ഉറി, ഉറാൻ... ഉറപ്പാക്കേണ്ട സുരക്ഷ
2008 നവംബറിൽ ഇന്ത്യ നേരിട്ടത് അതിന്റെ സുരക്ഷാ കാര്യങ്ങളിലുണ്ടായിട്ടുള്ളതിൽ വെച്ച് ഏറ്റവും വലിയ ഭീഷണിയായിരുന്നു. രാജ്യത്തിന്റെ വ്യാവസായിക തലസ്ഥാനമായ മുംബൈയിൽ അതിർത്തിക്കപ്പുറത്തു നിന്നുള്ള ഭീകരർ അഴിഞ്ഞാടി. വിക്ടോറിയ ടെർമിനസ്സെന്ന ഇന്നത്തെ ഛത്രപതി ശിവജി റെയിൽവേ ടെർമിനസ്, താജ് പാലസ് ഹോട്ടൽ, ഒബറോയ് ട്രൈഡെൻ്റ് ഹോട്ടൽ, കാമാ ഹോസ്പിറ്റൽ, ലിയോപോൾഡ് കഫേ, നരിമാൻ ഹൗസ്... ചിരപരിചിതവും അല്ലാത്തതുമായ സ്ഥലനാമങ്ങൾ നമുക്കു ചിരപരിചിതമായി. മുംബൈ നഗരം ഭീതിയുടെയും തുടർ വെടിയൊച്ചകളുടെയും മുൾമുനയിലായി. മരണം പത്തിവിരിച്ചാടുന്ന കാഴ്ച. ചാകാനുറച്ച നീചത്വം കശാപ്പു ചെയ്തതേറെയും സാധാരണക്കാരെയായിരുന്നു. അപരിചിതരായ ആ നരാധമന്മാർ തങ്ങളുടെ മാരകായുധങ്ങളുടെ പരിധിയിൽ വരുന്നവരെയെല്ലാം ഒരു കന്പ്യൂട്ടർ ഗെയിം കളിക്കുന്നവന്റെ മനസ്സോടെ കൊന്നു തള്ളി.
164 പേർ കൊല്ലപ്പെട്ടു. മുന്നൂറിലേറെപ്പേർക്ക് പരിക്കേറ്റു. നിരവധി പോലീസ് ഉദ്യോഗസ്ഥരെയും വീരസൈനികരെയും നമുക്കു നഷ്ടമായി. ഒരു സൈന്യത്തെപ്പോലെ നമുക്കു നാശം വിതച്ചത് കടൽ താണ്ടിയെത്തിയ 10 പേരായിരുന്നു. പത്തു ചാവേറുകൾ. ആക്രമണം അവസാനിച്ചപ്പോൾ അതിൽ അവശേഷിച്ചത് അജ്മൽ കസബ് മാത്രം. കസബിലൂടെ ആരംഭിച്ച അന്വേഷണം അതിനു പിന്നിൽ നമ്മുടെ സഹോദര രാജ്യമാണെന്ന കാര്യം വെളിവാക്കി. ഭാരതത്തെ ഏതു വിധേനയും തകർക്കാനുള്ള അതിന്റെ തന്ത്രങ്ങളുടെ ഭാഗമായിരുന്നു മംബൈ യുദ്ധം. ചൊല്ലും ചെലവും കൊടുത്ത് പത്തു മനുഷ്യായുധങ്ങൾ ഭാരതത്തിന്റെ മണ്ണിലേക്കയച്ചത് പാകിസ്ഥാൻ തന്നെയായിരുന്നു. അവർ ചാവേറുകളായിരുന്നു. മരണത്തിലേയ്ക്കുള്ള വഴിയിൽ ശത്രുപക്ഷത്തിന് ആകാവുന്ന നാശം വരുത്താനുറച്ചവർ. വിലപ്പെട്ട ആയുസ്സിന് വിലവാങ്ങി മനസ്സും ശരീരവും വിറ്റവർ. എതിർപക്ഷത്തിന്റെ കണക്കു കൂട്ടലുകളും പ്രതിരോധങ്ങളുമെല്ലാം അത്തരം ചാവേറുകൾക്കു മുന്നിൽ ദുർബ്ബലമാകുന്നു. മറുപക്ഷത്ത് അവരെ സഹായിക്കുന്ന ഘടകങ്ങൾ കൂടിയുണ്ടാവുന്പോൾ ചാവേറുകളുടെ പ്രഹരശേഷി കനത്തതാകുന്നു. മുംബൈ യുദ്ധവേളയിൽ ഇത്തരത്തിൽ ചാവേറുകൾക്കു സഹായകമായ ഘടകങ്ങളിലൊന്ന് നമ്മുടെ മാധ്യമ സിംഹങ്ങളുടെ കർമ്മ കുശലതയും റിപ്പോർട്ടിംഗ് വ്യഗ്രതയുമായിരുന്നു.
