കാലുകുത്താനിടം പോലും...
പണ്ടു സൂര്യക്കാലത്തിന്റെ തിരുവനന്തപുരം അനുഭവങ്ങളുടെ തുടക്കം. ചെന്നൈ ന്യൂസ് ഡെസ്ക് അനന്തപുരിയിലേയ്ക്കു പറിച്ചു നടുന്നതിന്റെ ഭാഗമായി തൽക്കാലത്തേയ്ക്ക് സഹവാസം റിപ്പോർട്ടർമാരോടൊത്തായി. പിന്നീട് ഡൽഹിയിൽ ചാനലിന്റെ ആദ്യപ്രതിനിധിയും ഇന്ത്യാവിഷന്റെ അവസാനകാലത്ത് അതിന്റെ നായകനുമൊക്കെയായിരുന്ന ബി.ദിലീപ് കുമാർ അന്ന് തിരുവനന്തപുരത്തുണ്ട്. വാർത്തകൾ തേടിപ്പിടിക്കുന്നതിലും അതു നല്ല ഭാഷയിൽ തന്നെ അവതരിപ്പിക്കുന്നതിലുമൊക്കെ മുന്പിലായിരുന്നു അന്നേ ദിലീപ്. തലസ്ഥാന നഗരിയിലെ ഒരു പെൺവാണിഭ സംഘത്തെക്കുറിച്ചുള്ള വിവരം ദിലീപിന് കിട്ടുന്നത് ആയിടയ്ക്കാണ്. മിടുമിടുക്കനായ കക്ഷി അതിലൊരു ഇടപാടുകാരിയുടെ നന്പറും തരപ്പെടുത്തി. സ്മാർട് ഫോണുകളുടെ കാലത്തിനും മുന്പായിരുന്നു സംഗതി. വിവരം അടുത്ത സഹപ്രവർത്തകരുമായി പങ്കുവെച്ച ദിലീപ് വാർത്ത പ്ലാൻ ചെയ്ത് ഇടപാടുകാരിയുമായി പതിയെ കപട അടുപ്പം സ്ഥാപിച്ച് സംഭാഷണങ്ങളാരംഭിച്ചു. രഹസ്യമായി ഷൂട്ടുചെയ്യാനുള്ള സംവിധാനങ്ങളൊരുക്കി അവരെ നേരിട്ടു കാണാനുള്ള ദിവസം വരെ നിശ്ചയിച്ചു. എന്തിനുമേതിനും സഹായവുമായി അന്നു സൂര്യ ക്യാമറാവിഭാഗത്തിന്റെ കരുത്തായ ഗിരീഷ് ഓമല്ലൂരുമുണ്ടായിരുന്നു.
ഷൂട്ടിംഗ് നിശ്ചയിച്ചിരുന്നതിന്റെ തലേദിവസം പക്ഷേ അവരുടെ പദ്ധതികളെല്ലാം തകിടം മറിഞ്ഞു. പെൺവാണിഭസംഘ നായികയെയടക്കം പോലീസ് പിടികൂടി. ശ്രദ്ധേയമാകുമായിരുന്ന ഒരു വാർത്തക്കു വേണ്ടിയുള്ള ശ്രമങ്ങളെല്ലാം പാഴായി.
കഥ പക്ഷേ അവിടം കൊണ്ടും അവസാനിച്ചില്ല. വാർത്ത തേടിയിറങ്ങിയ ദിലീപും വാർത്തയാകുമെന്ന സ്ഥിതിയായിരുന്നു പിന്നീടുണ്ടായത്. അഭിസാരികയുടെ ഇടപാടുകാരുടെ പട്ടികയിൽ ഒരു മാധ്യമപ്രവർത്തകനുമുണ്ടെന്ന തരത്തിലുള്ള പോലീസ് ഭാഷ്യം ദിലീപിനെ ഉദ്ദേശിച്ചു തന്നെയായിരുന്നു. ആ സ്ത്രീയുടെ കോൾ ലിസ്റ്റിൽ പലതവണ ദിലീപിന്റെ പേരുവന്നതായിരുന്നു അതിനുകാരണം. ആ കോളുകൾക്കു പിന്നിലെ യഥാർത്ഥ കാരണം പോലീസിനു മനസ്സിലായതുകൊണ്ട് വാർത്ത പോയെങ്കിലും വാർത്തയിൽ കുരുങ്ങാതെ ആ യുവ മാധ്യമ പ്രവർത്തകൻ രക്ഷപെട്ടു.
