ജയ് ജവാൻ; നമ്മളൊന്ന്...
വർത്തമാനകാലത്തെ പല സംഭവങ്ങളും കാണുന്പോൾ പെട്ടെന്ന് ഓർമ്മ വരുന്നത് പുരാണ കഥാ സാഹചര്യങ്ങളാണ്. എപ്പോഴും പുരാണം തന്നെ പറഞ്ഞുകൊണ്ടിരുന്നാൽ ചിലർക്കെങ്കിലും ബോറടിക്കും. അതുകൊണ്ടു കൂടിയാണ് ഇപ്പോൾ ഗോഡ്ഫാദർ മനസ്സിലേയ്ക്ക് എത്തിയത് എന്നു വേണമെങ്കിൽ പറയാം. വിശ്രുതമായ ക്രൈം ത്രില്ലറാണ് മാരിയോ പുസോയുടെ ദ ഗോഡ് ഫാദർ. അച്ചടിക്കപ്പെട്ടും ചലച്ചിത്ര രൂപത്തിലുമൊക്കെ ജനലക്ഷങ്ങളുടെ ഇഷ്ടം പിടിച്ചു പറ്റിയ മികച്ച സൃഷ്ടി. അമേരിക്കൻ ഐക്യനാടുകളിലെ അധോലോകത്തിന്റെ പോരാട്ടങ്ങളുടെയും കുടിപ്പകകളുടെയും കഥയാണ് ഡോൺ വിറ്റോ കോർലിയോണിയെയും പുത്രൻ മൈക്കേലിനെയും കേന്ദ്രകഥാ പാത്രങ്ങളാക്കി മാരിയോ പൂസോയെന്ന അമേരിക്കൻ ജനപ്രിയ എഴുത്തുകാരൻ സൃഷ്ടിച്ചടുത്ത പരന്പര നമ്മോടു പറയുന്നത്. അമേരിക്കൻ അധോലോകത്തെ നിയന്ത്രിച്ച കുടുംബങ്ങളുടെ കഥ. ഇതിലൊരിടത്ത് ഡോൺ കോർലിയോണിയും ഇതര അധോലോക കുടുംബ നാഥന്മാരുമായി നടക്കുന്ന ഒരു ചർച്ചയുണ്ട്. കോർലിയോണി കുടുംബത്തിന്റെ പിന്തുണയില്ലാതെ നടപ്പാക്കാൻ കഴിയാത്ത ഒരു ഇടപാടിനെക്കുറിച്ചാണ് ചർച്ച. സ്വന്തം മൂല്യങ്ങൾക്ക് നിരക്കാത്തതിനാൽ ഡോണിനു താൽപ്പര്യമില്ലാത്ത ഇടപാട്. ഇത് എതിരാളികൾക്ക് അറിയുകയും ചെയ്യാം.
ചർച്ചയിൽ എതിരാളികൾക്കു ഭേദിക്കാനാകാത്ത ശക്തി ദുർഗ്ഗം പോലെ കാര്യങ്ങൾ സസൂഷ്മം ശ്രദ്ധിച്ച് ഡോൺ മൗനം പാലിക്കുകയാണ്. അതുവരെ അനന്തരാവകാശിയാകുമെന്ന് കരുതപ്പെട്ടിരുന്ന മൂത്ത പുത്രൻ സണ്ണി പരിപാടി നടപ്പാക്കുന്നതിന്റെ സാദ്ധ്യതകളെക്കുറിച്ച് പെട്ടന്ന് വാചാലനാകുന്നു. ഡോൺ കോർലിയോണിയുടെ ശക്തിയും തന്ത്രങ്ങളുമെല്ലാം അൽപ്പ നേരത്തേക്കാണെങ്കിൽ കൂടി അവിടെ തകർന്നടിയുകയാണ്. സ്വന്തം കോട്ടയിൽ എതിരാളികൾക്ക് നുഴഞ്ഞുകയറാനുള്ള ദുബ്ബലമായൊരു കല്ലാണു താനെന്നു സ്വയം വെളിവാക്കുകയായിരുന്നു സണ്ണി. ശത്രുക്കൾ അധീശത്വം നേടാൻ ശ്രമിക്കുന്പോൾ പാളയത്തിൽ പടയുണ്ടായാൽ അതിനോളം അപകടകരമായ സാഹചര്യം വേറെയില്ല. ഇത് കഥയും എഴുത്തുകാരൻ സൃഷ്ടിച്ചെടുത്ത കഥാപാത്രങ്ങളും ഭൂമികയും മാത്രമാണ്. യഥാർത്ഥ ജീവിതത്തിൽ ഇങ്ങനെ പാളയത്തിൽ പടയുണ്ടായാൽ ഫലം ഇതിലും അതീവഗുരുതരമായിരിക്കും. രാജ്യം അതിന്റെ ശത്രുക്കളിൽ നിന്നും ഭീഷണി നേരിടുന്ന സാഹചര്യങ്ങളിൽ അതിന്റെ പൗരന്മാർ ശത്രുക്കളുടെ വിധ്വംസക പ്രവർത്തികളെ മഹത്വവൽക്കരിക്കുന്നതും ഇതേ ഗണത്തിൽ പെടുത്താം.
