കുരുതിക്കളമായി സിറിയ
ആർക്കൊക്കെയോ വേണ്ടി ദുരിതങ്ങളേറ്റുവാങ്ങാൻ മാത്രം വിധിക്കപ്പെട്ട ചില കഥാപാത്രങ്ങളെ കഥകളിലും നോവലുകളിലുമൊക്കെ നമ്മൾ കണ്ടിട്ടുണ്ട്. പ്രത്യേകിച്ച് മലയാളത്തിന്റെ പ്രിയ കഥാകാരനായ എം.ടിയുടെ രചനകളിൽ. ആ കഥാപാത്രങ്ങൾ പ്രത്യേകിച്ച് ഒരു തെറ്റും ചെയ്തിട്ടുണ്ടാവില്ല. എങ്കിലും വിധിയൊരുക്കിയ ചുഴികളിൽപ്പെട്ട് ജീവിതത്തിന്റെ കാണാക്കയങ്ങളിൽ കഷ്ടതയുടെ കണ്ണീർ കുടിക്കാൻ മാത്രമാവും അവരുടെ നിയോഗം. ഇതുപോലൊരു അവസ്ഥയാണ് സിറിയയിലെ സാധാരണ ജനങ്ങളുടേത്. ചരിത്രവും പൗരാണികതയുമൊക്കെ ഉറങ്ങുന്ന ധന്യമായൊരു മണ്ണിൽ പിറന്നവരാണ് അവർ. എന്നാൽ അത് നമ്മൾ പ്രഥമദൃഷ്ട്യാ പ്രതീക്ഷിക്കും പോലെ ഭാഗ്യമല്ല ദൗർഭാഗ്യത്തിന്റെ പരകോടിയാണ് അവർക്കു സമ്മാനിച്ചിരിക്കുന്നത്. ചവിട്ടി നിൽക്കാനും ആഹാരത്തിനുള്ള ധാന്യം വിളയിക്കാനുമുള്ള മണ്ണും പ്രകൃതി, ധാതു സന്പത്തുക്കളുമെല്ലാമുണ്ടായിട്ടും സ്വന്തം മണ്ണിൽ വേരറുക്കപ്പെട്ടവർ. പട്ടിണിയുടെ പിടിയിലമർന്നു കഴിയാൻ വിധിക്കപ്പെട്ടവർ. പലായനത്തിലൂടെ ശാന്തിതീരങ്ങൾ സ്വപ്നം കണ്ടവർ. കഴിഞ്ഞ അഞ്ചാണ്ടുകളായി ആഭ്യന്തര സംഘർഷം കൊടുന്പിരി കൊണ്ടതോടേ അവരുടെ ദുരുതം അതിന്റെ പാരമ്യത്തിലാണ്.
ദുരിതങ്ങളുടെ ആ പേമാരിക്കാലത്ത് പ്രതീക്ഷയുടെ പൊൻവെളിച്ചമായിരുന്നു കഴിഞ്ഞ തിങ്കളാഴ്ച പ്രഖ്യാപിച്ച വെടി നിർത്തൽ. ചെവിതുളയ്ക്കുന്ന വെടിയൊച്ചകളിലും സ്ഫോടനങ്ങളിലും നിന്ന് താൽക്കാലികമായെങ്കിലും മോചനം. ഏതു നിമിഷവും തലയ്ക്കു മുകളിൽ പറന്നിറങ്ങാവുന്ന മിസൈലുകളെക്കുറിച്ചുള്ള ഭീതിയില്ലാതുള്ള ഉറക്കം. അനന്തമായി തുടരുന്ന പട്ടിണി അൽപകാലത്തേക്കെങ്കിലും അവസാനിക്കുമെന്ന പ്രത്യാശ. കൈമോശം വന്ന പ്രതീക്ഷകളിൽ ചിലതെങ്കിലും തിരികെ വന്നേക്കുമെന്ന പ്രത്യാശ. അതെല്ലാം അൽപ്പായുസ്സാകാനുള്ള സാദ്ധ്യത വീണ്ടും ശക്തമാവുകയാണ്. ഏഴുനാളുകളുടെ മാത്രം പ്രായമുള്ള വെടിനിർത്തലിനും ശിശുമരണപ്പട്ടികയിൽ ഇടം നേടാൻ തന്നെയാണ് വിധിയെന്നു തോന്നുന്നു.
