കുറ്റവാളി ആര്?
കുറ്റവാളി ആര്? എന്ന ചോദ്യമുയരുന്നത് ഒരു കുറ്റകൃത്യം സംഭവിക്കുന്പോഴാണ്. ഭൂമിമലയാളത്തിലെ പൊതുസമൂഹം ഇന്ന് കൂലങ്കുഷമായി തിരയുന്നത് കുറ്റവാളി ആര് എന്നതിനെക്കുറിച്ചാണ്. അത് കുറ്റം സംഭവിച്ചിരിക്കുന്നു എന്നതു കൊണ്ടാണ്. അല്ലെങ്കിൽ കുറ്റം സംഭവിച്ചിരിക്കുന്നു എന്ന് സമൂഹം ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാണ്. ഒരു സമൂഹം ആഴത്തിൽ വിശ്വസിച്ചതു കൊണ്ടുമാത്രം കുറ്റം സംഭവിച്ചിരിക്കണം എന്നു നിർബന്ധമില്ല. ഇവിടെ കുറ്റകൃത്യം നടന്നു എന്നു വിശ്വസിക്കാനുള്ള കാരണം സാഹചര്യങ്ങൾ നൽകുന്ന സൂചനയാണ്. സാഹചര്യത്തെളിവുകൾ വളരെ പ്രധാനമാണ്. എന്നാൽ സാഹചര്യങ്ങൾ മാത്രം വച്ച് ഒരു കേസ് കുറ്റമറ്റ രീതിയിൽ സ്ഥാപിച്ചെടുക്കാനാവുമോയെന്ന കാര്യം സംശയകരമാണ്. മികച്ച രീതിയിലുള്ള അന്വേഷണത്തിലൂടെ മാത്രമേ ഇത്തരം സാഹചര്യത്തിൽ കേസിൽ കുറ്റകൃത്യം നടന്നിട്ടുണ്ടോയെന്ന് വ്യക്തമായി തെളിയിച്ചെടുക്കാൻ സാധിക്കൂ. എന്നാൽ ഇവിടെ വിധി പ്രസ്താവനകൾ ഒന്നൊന്നായി വന്നുകൊണ്ടിരിക്കുകയാണ്. വിധിക്കുന്നത് ജനമാണ്. അവർക്കു വിധിക്കാൻ തെളിവുകൾ ആവശ്യമില്ല. തോന്നലുകളും ധാരണകളും ബാഹ്യസ്വാധീനങ്ങളും മാത്രം ആധാരമാക്കിയാണ് പൊതുസമൂഹത്തിന്റെ വിധി പ്രസ്താവങ്ങൾ.
സ്വമേധയാ തോറ്റുകൊടുത്ത വാദി ഭാഗം വക്കീലാണ് കുറ്റവാളി, വധശിക്ഷയ്ക്കെതിരായ നിലപാടെടുത്ത സ്വന്തം നേതാക്കളുടെ സ്വാധീനത്തിൽ ഉപേക്ഷ കാട്ടിയ സർക്കാരാണ് കുറ്റവാളി. ധാർമ്മികതക്കു പുല്ലുവില പോലും കൊടുക്കാതെ പ്രതിയുടെ വക്കാലത്തെടുത്ത പ്രതിഭാഗം വക്കീലാണ് കൊടും കുറ്റവാളി. നീതിന്യായവ്യവസ്ഥയുടെ വിശ്വാസ്യത പോലും ഇല്ലാതാക്കിയ പരമോന്നത കോടതിയാണ് ആത്യന്തികമായി കുറ്റം ചെയ്തത് എന്നിങ്ങനെ ജനവിധി പ്രസ്താവനകൾ മാധ്യമങ്ങളെയും നവമാധ്യമങ്ങളെയും സന്പന്നമാക്കുന്നു. തങ്ങളെക്കൊണ്ട് ആവും വിധമൊക്കെ ദുരൂഹതകളുടെ എരിവും പുളിയും കൂടിച്ചേർത്ത് ചാനൽ ചർച്ചാവതാരക ന്യായാധിപന്മാർ എരിതീയിൽ എണ്ണയൊഴിച്ചു കൊടുക്കുന്നു. ഇതിനിടയിൽ പിറന്ന നാടിനെ പുലഭ്യം പറയാൻ തക്കം പാർത്തിരിക്കുന്ന, ഉളുപ്പില്ലാത്ത, കൂട്ടിൽ വിസർജ്ജ്യക്കാർ ഭാരതത്തിന്റെ നീതിന്യായ വ്യവസ്ഥിതിയെ അടച്ച് അധിക്ഷേപിച്ച് ആനന്ദം കൊള്ളുന്നു. കാറ്റുള്ളപ്പോൾ കച്ചിയുണക്കണമെന്ന് സായിപ്പു പറഞ്ഞത് ഇതിനെക്കുറിച്ചാണ്. കാറ്റുള്ളപ്പോൾ തൂറ്റണമെന്ന നാടൻ മൊഴിയും ഈ സാമൂഹിക സ്വഭാവത്തെക്കുറിച്ചു തന്നെയാണ്. ഒഴുക്കിനൊത്തുള്ള പോക്കാണ് നമ്മൾ ഈ കാണുന്നതൊക്കെ.
ഈ കോലാഹലങ്ങളിൽ പലതും അർത്ഥശൂന്യങ്ങളാണ്. ഒരു ഫലവും ഉണ്ടാക്കാത്ത അധര വ്യായാമങ്ങളും സ്വാർത്ഥ താൽപ്പര്യത്തോടെയുള്ള അഭ്യാസങ്ങളും. കേസിലെ കോടതിവിധിയെ ഈ ബഹളങ്ങൾ ഒരു വിധത്തിലും സ്വാധീനിക്കാനും പോകുന്നില്ല. യഥാർത്ഥത്തിൽ ബഹളം വയ്ക്കുന്നതിനപ്പുറം ഈ വിഷയത്തിൽ കാര്യമായ ഒരന്വേഷണവും നടക്കാനും പോകുന്നില്ല. സൗമ്യ വധക്കേസിലെ കോടതി വിധി പൊതുസമൂഹം പ്രതീക്ഷിച്ചതായിരുന്നില്ല. അതുകൊണ്ടുമാത്രം ഏതെങ്കിലും സ്വാധീനങ്ങൾക്കു വഴങ്ങിയുള്ളതാണ് കോടതിയുടെ വിധിയെന്ന ആരോപണത്തിൽ കഴന്പില്ല. യാതൊരു തെളിവുകളും മുന്നോട്ടു വയ്ക്കാതെയാണ് പൊതുസമൂഹം ന്യായാസനത്തിനെതിരെ വിധിപ്രസ്താവന നടത്തുന്നത്. അതു കുറ്റകരമാണ്. ആയിരം കുറ്റവാളികൾ രക്ഷപെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്നതാണ് നമ്മുടെ നീതിന്യായവ്യവസ്ഥയുടെ ആണിക്കല്ല്. അതു പാലിക്കുക മാത്രമാണ് കോടതി ചെയ്തത്. വക്കാലത്തെടുക്കുന്ന കേസുകൾ തങ്ങളുടെ പക്ഷത്തിന് ജയം നേടിയെടുക്കുക എന്നതാണ് ഓരോ അഭിഭാഷകന്റെയും ദൗത്യം. ബിജു ആന്റണി ആളൂരെന്ന ക്രിമിനൽ വക്കീലിനും അങ്ങനെയാവാനേ പറ്റൂ. പ്രത്യേകിച്ച് പൊതുസമൂഹത്തിന്റെ പൂർണ്ണമായ എതിർപ്പിന്റെയും വിരോധത്തിന്റെയും മുൾമുനയിൽ നിന്നുകൊണ്ട് ആളൂരായി ജീവിക്കുക തന്നെ എളുപ്പമല്ല. വാദി ഭാഗം വക്കീലിനാവട്ടെ അയാളുടെ സാമർത്ഥ്യത്തിനും ശേഷിക്കുമൊക്കെ ഒത്തു വാദിക്കുക എന്നതു മാത്രമാണ് കരണീയം. ഓരോ സർക്കാരുകൾക്കും അവരുടെ നയപരിപാടികൾക്കും നയങ്ങൾക്കും അടവു നയങ്ങൾക്കും ഒക്കെ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാനാവൂ. പരസ്പരം അവസരം കിട്ടുന്പോഴൊക്കെ ചെളി വാരിയെറിയുന്പോഴും നമ്മുടെ രാഷ്ട്രീയകക്ഷികളൊക്കെ ഇക്കാര്യത്തിൽ ഒരേപോലെയാണ്. അതും അങ്ങനെയാവാതെ തരമില്ല.
