അന്ധ നീതി
ചിത്രശിൽപ്പാദികളിലൊക്കെ നമ്മൾ കാണുന്ന നീതിദേവതയുടെ കണ്ണുകൾ ഒരു തുണിക്കീറുകൊണ്ട് കെട്ടി മറച്ചിരിക്കുകയാണ്. തൻ്റെ പരിഗണനയ്ക്കു വരുന്ന കാര്യങ്ങളിൽ ന്യായാധിപൻ ഇരുപക്ഷങ്ങളോടും ഭീതിയോ പ്രീതിയോ കൂടാതെ ഇടപെടണമെന്നും പക്ഷഭേദമില്ലാതെ നീതി നടപ്പാക്കണമെന്നുമാണ് ഈ കണ്ണുകെട്ടൽ കൊണ്ട് അർത്ഥമാക്കുന്നത്. എന്നാൽ ഈ കണ്ണുകെട്ടലും നിഷ്പക്ഷ വിചാരണയും വിധിയുമൊക്കെ വർത്തമാനകാലത്ത് അർത്ഥശൂന്യമാണ്. നീതി നടപ്പാക്കലിനെക്കാൾ ഓരോ ദിവസവും നമ്മളെത്തേടിയെത്തുന്നത് നീതി നിഷേധത്തിൻ്റെ കഥകളാണ്. പണവും രാഷ്ട്രീയ സ്വാധീനവും സ്വജന പക്ഷപാതവും ഒക്കെ ചേർന്ന്, നീതിദേവതയുടെ നിഷ്പക്ഷത കഥകളിൽ മാത്രമാക്കി ഒതുക്കുകയും ചുരുക്കുകയും ചെയ്യുന്നു. പണക്കാരനായ ചലച്ചിത്ര താരം നടത്തുന്ന മൃഗയാ വിനോദം തെളിവുകളില്ലാതെ എഴുതിത്തള്ളപ്പെടുന്പോൾ ഭക്ഷണത്തിനായി നാടൻ തോക്കുപയോഗിച്ച സാധാരണക്കാരൻ വനം കൊള്ളയും വന്യജീവി നാശവും ആരോപിക്കപ്പെട്ട് ജയിലറകളിൽ തള്ളപ്പെടുന്നു. തലച്ചട്ടയില്ലാത്തതിന് സാധാരണക്കാരൻ തെരുവിൽ വേട്ടയാടപ്പെടുന്പോൾ മദ്യലഹരിയിൽ താരമോടിച്ച വാഹനം തലചായ്ക്കാനിടമില്ലാത്ത നിരാലംബർക്കു നൽകുന്നത് നിത്യമുക്തിയാകുന്നു.
നീതി നടപ്പാക്കാൻ പ്രതിജ്ഞാബദ്ധമെന്ന് അവകാശപ്പെടുന്ന ന്യായാസനങ്ങൾ ആർക്കോ വേണ്ടി എഴുതപ്പെട്ട നിയമങ്ങളുടെ ആധികാരികതയിൽ ചാരി സാധാരണക്കാരന് നീതിനിഷേധത്തിൻ്റെ ചാട്ടവാറടി നൽകുന്നു. ആയിരം കുറ്റവാളികൾ രക്ഷപ്പെട്ടാലും ഒരു നിരപരാധി ശിക്ഷിക്കപ്പെടരുത് എന്ന് ആവർത്തിച്ചുപറഞ്ഞ്, തങ്ങൾക്കാവശ്യമുള്ള കൊടും കുറ്റവാളികളെ ശിക്ഷകളിൽ നിന്നും രക്ഷിച്ചു നിർത്തുന്നു. പലതരത്തിലുമുള്ള വലിയ സേവനങ്ങൾ സ്വീകരിച്ചുകൊണ്ടാണ് നിയമത്തിൻ്റെ നടത്തിപ്പുകാർ ഇങ്ങനെ നീതി നിരാസത്തിൻ്റെ പുത്തൻ അദ്ധ്യായങ്ങൾ നമ്മുടെ നിയമ ചരിത്രത്തിൽ എഴുതിച്ചേർക്കുന്നത്. ചില്ലുമേടയിലിരിക്കുന്ന നമ്മുടെ നീതിപീഠങ്ങൾ പല കാരണങ്ങൾകൊണ്ടും യാഥാർത്ഥ്യബോധം നഷ്ടപ്പെട്ട അവസ്ഥയിലാണെന്ന്, നീതിന്യായ വ്യവസ്ഥയോടുള്ള എല്ലാ ആദരവും നിലനിർത്തിക്കൊണ്ടു തന്നെ പറയേണ്ടി വരുന്നു. അടിക്കടി പൊതുജന വിരുദ്ധമായ തീരുമാനങ്ങൾ നീതിപീഠങ്ങളിൽ നിന്നുണ്ടാകുന്നതിനാലാണ് ഇങ്ങനെ പറയേണ്ടി വരുന്നത്. സന്പന്നനെയും സ്വാധീനമുള്ളവനെയും നിയമത്തിൻ്റെ പഴുതുകളുപയോഗിച്ച് സംരക്ഷിച്ചു നിർത്താനുള്ള അതിരു കവിഞ്ഞ താൽപര്യം നമ്മുടെ നീതിപീഠങ്ങൾക്കുണ്ടന്ന ആരോപണം അനുദിനം ശക്തമാവുകയാണ്. അതു കൂടുതൽ ശക്തമാക്കുന്നതാണ് സൗമ്യ വധക്കേസ് പ്രതി ചാർലി തോമസ് ഗോവിന്ദച്ചാമിയുടെ വധശിക്ഷക്കു മേലുള്ള സുപ്രീംകോടതി നിരീക്ഷണങ്ങൾ. സാഹചര്യത്തെളിവുകളും സാക്ഷിമൊഴികളും വെച്ചായിരുന്നു അയാളെ കോടതി വധശിക്ഷയ്ക്കു വിധിച്ചത്. മുന്പും നിരവധി കേസുകളിൽ ശിക്ഷിക്കപ്പെട്ട ആളുമായിരുന്നു ഒറ്റക്കയ്യൻ ഗോവിന്ദച്ചാമി. കേസ് രജിസ്റ്റർ ചെയ്ത് ഏറെ വൈകാതെ അയാൾക്കായി വാദിക്കാൻ പൂനെയിൽ നിന്നെത്തിയത് മികവു തെളിയിച്ച അഭിഭാഷകരായിരുന്നു. ന്യായമായ കാര്യങ്ങൾക്ക് സ്വന്തം വക്കാലത്തിന് പാവപ്പെട്ട സാധാരണക്കാർ ഗതിയില്ലാതെ അലയുന്നിടത്താണ് മനുഷ്യാവകാശത്തിൻ്റെ പേരുപറഞ്ഞ് ഈ അഭിഭാഷകർ എത്തിയത്. അനാഥനെന്ന് അവകാശപ്പെട്ട ചാമിക്കായി ഹാജരാകാൻ ഇവർക്കു പിന്നിൽ പ്രവർത്തിച്ചത് ആരെന്ന കാര്യത്തിൽ തുടങ്ങുന്നു, ഈ കേസിലെ ദുരൂഹതകൾ. ഇതിനിടെ സൗമ്യയുടെ മൃതദേഹം താൻ പോസ്റ്റുമോർട്ടം ചെയ്തിരുന്നുവെന്ന ഒരു ഡോക്ടറുടെ വ്യാജ അവകാശവാദമെത്തി. കാരാഗ്രഹത്തിലടക്കപ്പെട്ടിട്ടും ആ കൊടും കുറ്റവാളിക്കു ലഭിച്ച ട്രീറ്റുമെൻ്റ് അസാധാരണമായിരുന്നു. ഇഷ്ടഭക്ഷണം ലഭിക്കാത്തത് ചിലപ്പോഴൊക്കെ അയാളെ പ്രകോപിതനാക്കി. കാരാഗ്രഹത്തിൽ അയാൾക്കു ലഭിച്ചത് സുഖവാസമായിരുന്നു എന്നതിന് ഈ ചിത്രങ്ങൾ സാക്ഷ്യം പറയുന്നു.