ദെയാർ അൽ സൂറിൽ അമേരിക്കൻ വ്യോമാക്രമണത്തിൽ അറുപത്തിരണ്ടു സിറിയൻ സൈനികർ കൊല്ലപ്പെട്ടതാണ് വെടിനിർത്തലിനു കടുത്ത ഭീഷണിയായിരിക്കുന്നത്. ഐ.സ്സിനെതിരേ ആക്രമണം നടത്താൻ തയ്യാറെടുക്കുന്ന സൈനികരാണ് കൊല്ലപ്പെട്ടത്. മരണ സംഖ്യ 83 ആണെന്ന യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു നിരീക്ഷണ ഏജൻസിയും അഭിപ്രായപ്പെട്ടിട്ടുണ്ട്. നൂറ്റി ഇരുപതോളം സൈനികർക്ക് ആക്രമണത്തിൽ പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമാണ്. ആക്രമണം നടന്നയുടൻ റഷ്യൻ അധികൃതർ അമേരിക്കൻ സേനയെ വിവരമറിയിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് വ്യോമാക്രമണം നിർത്തിവെച്ചു. പദ്ധതിയിട്ടിരുന്ന കൂടുതലാക്രമണങ്ങൾ അവസാനിപ്പിച്ചതായും അമേരിക്ക വ്യക്തമാക്കി. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ആക്രമണം നടത്തിയതാണ് പ്രശ്നങ്ങളുണ്ടാക്കിയതെന്നും യുദ്ധരംഗത്ത് ഇത് അസാധാരണമല്ലെന്നുമാണ് അമേരിക്കൻ വിശദീകരണം. എന്നാൽ കൃത്യതയാർന്ന ആക്രമണങ്ങൾക്ക് പ്രശസ്തമായ അമേരിക്കയ്ക്ക് ഇങ്ങനെയൊരു പിഴവുണ്ടാകാനുള്ള സാധ്യത വിരളമാണെന്ന് റഷ്യൻ അധികൃതരും പ്രതിരോധ വിദഗ്ദ്ധരും ചൂണ്ടിക്കാട്ടുന്നു.
സിറിയൻ സേന ആക്രമണം നടത്തിയിരുന്നെങ്കിൽ മേഖലയിലെ ഐ.എസ്സിന്റെ സ്ഥിതി കൂടുതൽ പരിതാപകരമാകുമായിരുന്നു. ഈ ആക്രമണമാണ് അമേരിക്കൻ വ്യോമാക്രമണം മൂലം നടക്കാതെ പോയത്. ഫലത്തിൽ അമേരിക്കൻ ആക്രമണം കൊണ്ടു ഗുണമുണ്ടായത് ഐ.എസ്സിനു തന്നെയാണ്. ഇത് അമേരിക്ക ബോധപൂർവ്വം തന്നെ ചെയ്തതാണെന്നും അമേരിക്കയുടെ ഐ.എസ് ബന്ധം വെളിവാക്കുന്നതാണ് എന്നുമാണ് സിറിയയുടെ ആരോപണം. സാഹചര്യങ്ങൾ വെച്ചു നോക്കുന്പോൾ അത് പൂർണ്ണമായും നിരാകരിക്കാനാവില്ല. പ്രശ്നത്തിലെ അമേരിക്കയുടെ മുൻ നിലപാടുകളും ഇതിനോട് ചേർത്തു വായിക്കുന്പോൾ ഈ വാദത്തിനു ശക്തി കൂടുന്നു. പ്രഖ്യാപിത ശത്രുവായ സിറിയൻ ഭരണാധികാരി ബാഷർ അൽ അസദിനെ നിഷ്കാസിതനാക്കാൻ അദ്ദേഹത്തെ എതിർക്കുന്ന തീവ്രവാദ ഗ്രൂപ്പുകളെപ്പോലും വഴിവിട്ടു സഹായിച്ച ചരിത്രമുണ്ട് അമേരിക്കയ്ക്ക്. പണ്ട് അഫ്ഗാനിസ്ഥാനിലെ റഷ്യൻ സാന്നിദ്ധ്യത്തിനെതിരെയുള്ള നീക്കത്തിൽ ഭീകരവാദികളായ അൽ ഖാ ഇദയ്ക്ക് എല്ലാ സഹായങ്ങളും ചെയ്തു കൊടുത്ത് അവരെ ശാക്തീകരിച്ചത് അമേരിക്കയായിരുന്നു എന്ന് വെളിവായിട്ടുണ്ട്. ഇതിനു സമാനമാണ് പുതിയ ആരോപണം. അത് തെളിയിക്കപ്പെട്ടിട്ടില്ല എങ്കിലും ഈ വാദമുന്നയിക്കുന്നവരുടെ വാക്കുകൾക്ക് ശക്തി പകരുന്നതു തന്നെയാണ് പുതിയ ആക്രമണവും ആരോപണങ്ങളും.
കഴിഞ്ഞ ദിവസം രണ്ട് എഫ് 16 വിമാനങ്ങളും എ 10 വിമാനങ്ങളുമുപയോഗിച്ചായിരുന്നു അമേരിക്കയുടെ ആക്രമണം. സൈനിക നീക്കം ഐ.എസ്സിന്റേതെന്നു കരുതിയായിരുന്നു വ്യോമാക്രമണമെന്നാണ് അമേരിക്കൻ സെൻട്രൽ കമാന്റിന്റെ വിശദീകരണം. റഷ്യ പറഞ്ഞപ്പോൾ നിർത്തുകയും ചെയ്തു. എന്നാൽ പ്രശ്നത്തിൽ റഷ്യ, ഐക്യരാഷ്ട്ര സുരക്ഷാ സമിതിയുടെ അടിയന്തിര യോഗം വിളിച്ചു ചേർത്തു. രണ്ടു ദിവസത്തിനുള്ളിൽ സിറിയൻ ആക്രമണ കാര്യങ്ങളിലെ റഷ്യ അമേരിക്ക സംയുക്ത യോഗം നടക്കാനിരിക്കെ അമേരിക്ക ഏകപക്ഷീയമായി നടത്തിയ ആക്രമണം നീതീകരിക്കാനാവില്ലെന്നതായിരുന്നു ഐക്യരാഷ്ട്ര സഭയിലെ റഷ്യയുടെ സ്ഥിരം പ്രതിനിധി വിറ്റാലി ചർക്കിന്റെ നിലപാട്. ഇക്കാര്യത്തിൽ അമേരിക്കൻ പ്രതിനിധി സമാന്ത പവർ നടത്തിയത് അനുചിതമായ അഭിപ്രായപ്രകടനമാണെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തെ നിസ്സാര വൽക്കരിക്കാനാണ് അമേരിക്കൻ പ്രതിനിധി ശ്രമിച്ചത്. ഐ.എസ്സിനെതിരെയുള്ള റഷ്യ അമേരിക്ക സംയുക്ത സൈനിക നീക്കത്തിന്റെ സാദ്ധ്യതകൾ തന്നെ ഇല്ലാതാക്കുന്നതാണ് ഇത്തരം നടപടികളെന്നതാണ് റഷ്യൻ വിലയിരുത്തൽ. ഇത് ഏറെക്കുറേ ശരിയുമാണ്. സിറിയൻ പക്ഷത്തെ സംരക്ഷിച്ചുകൊണ്ട് റഷ്യ ഏകപക്ഷീയമായി ആരംഭിച്ച സൈനിക നടപടി ഐ.എസ്സിന്റെ മുന്നേറ്റത്തിനു വിഘാതമാവുകയും സിറിയൻ സേനയ്ക്കു കരുത്തേകുകയും ചെയ്തിരുന്നു. ഒരു പക്ഷേ ഐ.