മുംബൈ നഗരം തീവ്രവാദികളുടെ സംഹാര നൃത്തഭൂമിയായതോടേ അന്നു വാർത്താ മുറികൾക്കും ഉറക്കം നഷ്ടമായി. വാർത്താ ചാനലുകളുടെ ലേഖകരും ഛായാഗ്രാഹകരും കൂട്ടത്തോടെ മുംബൈ താജിന്റെ മുന്പിലും പിന്പിലും ആവുന്നിടത്തൊക്കെയും ഇരുന്നും കിടന്നും തലകീഴായുമൊക്കെ തീവ്രവാദിയാക്രമണദൃശ്യങ്ങൾ മൽസരിച്ചു പകർത്തി അപ്പപ്പോൾ പ്രേക്ഷകനിലേക്കെത്തിച്ചു. നമ്മൾ അതൊക്കെ ആസ്വദിച്ചു. അതേസമയം തീവ്രവാദികൾക്ക് അപ്രതീക്ഷിതമായി വീണു കിട്ടിയ അനുഗ്രഹമായിരുന്നു ആ തൽസമയ ടെലിവിഷൻ ദൃശ്യങ്ങൾ. മുംബൈ താജിനുള്ളിലിരുന്ന് തങ്ങളുടെ അക്രമ പദ്ധതികൾ എങ്ങനെയായിരിക്കണമെന്ന കാര്യത്തിൽ മാറ്റങ്ങൾ വരുത്താൻ അവർക്കായി. പുറത്ത് തങ്ങൾക്കെതിരേ സുരക്ഷാ സേന നടത്തുന്ന നീക്കങ്ങളെപ്പറ്റി അപ്പപ്പോൾ ദൃശ്യമാധ്യമങ്ങളുടെ തൽസമയ റിപ്പോർട്ടിംഗിൽ നിന്നും അറിഞ്ഞായിരുന്നു ഇത്.
വിവരവും വിദ്യാഭ്യാസവും ദേശീയ ബോധവും ഒക്കെയുണ്ടായിരുന്ന മാധ്യമപ്രവർത്തകർ തന്നെയാണ് ഇതൊക്കെ ചെയ്തത്. വിവരങ്ങൾ പകർത്തിയതും അതു സംപ്രേക്ഷണം ചെയ്തതുമൊക്കെ അത്തരക്കാരാണ്. എന്നാൽ അത് ഫലത്തിൽ തീവ്രവാദികളെ സഹായിക്കുന്നതായിരുന്നു. തീവ്രവാദികളെ സഹായിക്കുക എന്നാൽ തീവ്രവാദത്തിന് ഒപ്പം നിൽക്കുക എന്നു തന്നെയാണ്. അതായത് തീവ്രവാദ പദ്ധതികളിൽ പങ്കാളികളാവുക എന്ന്. മുംബൈ യുദ്ധവേളയിൽ ഭാരതത്തിലെ ഏകദേശം എല്ലാ മാധ്യമങ്ങൾക്കും ഈ പിഴവു സംബന്ധിച്ചു. അത് ഒരിക്കലും ബോധപൂർവ്വമായിരുന്നില്ല. അച്ചടി മാധ്യമങ്ങളെ അപേക്ഷിച്ച് നമ്മുടെ ദൃശ്യ മാധ്യമ രംഗം ഇന്നും ശൈശവാവസ്ഥയിലാണുള്ളത്. പല സാഹചര്യങ്ങളോടും എങ്ങനെ സമീപിക്കണമെന്ന കാര്യത്തിൽ ഇപ്പോഴും നമ്മളൊരു തീരുമാനത്തിൽ എത്തുന്നതേയുള്ളൂ. ഈ സാഹചര്യത്തിലാണ് സുപ്രധാന വിഷയങ്ങളിൽ പൊതു ധാരണയുണ്ടാക്കാനും അതിന്റെ അടിസ്ഥാനത്തിലുള്ള നിർദ്ദേശങ്ങൾ നൽകാനുമുള്ള പത്രാധിപന്മാരടങ്ങുന്ന പ്രത്യേക സംവിധാനം സൃഷ്ടിക്കപ്പെട്ടത്. അത് ഈ രംഗത്ത് ഏറെ ഗുണപരമായ മാറ്റങ്ങളുണ്ടാക്കി. എന്നാൽ പരസ്പര മത്സരത്തിനിടെ അത്തരം സംവിധാനങ്ങളുടെ ചട്ടക്കൂടുകൾ ചാനൽ പ്രഭുക്കന്മാർ മാനിക്കാതായിത്തുടങ്ങിയിരിക്കുന്നു. രാജ്യം ബാഹ്യഭീഷണികൾ നേരിടുന്പോൾ ചാനൽ മുഖ്യൻ ശത്രുപക്ഷത്തെ ന്യായീകരിക്കുന്നത് എതിരാളി ഉപയോഗിക്കുമെന്നറിയാൻ വലിയ രാജ്യതന്ത്രമൊന്നും അറിയണമെന്നില്ല. പക്ഷേ നമ്മുടെ ദേശീയ ദിനപത്രമെന്നറിയപ്പെടുന്ന ഒരു മലയാള പത്രത്തിന്റെ ഉടമസ്ഥതയിലുള്ള ചാനലിലെ പ്രമുഖ മാധ്യമപ്രവർത്തകർ കഴിഞ്ഞ ദിവസം ചെയ്തത് അതാണ്. രാജ്യം ബാഹ്യഭീഷണിയുടെ മുൾമുനയിൽ നിൽക്കുന്പോൾ ആക്രമണം നടത്തിയത് നമ്മൾതന്നെ ആയിക്കൂടേ എന്ന സാദ്ധ്യതയാണ് അദ്ദേഹമുന്നയിച്ചത്. ഇങ്ങനെ ചോദിക്കാൻ ഒരു വിവര ദോഷിക്കോ രാജ്യ വിരുദ്ധനോ മാത്രമേ കഴിയൂ.
ഉറിയും ഉറാനും ആവർത്തിക്കപ്പെടുന്പോൾ രാജ്യദ്രോഹമെന്നത് പെറ്റമ്മയുടെ മാനത്തിനു വിലയിടുന്നതിനു തുല്യമാണ്.