ചൈനീസാണ് സംഗതി...
കാലുവാരിമുക്കിലെ പ്രധാന സാംസ്കാരിക കേന്ദ്രമാണ് ടൂറിസ്റ്റു ഹോട്ടൽ. പേരിൽ ടൂറിെസ്റ്റന്നുണ്ടെങ്കിലും കടതുറന്നതിൽ പിന്നെ ഇന്നുവരെ പേരിനുപോലും ഒരൊറ്റ ടൂറിസ്റ്റും ഹോട്ടലിൻെറ പടി ചവിട്ടിയിട്ടില്ല. എന്നാലും നാട്ടിലെ രാഷ്ട്രീയ സാമൂഹ്യ തിലകങ്ങളുടെ പ്രിയപ്പെട്ട സമ്മേളനസ്ഥലമാണ് ടൂറിസ്റ്റു ഹോട്ടൽ. സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വിഷയങ്ങളിലെല്ലാം ആഴത്തിലുള്ള ചർച്ചകൾക്ക് പതിവു വേദിയാണ് ടൂറിസ്റ്റിന്റെ മേശകസേരകൾ. ചർച്ച നടക്കുന്നത് ഒരു നാടൻ ഹോട്ടലിലായതു കൊണ്ട് അതിന്റെ നിലവാരം താഴ്ന്നതാണെന്ന ശങ്ക വേണ്ട. തൊട്ടടുത്തുള്ള വായനശാലയിൽ നിന്നുള്ളതടക്കം കിട്ടാവുന്നത്ര പത്ര മാസികാദികളും വായനശാലയിലെ ചില്ലലമാരയിൽ നിന്നുള്ള സന്പന്നമായ പുസ്തക ശേഖരവും കൊണ്ട് തലച്ചോറിനെ പവിത്രീകരിച്ചവരാണ് സ്വമേധയാ ചർച്ചകളെ സന്പുഷ്ടമാക്കുന്നത്. അല്ലാതെ ഭൂരിപക്ഷം ചാനലുകളിലെയും പോലെ കൂലിക്ക് ആർക്കും വേണ്ടാത്തവന്മാരെ പിടിച്ചു വച്ച് മനുഷ്യനെ മിനക്കെടുത്തുകയല്ല എന്നു ചുരുക്കം. കാലം പോകപ്പോകെ കാലുവാരിമുക്കിലെ സാംസ്കാരിക നായകന്മാരായ തൈക്കിളവന്മാർ തൊട്ട് മുതകിളവന്മാരുടെ വരെ കൈകളിൽ സ്മാർട് ഫോണുകളും ടുജി, ത്രീജിയുമൊക്കെയെത്തിയതോടേ അപ്ഡേഷന്റെ കാര്യത്തിലും അന്പരപ്പിക്കുന്ന പുരോഗതി കൈവന്നു. പരമാവധി അഞ്ചു മിനിട്ടുകൊണ്ടു കുടുച്ചു തീർക്കാവുന്ന കാലിച്ചായ രണ്ടും മൂന്നും മണിക്കൂറെടുത്തു കുടിച്ചുകൊണ്ട് സാംസ്കാരിക മേലാന്മാർ അന്നും ചർച്ച തുടരുകയാണ്. സമകാലീന സംഭവങ്ങൾ തന്നെയാണ് ചർച്ചക്കു വിഷയമെന്ന കാര്യത്തിൽ സംശയം വേണ്ട.
രാജ്യ ദ്രോഹികൾ, ഇവമ്മാരടെ, ഈ ചൈനേടെ ലക്ഷ്യം വേറെയാണ്... കുട്ടേട്ടനാണ് നിലവിൽ സംസാരിച്ചുകൊണ്ടിരിക്കുന്നത്. ഇന്ത്യാ പാക് പ്രശ്നവും പാകിസ്ഥാനോടുള്ള ചൈനയുടെ പ്രതിപത്തിയുമാണ് വിഷയം. “പാകിസ്ഥാന്റെ മര്യാദയില്ലായ്മയ്ക്ക് ചൈനയെന്തു പിഴച്ചു കുട്ടേട്ടാ.” വിപ്ലവം കരുണേട്ടന് കുട്ടേട്ടൻ ചൈനയെ തൊട്ടത് അത്ര പിടിച്ചില്ല. “അതിനു കാരണമുണ്ട് കരുണാ. നീ കിടന്നു ചുമ്മാ ചീറാതെ.” കുട്ടേട്ടന്റെ പ്രതികരണം പെട്ടെന്നായിരുന്നു. “എന്നാപ്പിന്നെ കുട്ടേട്ടൻ കാര്യം പറ. പഞ്ചായത്തിന്റെ പരിപാടികളുള്ളതിനാൽ ഞാനതത്രക്കങ്ങു ശ്രദ്ധിച്ചില്ല. സുകുവേ... ഒരു ചായ കടുപ്പത്തില്. പഞ്ചാര വേണ്ടാാാ... “. പ്രസിഡണ്ട് കുശിനിയിലേക്കു നോക്കി നീട്ടിപ്പറഞ്ഞു. പ്രസിഡണ്ടിന്റെ പാകം ചായയടിക്കുന്ന സുരേഷിനു കിറുകൃത്യമായറിയാം. എന്നാലും പറച്ചിലു മുടക്കാറില്ല. “പ്രസിഡണ്ടേ. സംഗതി നമ്മളു വിചാരിക്കും പോലെ ആത്ര നിസാരമല്ല.” മുന്നിലിരുന്ന കട്ടൻ ചായ ഒന്നു മൊത്തിക്കുടിച്ചുകൊണ്ട് കുട്ടേട്ടൻ വിശകലനം ആരംഭിച്ചു. “ഏഷ്യാ വൻകരയിൽ തന്ത്ര പ്രാധാനമായ തുറമുഖമാണ് ബലൂചിസ്ഥാനിലെ ഗ്വാദർ തുറമുഖം. ഈ തുറമുഖം പാക്കിസ്ഥാൻ ചൈനയ്ക്ക് 40 വർഷത്തേക്ക് പാട്ടത്തിന് നൽകിയിരിക്കുകയാണ്. ഇതു വലിയ ഭീഷണിയാണ്.” “ഗൾഫിൽ നിന്നുള്ള എഴുതുപത് ശതമാനം എണ്ണ, പ്രകൃതിവാതക ചരക്കുനീക്കം ഇതിന് അടുത്തു കൂടിയാണ് നടക്കുന്നത്. ഒന്നു രണ്ടുമല്ല ഒരു ലക്ഷത്തോളും കപ്പലുകൾ ചരക്കു ഗതാഗതം നടത്തുന്ന ഹോർമുസ് കടലിടിക്കിന്റെ വിളിപ്പാടകലെയുള്ള തുറമുഖം. ഇത് ചൈന സ്വന്തമാക്കിയതിന് പിന്നിലെ രാഷ്ട്രീയ ഗൂഡ ലക്ഷ്യം നമ്മൾ മനസ്സിലാക്കാതെ പോകരുത്.” “അങ്ങനെയൊരു അടവു നയത്തിന്റെ കാര്യം അവർക്കുണ്ടോ പ്രസിഡണ്ടേ.” വിപ്ലവം കരുണേട്ടൻ ക്രമപ്രശ്നം അവതരിപ്പിച്ചു. “നീയൊന്ന് ഇടയ്ക്കു കേറാണ്ടിരി കരുണാ.” പ്രസിഡണ്ടിന്റെ റൂളിംഗ്. കുട്ടേട്ടൻ തുടർന്നു. “ഗൾഫിൽ നിന്നും പതിനായിരത്തോളം കിലോമീറ്ററു ചുറ്റി ചൈനയിൽ എത്തിയിരുന്ന കപ്പലുകൾ ഇനി രണ്ടായിരത്തഞ്ഞൂറു കിലോമീറ്ററു താണ്ടി ഈ തുറമുഖത്ത് എത്തും അവിടെനിന്നും 3000KM റോഡ്, റെയിൽ മാർഗം ചൈനയിൽ ചരക്കുകൾ എത്തിക്കുക വഴി സമയം മാത്രമല്ല ശതകോടികളുടെ ലാഭവും ചൈനക്ക് സ്വന്തം.” “ചൈന പത്തു പൈസ ലാഭമുണ്ടാക്കിഎന്നു വച്ച് നമുക്ക് എന്തു നഷ്ടമാണുണ്ടാവുക എന്ന് എനിക്കു മനസ്സിലാകുന്നില്ല.” വിപ്ലവം കരണേട്ടൻ ആലോചനാ മഗ്നനായി. അദ്ദേഹത്തെ അവഗണിച്ച് കുട്ടേട്ടൻ വിഷയത്തിന്റെ മർമ്മത്തിലേക്കു കടന്നു. “തന്ത്ര പ്രധാനമായ ഈ തുറമുഖം സ്വന്തമാക്കിയതിലൂടെ ഇന്ത്യൻ മഹാസമുദ്രത്തിൽ ചൈന ചോദ്യം ചെയ്യപ്പെടാനാകാത്ത ഒരു നാവിക ശക്തിയായി മാറും. ഗുജറാത്തിലെയും, മുംബൈയിലെയും നാവിക ആസ്ഥാനങ്ങളെ സൂക്ഷ്മമായി ഗ്വാദർ തുറമുഖത്തു നിന്നും നിരീക്ഷിക്കാനും ചൈനയ്ക്ക് കഴിയും. അതോടേ മേഖലയിലെ ഭാരതത്തിന്റെ മേൽക്കോയ്മ എന്നന്നേക്കുമായി അവസാനിക്കും. ഇതിനെല്ലാമപ്പുറം ഗൾഫ് മേഖലയിൽ അമേരിക്കക്കുള്ള അപ്രമാദിത്തത്തിനും വിള്ളൽ വീഴും...” കുട്ടേട്ടൻ പറഞ്ഞു നിർത്തി ഒരു കവിൾ ചായ കൂടി കുടിച്ചിറക്കി. പ്രസിഡണ്ട് ഇടയ്ക്ക് പുത്തൻ സ്മാർട്ഫോണിൽ അപ്ഡേറ്റ്സ് എന്ന് ഓടിച്ചു നേക്കി ആലോചനാമഗ്നനാണ്.
