ആഗ്രഹി­ച്ചത്, അപ്രതീ­ക്ഷി­തം


നവമാധ്യമങ്ങളിലൊക്കെ വിജയാഹ്ലാദങ്ങളുടെ പെരുമഴയാണ്. ജയ് ജവാൻ, ജയ് കിസാൻ വിളികൾകൊണ്ട് അന്തരീക്ഷം മുഖരിതമാണ്. എന്നാൽ എന്റെ കാതുകളിൽ മുഴങ്ങുന്നത് നമ്മളെല്ലാം ഇപ്പോൾ ആവർത്തിച്ചു കേട്ടുകൊണ്ടിരിക്കുന്ന ആഹ്ലാദാരവങ്ങളല്ല. അതിർത്തിക്കപ്പുറത്തുയർന്ന തിരിച്ചടിയുടെ വെടിയൊച്ചകളുമല്ല. ധർമ്മവതിയെന്ന വീരവിധവയുടെ വിലാപമാണ് എന്റെ ഓർമ്മകളിൽ വീണ്ടും നിറയുന്നത്. ധർമ്മവതി സിംഗ് ഒരു ഇന്ത്യൻ വീരജവാന്റെ പത്നിയായിരുന്നു. ലാൻസ് നായിക് ഹേംരാജ് സിംഗിന്റെ പ്രിയ പത്നി. ഇന്ത്യയുടെ അതിർത്തിയിൽ കണ്ണിമ പൂട്ടാതെ കാവലിരുന്ന് അതിർത്തി കടന്നുള്ള പാക് തീവ്രവാദത്തിന്റെ ഇരയായി വീരചരമമടഞ്ഞ ഹേംരാജ് സിംഗ്.

ലാൻസ് നായിക് ഹേംരാജ് സിംഗെന്ന വീര ജവാനെ പാക് പരിഷകൾ കൊലപ്പെടുത്തിയത് 2013 ജനുവരി എട്ടിനായിരുന്നു. കശ്മീരിന്റെ മണ്ണിനെ രണ്ടായി വിഭജിക്കുന്ന നിയന്ത്രണ രേഖയിൽ സമാധാന കാലം എന്നതിന് നമ്മൾ സാധാരണക്കാരുടെ ധാരണയ്ക്കും അപ്പുറത്തുള്ള അർത്ഥമാണുള്ളത്. പലപ്പോഴും അതിർത്തിക്ക് അപ്പുറത്തും ഇപ്പുറത്തു നിന്നുമൊക്കെ പ്രകോപനമില്ലാതെയും പ്രകോപിതരായുമൊക്കെ വെടിവെപ്പുണ്ടാകാം. അതിൽ ചിലപ്പോഴെങ്കിലും ഇരുപക്ഷത്തും ആൾനാശവുമുണ്ടാകാം. അതൊക്കെ സമാധാനകാലമെന്ന നിർവ്വചനത്തിനുള്ളിൽ വരും. എന്നാൽ ജനുവരി 8 ന് അതിർത്തികടന്ന് പാക് തീവ്രവാദികൾ, അതോ പട്ടാളക്കാരോ, നടത്തിയ ആക്രമണം ആ നിർവ്വചനങ്ങൾക്ക് അപ്പുറത്തേയ്ക്കും പോയിരുന്നു. അതിർത്തിയിൽ അവർ പിടികൂടിയ ഇന്ത്യൻ സൈനികരിലൊരാൾ ലാൻസ് നായിക് ഹേംരാജായിരുന്നു. ആ വീര സൈനികനോടുള്ള പാക് നീചന്മാരുടെ പ്രവൃത്തി, എല്ലാ യുദ്ധ നീതികളുടെയും ജനീവ കരാറിന്റെയുമൊക്കെ ലംഘനമായിരുന്നു. ഹേംരാജിന്റെ ഉടലിൽ നിന്നും അറുത്തു മാറ്റിയ തലയുമായാണ് അന്നു പാകിസ്ഥാനികൾ തിരിച്ചു പോയത്. യുദ്ധഭൂമിയിൽ ഒരു സൈനികന്റെ മൃതശരീരത്തോട് ഒരിക്കലും കാട്ടരുതാത്ത അപമാനവും ക്രൂരതയുമാണ് അന്ന് പാകിസ്ഥാൻ ചെയ്തത്.

