രാഷ്ട്രീയ പാകത
വിവാദങ്ങൾക്കും വിലക്കുകൾക്കും ഒക്കെയിടെ മറ്റൊരു ഓണക്കാലം കൂടി സമാഗതമായിരിക്കുന്നു. ജാതിയും മതവും വർണ്ണഭേദങ്ങളുമില്ലാതെ ലോക മലയാളി ഭൂമിമലയാളത്തിന്റെ ഏറ്റവും വലിയ ഉത്സവം ആഘോഷിക്കുകയാണ്. പൂക്കളമിടുന്ന കാര്യത്തിലും ആവുന്നത്ര വിഭവങ്ങളോടെ ഓണസദ്യയൊരുക്കുന്നതിലുമൊന്നും മതഭേദമില്ലെന്നതാണ് വാസ്തവം. ഇത് മലയാളമണ്ണിന്റെ ദേശീയോൽസവമാകുന്നു. നമ്മുടെ അപ്പനപ്പൂപ്പന്മാർ തൊട്ടിങ്ങോട്ട് ആഹ്ലാദ പൂർവ്വം ആചരിച്ചു പോരുന്ന ഉൽസവം. അഴിമതിയും സ്വജനപക്ഷപാതവും സാന്പത്തിക അസമത്വങ്ങളും അടിസ്ഥാന സൗകര്യങ്ങളിലെ അപര്യാപ്തതയും ഒക്കെക്കൊണ്ട് പൊറുതിമുട്ടുന്ന മലയാളക്കരയ്ക്ക് സകല ഐശ്വര്യങ്ങളുടെയും മാവേലിക്കാലം സ്വപ്നം കാണാനുള്ള വേള കൂടിയാണ് ഓണക്കാലം. പ്രത്യാശകളാണ് മനുഷ്യ കുലത്തെ മുന്നോട്ടു നയിക്കുന്നത്. ആഹ്ലാദിക്കാനും പ്രതീക്ഷിക്കാനും എന്തെങ്കിലുമൊക്കെയുണ്ടാകുന്പോഴാണ് ജീവിതം മനോഹരമാകുന്നത്. അങ്ങനെ പ്രത്യാശയും ഊർജ്ജവും പകരുന്ന ആഘോഷമായതിനാലാണ് അതിനെ മതാതീതമായി നമ്മുടെ സമൂഹം നെഞ്ചേറ്റുന്നത്.
ഓണം മതാതീതമായോ മതേതരമായോ ഒക്കെ ആഘോഷിക്കപ്പെടുന്പോഴും അത് ഹിന്ദു മതവും ഹൈന്ദവ സംസ്കൃതിയുമായി ബന്ധപ്പെട്ടതാണ് എന്നത് നിസ്തർക്കമായ കാര്യമാണ്. അതിന് ആധാരമായ കഥളും കഥാപാത്രങ്ങളുമൊക്കെ ഹൈന്ദവ സംസ്കൃതിയിൽ നിന്നും ഹൈന്ദവ പുരാണതിഹാസങ്ങളിൽ നിന്നുമുള്ളവയാണ്. നമുക്കെല്ലാവർക്കുമറിവുള്ളതുപോലെ മാവേലിയും വാമനനുമാണ് ഓണവുമായി ബന്ധപ്പെട്ട പ്രധാന കഥാപാത്രങ്ങൾ. ലോകം മുഴുവൻ അടക്കിവാണ് ഇന്ദ്രപദവിയിൽ വിരാജിച്ചിരുന്ന അസുര ചക്രവർത്തിയായ വൈരോചനനാണ് മഹാബലിയെന്ന പേരിലറിയപ്പെട്ട നമ്മുടെ മാവേലി. നാടൻ പാട്ടുകളിലും മിത്തുകളിലും സൃഷ്ടിക്കപ്പെട്ട സകലൈശ്വര്യങ്ങളുടെയും മാവേലിക്കാലവും മാവേലിനാടുമൊക്കെ മഹാബലവാനായ ഈ ചക്രവർത്തിയെ ചുറ്റിപ്പറ്റിയാണ്. ആധുനിക വ്യാഖ്യാനങ്ങൾ പ്രകാരം വാമനനെന്ന കുള്ളൻ ഈ മഹാത്മാവിനെ ചതിച്ച് ചവിട്ടിത്താഴ്ത്തുകയായിരുന്നു. ഇവിടെ വാമനന് വില്ലന്റെ പരിവേഷവും നമ്മുടെ സ്വന്തം മാവേലിയ്ക്ക് വീര പരിവേഷവും കൈവരുന്നു. മാവേലി മഹാനാണെന്ന കാര്യത്തിൽ തർക്കമില്ല. എന്നാൽ വാമനൻ വില്ലനാണോ എന്ന കാര്യത്തിൽ സംശയമുണ്ട്. അതിന് ഉപോൽബലകമായ കാര്യങ്ങൾ ഓണവുമായി ബന്ധപ്പെട്ട ആചാരങ്ങളിൽ തന്നെയുണ്ട്.
