ജലയുദ്ധം

"The next World War will be fought over water". ഇനിയൊരു ലോകയുദ്ധമുണ്ടാവുകയാണെങ്കിൽ അത് വെള്ളത്തെച്ചൊല്ലിയാകും എന്ന നിരീക്ഷണം പറഞ്ഞയാളെക്കാളും പ്രശസ്തമായിക്കഴിഞ്ഞു. 1995ൽ അന്നു ലോക ബാങ്ക് ഉപാദ്ധ്യക്ഷനായിരുന്ന ഇസ്മാഈൽ സെറാഗെൽദിൻ ഇക്കാര്യമൊരു സംവാദത്തിനിടെ പറഞ്ഞിരുന്നു. കൊളംബിയ വാട്ടർ സെന്റർ ഡിറക്ടർ ഉപ്മാനു ലാലും ഇതിനുസമാനമായ നിരീക്ഷണം നടത്തിയിട്ടുണ്ട്. മഹാത്മാക്കൾ ഒരേ പോലെ ചിന്തിക്കുന്നു എന്നാണ് പ്രമാണം. അതെന്തായാലും വെള്ളത്തിനു വേണ്ടിയുള്ള സംഘർഷങ്ങൾക്ക് അനുദിനം ശക്തിയേറുകയാണ്. ഭൂപടങ്ങൾ പരിചയമുള്ളവരെ അത്ഭുതപ്പെടുത്തുന്നതാണ് ഈ മഹാന്മാരുടെയൊക്കെ നിരീക്ഷണങ്ങൾ. നമ്മൾ കാണാറുള്ള ഭൂപടങ്ങളിൽ ഭൗമോപരിതലത്തിന്റെ 70 ശതമാനവും നീല നിറത്തിൽ അടയാളപ്പെടുത്തപ്പെട്ടിരിക്കുന്നു. നദികളും തടാകങ്ങളും മഹാസമുദ്രങ്ങളുമൊക്കെയടങ്ങുന്ന ജലാശയങ്ങളാണ് അവ. പ്രത്യക്ഷത്തിൽ ജലസന്പന്നമെന്നോ ജലധാരാളിത്തമെന്നോ ഒക്കെ തോന്നിപ്പോകാവുന്ന പ്രതീതിയാണ് ആ ചിത്രങ്ങൾ സൃഷ്ടിച്ചെടുക്കുന്നത്. നമ്മൾ നേരിൽ കാണുന്നതൊന്നുമാവണമെന്നില്ല ആത്യന്തികമായ ശരി. ഭൂമിയിലെ ജലധാരാളിത്തത്തിൻ്റെ കാര്യവും വ്യത്യസ്ഥമല്ല.
നിർമ്മല ജലം നിറഞ്ഞ കിണറുകളും ഓലികളും അരുവികളും നാടിന്റെ നാഡിഞരന്പുകളായിരുന്ന നദികളും ഒക്കെക്കൊണ്ടു സന്പന്നമായ ഒരു സമീപ ഭൂതകാലം ഭൂമിമലയാളത്തിനുമുണ്ടായിരുന്നു. അതിന്റെ ഓർമ്മകൾ മനസ്സിൽ നിന്നും പൂർണ്ണമായി മാറിയിട്ടില്ലാത്തവർക്ക് ജലത്തെക്കുറിച്ചുള്ള ഇത്തരം ആശങ്കകൾ അതിഭാവുകത്വം നിറഞ്ഞതാണെന്ന് തോന്നിപ്പോയാൽ അത്ഭുതമില്ല. എന്നാൽ വർത്തമാനകാല യാഥാർത്ഥ്യങ്ങളും വസ്തുതകളും അത്യന്തം ആശങ്കാ ജനകമായൊരു ചിത്രം തന്നെയാണ് നമുക്കു മുന്നിൽ വരച്ചിടുന്നത്. ഭൗമോപരിതലത്തിന്റെ 70 ശതമാനവും വെള്ളമാണെങ്കിലും ഭൂഗോളത്തിന്റെ ആകെ പിണ്ധത്തിന്റെ 0.05 ശതമാനം അഥവാ ആയിരത്തിൽ അഞ്ചു ശതമാനം മാത്രമാണ് വെള്ളമുള്ളത്. ജലസമൃദ്ധി എന്നത് നമ്മുടെ മായക്കാഴ്ച മാത്രമാണെന്ന് വ്യക്തം. ഇതിനും പുറമേ ഞെട്ടിക്കുന്ന മറ്റൊന്നു കൂടിയുണ്ട്. ഭൂമിയിലെ ജനസന്പത്തിന്റെനല്ലൊരുപങ്ക് ബാഷ്പീകരിക്കപ്പെട്ട് ബാഹ്യാകാശത്തേക്ക് നഷ്ടമായിക്കൊണ്ടുമിരിക്കുന്നു. ആഗോളതാപനമടക്കമുള്ള പ്രതിഭാസങ്ങൾ ഇതിന്റെ തോത് കുത്തനെ വർദ്ധിപ്പിച്ചുകൊണ്ടിരിക്കുകയുമാണ്.