ഇത്തരം സാഹചര്യങ്ങൾ മാധ്യമ പ്രവർത്തകരുടെ തൊഴിൽ ജീവിതങ്ങളിൽ അനിവാര്യമാണ്. പ്രത്യേകിച്ച് വാർത്താ ലേഖകരുടെ. മാധ്യമ ഓഫീസുകളുടെ ശീതീകരിച്ച മുറികളിൽ മാത്രമിരുന്നാൽ ഇന്നു നമ്മൾ കാണുന്ന വാർത്തകൾ പലതും നമ്മളറിയില്ല. അതിന് ജനമധ്യത്തിലേയ്ക്ക് ഇറങ്ങിച്ചെന്നേ മതിയാവൂ. രാഷ്ട്രീയക്കാരെന്നോ വിദ്യാർത്ഥികളെന്നോ വയോജനങ്ങളെന്നോ ജനപഥങ്ങളെന്നോ ആരാധനാലയങ്ങളെന്നോ അതിനെ പരിമിതപ്പെടുത്താനാവില്ല. ഇടങ്ങളെല്ലാം മാധ്യമപ്രവർത്തകന് സ്വന്തം തൊഴിലിടങ്ങളാണ്. വാർത്തയുടെ പ്രഭവകേന്ദ്രം എവിടെയുമാകാം. അത്തരമിടങ്ങളെല്ലാം അവൻ കണ്ടെത്തുകയും അവിടങ്ങളിലെല്ലാം നിർഭയം കടന്നു ചെല്ലുകയും ചെയ്താലേ വാർത്താ സന്പാദനം സാദ്ധ്യമാകൂ. വാർത്തകൾ ജനാധിപത്യത്തിന്റെ നെടുംതൂണുകളിലൊന്നാണ്. അതുകൊണ്ടാണ് കടന്നു ചെല്ലുന്ന ഇടങ്ങളിലൊന്നും മാധ്യമപ്രവർത്തകന് പൊതുവേ ആരും വിലക്കേർപ്പെടുത്താത്തത്.
ഇത് അറിയാത്തവരല്ല അഭിഭാഷക സമൂഹം. എന്നാൽ അതറിയാത്തതുപോലെ ഹൈക്കോടതിയിൽ അഭിഭാഷകർ മാധ്യമപ്രവർത്തകർക്കു വിലക്കേർപ്പെടുത്തിയിരിക്കുന്നു. നിയമത്തിന്റെ ഇടമാണ് ഹൈക്കോടതി. അതുകൊണ്ട് നിയമജ്ഞന്മാരുടെ പണിയിടവുമാണ്. എന്നാൽ അവിടെ അവർ മാത്രം മതി എന്നതാണ് ഒരുവിഭാഗം സങ്കുചിത ബുദ്ധികളായ അഭിഭാഷകരുടെ കടുത്ത നിലപാട്. ഇത് ശുദ്ധ അസംബന്ധമാണ്. കോടതികൾ നിയമജ്ഞന്മാർക്ക് തൊഴിലിടങ്ങളാണെങ്കിൽ നീതിതേടുന്നവർക്ക് അഭയസ്ഥാനവും വാർത്തതേടുന്നവർക്ക് വാർത്തകളുടെ ഭണ്ധാരങ്ങളുമാണ്. അതായത് അത് വാർത്താലേഖകരുടെയും കൂടി തൊഴിലിടമാണ്. ഇത് വക്കീലന്മാർക്ക് മനസ്സിലാകാൻ ബുദ്ധിമുട്ടുള്ള കാര്യമല്ല. കാരണം മാധ്യമപ്രവർത്തകരുടേതിനു സമാനം തന്നെയാണ് അഭിഭാഷകരുടെ കാര്യവും. സമൂഹത്തിലെ നല്ലമനുഷ്യർക്കൊപ്പം കള്ളന്മാരും കൊലപാതകികളും വേശ്യകളും കൂട്ടിക്കൊടുപ്പുകാരും ഒക്കെയുമായി അഭിഭാഷകർക്കും ഇടപെടേണ്ടിവരും. തുടക്കത്തിൽ പറഞ്ഞ കഥയിൽ പെൺവാണിഭക്കാരിയുടെ കോൾലിസ്റ്റിൽ നിന്നും ഒന്നിലേറെ അഭിഭാഷകരുടെ പേരുകളും പോലീസിനു ലഭിച്ചിരുന്നു. എന്നാൽ അവരൊന്നും കാര്യം സാധിക്കാനാവില്ല ആ സ്ത്രീയുമായി ഫോണിൽ ബന്ധപ്പെട്ടത്. ക്രമിനലുകൾ പതിവായി ആവശ്യമുള്ളതാണ് നിയമജ്ഞന്മാരുടെ സേവനം എന്നു നമുക്കെല്ലാമറിയാം. കാര്യങ്ങൾ ഇങ്ങനെയൊക്കെയായിരിക്കെ ഹൈക്കോടതിയുടെ അകത്തളങ്ങൾ തങ്ങളുടെ മാത്രം ഇടങ്ങളാണെന്ന ചില അഭിഭാഷകരുടെ നിലപാട് അല്പത്തവും നീതിനിഷേധവുമാണ്. സുതാര്യതയാണ് നമ്മുടെ ജനാധിപത്യത്തിന്റെ മേന്മകളിലൊന്ന്. നീതിയുടെ ഇടങ്ങളെ ഇരുട്ടിലാക്കുന്നതിനു തുല്യമാണ് അവിടങ്ങളിലെ മാധ്യമ വിലക്ക്. അതില്ലാതാക്കാൻ നീതിപീഠങ്ങളും ഭരണ നേതൃത്വവും ബാദ്ധ്യസ്ഥവുമാണ്. ഇക്കാര്യത്തിൽ മാധ്യമപ്രവർത്തകരുടെ അവകാശങ്ങൾക്കായി ശക്തമായ നിലപാടെടുത്ത മുഖ്യമന്ത്രിയുടെ നടപടി പ്രശ്ന പരിഹാരം വേഗത്തിലാക്കുമെന്ന് നമുക്കു പ്രത്യാശിക്കാം.