ഗുരുഭ്യോ നമ:
വർഷത്തിലൊരു ദിനം മാത്രം ഓർമ്മയിലെത്തേണ്ടവരല്ല ഗുരുക്കന്മാർ. ഓരോ വ്യക്തിയുടെയും ഓരോ ചുവടുകളിലും ഗുരുത്വമുണ്ടാവണം. ഭാരതീയ ചിന്തയനുസരിച്ച് ഒരു വ്യക്തിയുടെ എല്ലാ രീതിയിലുമുള്ള വളർച്ചയ്ക്കും വികാസത്തിനും ഗുരുത്വം ഒഴിവാക്കാനാവാത്ത ഘടകമാണ്. എത്ര വിദ്യയും സൗന്ദര്യവും കായികശേഷിയും ഒക്കെയുണ്ടായാലും തക്ക സമയത്ത് ഉചിതമായ തീരുമാനങ്ങളെടുക്കാൻ ഗുരുത്വം ഓരോ വ്യക്തിയെയും സഹായിക്കുന്നു എന്നാണ് വിശ്വാസം. ഹൈന്ദവ സംസ്കൃതിയിൽ ഗുരു ദൈവം തന്നെയാണ്. ഗുരു ദേവോ മഹേശ്വര എന്നാണ് പ്രമാണം. എല്ലാകാര്യങ്ങളും തുടങ്ങേണ്ടത് ഗണേശ പൂജയോടെയാണ്. ഗണേശനൊപ്പം സരസ്വതിയും ഗുരുവും പൂജിക്കപ്പെടുന്നു. ഇന്ന് ഗണേശ ചതുർത്ഥിയാണ്. ക്ഷേത്രങ്ങളിൽ ഗണേശന് പ്രത്യേക പൂജ നടക്കുന്ന ദിവസം. ഇതേ ദിവസം തന്നെയാണ് ഇക്കൊല്ലം നമ്മൾ അദ്ധ്യാപക ദിനം ആചരിക്കുന്നത്. അദ്ധ്യാപകനായിരുന്ന മുൻരാഷ്ട്രപതി സർവ്വേപ്പള്ളി രാധാകൃഷ്ണന്റെ ജന്മദിനമാണ് ഭാരതം അദ്ധ്യാപക ദിനമായി ആചരിക്കുന്നത്. എന്നാൽ ഇതിനു മുന്നെയും നമ്മൾ ഗുരുക്കന്മാർക്കായി ഒരു ദിനം ആചരിച്ചിരുന്നു. ഗുരു പൂർണ്ണിമയെന്നാണ് ആ ദിനത്തിനു പേര്. ശകവർഷക്കണക്കിലെ ആഷാഡ മാസത്തിലെ വെളുത്തവാവു ദിവസമാണ് ഗുരുപൂർണ്ണിമ അചരിച്ചു പോരുന്നത്. ഇന്ത്യയിലെയും നേപ്പാളിലെയും ഹിന്ദു, ബുദ്ധ, ജൈന മതസ്ഥരാണ് ഗുരു പൂർണ്ണിമ ആചരിച്ചു പോരുന്നത്. അതിവിശിഷ്ടമായ ഈ ദിനത്തെ ആചരിക്കാനും ആഘോഷിക്കാനും വ്യത്യസ്ഥ കഥകളാണ് ഇവരൊക്കെ പറയുന്നത്. എന്നാൽ പൊതുവായ ഈ ആചരണത്തിലൂടെ വ്യത്യസ്ഥമെന്നു തോന്നാവുന്ന ഈ മതങ്ങളുടെയെല്ലാം പാരസ്പര്യം വ്യക്തമാക്കുന്നതു കൂടിയാണ് ഗുരു പൂർണ്ണിമ. ഉത്തരേന്ത്യക്കാർ വ്യാസപൂർണ്ണിമയെന്നാണ് ഈ പരന്പരാഗത അദ്ധ്യാപക ദിനത്തെ വിളിക്കുന്നത്. ഭാരതത്തിന്റെ പ്രധാന