വാസ്തവത്തിൽ സ്തോഭം കൊള്ളാനും വിധിക്കാനുമൊന്നുമുള്ള അവസരമല്ല ഇത്. തിരിച്ചറിവുകളുടെ വേളയായാണ് ഇതിനെ ഉപയോഗിക്കേണ്ടത്. ഓരോരുത്തവർക്കും അവരവരുടെ ന്യായങ്ങൾ പറയാനുള്ളിടത്ത് പൊതുസമൂഹത്തിന് അരക്ഷിതാവസ്ഥ ബാക്കിയാവുന്നു. എത്ര നിർഭയമാരുണ്ടായാലും എത്ര ചാർലി തോമസുമാർ സൗമ്യമാർക്കു മുക്തി കൊടുത്താലും നമ്മൾ കഴുതകളെപ്പോലെ കരഞ്ഞു കാമം തീർക്കും. അതോടേ നമുക്കു സമാധാനമാകും. എന്നാൽ അപ്പോഴും നമ്മുടെ അരക്ഷിതാവസ്ഥ തുടരും. ഈ സ്ഥിതി മാറിയേ പറ്റൂ. ഇത് മാറുമെന്നും ഉറപ്പാണ്. അതിന് ബോധപൂർവ്വം യത്നിക്കേണ്ടത് നമ്മൾ മാത്രമാണ്. വർത്തമാനകാല സാഹചര്യങ്ങൾ വസ്തുനിഷ്ഠമായി വിലയിരുത്തി സമചിത്തതയോടേ യുക്തമായ തീരുമാനങ്ങളിലെത്തുകയും അതു നടപ്പാക്കുകയുമാണ് വേണ്ടത്.
നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും അടുത്തിടെ വന്നുകൊണ്ടിരുന്ന വാർത്ത തെരുവുനായകളുടെ ആക്രമണത്തെക്കുറിച്ചായിരുന്നു. അത് തെരുവുനായകൾ കൂട്ടത്തോടേ കൊല്ലപ്പെടുന്ന വാർത്തകൾക്കു വഴിമാറിത്തുടങ്ങി. രക്ഷിക്കേണ്ടവർ നോക്കുകുത്തികളായപ്പോൾ ജനം സ്വയം രക്ഷതേടുകയാണ്. ജനങ്ങൾക്ക് സ്വയം രക്ഷാമാർഗ്ഗം കണ്ടെത്താനറിയാം. പൊതുസമൂഹം തന്നെയാണ് ഇത്തരത്തിലുള്ള എല്ലാ പരിതോവസ്ഥകളിൽ നിന്നും മോചനം കണ്ടത്തേണ്ടത്. പക്ഷേ നിയമം കൈയിലെടുത്തുകൊണ്ടാവരുത് നിയമത്തിന്റെ വഴികളിലൂടെ തന്നെയാവണം അതു നേടാനുള്ള ശ്രമങ്ങൾ നമ്മൾ നടത്തേണ്ടത് എന്നുമാത്രം. വിവേകത്തോടെയും വസ്തുനിഷ്ഠമായും ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്താൽ പരിഹരിക്കപ്പെടാവുന്നതാണ് ഈ പ്രശ്നങ്ങളൊക്കെ. കോലാഹലങ്ങൾ നിരർത്ഥകങ്ങളാണ്.