ഓരോ സ്വതന്ത്ര പരമാധികാര രാഷ്ട്രത്തിങ്ങളുടെയും രാജ്യരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളോട് പൗരന്മാരും മാധ്യമങ്ങളും എങ്ങനെയാണ് സമീപിക്കേണ്ടത് എന്ന് നമുക്കോരോരുത്തർക്കും വ്യക്തമായ ബോധമുണ്ടാവണം. എന്നാൽ ഇക്കാര്യങ്ങളിൽ ചിലപൗരന്മാർക്കും പ്രമുഖ മാധ്യമങ്ങളിലെ അതിപ്രശസ്ത മാധ്യമ പ്രവർത്തകരിൽ ചിലർക്കും അറിവും ബോധവും കമ്മിയാണ് എന്നു വ്യക്തമാക്കുന്നതാണ് നവമാധ്യമങ്ങളിലെ ചില പ്രതികരണങ്ങളും റിപ്പോർട്ടിംഗും. അതിർത്തി എന്ന വാക്കിന് ഭൂമിമലയാളത്തിലെ പലമഹാന്മാരും മനസ്സിലാക്കി ധരിച്ചു വശായിരിക്കുന്ന കാര്യം പടിഞ്ഞാറ് അറബിക്കടൽ, കിഴക്ക് തമിഴ്നാട്, വടക്ക് കർണാടകം, തെക്ക് ഇന്ത്യൻ മഹാസമുദ്രം എന്നിങ്ങനെയാണ്. ജമ്മുവും കശ്മീരും അരുണാചലും അസമും ബംഗ്ലദേശും ഒക്കെ നമ്മുടെ അതിർത്തികളാണെന്നോ ഹിമാലയ മലനിരകളിലെയും താർ മരുഭൂമിയിലെയുമൊന്നും പ്രതികൂല കാലാവസ്ഥകളെക്കുറിച്ചോ ഇന്ത്യയെ തച്ചു തകർക്കാൻ ഏതു നേരത്തും അതിർത്തി താണ്ടി നാശം വിതച്ചു സ്വയമൊടുങ്ങാൻ കാത്തുകെട്ടിക്കിടക്കുന്ന ചാവേറുകളെക്കുറിച്ചോ ഇത്തരക്കാർക്ക് ബോധ്യമില്ല. പ്രകോപനമില്ലാതെ തീതുപ്പുന്ന ശത്രുവിന്റെ പീരങ്കികളെക്കുറിച്ച് അത്തരക്കാർക്ക് കേട്ടു കേൾവി പോലുമില്ല. അതിരുമാന്തുന്ന അയൽക്കാരനുയർത്തുന്ന ഭീഷണികൾ അവർക്ക് ബാധകമല്ല. ശത്രുവിന്റെ ഓരോരോ ചെയ്തികളും രാജ്യത്തെ ഇല്ലായ്മ ചെയ്യാനാണെന്ന് അവർ തിരിച്ചറിയുന്നില്ല.
