ആധിയൊടുങ്ങാതെ ആലപ്പോ
ചരിത്രം സമാധാനത്തിന്റെയും സഹവർത്തിത്വത്തിന്റേതുമായിരിക്കണം എന്നു തീരുമാനിക്കാനും അതു നടപ്പാക്കാനുമുള്ള ശേഷി മനുഷ്യനുണ്ട്. പ്രകൃതിദുരന്തങ്ങളെപ്പോലും ഒരു പരിധി വരെ അതിജീവിക്കാൻ അവൻ കഴിവു നേടിയിരിക്കുന്നു. പ്രകൃതി അവനുവേണ്ടുന്ന സുഖസൗകര്യങ്ങളെല്ലാം ആവശ്യത്തിലേറെ അതിന്റെ മടിത്തട്ടിൽ ഒരുക്കിക്കൊടുത്തിരിക്കുന്നു. എന്നാൽ അവയൊന്നും യുക്തമായി ഉപയോഗിച്ച് സന്തോഷത്തോടേ ജീവിച്ചു സുഖമായി മരിക്കാൻ ഒരു കാലത്തും മനുഷ്യകുലത്തിൽ പിറന്ന എല്ലാവരും തയ്യാറല്ല. കൂടുതൽ സുഖത്തിനായി അപരന്റെ അവകാശങ്ങൾ തട്ടിപ്പറിച്ചും അധികാരങ്ങൾ അടിച്ചേൽപ്പിച്ചും മനോഹരമായ ഈ ഭൂമിയുടെ നിലനിൽപ്പിനു തന്നെ ഭീഷണിയാവുകയാണ് നമ്മൾ. ജീവിക്കാൻ ഇടം തന്ന വീടിന്റെ അടിത്തറ വരെ മാന്താൻ ഇത്രകണ്ട് വ്യഗ്രത പുലർത്തുന്ന മറ്റൊരു ജീവിവർഗ്ഗം ഭൂമുഖത്ത് വേറെയുണ്ടാവില്ല. അധീശത്വം നമ്മളിൽ പലർക്കും ലഹരിയാണ്. മനസ്സിന്റെ സമനില തെറ്റിക്കാൻ ഉപയോഗിക്കുന്ന ലഹരി മരുന്നുകളേക്കാൾ ലോകത്തിന് ദോഷം ചെയ്യുന്നതാണ് ഈ അധീശത്വ ലഹരി. മയക്കു മരുന്ന് അത് ഉപയോഗിക്കുന്നവനെ മാത്രമാണ് ഇല്ലായ്മ ചെയ്യുന്നത്. അധീശത്വ ലഹരിയോടുള്ള ആസക്തിമൂലം ലോകത്തുണ്ടാകുന്ന സംഘർഷങ്ങളാകട്ടെ നിരവധി ജനസമൂഹങ്ങളെത്തന്നെ ദുരിതക്കടലിലാഴ്ത്തുന്നു. പുരാണ ജനപഥങ്ങൾ പോലും നാശത്തിന്റെ വക്കിലേയ്ക്കു കുതിക്കുന്നു. അത്തരത്തിലുള്ള നഗരങ്ങളിൽ പ്രഥമസ്ഥാനമാണ് ഇപ്പോൾ ആലപ്പോയ്ക്കുള്ളത്.
ആലപ്പോയുടേത് ആയിരക്കണക്കിനു വർഷം പഴക്കമുള്ള ചരിത്രമാണ്. ഏകദേശം ആറായിരത്തിലധികം വർഷത്തെ ചരിത്രം പറയാനുണ്ട് സിറിയയിലെ ഏറ്റവും വലിയ നഗരത്തിന്. ചരിത്രത്തിൽ ഏറ്റവും കൂടുതൽ കാലം തുടർച്ചയായ ജനവാസമുണ്ടായിരുന്ന നഗരം എന്ന ബഹുമതി ആലപ്പോയ്ക്കാണ്. പക്ഷേ ആ ബഹുമതി ഇല്ലാതായേക്കുമെന്ന ഭീതി ഇന്ന് ആ നാട്ടുകാർക്കുണ്ട്. ദുരിതക്കടലിലാണ് ആലപ്പോ. തുടർച്ചയായ യുദ്ധം വിതച്ച നാശം ആലപ്പോയെ ദുരന്ത ഭൂമിയാക്കിയിരിക്കുന്നു. ആ ദുരവസ്ഥയുടെ തീവ്രത കൂട്ടിക്കൊണ്ടാണ് കഴിഞ്ഞ ദിവസം സിറിയൻ സേന ആലപ്പോയ്ക്കു മേൽ കനത്ത വ്യോമാക്രമണം നടത്തിയത്.