ഓണാഘോഷങ്ങളുടെ അവിഭാജ്യ ഘടകമാണ് പൂക്കളം. പൂക്കളങ്ങളിൽ ആചാരപരമായി വെയ്ക്കുന്ന ചതുഷ്കോണ സ്തൂപങ്ങളാണ് ഓണത്തപ്പന്മാർ. മഹാബലിയുടെ സന്ദർശനം ആഘോഷിക്കുന്ന ഓണവേളയിൽ അതിന്റെ ഭാഗമായുള്ള പൂക്കളത്തിലെ ഒണത്തപ്പൻ സ്തൂപം പക്ഷേ മാവേലിയല്ല. അത് വാമനമൂർത്തിയാണ്. എറണാകുളം ജില്ലയിലെ തൃക്കാക്കര ക്ഷേത്രത്തിലെയടക്കം പ്രധാന മൂർത്തിയായ സാക്ഷാൽ തൃക്കാക്കരയപ്പൻ. ആചാരങ്ങളിൽ വില്ലനല്ല നായകനുതന്നെയാണ് പരമമായ പ്രാധാന്യം. അപ്പോൾ പൊതുവിൽ പ്രചരിക്കപ്പെടുന്ന ഈ നായകപ്രതിനായക വൽക്കരണത്തിൽ കുറവുണ്ടാകാം എന്നു വ്യക്തം. ഇതിലെ ശരിതെറ്റുകൾ പരിശോധിച്ച് ബോധ്യപ്പെടേണ്ടതുണ്ട്. മതപരമായ കാര്യങ്ങളുടെ നേരുറപ്പിക്കേണ്ടത് ടെലിവിഷൻ ചർച്ചകളിലൂടെയോ വോട്ടെടുപ്പിലൂടെയോ ആകരുത്. മിത്തുകൾക്കും വാമൊഴി വളർന്ന നാടൻ കഥകൾക്കുമപ്പുറം മതാനുബന്ധ ആചാരങ്ങൾക്ക് ആധാരം നോക്കേണ്ടത് അതാതു മതങ്ങളുടെ ആധികാരിക ഗ്രന്ധങ്ങളിലാണ്. കൃസ്ത്യൻ ആചാരങ്ങൾക്ക് ബൈബിളും ഇസ്ലാമിക ആചാരങ്ങൾക്ക് വിശുദ്ധ ഖുർ ആനും സിഖ് ആചാരങ്ങൾക്ക് ഗുരു ഗ്രന്ഥ സാഹിബും ബൗദ്ധ ആചാരങ്ങൾക്ക് ത്രിപിടകയും ഒക്കെയാവണം ആധാരമാക്കുക. ഹൈന്ദവാചാരങ്ങൾക്ക് പുരാണേതിഹാസങ്ങളിൽ ആധാരം തിരയാം.
