ആരോഗ്യം, ആഹാരം, പ്രതിബദ്ധത
പണ്ട് നാലാംക്ലാസുവരെ പഠിച്ച സെൻ്റ് തെരേസാസ് സ്കൂളിലേയ്ക്കുള്ള യാത്ര ഒരു നാട്ടു വഴിയിലൂടെയായിരുന്നു. കാര്യമായ ആൾ നടപ്പില്ലാത്ത പാത. ഇന്നത്തെ പോലെ വാഹനബാഹുല്യം അന്നില്ല. ഓട്ടോറിക്ഷകൾ പോലും നാട്ടിലെത്തിയിട്ടില്ല. റബർ തോട്ടങ്ങൾക്കു നടുക്കു കൂടിയും ചെറിയ തോടുകൾ കടന്നും ഒക്കെയാണ് യാത്ര. രണ്ടു രണ്ടര കിലോമീറ്റർ ദൂരമുണ്ട് നടപ്പ്. ചിലപ്പോൾ ചിലയിടങ്ങളിൽ നായ്ക്കളെ പേടിക്കണം. കണ്ടു ശീലിച്ചതിനാൽ പാന്പ് ഒരു പ്രശ്നമല്ല. മനുഷ്യനെ ഇത്രകണ്ട് പേടിക്കണമെന്ന് അന്ന് തോന്നിയിരുന്നില്ല. അകാരണമായ ഭീതിക്ക് അന്ന് സാദ്ധ്യതയുണ്ടായിരുന്നില്ല. എങ്കിലും സ്കൂളെത്തും മുന്പ് ഒരിടത്തെത്തുന്പോൾ കൂടെ ആരുമില്ലെങ്കിൽ ഭയം ഇരച്ചുകയറുന്നതു പതിവായിരുന്നു. റോഡിനടുത്തായിരുന്നെങ്കിലും ഒറ്റപ്പെട്ട ഒരു വീട്, ഒരമ്മയും മകനുമാണ് താമസം. വലിയ വീടാണ്. എന്റെ കുടുംബത്തിലെ മുതിർന്ന സഹോദരങ്ങളിൽ ചിലരുടെ സഹപാഠിയായിരുന്നു ആ ചേട്ടൻ. പഠനത്തിൽ മിടുക്കനായിരുന്നു അയാൾ. മൂത്ത സഹോദരങ്ങളെല്ലാം പഠനത്തിൽ മികവു തെളിയിച്ച് നല്ല ജോലികൾ നേടിയവർ.
ഡിഗ്രി കാലഘട്ടത്തിലാണ് അദ്ദേഹത്തിന്റെ സ്വഭാവത്തിൽ ചില വല്ലായ്മകൾ കണ്ടു തുടങ്ങിയത്. അത് മാനസിക അസ്വാസ്ഥ്യത്തിലേയ്ക്കുള്ള പതനത്തിന്റെ തുടക്കമായിരുന്നു. പതിയെ ആളുടെ പഠിപ്പു മുടങ്ങി. കുളിയും നനയും വൃത്തിയും ഇല്ലാതായി. സഹോദരങ്ങൾ ഡോക്ടർമാരെ കാട്ടിയെങ്കിലും കൂടുതൽ പരിചരണത്തിന് അവരുടെ തിരക്ക് തടസ്സമായി. ഒപ്പമുണ്ടായിരുന്ന അമ്മ ആവും വിധമൊക്കെ ശ്രദ്ധിച്ചു. എന്നാൽ ഫലമൊന്നുമുണ്ടായില്ല. പൊതുവേ നാട്ടുകാരുമായി ഏറെ അടുപ്പമൊന്നുമില്ലാത്ത വീട്ടുകാർ ഇതോടേ കൂടുതൽ ഒറ്റപ്പെട്ടു. മാസത്തിന്റെ ചില നേരങ്ങളിൽ ആൾ ആക്രമണകാരിയായി തുടങ്ങിയതോടെയാണ് വഴിയാത്രക്കാർക്ക് ശല്യമായത്. പ്രത്യേകിച്ച് തനിയെ അതുവഴി കടന്നു പോകുന്ന കുഞ്ഞുങ്ങൾക്ക്. അവരിലൊരുവനായിരുന്നു ഞാനും. ഒന്നിലേറെ തവണ അയാളെപ്പേടിച്ച് ജീവനും കൊണ്ട് ഓടിയിട്ടുണ്ട്.
സമനിലതെറ്റിയ ഇത്തരത്തിലുള്ള ഒരുപാടുപേർ നമ്മുടെയൊക്കെ നാട്ടിലുണ്ടാവും. അത്തരത്തിൽ ചിലരെ വീട്ടുകാരോ നാട്ടുകാരോ ഒക്കെ മികച്ച ചികിൽസയിലൂടെ ജീവിതത്തിലേക്കു തിരിച്ചു കൊണ്ടുവരും. ചിലരെ ചികിൽസിച്ചു ഭേദമാക്കാനാകാത്തവരെ പാർപ്പിക്കുന്നതിനുള്ള കാരാഗൃഹ സമാനമായ കേന്ദ്രങ്ങളിലേയ്ക്ക് നടതള്ളും. അവർ അവിടെ മരണത്തിലേയ്ക്ക് അതിദ്രുതം നടന്നടുക്കും. ഇതൊക്കെ വിധിയെന്ന് പൊതുസമൂഹം വെറുതേ പരിതപിക്കും. സ്വന്തം മക്കൾ മാനസികാസ്വാസ്ഥ്യമുള്ളവരാണെന്നു വിശ്വസിക്കാൻ ഒരു മാതാപിതാക്കളും ഇഷ്ടപ്പെടില്ല. ഞാൻ ആദ്യം പരാമർശിച്ച ചേട്ടന്റെ അമ്മയും ഇക്കാര്യത്തിൽ വ്യത്യസ്ഥയല്ലായിരുന്നു. അതുകൊണ്ടാണ് തന്റെ കാലം കഴിയും വരേയ്ക്കും എന്തു ത്യാഗം സഹിച്ചും അയാളെ കൂടെ നിർത്താൻ അവർ തീരുമാനിച്ചത്. എന്നാൽ പലപ്പോഴും ഇത്തരം രക്ഷിതാക്കളുടെ മരണം അയൽവാസികൾ പോലും അറിയുന്നത് വളരെ വൈകിയാവും. ഇത് പലയിടത്തും നമ്മൾ കണ്ടിട്ടുണ്ട്.