ആലപ്പോയിൽ നിന്നുള്ള ദുരന്ത ചിത്രങ്ങൾ ലോക മനസ്സാക്ഷി പിടിച്ചുലയ്ക്കുന്നതാണ്. പല ചിത്രങ്ങളും ദുർബ്ബല ഹൃദയർക്ക് താങ്ങാനാവുന്നതിലും അപ്പുറവും. ബോംബ് ഷെല്ലുകളേറ്റ് ദേഹമാകെ മുറിപ്പെട്ടിട്ടും ഒന്നുറക്കെ കരയാൻ പോലുമാകാതെ നിർവ്വികാരരായ കുഞ്ഞു മുഖങ്ങൾ. മതിയായ ചികിത്സ കിട്ടാതെ ജീവൻ നഷ്ടമായ കുഞ്ഞുങ്ങളുടെ നിശ്ചേതന ശരീരങ്ങളും കയ്യിലേന്തി വിലപിക്കുന്ന മാതാപിതാക്കൾ. അതിശക്തമായ ബോംബിംഗിൽ തകർന്നടിഞ്ഞ കെട്ടിടാവശിഷ്ടങ്ങൾ. കോൺക്രീറ്റിന്റെയും തബൂക്കിന്റെയും കൂന്പാരങ്ങൾക്കിടയിൽ ഇനിയും ജീവൻവെടിയാതെ തങ്ങളുടെ പ്രിയപ്പെട്ടവരിൽ ചിലരെങ്കിലും കുടുങ്ങിക്കിടപ്പുണ്ട് എന്ന് ഉറപ്പുണ്ടായിട്ടും അവരെയൊന്നും രക്ഷിക്കാനാകാതെ നിസ്സഹായതയുടെ നെറുകയിൽ നിൽക്കുന്നവർ. ദാഹജലത്തിനായി, ജീവജലത്തിനായി യാചിക്കുന്ന വരണ്ട കണ്ണുകൾ. ഛിന്നഭിന്നമായ ശവശരീരങ്ങളുടെ ചിത്രങ്ങൾ മാധ്യമ ഏജൻസികൾ ഇപ്പോൾ കാര്യമായി പുറത്തു വിടുന്നില്ല. കാഴ്ചക്കാരന് അത്രയെങ്കിലും സമാധാനം. ആലപ്പോ അക്ഷരാർത്ഥത്തിൽ ദുരിതങ്ങളുടെ പരകോടിയിലാണ്. പ്രത്യേകിച്ച് കിഴക്കൻ ആലപ്പോ.
കിഴക്കൻ ആലപ്പോ ഇപ്പോൾ വിമത സേനാ നിയന്ത്രണത്തിലാണുള്ളത്. വിമതരെ തകർക്കാതെ രാജ്യത്ത് സമാധാനം കൈവരില്ലന്നുറച്ച് അവരെ ഉന്മൂലനം ചെയ്യാനുള്ള സർക്കാരിന്റെ സൈനിക നടപടിയാണ് കിഴക്കൻ ആലപ്പോയ്ക്ക് ഇപ്പോൾ കനത്ത ആഘാതമായിരിക്കുന്നത്. കഴിഞ്ഞ ദിവസം 200ഓളം തവണ സിറിയയുടെ ഔദ്യോഗിക പക്ഷത്തു നിന്നും കിഴക്കൻ ആലപ്പോയ്ക്കു നേരേ വ്യോമാക്രമണങ്ങളുണ്ടായി എന്നാണ് സിറിയൻ സിവിൽ ഡിഫൻസ് ഗ്രൂപ്പെന്ന വിമത സംഘടനയുടെ നായകനായ അമ്മാർ അൽ സെൽമോ പറഞ്ഞത്. ആക്രമണത്തിൽ നൂറുകണക്കിനാൾക്കാർ മരിച്ചു. അതിലേറെ ആൾക്കാർക്ക് പരിക്കേറ്റു. കൊല്ലപ്പെട്ടതിലേറെയും സാധാരണക്കാരാണ് എന്നാണ് അമ്മാറിന്റെ പക്ഷം.