എസ്സിനെതിരെയുള്ള വിജയത്തിലേയ്ക്കു പോലും ഇത് കൊണ്ടു ചെന്നെത്തിക്കുകയും ചെയ്തേനേ. അങ്ങനെ സംഭവിച്ചാൽ ആഗോള ശാക്തിക രാഷ്ട്രീയത്തിൽ അത് റഷ്യയ്ക്കുണ്ടാക്കാവുന്ന മോൽക്കൈയും ചെറുതല്ല. ഈ സാഹചര്യത്തിലാണ് അപ്പോൾ തന്നെ ഐ.എസ് വിരുദ്ധ നിലപാടിലെ ആത്മാർത്ഥതയുടെ കാര്യത്തിൽ ആരോപണങ്ങൾ നേരിട്ടിരുന്ന അമേരിക്കയും ഐ.എസ്സിനെതിരേ ശക്തമായ ആക്രമണങ്ങൾക്ക് മുതിർന്നത്. എന്നാലിപ്പോൾ ഐ.എസ്സിനെ ആക്രമിക്കുന്നവരെയാണ് അമേരിക്ക ആക്രമിച്ചിരിക്കുന്നത്. സ്വാഭാവികമായും അമേരിക്കാ വിരുദ്ധ ആരോപണങ്ങൾക്ക് ഈ സംഭവം മൂർച്ച കൂട്ടുമെന്നുറപ്പ്.
ആക്രമണകാര്യത്തിൽ അമേരിക്കയ്ക്കു പിഴവു പറ്റിയെങ്കിൽ അത് അവർ തങ്ങളെ വിശ്വാസത്തിലെടുക്കാത്തതിനാലാണ് എന്നും റഷ്യ ആരോപിക്കുന്നു. കഴിഞ്ഞ ഡിസംബറിലും സമാനമായ ആക്രമണം അമേരിക്കയുടെ ഭാഗത്തുനിന്നുമുണ്ടായെന്ന് സിറിയൻ സേനാവൃത്തങ്ങൾ ആരോപിച്ചിരുന്നു. ഇപ്പോൾ ആക്രമണമുണ്ടായ ദെയർ അൽ സൂറിൽ തന്നെയായിരുന്നു അന്നും ആക്രമണം നടന്നത്. എന്നാൽ ഇത് അന്ന് അമേരിക്കൻ സേനാവൃത്തങ്ങൾ നിഷേധിച്ചിരുന്നു. അത്യന്തം സങ്കീർണ്ണമാണ് സിറിയൻ പ്രശ്നം. എന്നാൽ വെടി നിർത്തൽ മൂലം രാജ്യത്തെ അക്രമ സംഭവങ്ങളുടെ തോത് ഗണ്യമായിക്കുറഞ്ഞിട്ടുണ്ടന്നതാണ് അമേരിക്കയുടെ വിലയിരുത്തൽ. പക്ഷേ അതീവഗുരുതരമാണ് രാജ്യത്തെ സ്ഥിതി. ഏതു സമയത്തും വെടിനിർത്തൽ ലംഘിക്കപ്പെടാം. ഏതു നിമിഷവും പ്രതീക്ഷകൾ തകർന്നടിയാം. വെടിനിർത്തൽ നിലവിൽ വന്നതോടെ തങ്ങൾക്കുള്ള സഹായങ്ങൾ എത്തിത്തുടങ്ങുമെന്ന പ്രത്യാശയുമായി കഴിയുന്ന വലിയൊരു വിഭാഗമുണ്ട് രാജ്യത്ത്. അവരിൽ സാധാരണക്കാരും വിമത സൈനികരും എല്ലാമുണ്ട്. പുതിയ പ്രതിസന്ധികളുടെ സാഹചര്യത്തിൽ ആ സഹായങ്ങളെത്തിച്ചേർന്നില്ലെങ്കിൽ വെടിയൊച്ചകൾക്ക് ഇനി കാലതാമസമുണ്ടാവില്ല. ആയുധമെടുത്തവരും ഇല്ലാത്തവരും നിലനിൽപ്പിനും, എന്തിനേറെ ജീവൻ നിലനിർത്താൻ അവശ്യ സാധനങ്ങൾക്കും വേണ്ടി പോലും പോരാടുന്ന സ്ഥിതിയാണ് സിറിയയിലേത്.
