സത്യം പറഞ്ഞാൽ


സത്യം പറഞ്ഞില്ലങ്കിൽ അച്ഛൻ പട്ടിയിറച്ചി തിന്നും. പറഞ്ഞാൽ അമ്മ ഉറപ്പായും അച്ഛന്റെ കയ്യിൽ നിന്നും വാങ്ങിച്ചു കെട്ടും. പറഞ്ഞു പഴകിയ കഥയാണ്. എങ്കിലും സർവ്വകാല പ്രസക്തവും. ഭർത്താവിനോടുള്ള വിരോധം തീർക്കാൻ അദ്ദേഹത്തിനു പട്ടിയിറച്ചി പാകം ചെയ്തു വിളന്പിയ അമ്മയുടെ ചെയ്തിയറിഞ്ഞ മകന്റെ മനോഗതമാണ് ഇത്. വാസ്തവത്തിൽ ഇത് ദുരവസ്ഥ തന്നെയാണ്. പല സത്യങ്ങളും കാണുന്പോൾ സത്യസന്ധരായ മാധ്യമ പ്രവർത്തകർക്കുണ്ടാകുന്നതും ഈ ദുരവസ്ഥ തന്നെയാണ്. മേൽപ്പറഞ്ഞ കഥയിൽ സത്യം പറഞ്ഞാൽ തല്ലു കൊള്ളുന്നത് മാതാവാണ്. നേരനുഭവത്തിലാവട്ടെ ഇഷ്ടക്കേടുകളുണ്ടാക്കുന്ന സത്യങ്ങൾ പറയുന്ന മാധ്യമപ്രവർത്തകരുടെ മേലാവും സത്യ വിരോധികൾ കുതിരകയറുക. അപ്രിയ സത്യങ്ങൾ പറയാതിരിക്കുന്നതാണ് സാധാരണക്കാർക്ക് അഭികാമ്യം. എന്നാൽ മാദ്ധ്യമപ്രവർത്തകർ സത്യങ്ങൾ പറയാതിരുന്നാൽ അത് ക‍ൃത്യ വിലോപവും ധാർമ്മികതയ്ക്കു ചേരാഴികയുമാകും. 

ചുരുക്കത്തിൽ പറയാനും വയ്യ പറയാതിരിക്കാനും വയ്യ എന്നതാണ് സ്ഥിതി. പരിക്കേൽക്കാതെ പറയാൻ പലപ്പോഴും ആശ്രയം പഴങ്കഥകൾ തന്നെയാണ്. അങ്ങനെയൊരു കഥ കൂടി നമുക്ക് പുനരാവർത്തനം ചെയ്യാം. അതും പ്രശസ്തമായ കഥ തന്നെയാണ്. വള്ളക്കാരന്റെ കഥ. വള്ളക്കാരൻ നല്ലവനാണ്. എതു പാതിരാത്രിക്കും കർമ്മ നിരതൻ. ആൾ ഉറക്കത്തിൽ നിന്നുണർന്നും അക്കരെകടത്തും. എന്നാലും നാട്ടുകാർ അദ്ദേഹത്തെക്കുറിച്ച് നല്ലതു പറഞ്ഞിരുന്നില്ല. അതിനുകാരണം കടത്തുകാരൻ തന്നെയായിരുന്നു. അക്കരെയിക്കരെ കടത്തുന്പോൾ വള്ളം പൂർണ്ണമായും കരയ്ക്കടുപ്പിക്കാറില്ല എന്നതായിരുന്നു വള്ളക്കാരന്റെ കുഴപ്പം. കരയോടടുത്ത് കാൽപ്പാദം വെള്ളത്തിൽ മുങ്ങാൻ പാകത്തിന് വള്ളം നിർത്തുന്നതായിരുന്നു വള്ളക്കാരന്റെ വിനോദം. വിലകൂടിയ ചെരുപ്പുകൾ ധരിച്ചെത്തുന്നവർ ചെരുപ്പൂരി കയ്യിൽ പിടിച്ച് വെള്ളത്തിലേക്ക് കാലുവയ്ക്കുന്പോൾ ശാപവാക്കുകൾ പറയുന്നത് പതിവായിരുന്നു. അതും വള്ളക്കാരൻ ആസ്വദിച്ചിരുന്നു. 