ആക്രമണം നടത്തിയത് സിറിയൻ സേനാവൃത്തങ്ങൾ സ്ഥിരീകരിച്ചിട്ടുണ്ട്. തീവ്രവാദികളെ ഉന്മൂലനം ചെയ്യാതെ സമാധാന പുനസ്ഥാപനം അസാദ്ധ്യമാണ് എന്നാണ് സിറിയൻ നായകൻ ബാഷർ അൽ അസദ് ശഠിക്കുന്നത്. അതേ സമയം മേഖലയിലെ ആക്രമണങ്ങൾക്കു മുന്പ് ഒഴിഞ്ഞുപോകാൻ ജനങ്ങൾക്ക് മുന്നറിയിപ്പു നൽകിയിരുന്നതായി സിറിയൻ സേന അവകാശപ്പെടുന്നു. നിലവിലുള്ള സാഹചര്യങ്ങളിൽ ഇത്തരമൊരു ഒഴിഞ്ഞു പോക്ക് അപ്രായോഗികമാണ് എന്നതാണ് വാസ്തവം. ജനങ്ങൾ ഒഴിഞ്ഞു പോകാൻ തുനിഞ്ഞാലും വിമതർ അത് അനുവദിച്ചുകൊള്ളണമെന്നില്ല. വിമത പ്രദേശങ്ങളിൽ കവിയുന്നവരെ മറുവിഭാഗം എങ്ങനെ സ്വീകരിക്കുമെന്നും പറയാനാവില്ല. ഇത് സർക്കാർ പക്ഷത്തിനുമറിയാം. ഫലത്തിൽ സൈന്യം ചെയ്തത് കൂട്ടക്കുരുതി തന്നെയാണ്.
അമേരിക്കയടക്കമുള്ള ലോകരാജ്യങ്ങളും ഐക്യരാഷ്ട്ര സഭയും സംഭവത്തെ അതിശക്തമായി അപലപിച്ചിട്ടുണ്ട്. മനുഷ്യാവകാശ പാലന കാര്യത്തിൽ പൊതു സമൂഹത്തിന് അതിന്റെ ഉത്തരവാദിത്തം നിറവേറ്റാനായില്ലെന്ന് സംഭവത്തെക്കുറിച്ച് യു.എൻ സെക്രട്ടറി ജനറൽ ബാൻ കി മൂൺ പറഞ്ഞു. ആക്രമണത്തിൽ റഷ്യയും പങ്കെടുത്തെന്ന് ശക്തമായ ആരോപണങ്ങളുണ്ട്. ഇക്കാര്യത്തോടു പക്ഷേ റഷ്യ പ്രതികരിച്ചിട്ടില്ല. എന്നാൽ പ്രതീക്ഷയുയർത്തിയ വെടിനിർത്തൽ തകർത്ത് സ്ഥിതി ഗതികൾ വഷളാക്കിയതിന്റെ പ്രധാന ഉത്തരവാദി അമേരിക്കയാണെന്ന് റഷ്യ വാദിക്കുന്നു. പ്രത്യക്ഷത്തിൽ ഇതിൽ കഴന്പില്ലാതില്ല.
ഈ മാസം 12നാണ് രാജ്യത്ത് വെടി നിർത്തൽ നിലവിൽ വന്നത്. എന്നാൽ കഴിഞ്ഞയാഴ്ച ഏകപക്ഷീയമായി സിറിയൻ സൈന്യത്തിനു നേരേ അമേരിക്ക ആക്രമണം നടത്തിയിരുന്നു. വിമതർക്കെതിരേ സൈനിക നീക്കത്തിന് തയ്യാറെടുക്കുന്ന സിറിയൻ സൈന്യത്തിനു നേർക്കായിരുന്നു അമേരിക്കൻ വ്യോമാക്രമണം. ആഭ്യന്തര യുദ്ധത്തിൽ സിറിയയ്ക്ക് അൽപ്പമെങ്കിലും മേൽക്കൈ ഉണ്ടാക്കിയേക്കുമായിരുന്ന സാഹചര്യമാണ് അമേരിക്ക ഇല്ലാതാക്കിയത്. സേനയ്ക്ക് 83 സൈനികരുടെ വിലപ്പെട്ട ജീവൻ നഷ്ടമാവുകയും ചെയ്തു. ഈ സംഭവം സിറിയൻ പ്രശ്നത്തിലെ അമേരിക്കൻ ഇരട്ടത്താപ്പ് വെളിപ്പെടുത്തിയതായി അന്നു തന്നെ റഷ്യൻ പക്ഷം ആരോപിച്ചിരുന്നു. സംഭവം അബദ്ധമായിരുന്നുവെന്ന് അമേരിക്ക പറഞ്ഞെങ്കിലും വെടിനിർത്തലിന്റെ ഭാവി അതോടേ അവതാളത്തിലായെന്ന് ഉറപ്പായിരുന്നു. ഇതിനുള്ള മറുപടി തന്നെയാണ് കിഴക്കൻ ആലപ്പോയ്ക്കു നേരെയുള്ള സിറിയൻ വ്യോമാക്രമണം. ഇതിനു വഴിവച്ചത് ആത്യന്തികമായി അമേരിക്കൻ പക്ഷമാണെന്ന കാര്യത്തിൽ തർക്കമില്ല. ചുരുക്കത്തിൽ സമാധാന പുനസ്ഥാപനത്തിന്റെ പേരിൽ അമേരിക്ക നടത്തിയ ലക്ഷ്യബോധമില്ലാത്ത നടപടിക്കുള്ള തിരിച്ചടി ആലപ്പോയിലെ പാവങ്ങളുടെ സ്ഥിതി കൂടുതൽ പരിതാപകരമാക്കിയിരിക്കുന്നു.