തുടരുന്ന സംഘർഷങ്ങൾ മൂലം സ്ഥിതിവിവരക്കണക്കുകളുടെ കൃത്യത സംശയകരമാണ്. എങ്കിലും അതീവ പരിതാപകരവും ഏറെക്കുറേ അവിശ്വസനീയവും തന്നെയാണ് സിറിയൻ മണ്ണിൽ നിന്നുള്ള കാഴ്ചകളും വർത്തമാനങ്ങളും. 2011 ൽ ആഭ്യന്തര യുദ്ധം ശക്തമാകും മുന്പ് രണ്ടായിരത്തി പതിനൊന്നിൽ രണ്ടുകോടി നാൽപ്പത്തഞ്ചു ലക്ഷത്തോളമായിരുന്നു സിറിയയിലെ ജനസംഖ്യ. അഞ്ചു കൊല്ലക്കാലത്തെ യുദ്ധത്തെത്തുടർന്ന് അത് ഒരുകോടി എൺപതു ലക്ഷത്തിലും താഴെയായിരിക്കുന്നു. ആക്രമണങ്ങളിൽ പതിനായിരങ്ങൾ കൊല്ലപ്പെട്ടു. ആക്രമണങ്ങളിൽ നിന്നും പതിനായിരങ്ങൾ ജീവനുംകൊണ്ട് പലായനം ചെയ്തു. യുദ്ധഫലമായ വറുതിമൂലം മരിച്ചവർ ഒരുപാടുണ്ട്. മതിയായ ചികിൽസാ സൗകര്യങ്ങൾ കിട്ടാതെ ആയുസ്സൊടുങ്ങിയവരുടെ എണ്ണവും വളരെയേറെയാണ്. തലസ്ഥാനമായ ഡമാസ്കസ് നഗരം ഏറെക്കുറേ സാധാരണ നിലയിലാണ് മുന്നോട്ടു പോകുന്നത്. എന്നാൽ അവിടെയും ജനസംഖ്യയിൽ വലിയ കുറവുണ്ടായിരിക്കുന്നു. ഡമാസ്കസിന്റെ പ്രാന്തപ്രദേശങ്ങളിൽ മാത്രമാണ് കുറച്ചെങ്കിലും ഇക്കാര്യത്തിൽ പുരോഗതിയുള്ളത്. പ്രമുഖ നഗരങ്ങളായ ആലപ്പോ, ദെയർ അൽ സൂർ, ഹോംസ്, റഖ്വ എന്നിവിടങ്ങളിലെല്ലാം ജനസംഖ്യ കുത്തനെ കുറഞ്ഞിരിക്കുന്നു.
