീപ്യം ലഭിക്കില്ല.
മോഹനും സുചിത്രയും മിഥുനും സ്നേഹയുമൊക്കെ വർത്തമാനകാല യാഥാർത്ഥ്യങ്ങളാണ്. ഒപ്പം ഭൂമിമലയാളം കണ്ണു തുറന്നു പിടിയ്ക്കുന്നു എന്നവകാശപ്പെടുന്പോഴും അതിനെ ബാധിച്ചിരിക്കുന്ന അന്ധതയുടെ പ്രതീകങ്ങൾ കൂടിയാണ് അവർ. ജീവിക്കാനുള്ളതെല്ലാം ഒരുക്കിവച്ച ഭൂമി നമുക്കു നൽകുന്ന ജീവിത സാദ്ധ്യതകളെ പുറംകാലുകൊണ്ടു തട്ടിത്തെറിപ്പിക്കുന്ന മനുഷ്യ മൗഢ്യത്തിന്റെ പരിണിത ഫലങ്ങളാണ് വാസ്തവത്തിൽ ഇത്തരം കൊലപാതകങ്ങൾ. രാഷ്ട്രീയം മനുഷ്യനന്മയ്ക്കായി മാത്രമായിരിക്കണം എന്ന തത്വം അട്ടിമറിക്കപ്പെടുന്നു. രാഷ്ട്രീയം മനുഷ്യനു വേണ്ടിയാവണം എന്ന തത്വം പോലും പാലിക്കപ്പെടുന്നുണ്ടോ എന്നും സംശയം. നന്മയും പുരോഗതിയും സുരക്ഷിതത്വവുമൊക്കെയാവണം രാഷ്ട്രീയത്തിന്റെ ഗുണഫലങ്ങൾ. മോഹനൻ എന്ന സാധാരണക്കാരന്റെ മരണം രാഷ്ട്രീയ കൊലപാതകം തന്നെ ആയിരുന്നിരിക്കാം. അതെന്തായാലും അയാളുടെ ഭൗതിക ജീവിതം ഇല്ലാതായിരിക്കുന്നു. അയാളുടെ വേണ്ടപ്പെട്ടവർക്ക് അവരുടെ ജീവിതത്തിൽ നിന്നും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം എന്നെന്നേയ്ക്കുമായി നഷ്ടമായിരിക്കുന്നു. അങ്ങനെ വരുന്പോൾ അവർക്കൊക്കെ രാഷ്ട്രീയം സമ്മാനിച്ചത് നല്ല ഫലങ്ങളല്ല എന്നു വരുന്നു. ഇത്തരത്തിൽ രാഷ്ട്രീയം മൂലം സ്വന്തം ജീവിതങ്ങൾ കൈവിട്ടുപോയ ഒരുപാടു പേരുണ്ട്. അതിൽ ഏറെയും സാധാരണക്കാരാണ്. ഇത്തരത്തിലുള്ള ഉന്മൂലനങ്ങൾ കൊണ്ട് ലോകം മാറ്റിമറിക്കാമെന്ന ധാരണ കേവലം അബദ്ധധാരണയാണ്. ഇങ്ങനെ ജീവിതത്തിൽ നിന്ന് ഇടയ്ക്കിറങ്ങിപ്പോകേണ്ടി വരുന്നവരെ രക്തസാക്ഷികളെന്നും ബലിദാനികളെന്നുമൊക്കെ പേർചൊല്ലി വിളിച്ച് രാഷ്ട്രീയ തട്ടകങ്ങൾ നടത്തുന്നത് വാസ്തവത്തിൽ രാഷ്ട്രീയ മുതലെടുപ്പു തന്നെയാണ്.
കൊല്ലുന്നവനും കൊല്ലപ്പെടുന്നവനും സാധാരണക്കാരാണ്. സാധാരണക്കാർ മാത്രമാണ്. പക്ഷഭേദമന്യേ നേതാക്കൾ സുരക്ഷിതരാണ്. രാഷ്ട്രീയജ്വരബാധ മൂലം ഗോദയിൽ വെളിച്ചപ്പാടുകളെപ്പോലെ ഉറഞ്ഞുതുള്ളി വെട്ടിയും കുത്തിയും ഒടുവിൽ വെട്ടും കുത്തുമേറ്റു പിടഞ്ഞു വീഴുന്നത് സാധാരണക്കാരാണ്. എരിതീയിൽ എണ്ണയൊഴിച്ച് തീ വീണ്ടുമാളിച്ച് അതിലേക്ക് ഈയാന്പാറ്റകലെ പോലെ അണികളെ ഹോമിച്ചു മുതലെടുപ്പു നടത്തുന്ന രാഷ്ട്രീയ നേതൃത്വങ്ങൾ എന്നും ചില്ലുമേടകളിലാണ്. അവർ സുരക്ഷിതരാണ്. അവരുടെ മക്കളും ബന്ധുക്കളും ആശ്രിതരും സുരക്ഷിതരാണ്. അവർക്കൊക്കെ ജീവിത സൗഭാഗ്യങ്ങൾ ഉറപ്പാണ്. അർഹതയെന്നത് ബന്ധുത്വമെന്ന് തിരുത്തപ്പെടുന്നു. അവർ ബുദ്ധിമാന്മാരാണ്. അഴിമതിയുടെ നടുമുറികൾ വെട്ടിവിഴുങ്ങുന്പോഴും അണികളെ അന്ധരാക്കി നിലനിർത്താൻ പക്ഷഭേദമന്യേ നമ്മുടെ രാഷ്ട്രീയ നേതൃത്വങ്ങൾ പുലർത്തുന്ന കയ്യടക്കം അത്ഭുതാവഹമാണ്.
നേതാക്കളുടെ കൺകെട്ടു വിദ്യകളിൽ നഷ്ടം പാവപ്പെട്ട സാധാരണക്കാരനു മാത്രമാണ്. കണ്ണു തുറക്കേണ്ടതും കരുതൽ കാട്ടേണ്ടതും നമ്മൾ സാധാരണക്കാരാണ്. സാധാരണക്കാർ മാത്രമാണ്.