ജമ്മുവിലെ സംഘർഷം ജമ്മുവിനുമാത്രമല്ല രാജ്യത്തിന്റെ അഖണ്ധതയ്ക്കും നിലനിൽപ്പിനും തന്നെ ഭീഷണിയാണ്. അവിടുത്തെ വിഘടനവാദികൾ ഭാരതത്തിന്റെ നന്മക്കായല്ല പ്രവർത്തിക്കുന്നത്. രാജ്യത്തെ ദുർബ്ബലപ്പെടുത്താനും തച്ചുതകർക്കാനുമാണ് അവരുടെ ശ്രമങ്ങളെല്ലാം. അവരെ മഹത്വവൽക്കരിക്കാനും ചങ്കുറപ്പിന്റെ മൂർത്തരൂപങ്ങളായ നമ്മുടെ വീരജവാന്മാരെ തീവ്രവാദികൾക്കു തുല്യരായി ചിത്രീകരിക്കാനും ആപത്തിന്റെ വേളയിൽ രാജ്യം ഒറ്റക്കെട്ടല്ല എന്ന ധാരണ ലോകത്തിനു മുന്പിൽ സൃഷ്ടിക്കാനുമൊക്കെയാണ് രാജ്യത്തിനുള്ളിൽ തന്നെയുള്ള ചിലരുടെ ശ്രമം. ഉറ്റവരെയും ഉടയവരെയും തനിച്ചാക്കി രക്തമുറയുന്ന കൊടും തണുപ്പിൽ വെറിപൂണ്ട ചാവേറുകളോടേറ്റുമുട്ടുന്ന ചങ്കൂറ്റത്തിന് മനുഷ്യാവകാശ ലംഘനത്തിന്റെ താമ്രപത്രം നൽകാനാണ് വംശമഹിമയവകാശപ്പെടുന്ന ചില മാധ്യമ നപുംസകങ്ങളുടെ നിരന്തര ശ്രമം. രക്തസാക്ഷിത്വം വരിച്ച വീരജവാന്മാരെ ഒരു നികൃഷ്ടജീവി നവമാധ്യമങ്ങളിലൊന്നിൽ വിശേഷിപ്പിച്ചത് 17 തീവ്രവാദികളെന്നാണ്. കളിത്തോക്കു പോലും കൈകൊണ്ടു തൊട്ടിട്ടില്ലാത്ത രാഷ്ട്രീയ, സൈനിക, മാധ്യമ വിദഗ്ദ്ധർ ഭൂമിമലയാളത്തിലെ ശീതീകരിച്ച ചാനൽ മുറികളിലും വിചാരണയും വിധിയും തുടരുകയാണ്. അതിർത്തിയിൽ സൈനികൻ ജീവൻ കൊടുത്തു നിലനിർത്തുന്ന സുരക്ഷിതത്വത്തിന്റെ സ്വാതന്ത്ര്യത്തിൽ കാശ്മീർ തീവ്രവാദികൾക്ക് ഇരകളുടെ പരിവേഷം നൽകാൻ കേരളത്തിലെ ചില മാധ്യ
മമുറികളിൽ ശ്രമം തുടരുന്നു. തീവ്രവാദികളുടെ ആക്രമണത്തിനു തൊട്ടു പിന്നാലെ ഒരു മുൻ പ്രതിരോധമന്ത്രി സുരക്ഷാ വീഴ്ചയെന്ന വിടുവായത്തവുമായി രംഗത്തെത്തിയതു തികഞ്ഞ ഉത്തരവാദിത്ത രാഹിത്യമായി വിലയിരുത്തപ്പെടും.
വിദ്യാഭ്യാസത്തിന്റെ കാര്യത്തിൽ രാജ്യത്തു തന്നെ മുന്നിലുള്ള കേരളത്തിൽ ചിലരൊക്കെ കാര്യങ്ങളുടെ കിടപ്പറിയാതെയാണ് ഇങ്ങനെയൊക്കെ പെരുമാറുന്നത് എന്നു കരുതാനാവില്ല. എന്തു ന്യായം പറഞ്ഞാലും ഇത് രാജ്യദ്രോഹത്തിന്റെ പട്ടികയിൽ തന്നെയാണ് പെടുന്നത്. അമേരിക്കയോ റഷ്യയോ ബ്രിട്ടണോ ചൈനയോ ഒന്നും ഇക്കാര്യത്തിൽ മറിച്ചൊരു നിലപാടെടുക്കില്ല. രാജ്യം തീവ്രവാദ ഭീഷണി നേരിടുന്ന വേളയിൽ രാജ്യ വിരുദ്ധ നിലപാടെടുത്തിട്ടും ഇത്തരക്കാർക്കു ഞെളിഞ്ഞു വിലസാനാവുന്നത് നമ്മുടെ നാടിന്റെ മഹത്വമുയർത്തുന്നു. എന്നാൽ ഇത്തരം രാജ്യദ്രോഹപരമായ ചെയ്തികൾ നിയന്ത്രിച്ചില്ലെങ്കിൽ നമ്മുടെ പരമാധികാരത്തിനും രാഷ്ട്രസുരക്ഷയ്ക്കും നില നിൽപ്പിനും തന്നെ വെളിയിൽ നിന്നുള്ള ശത്രുക്കളെക്കാൽ വലിയ ഭീഷണിയാവും അത് എന്നുറപ്പ്.