“ഭാരതം ഉണർന്നു പ്രവർത്തിക്കേണ്ടകാലം അതിക്രമിച്ചിരിക്കുന്നു.” കുട്ടേട്ടനിലെ രാജ്യസ്നേഹി സടകുടഞ്ഞെണീക്കുകയാണ്. കൈയിൽ ഒരു തോക്കു കിട്ടിയാൽ ഇപ്പോൾ നേരിട്ട് അതിർത്തിയിലേക്ക് കുതിക്കാൻ തയ്യാറെന്ന ഭാവം. “നിരന്തരം തീവ്ര വാദികളെ കടത്തിവിട്ട് നമ്മളെ ആക്രമിക്കുകയും, കാശ്മീരിൽ എക്കാലത്തും ആശാന്തി വിതയ്ക്കുകയും ചെയ്യുന്ന പാകിസ്ഥാനെ തച്ചു തകർത്തില്ലെങ്കിൽ സംഗതി ഗുരുതരമായ പ്രത്യാഘാതങ്ങൾക്കു വഴിവയ്ക്കും. ചൈനയാണ് നമ്മുടെ പ്രധാന ശത്രു.” “എന്നാപ്പിന്നെ നമ്മളു കയ്യും കെട്ടിയിരുന്നാ മതി പിള്ളേച്ചാ...” തൊട്ടപ്പുറത്തെ കസേരയിൽ അതുവരെ താഴ്ന്നശബ്ദത്തിൽ ‘മുത്തേ പൊന്നേ’ പാടിക്കൊണ്ടിരുന്ന ചുമട്ടു തോമ്മാച്ചനാണ്. ശബ്ദം കേട്ടതും എല്ലാവരും അങ്ങോട്ടേയ്ക്കു നോക്കി. തോമാച്ചൻ തന്റെ മൊബൈൽ സ്ക്രീൻ എല്ലാവരെയും ഉയർത്തി കാട്ടി ചോദിച്ചു: − “ ഇതെന്താ സംഗതി എന്നമനസ്സിലായോ...” “വിമാനം, പ്ലയിൻ, യുദ്ധ വിമാനം, ഫൈറ്റർ പ്ലയിൻ...” ഉത്തരങ്ങളങ്ങനെ വന്നുകൊണ്ടിരുന്നെങ്കിലും തോമാച്ചൻ പൂർണ്ണ തൃപ്തനായില്ല. ചാനലുകളിലെ വിശകലന വിദഗ്ദ്ധന്മാരെക്കാൾ ആധികാരികതയോടെ തോമാച്ചൻ പറഞ്ഞു:− “ഇതാണ് ജെ.എഫ് 17 യുദ്ധ വിമാനം. ചൈന നിർമ്മിച്ച് പാകിസ്ഥാൻ ഉപയോഗിക്കുന്ന ആകാശപ്പറവ. ആകാശത്തു നിന്നും ആലിപ്പഴം പോലെ സംഗതി ഓരോ ദിവസോം വീണോണ്ടിരിക്കുവാനാനാണ് റിപ്പോർട്ട്. ക്വാളിറ്റീമില്ല കണ്ട്രോളുമില്ല.”
“ഇനീം ഇതെന്താന്നറിയാമോ.?” തോമാച്ചൻ മൊബൈൽ സ്ക്രീനിൽ അടുത്ത പടം കാട്ടി. പിന്നെ തുടർന്നു:− “ഇതാണ് ചൈനക്കാരടെ ടിയാൻഗോംഗ് വൺ ബഹിരാകാശ കേന്ദ്രം. സംഗതി നിയന്ത്രണം വിട്ട് ഭൂമിലോട്ടു പതിച്ചോണ്ടിരിക്കുവാ. ഇതു പോലാണ് ഉപഗ്രഹ വിക്ഷേപണത്തിന്റെ കാര്യം. ഇന്ത്യക്കാര് അമേരിക്കേടേ വരെ ഉപഗ്രഹം വിക്ഷിപിച്ചോണ്ടിരിക്കുന്പം ചൈനേടെ വിടീലെല്ലാം പോകുന്നേനേക്കാ വേഗത്തിൽ താഴോട്ടു വന്നോണ്ടിരിക്കുവാ...” സദസ്സിന്റെ പിരിമുറുക്കത്തിന് ഒരു അയവുവന്നു. “ഉപകരണമാകട്ടെ ഭീഷണിയാകട്ട സംഗതി ചൈനീസാണേൽ നമ്മളൊത്തിരി പേടിക്കണ്ട പിള്ളേച്ചാ. ഐറ്റം ഡൂപ്ലിക്കേറ്റാരിക്കും.” തോമാച്ചൻ പറഞ്ഞു നിർത്തി. കാലുവാരിമുക്കു ചർച്ചാ വേദിയുടെ ആ വിശകലനത്തിൽ കഴന്പില്ലാതില്ല എന്നതാണ് പച്ചപ്പരമാർത്ഥം