ഹേംരാജിനോടുള്ള പാക് ക്രൂരത മനുഷ്യത്വ രഹിതവും ഹീനവുമെന്ന് അന്നത്തെ കരസേനാ മേധാവി ജനറൽ ബിക്രം സിംഗ് വ്യക്തമാക്കിയിരുന്നു. അന്ന് ആ മര്യാദകേടിനു തക്ക തിരിച്ചടി നൽകാൻ സേന സുസജ്ജമായിരുന്നു. എങ്കിലും കൈകൾ കെട്ടപ്പെട്ട നിലയിലായിരുന്നു അവർ. അതുകൊണ്ടാണ് ധർമ്മവതി സിംഗിന്റെ രോദനം കേവലം വനരോദനമായി മാറിയത്. അന്ത്യ ശുശ്രൂഷകൾക്കായി പ്രിയ ഭർ‍ത്താവിന്റെ ശിരസ് തനിക്ക് എത്തിച്ചുതരണമെന്നതായിരുന്നു ധർമ്മവതിയുടെ അപേക്ഷ. ഇക്കാര്യത്തിൽ പാക്കിസ്ഥാന്റെ കരുണയും അതിന് അവരെ പ്രേരിപ്പിക്കാൻ ഇന്ത്യൻ അധികൃതരുടെ ശ്രമവും ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് അവരും കുടുംബാംഗങ്ങളും ഉത്തർപ്രദേശിൽ ആറു ദിവസം നിരാഹാര സമരം നടത്തിയിരുന്നു. മുഖ്യമന്ത്രി അഖിലേഷ് കുമാറിന്റെ അഭ്യർത്ഥനപ്രകാരം ധർമ്മവതി സമരമവസാനിപ്പിച്ചു. എന്നാൽ, സുസജ്ജവും ശക്തവുമായ സൈനിക ബലമുണ്ടായിട്ടു പോലും മൗനം വ്രതവും നിഷ്ക്രിയത്വം മുഖമുദ്രയുമാക്കിയ, അന്നത്തെ പ്രധാനമന്ത്രിയും സർക്കാരുമൊക്കെ സംയമനത്തിന്റെയും സമാധാനത്തിന്റെയും വഴിയിൽ അഭയം തേടുകയായിരുന്നു. ധർമ്മവതിയുടെ കണ്ണീരിന് അന്നാരും വിലകൽപ്പിച്ചില്ല.  ഹേംരാജിന്റെ ശിരസ്സ് പൈശാചികതയുടെ സേന വേട്ടമ‍ൃഗത്തിന്റെ ശിരസ്സുപോലെ വിട്ടുകൊടുക്കാതെ സൂക്ഷിച്ചു. ധർമ്മവതിയുടെ ഹൃദയ നൊന്പരത്തിന് ഭരണകൂടമിട്ടത് പുല്ലുവില മാത്രമായിരുന്നുവെന്നതിന് കാലം സാക്ഷ്യം പറയുന്നു.

ഒരു രാജ്യത്തിന്റെ പൗരന്റെ ജീവന്റെ വില, പ്രത്യേകിച്ച് അതിർത്തിയിൽ ശത്രു കവർന്നെടുക്കുന്ന വീര സൈനികന്റെ ജീവന്റെ വില പലിശ സഹിതം ശത്രുവിൽ നിന്നും ഈടാക്കാൻ കരുത്തും കയ്യൂക്കുമുണ്ടായാൽ പോരാ, സർവ്വസൈന്യാധിപസ്ഥാനത്ത് രാഷ്ട്രപതിമാരുണ്ടായാൽ പോരാ എന്നു വെളിവാക്കുന്നതാണ് ബധിര കർണ്ണങ്ങളിൽ മാത്രം പതിച്ച ധർമ്മവതി ഹേംരാജ് സിംഗിന്റെ വിലാപവും അതിർത്തി കടന്ന കഴിഞ്ഞ ദിവസം ഇന്ത്യ നടത്തിയ തിരിച്ചടിയും വ്യക്തമാക്കുന്നത്. ചങ്കുറപ്പുള്ള രാഷ്ട്രീയ നേതൃത്വമുണ്ടായാലേ ശക്തമായ തിരിച്ചടികൾ സാദ്ധ്യമാകൂ. ജന്മഭൂമിക്കായി ജീവൻ ബലിയർപ്പിച്ച വീര സൈനികരോടും അവരുടെ ബന്ധുജനങ്ങളോടും നമുക്കു നീതി പുലർത്താനാവൂ.  കൂടുതൽ അതിക്രമങ്ങൾക്ക് ശത്രുവിനെ പ്രേരിപ്പിക്കാൻ മാത്രമേ അതിരില്ലാത്ത സംയമനം സഹായകമാകൂ എന്ന് അനുഭവങ്ങൾ വ്യക്തമാക്കുന്നു. 164 ജീവനെടുത്ത 2008 ലെ  മുംബൈ തീവ്രവാദിയാക്രമണത്തിന് പോലും ശക്തമായ തിരിച്ചടി നൽകാൻ നമുക്കായില്ല. കാര്യങ്ങൾ മാറുകയാണ്. അതിക്രമികൾക്കുള്ള സമ്മാനം ശക്തമായ തിരിച്ചടി തന്നെയാണ്. നിരപരാധികളുടെ മനുഷ്യാവകാശം നിഷേധിക്കുന്ന തീവ്രവാദികൾക്ക് മനുഷ്യാവകാശം നിഷേധിക്കുക തന്നെയാണ് വേണ്ടത്. ധർമ്മവതി ഹേംരാജുമാരുടെ വിലാപങ്ങൾക്കും അർത്ഥമുണ്ടായേ തീരൂ. അതിർത്തി കടന്നുള്ള ഇപ്പോഴത്തെ തിരിച്ചടി അത്തരത്തിലുള്ള ഒരുപാടൊരുപാട് വിധവകളുടെയും മാതാക്കളുടെയും മക്കളുടെയുമെക്കെ കണ്ണീരിനും നഷ്ടങ്ങൾക്കുമുള്ള ശരിയായ മറുപടികൂടിയാണ്. ദേശസ്നേഹികളായ ഓരോ ഭാരതീയനും ഒരുപാട് ആഗ്രഹിച്ച നടപടി. തികച്ചും അപ്രതീക്ഷിതം. എങ്കിലും അഭിമാനകരം.

You might also like

Most Viewed