57 മുതൽ 60 ശതമാനം വരെയാണ് മനുഷ്യ ശരീരത്തിലെ ജലാംശത്തിന്റെ അളവ്. വെള്ളമില്ലാതെ നിലവിലുള്ള സാഹചര്യങ്ങളിൽ നമ്മുടെ ശരീരങ്ങൾക്ക് നിലനിൽക്കാനാവില്ലെന്നോ നമ്മുടെ ശരീരങ്ങൾ ഇല്ല എന്നു തന്നെയോ പറയാം. ഇതിനുമപ്പുറമാണ് സ്വന്തം ശരീരവും സ്വന്തമിടങ്ങളും നിർമ്മിക്കാനും പരിപാലിക്കാനും ശുചിയായി സൂക്ഷിക്കാനുമൊക്കെ ആവശ്യമായി വരുന്ന ജലം. അംഗീകരിച്ചാലുമില്ലെങ്കിലും സ്വർണ്ണത്തെക്കാളും മറ്റു സുഖഭോഗങ്ങളെക്കാളുമെല്ലാം നമുക്ക് അവശ്യം വേണ്ടുന്നത് വെള്ളം തന്നെയാണ്. പ്രാണവായുവിനു തുല്യമായ പ്രാധാന്യം ഇക്കാര്യത്തിൽ വെള്ളത്തിനുമുണ്ട്. അതിന് ഇപ്പോഴുള്ള ധാരാളിത്തം മൂലം അർഹമായ പ്രാധാന്യം പൊതുവേ കൽപ്പിക്കപ്പെടുന്നില്ല എന്നുമാത്രം. വിവരമുണ്ടെന്നു ധരിക്കുന്നവരും ഇല്ലാത്തവരുമൊക്കെ ഒരേ പോലെ ഇക്കാര്യത്തിൽ അജ്ഞത പുലർത്തുന്നു. ഈ സ്ഥിതി അതിവേഗം മാറുകയാണ്. ഭരണകൂടങ്ങളും സമൂഹങ്ങളും വെള്ളത്തിൻ്റെ കാര്യത്തിൽ വാശിയും വീറുമൊക്കെ പണ്ടേ പുലർത്തിയിരുന്നു. അത് ഇപ്പോൾ അതിന്റെ പരകോടിയിലേക്കു പോവുകയാണ്. ഒറ്റപ്പെട്ട ആക്രോശങ്ങൾക്കപ്പുറത്തേക്ക് അത് ജനസമൂഹങ്ങൾ തമ്മിലുള്ള നേരിട്ടുള്ള പോരിലേക്ക് ചിലപ്പോഴെങ്കിലും പോയിട്ടുണ്ട്. ആ പോരിനും കാഠിന്യമേറുന്ന കാഴ്ചയാണ് രാജ്യത്തിൻ്റെ ഐ.ടി തലസ്ഥാനമായ ബംഗളുരുവിൽ നിന്നും കാണുന്നത്. തങ്ങളുടെ നദികളിലൊഴുകി വരുന്ന തണ്ണീർ തടഞ്ഞു നിർത്തി ഉപയോഗിക്കാനുള്ള അവകാശം തമിഴകവുമായി കൂടുതൽ പങ്കുവയ്ക്കണമെന്ന കോടതിയുത്തരവിനെതിരെയാണ് ഇപ്പോൾ പ്രതിഷേധാഗ്നിയെരിയുന്നത്.