ഇരുപത്തി ആറായിരം കോടിയോളം ഡോളറിന്റെ നഷ്ടമാണ് യുദ്ധംമൂലം ഉണ്ടായിരിക്കുന്നത്. യുദ്ധത്തിനു മുന്പ് രാജ്യത്തെ തൊഴിലില്ലായ്മ 14 ശതമാനമായിരുന്നു. ഇപ്പോൾ രാജ്യത്തെ ജനസംഖ്യയിൽ പാതിയിലധികവും തൊഴിൽ രഹിതരാണ്. ഇതിന് ഒരു മറുവശവുമുണ്ട്. പതിനായിരക്കണക്കിന് തൊഴിലവസരങ്ങളിലേക്ക് ആളില്ലാത്ത അവസ്ഥയും ഇതിനൊപ്പം നിലനിൽക്കുന്നു. അരലക്ഷത്തിലധികം അദ്ധ്യാപക തസ്തികകളാണ് ഇപ്പോഴും ഒഴിഞ്ഞു കിടക്കുന്നത്. സ്കൂളുകളുടെ അവസ്ഥ അതീവ പരിതാപകരമാണ്. സ്കൂളുകളിൽ പോയിരുന്ന ആയിരക്കണക്കിനു കുഞ്ഞുങ്ങൾ യുദ്ധത്തിൽ കൊല്ലപ്പെട്ടു. ബാക്കിയുള്ളവർക്ക് വിദ്യാലയങ്ങളെക്കുറിച്ച് ആലോചിക്കാവുന്ന സ്ഥിതിയില്ല രാജ്യത്തുള്ളത്. അവശേഷിക്കുന്ന 40 ശതമാനം കുഞ്ഞുങ്ങൾ സ്കൂളുകളിൽ പോകുന്നില്ല. രാജ്യത്ത് ഉണ്ടായിരുന്നതിൽ 25 ശതമാനം സ്കൂളുകൾ ആക്രമണങ്ങളിൽ തകർന്നു. മിച്ചമുണ്ടായിരുന്നതിൽ പലതും പട്ടാളബാരക്കുകളായി രൂപാന്തരം പ്രാപിച്ചു. യുദ്ധമവസാനിച്ചാലും ഒരു തലമുറയ്ക്ക് തീരാനാവാത്ത നഷ്ടമാണ് ഇതു വരുത്തി വെച്ചിരിക്കുന്നത്.
ഇതിലും പരിതാപകരമാണ് രാജ്യത്തെ ആരോഗ്യരംഗത്തിന്റെ കാര്യം. 40 ശതമാനത്തിനും ആശുപത്രികളും മറ്റു ചികിൽസാ സൗകര്യങ്ങളും അപ്രാപ്യമാണ്. ആകെ ആവശ്യമുള്ളതിന്റെ പകുതി ആൾക്കാർ മാത്രമാണ് ചികിത്സാ മേഖലയിൽ ഇപ്പോഴുള്ളത്. സർക്കാർ മേഖലയിലെ 113 ആശുപത്രികളിൽ പാതിയും പ്രവർത്തിക്കുന്നില്ല. വിദേശത്തുനിന്നുള്ള ആരോഗ്യ വിദഗ്ദ്ധർക്കും മറ്റു ജോലിക്കാർക്കും സുരക്ഷ ഉറപ്പാക്കാൻ അധികൃതർക്കാവുന്നില്ല. ആരോഗ്യ കേന്ദ്രങ്ങൾക്കു നേരെയുണ്ടായ ആക്രമണങ്ങളുടെ എണ്ണം 336. ഡോക്ടർമാരടക്കം ഈ ആക്രമണങ്ങളിൽ മരിച്ചത് 697 പേർ.