അതുപോലെ തന്നെയൊരു സംഭവമായിരുന്നു കഴിഞ്ഞ ദിവസം മലപ്പുറം ജില്ലയിലെ എടപ്പാളിൽ നമ്മൾ കണ്ടത്. അതൊരു പട്ടിണിമരണമായിരുന്നെന്നും അല്ലെന്നും പക്ഷം തിരിഞ്ഞു നമ്മൾ കടുത്ത വാഗ്വാദം നടത്തി. പക്ഷങ്ങളുടെ രാഷ്ട്രീയ ചായ്്വും ചരിവും അനുസരിച്ചു തന്നെയായിരുന്നു നമ്മുടെ വാദപ്രതിവാദങ്ങൾ. രാഷ്ട്രീയത്തിനപ്പുറമുള്ള തലങ്ങൾ അതുകൊണ്ടു തന്നെ അത്തരം ചർച്ചകളിൽ പാർശ്വവൽക്കരിക്കപ്പെട്ടു. പക്ഷം പിടിക്കാതെ പറഞ്ഞാൽ ഇത് ഭൂമിമലയാളത്തിൽ ഒറ്റപ്പെട്ട സംഭവമല്ല എന്നു സമ്മതിക്കേണ്ടി വരും. എന്നാൽ ഈ സംഭവം മുന്നോട്ടു വെയ്ക്കുന്ന ചില ചോദ്യങ്ങളുണ്ട്. അതിലൊന്ന് ഇങ്ങനെയുള്ള കുടുംബങ്ങൾ പൊതു സമൂഹത്തിന്റെ സഹാനുഭൂതി അർഹിക്കുന്നില്ലേ എന്നതാണ്. അയൽപക്കങ്ങളിൽ താമസിക്കുന്നവരുമായി പൊതുവേ സൗഹാർദ്ദ പൂർണ്ണമായൊരു സമീപനമായിരിക്കില്ല ഇത്തരക്കാർ പുലർത്തുക. മാനസികമായ അസ്വാസ്ഥ്യം മൂലമാണ് അത്തരക്കാർ അയൽക്കാരോടുപോലും അകൽച്ച പുലർത്തുന്നത്. അതുകൊണ്ട് പൊതു സമൂഹം ഇവരെ അവഗണിക്കുകയും ചെയ്യുന്നു. ഫലത്തിൽ മാനസികാസ്വാസ്ഥ്യമുള്ളവരെ പോലെതന്നെയാണ് രോഗമില്ലാത്തവരും പെരുമാറുന്നത്. ഇരുകൂട്ടരും തമ്മിൽ വ്യത്യാസമില്ലാത്ത അവസ്ഥ നമ്മുടെ സമൂഹമനസ്സിന്റെ ആരോഗ്യത്തെക്കുറിച്ച് ആശങ്കപ്പെടുത്തുന്നതു തന്നെയാണ്.
വിശന്നിരിക്കുന്ന വയറുകൾക്ക് അന്നം കൊടുക്കുന്നതു പോലെയോ അതിനെക്കാളേറെയോ പ്രധാനമാണ് താളം തെറ്റിയ മനസ്സുകൾക്ക് ആവുന്നതൊക്കെ ചെയ്യുക എന്നത്. നാട്ടുകാർ അക്കാര്യത്തിൽ നിന്നും ഒഴിഞ്ഞു മാറുന്നിടങ്ങളിൽ ബന്ധപ്പെട്ട ജനപ്രതിനിധികൾക്ക് അതിനുള്ള ഉത്തരവാദിത്തമുണ്ട്. മാനസിക നില തെറ്റിയവർ വോട്ടു ചെയ്യാൻ പോകാത്തതിനാൽ നമ്മുടെ നേതാക്കളും അവരോട് അവഗണന പുലർത്തുന്നു. ഈ സ്ഥിതി മാറിയേ തീരൂ. മാനസിക നില തെറ്റിയവർ സ്വയം ഒറ്റപ്പെടുന്നു. മാനസിക നില ശരിയാണെന്നു ധരിക്കുകയും തെറ്റിദ്ധരിക്കുകയും ഒക്കെ ചെയ്യുന്ന പൊതു സമൂഹം പക്ഷേ അവരോട് അതേ നാണയത്തിൽ പ്രതികരിക്കുന്നത് ന്യായീകരിക്കാനാവില്ല. അവരുടെ കൂടി സംരക്ഷണവും സാസ്ഥ്യവും ഉറപ്പാക്കാൻ പ്രതിജ്ഞാബദ്ധമാവണം പരിഷ്കൃത സമൂഹം. പരസ്പരം പഴിചാരുന്നതിനപ്പുറം അത്തരക്കാരെ സഹായിക്കാൻ ആവുന്നതൊക്കെ ചെയ്യാൻ നമ്മുടെ ശ്രമങ്ങളുണ്ടാവണം.
വി.ആർ സത്യദേവ്