തുടർ വ്യോമാക്രമണത്തിനുമുന്പേ സിറിയൻ പക്ഷം ആലപ്പോയിലെ ജലവിതരണ സംവിധാനത്തിനു നേർക്കും ആക്രമണം നടത്തിയിരുന്നു. ആലപ്പോയിലെ പ്രധാന പന്പിംഗ് േസ്റ്റഷൻ ആക്രമണത്തിൽ പ്രവർത്തന രഹിതമായി. ഇവിടെ ആക്രമണത്തിൽ 20 പേർക്ക് ജീവൻ നഷ്ടമാവുകയും ചെയ്തു. കിഴക്കൻ ആലപ്പോ നിയന്ത്രണത്തിലാക്കിയിരിക്കുന്ന വിമതരെ തകർക്കുന്നതിന്റെ ഭാഗമായിരുന്നു ജലവിതരണ സംവിധാനത്തിനു നേർക്കുള്ള ആക്രമണം. കൊച്ചു കുഞ്ഞുങ്ങളടക്കമുള്ളവർ ഇതോടെ ദുരിതക്കടലിലായി. ജല വിതരണ സംവിധാനത്തിലെ തകർച്ച കുഞ്ഞുങ്ങൾക്കിടയിൽ പകർച്ച വ്യാധികൾ പടരാനും വലിയ തോതിലുള്ള ശിശുമരണങ്ങൾക്കും കാരണമായേക്കുമെന്ന് വിലയിരുത്തപ്പെടുന്നു. തകർന്നടിഞ്ഞ കെട്ടിടങ്ങളും റോഡുകളുമൊക്കെ സന്നദ്ധസംഘടനകളുടെ ദുരിതാശ്വാസ പ്രവർത്തനങ്ങൾ പ്രായേണ അസാദ്ധ്യമാക്കിയിരിക്കുന്നു. സഹായവുമായെത്തുന്ന വാഹനവ്യൂഹങ്ങൾ തുടരെ ആക്രമിക്കപ്പെടുന്നതും ഇതിന് ആക്കം കൂട്ടുന്നു.
ഏതു നിമിഷവും മരണം വിതച്ചു പാഞ്ഞെത്താവുന്ന ബോംബുകളുടെയും മിസൈലുകളുടെയും മരണവക്ത്രത്തിലാണ് ആലപ്പോയിലെ വലിയൊരു വിഭാഗം ജനങ്ങൾ. നമ്മെപ്പോലെ തന്നെ ഭൂമിയിൽ പിറവികൊണ്ടവർ. നമ്മെപ്പോലെതന്നെ ഈ ഭൂമിക്കുമേൽ അവകാശമുള്ളവർ. നമ്മുടെ സഹായത്തിനും സഹാനുഭൂതിക്കും അർഹതയുള്ളവർ. നമ്മുടെ സ്വന്തം സഹോദരങ്ങൾ. നമ്മുടെ സ്വന്തം കുഞ്ഞുങ്ങൾ. അധികാരസ്ഥാപനത്തിന്റെയും അധീശത്വത്തിന്റെയും പേരിലുള്ള കുടിപ്പകകളിലും നമ്മളറിയാത്ത ഒരുപാടു സ്വാർത്ഥതകളുടെയും പേരിൽ നടക്കുന്ന ആയുധവർഷങ്ങളിൽ അവരനുഭവിക്കുന്നത് നരകജീവിതമാണ്. ഇവിടെ നിരർത്ഥകമായി മനുഷ്യാവകാശ വീന്പു പറയാനും ഊറ്റം കൊള്ളുവാനും മാത്രമാണ് നമുക്കാവുന്നത്. ആത്മാർത്ഥതാ ലേശമില്ലാത്ത ഐക്യദാർഢ്യ പ്രഖ്യാപനങ്ങളും അനുശോചനങ്ങളും പക്ഷേ ആലപ്പോയിലെ ഹതഭാഗ്യരുടെ കണ്ണീരൊപ്പാൻ മതിയാവില്ല. അതു ചെയ്യേണ്ട ലോക ശക്തികൾക്കാവട്ടെ ഇക്കാര്യത്തിൽ തരിന്പും ആത്മാർത്ഥതയുമില്ല. അതുകൊണ്ടു തന്നെ സിറിയൻ പ്രശ്നത്തിന് ഉടനെങ്ങും പരിഹാര സാദ്ധ്യത തെളിയുന്നുമില്ല.
വി ആർ സത്യദേവ്