ജലദൗർലഭ്യം പണ്ടേക്കു പണ്ടേ തമിഴകത്തിന്റെ ശാപമാണ്. അതൊരു ശാപമാണെന്നു പഴിപറഞ്ഞിരിക്കാതെ അതിർത്തിക്കപ്പുറത്തു നിന്നും അണകെട്ടിയാണെങ്കിലും തങ്ങളുടെ മണ്ണിനെ പുഷ്കലമാക്കി പൊന്നു വിളയിക്കാൻ അവർക്കറിയാം. അതിനു വേണ്ടിവന്നാൽ അയൽ സംസ്ഥാനങ്ങളുടെ അധികാരികളെ പാട്ടിലാക്കാനുള്ള കോഴപ്പണം സംസ്ഥാന ബജറ്റിൽ വകയിരുത്താൻ പോലും മടികാട്ടാത്ത സംവിധാനമാണ് അവരുടേത്. മുല്ലപ്പെരിയാറിലടക്കം അതിനു വഴങ്ങി കൈയും കെട്ട് ഓച്ഛാനിച്ചു നാണം കെട്ടു നിൽക്കാനാണ് നമുക്കും വിധി. വെള്ളത്തിന്റെ കാര്യത്തിൽ വിട്ടുവീഴ്ചയില്ലാത്ത നടപടിയെടുക്കാതെ അവിടുത്തെ ഭരണാധികാരികൾക്കും നിലനിൽപ്പില്ലെന്നതാണ് സ്ഥിതി. എന്നാൽ എല്ലായിടത്തും ഇത്തരം തന്ത്രങ്ങൾ വിജയിക്കണമെന്നില്ല. അതാണിപ്പോൾ ബംഗളുരുവിൽ കാണുന്നത്.
തമിഴകത്തിന്റെ തന്ത്രങ്ങൾ തങ്ങൾക്ക് ഹിതകരമല്ലാത്ത സാഹചര്യങ്ങളുണ്ടാക്കുന്നുവെന്ന തോന്നൽ സാധാരണ കന്നഡിഗനെ വെറിപിടിപ്പിച്ചിരിക്കുന്നു. കലാപാഗ്നി പടരുകയാണ്. നദീസംയോജനമടക്കമുള്ള കാര്യങ്ങളിൽ കാലവിളംബം കൂടാതെ യുക്തമായ തീരുമാനങ്ങളെടുത്തു നടപ്പിൽ വരുത്തിയാലേ ഇക്കാര്യത്തിന് കുറച്ചെങ്കിലും പരിഹാരമാകൂ. അല്ലെങ്കിൽ നമ്മുടെ നാടിനെ ഛിന്നഭിന്നമാക്കാൻ കാത്തിരിക്കുന്ന ശക്തികൾക്ക് ഉപയോഗിക്കാനുള്ള ശക്തമായ ഒരു ഉപാധിയായി ജലദൗർലഭ്യ പ്രശ്നവും മാറുമെന്ന കാര്യത്തിൽ തർക്കമില്ല. ഭൂമിമലയാളം പൊന്നോണമാഘോഷിക്കുന്ന വേളയിൽ അധികാരസ്ഥാനങ്ങൾ ഇക്കാര്യങ്ങളിലൊക്കെ കൂടുതൽ ശ്രദ്ധ പുലർത്തിയാലേ സർവ്വൈശ്വര്യങ്ങളുടെയും മാവേലിക്കാലം ഈ മണ്ണിൽ പുലരൂ. അതുണ്ടാവുമെന്നു നമുക്കു പ്രത്യാശിക്കാം. എല്ലാവർക്കും സകല നന്മകളും ഐശ്വര്യവും നേരുന്നു.