അങ്ങനെ തിരഞ്ഞാൽ ഇന്ദ്രനെയും തോൽപ്പിച്ച് ലോകം വാണ മഹാബലിയുടെ കഥ നമുക്കു കാണാനാവുന്ന ഇടങ്ങളിലൊന്ന് സനാതന സംസ്കൃതിയിലെ ഏറ്റവും വിശുദ്ധ ഗ്രന്ഥങ്ങളിലൊന്നായ ശ്രീമഹാഭാഗവതത്തിലാണ്. ഭാഗവതം അഷ്ടമസ്കന്ധം 15ാം അദ്ധ്യായത്തിൽ മഹാബലിയുടെ സ്വർഗ്ഗജയം തൊട്ടിങ്ങോട്ടുള്ള ഭാഗങ്ങളിൽ ഈ കഥ പരാമർശിക്കപ്പെടുന്നു. ഇവിടെ നമ്മൾകാണുന്നത് തികച്ചും വ്യത്യസ്ഥമായൊരു ചിത്രമാണ്. ഗുരുവായ ശുക്രാചാര്യരുടെ ശക്തിയിൽ പുനർജ്ജനിച്ച മഹാബലിയാണ് ഇന്ദ്രനെ നിഷ്കാസിതനാക്കി ലോകം വാഴുന്നത്. എന്നാൽ കാലക്രമത്തിൽ വിജയലഹരി അദ്ദേഹത്തെ ഉന്മത്തനാക്കുന്നു. കായിക ശേഷിയും ധനമദവും ഒപ്പം ദുഷ്പ്രേരണയും കൂടിയായതോടേ വിഷ്ണു ഭക്തന്മാരിൽ പ്രധാനിയായ പ്രഹ്ലാദന്റെ ചെറുമകൻ സ്വന്തം നില മറന്ന് അഹങ്കാരത്തിന്റെ വിളനിലമായി. ഈ സാഹചര്യത്തിലാണ് വാമനാവതാരം. യുദ്ധമോ ആക്രമണമോ ഇല്ലാതെ വാമനമൂർത്തി മഹാബലിയെ ലോകചക്രവർത്തി പദത്തിൽ നിന്നും നിഷ്കാസിതനാക്കുകയാണ്. അതൊരു ചവിട്ടിത്താഴ്ത്തലല്ല. മറിച്ച് സാവർണിമന്വന്തരത്തിലെ ഇന്ദ്രപദവിയേൽക്കും വരെ എല്ലാസുഖഭോഗങ്ങളോടെയും സുതലം എന്നയിടത്ത് മഹാബലിയെ താമസിക്കാനയയ്ക്കുകയാണ് വാമനമൂർത്തി. രാജസ്ഥാനത്ത് പാലിക്കേണ്ട പാകത പുലർത്താതെ അഹങ്കാരവും അതുമൂലമുള്ള അജ്ഞതയ്ക്കും വഴിപ്പെട്ടതാണ് വാസ്തവത്തിൽ അധികാരസ്ഥാനത്തുനിന്നുള്ള മഹാബലിയുടെ നിഷ്കാസനത്തിനു വഴിവച്ചതെന്ന് ശ്രീമഹാഭാഗവതം പറയുന്നു.
അങ്ങനെവരുന്പോൾ അധികാര സ്ഥാനങ്ങളിലുള്ളവരും രാഷ്ട്രീയക്കാരും പാലിക്കേണ്ട പാകതയെക്കുറിച്ച് വീണ്ടും വീണ്ടും ഓർമ്മിപ്പിക്കുന്നതു കൂടിയാണ് ഓരോ ഓണവും. ഒരു രാഷ്ട്രീയക്കാരനും ഭരണാധികാരിക്കും വേണ്ട ഈ മര്യാദകൾ പക്ഷേ നമ്മുടെ പല നേതാക്കളിൽ നിന്നും അന്യമാവുകയാണ്. അഹങ്കാരത്തിന്റെയും വകതിരിവില്ലായ്മയുടെയും ഔന്നിത്യങ്ങളിൽ നിൽക്കുന്ന പുതുതലമുറനേതാക്കൾ ചിലരെങ്കിലും അമിതമായി ആഘോഷിക്കപ്പെടുന്നത് ഈ പ്രവണതയ്ക്ക് ആക്കം കൂട്ടുന്നു. പാകതയില്ലെന്ന് ആവർത്തിച്ചു തെളിയിച്ചുകൊണ്ടിരിക്കുന്ന ഇത്തരം നേതൃമാലിന്യങ്ങൾ സ്വന്തം നേതാക്കൾക്കും പാർട്ടികൾക്കും പക്ഷങ്ങൾക്കും മാത്രമല്ല നാടിനു പൊതുവെയും ഭീഷണിയാണെന്നു പറയാതെവയ്യ. നാടിന്റെ നായകനു പാകത വേണമെന്ന വിധി മാവേലിക്കു മാത്രമല്ല എല്ലാ രാഷ്ട്രീയ നേതാക്കൾക്കും ബാധകമാണ്.