കാർഷിക മേഖലയുടെ തകർച്ചയാണ് രാജ്യത്തെ വറുതിക്ക് ഒരു പ്രധാന കാരണം. രാജ്യത്തിന്റെ കരുത്തായിരുന്ന ഫാമിംഗ് മേഖല തകർന്നടിഞ്ഞു. ആക്രമണങ്ങൾ പതിവായതോടേ വിതരണ ശൃംഖലയുടെ സ്ഥിതിയും അതിനു സമാനമായി. പൊതുവേ ഗൾഫ് രാജ്യങ്ങളിലെല്ലാം നൽകിവരുന്ന ഭക്ഷ്യ സബ്സിഡി യുദ്ധത്തെ തുടർന്ന് ലഭ്യമല്ലാതായി. ഇത് അവശ്യസാധന വില വർദ്ധന റോക്കറ്റു പോലെ കുതിച്ചുയരാൻ കാരണമായി. സർക്കാരിന് ഗോതന്പുപാടങ്ങളുടെ മേലുണ്ടായിരുന്ന നിയന്ത്രണം നഷ്ടമായത് സ്ഥിതി കൂടുതൽ പരിതാപകരമാക്കി. പാൽ വില ഫലത്തിൽ പൊൻ വിലയായി. പാലിന്റെ വിലയിൽ 20000 ശതമാനം വർദ്ധനവുണ്ടായി എന്നത് സ്ഥിരീകരിക്കാൻ മറ്റു വഴി തൽക്കാലമില്ല. അവിശ്വസനീയമെങ്കിലും നൽകിയിരിക്കുന്നത് വിശ്വാസ യോഗ്യമായ ഏജൻസിയായതിനാൽ കണ്ണുമടച്ചു വിശ്വസിക്കുന്നു. പ്രമുഖ നഗരങ്ങളിലെല്ലാം അവശ്യ സാധന വിലയിൽ വലിയ വ്യത്യാസമുണ്ട്. ദെയറിലും ഖൗത്തയിലും പാലിന് ഈ വിലയുള്ളപ്പോൾ ആലപ്പോയിലും ഹോംസിലും പാൽ വിലയിൽ 500 ശതമാനം ( അഞ്ചിരട്ടി ) വ്യത്യാസമേ യുദ്ധം വരുത്തി വച്ചിട്ടുള്ളൂ. മുട്ട വില ആലപ്പോയിലും ഹോംസിലും 400 മടങ്ങു വർദ്ധിച്ചപ്പോൾ ദെയറിൽ അത് 2400 ശതമാനമാണ് ഉയർന്നത്. അരി, പഞ്ചസാര, ഖുബ്ബൂസ് തുടങ്ങിയവയുടെ വിലക്കയറ്റവും ഇങ്ങനെയൊക്കെതന്നെയാണ്.
വിലക്കയറ്റത്തിനപ്പുറമാണ് അവശ്യസാധന ലഭ്യതയില്ലായ്മ. കയ്യിൽ പണമുള്ളവനും സാധനങ്ങൾ വാങ്ങാൻ വിപണിയിൽ ലഭ്യമല്ല. വിദേശത്തു നിന്നും വരുന്നതാവട്ടെ സർക്കാരും തീവ്രവാദികളും തങ്ങളുടെ ഇഷ്ടക്കാർക്കു മാത്രം ലഭ്യമാക്കുന്നു. ആഹാര സാധനങ്ങൾ കരിഞ്ചന്തയിൽ വിറ്റു കലക്കവെള്ളത്തിൽ മീൻ പിടിക്കുന്നവരും ഏറെ.
ദുരിതങ്ങളും അസ്ഥിരാവസ്ഥയും തുടരുന്പോൾ ഒരിറ്റു ജീവജലവും വിശപ്പടക്കാൻ ആഹാരവും ലഭിക്കാതെ പിടഞ്ഞു മരിക്കുന്നവരുടെ എണ്ണം രാജ്യത്ത് ഏറുകയാണ്. പരിതോവസ്ഥകൾക്ക് അറുതിയാകുമെന്ന പ്രത്യാശയുണർത്തിയ വെടിനിർത്തൽ മരീചിക മാത്രമായി അവസാനിക്കാനുള്ള സാദ്ധ്യത ശക്തമാകുന്നു. നിലനിൽപ്പിനായുള്ള സിറിയക്കാരന്റെ പോരാട്ടത്തിന് വിഘാതങ്ങൾ ഏറെയാണ്. അമേരിക്കയും റഷ്യയും അടക്കമുള്ള വന്പന്മാരുടെ ബലപരീക്ഷണങ്ങളും അതിനു കാരണമാകുന്നു. സ്വന്തം തെറ്റുകൊണ്ടല്ലാതെ ഒരു ജനത അനുഭവിക്കുന്ന ദുരിതങ്ങൾ എത്രയും പെട്ടെന്ന് അവസാനിക്കുമെന്ന് നമുക്കു പ്രത്യാശിയ്ക്കാം. എന്നാൽ സമീപഭാവിയിൽ അതിനുള്ള സാദ്ധ്യത വളരെക്കുറവാണ്.