ഒടുവിൽ അയാൾ ശയ്യാവലംബിയായി. മരണക്കിടക്കയിൽ അയാൾ തന്റെ പിൻഗാമിയായ മകനെ അടുത്തു വിളിച്ചു തനിക്കൊരു അന്ത്യാഭിലാഷം സാധിക്കാനുണ്ട് എന്നു പറഞ്ഞു. തന്നെക്കൊണ്ട് ആവുന്നതെന്തും സാധിക്കാമെന്ന് മകൻ അച്ഛന് ഉറപ്പു നൽകി. അതുകേട്ട് അച്ഛൻ വള്ളകാരൻ പറഞ്ഞു. എന്റെ ചില കുസൃതികൾ കൊണ്ട് ഞാൻ ഒരുപാടു ശാപങ്ങളും ചീത്തപ്പേരും വരുത്തി വച്ചിട്ടണ്ട്. നീ ആ പേരു ദോഷം മാറ്റണം. 

അച്ഛന്റെ ആവശ്യം നിസാരമാണെന്നും അതു അദ്ദേഹത്തിന്റെ  പേരുദോഷം താൻ മാറ്റുമെന്നും മകൻ ഉറപ്പു നൽകി. അതു കേട്ട് അച്ഛൻ സമാധാനാത്തോടേ കണ്ണടച്ചു. 

മകൻ കടത്തു ജോലി ആരംഭിച്ചു. ആളെക്കയറ്റി അയാൾ വള്ളം അക്കരയ്ക്ക് തുഴഞ്ഞു. അക്കരെ മുട്ടറ്റം വെള്ളമുള്ളിടത്ത് എത്തിയപ്പോൾ അയാൾ ജനങ്ങളോട് ഇറങ്ങിക്കൊള്ളാൻ നിർദ്ദേശിച്ചു. യാത്രക്കാർ അന്പരന്നു. വള്ളം കരയ്ക്കടുപ്പിക്കണമെന്ന് അവർ ആവശ്യപ്പെട്ടു. അയാൾ വഴങ്ങിയില്ല. യാത്രക്കാർ ബഹളം വെച്ചു. അയാളുടെ നിലപാടിൽ മാറ്റമുണ്ടായില്ല. ജനങ്ങൾ ഇറങ്ങിയില്ലെങ്കിൽ താൻ വള്ളം തിരിച്ചു വിടുമെന്ന് അയാൾ ഭീഷണി മുഴക്കി. ഒടുവിൽ ഗത്യന്തരമില്ലാതെ യാത്രക്കാർ ഒന്നൊന്നായി മുട്ടറ്റം വെള്ളത്തിലേയ്ക്ക് ചാടിയിറങ്ങി. അവർ പുതിയ വള്ളക്കാരന്റെ മര്യാദ കേടിനെക്കുറിച്ച് പല തരത്തിൽ പഴി പറഞ്ഞുകൊണ്ടിരുന്നു. അവരെല്ലാം ഒരു കാര്യത്തിൽ ഒറ്റക്കെട്ടായിരുന്നു. ആ പഴയ വള്ളക്കാരൻ എത്ര ഭേദമായിരുന്നു എന്ന്. ഇതുകേട്ട് മകൻ വള്ളക്കാരൻ ഊറിച്ചിരിച്ചു. അയാൾ മനസ്സിൽ പറഞ്ഞു. അച്ഛാ, ഞാൻ എന്റെ വാക്കു പാലിച്ചിരിക്കുന്നു. അങ്ങയെക്കുറിച്ച് ജനങ്ങൾ നല്ലതു പറഞ്ഞുതുടങ്ങിയിരിക്കുന്നു. 

ഈ പറഞ്ഞ കഥ കേട്ടാൽ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി ഊറിച്ചിരിക്കും എന്നുറപ്പ്. പുതിയ മുഖ്യമന്ത്രിയാവട്ടെ ചിരിക്കില്ലെന്നുറപ്പ്. അത് കഥയറിയാത്തതിനാലോ ചിരിക്കാനറിയാത്തതിനാലോ ആവില്ല. എന്നാൽ യാത്രക്കാരായ പൊതുജനങ്ങളുടെ കാര്യമാണ് ഇതിലേറെ കഷ്ടം. ചിരിക്കണോ കരയണോ എന്ന് അറിയാനാവാത്ത അവസ്ഥയിലാണ് ഭൂമിമലയാളത്തിൽ പലരും. കഥ തിരിച്ചറിയാനാവാത്തുകൊണ്ടോ കഥയുടെ വർത്തമാനകാലപ്രസക്തി തിരിച്ചറിയാത്തതുകൊണ്ടോ അല്ല അത്. കഥയില്ലായ്മകളുടെ കുത്തൊഴുക്കിൽ നിസ്സഹായത അവരുടെ ചിരികെടുത്തിയിരിക്കുന്നു. വള്ളക്കാരൻ തുഴയാനറിയുന്നവനാണ്. സ്വന്തം വാക്കു പാലിച്ചവനുമാണ്. എല്ലാം ശരിയാകുമെന്ന് നമുക്ക് പ്രത്യാശിക്കാം.

You might also like

Most Viewed