പിടിയിലായ വേളയിലെ മുറിക്കയ്യൻ, ഇന്ന് സിനിമാതാരങ്ങളെ വെല്ലുന്ന സുന്ദരനായിരിക്കുന്നു. ഉടുതുണിക്കു മറുതുണിയില്ലാത്ത നാട്ടിൽ, പട്ടിണി മാറാത്ത ആദിവാസിക്കുടിലുകളിൽ ശിശുമരണങ്ങളും പട്ടിണി മരണങ്ങളും തുടർക്കഥയാകുന്ന ഇതേ നാട്ടിൽ എന്തു മനുഷ്യാവകാശങ്ങളുടെ പേരിലാണെങ്കിലും ചാർലി തോമസിനെപ്പോലുള്ള നരാധമന്മാർ തടിച്ചു കൊഴുക്കുന്ന സാഹചര്യമാണ് നിലനിൽക്കുന്നതെങ്കിൽ അവിടെ നീതി നടപ്പാക്കപ്പെടുന്നു എന്നു നമുക്ക് അവകാശപ്പെടാനാവില്ല.
മനുഷ്യത്വ വിരുദ്ധമായ നിയമങ്ങളുടെ പിൻബലത്തിൽ ഭൂമിമലയാളത്തിൽ നായ്ക്കൾ മനുഷ്യ വേട്ട തുടരുകയും ഉത്തരവാദപ്പെട്ടവർ നാടുവിട്ട് ആഘോഷങ്ങൾ തുടരുകയും ചെയ്യുന്നു. നീതിനിഷേധത്തിൻ്റെ പേരിൽ വില്ലേജോഫീസുകളിൽ സാംകുട്ടിമാർ ഉണ്ടാകുന്നത് ഒറ്റപ്പെട്ട സംഭവങ്ങളല്ലാതായിരിക്കുന്നു. അധികാരവും സ്വാധീനവുമുള്ളവൻ്റെ ചൂഷണങ്ങൾക്കെതിരെ ഒറ്റപ്പെട്ടതെങ്കിലും കൂടുതൽ സാംകുട്ടിമാർ സംഭവിച്ചു തുടങ്ങിയിരിക്കുന്നു. ആരും കാണാത്ത സംഭവത്തിന് ഗോവിന്ദച്ചാമിയെ കുറ്റം പറയരുതെന്ന തരത്തിലാണ് പരമോന്നത കോടതിയുടെ നിരീക്ഷണം. ഒരൊറ്റ നുണ പരീക്ഷണത്തിലൂടെ കൃത്യത വരുത്താവുന്ന കാര്യത്തിലാണ് നീതിപീഠം ഒരുതരം അഴകൊഴന്പൻ നിലപാടെടുത്തിരിക്കുന്നത്. കൂടുതൽ സാംകുട്ടിമാരെ സൃഷ്ടിക്കുന്നതും, മജ്ജയും മാംസവും ആഗ്രഹങ്ങളും ആർത്തിയും സ്വാർത്ഥതയുമൊക്കെയുള്ള പച്ച മനുഷ്യർ തന്നെയാണ് ന്യായാസനങ്ങളിൽ ഇരിക്കുന്നതെന്നുള്ള വാസ്തവത്തിന് അടിവരയിടുന്നതുമാണ് ഇത്തരം ഇരട്ടത്താപ്പുകൾ. ശ്രദ്ധിച്ചില്ലെങ്കിൽ വ്യവസ്ഥിതിക്ക് ഏറെ അപകടമുണ്ടാക്കുന്നതുമാണ് അത്.