ഇതിഹാസങ്ങളിലൊന്നായ മഹാഭാരതത്തിന്റെ രചയിതാവും ഭാരത കഥയിലെ സുപ്രധാന കഥാപാത്രങ്ങളിലൊരാളുമായ വേദവ്യാസനുമായി ബന്ധപ്പെട്ടാണ് ഈ ദിനത്തിനു വ്യാസപൂർണ്ണിമയെന്ന പേരു ലഭിച്ചത്. പരാശരമുനിക്കു സത്യവതിയെന്ന മുക്കുവത്തരുണിയിൽ വ്യാസൻ ജാതനായത് ഇതേ ദിനമായിരുന്നെന്ന് പുരാണങ്ങൾ പറയുന്നു. മാത്രമല്ല കൃഷ്ണദ്വൈപായനനെന്ന പരാശരപുത്രൻ വേദങ്ങളെ നാലായി വിഭജിച്ചതും ഇതേ ദിവസമായിരുന്നത്രേ. വേദവ്യാസനെന്ന സംസ്കൃത പ്രയോഗത്തിനർത്ഥം Editor of Vedas എന്നാണ്. എന്നാൽ ഭാരതത്തിലെ ഗുരുദിനാചരണം ഇതുമാത്രമല്ല ആദി ഗുരുവുമായും ബന്ധപ്പെട്ടതാണെന്ന് പുരാണം പറയുന്നു. സപ്തർഷികൾക്ക് യോഗ വിദ്യ പകർന്നു നൽകിയ ആദിയോഗി, മഹാദേവൻ തന്നെയായിരുന്നു ആദിഗുരുവും. തന്റെ പരീക്ഷണങ്ങളും നിർദ്ദേശങ്ങളുമെല്ലാം പാലിച്ച് വിദ്യയാർജ്ജിക്കാൻ യോഗ്യത നേടിയ സപ്തർഷികർക്ക് പരമശിവൻ യോഗ വിദ്യയുടെ അതി നിഗൂഢതകൾ പകർന്നു നൽകിയത് ഗുരുപൂർണ്ണിമ ദിവസമായിരുന്നു. പുതിയ കാര്യങ്ങൾ പഠിക്കാനും തുടങ്ങാനുമുള്ള അത്യുത്തമ മുഹൂർത്തമത്രേ ഗുരു പൂർണ്ണിമ. പരമശിവനിലും വ്യാസനിലും നിന്ന് മാറി ഗുരുവന്ദനത്തിനായി സ്വതന്ത്ര ഭാരതം അതിന്റെ മുൻ രാഷ്ട്രപതിയെ തെരഞ്ഞെടുത്തു. എന്നാൽ ഈ ദിനാചരണത്തിന് അതിലുമുത്തമം ഭാരതത്തിലെ യുവമനസ്സുകൾക്ക് അളവില്ലാത്ത പ്രചോദനം പകർന്നു നൽകാൻ ജീവിതാന്ത്യം വരെ പ്രതിജ്ഞാബദ്ധനായിരുന്ന മറ്റൊരു മുൻ രാഷ്ട്രപതി ഡോക്ടർ എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മദിനമാണെന്ന് ആവശ്യപ്പെടുന്നവരുടെ എണ്ണം ഏറെയാണ്. എന്തായാലും ഒരൊറ്റ ദിവസം ആലോചിച്ചും ആദരിച്ചും മറക്കേണ്ടവരല്ല നമ്മുടെ ഗുരുജനങ്ങൾ എന്നുറപ്പാണ്.
ഒന്നാം ക്ലാസിലെ ശോശാമ്മ ടീച്ചറും കുര്യാക്കോ സാറും മൂന്നാം ക്ലാസിലെ സിസ്റ്റർ റോസിലയും കുടുംബത്തിലെ മൂന്നു തലമുറയെ പഠിപ്പിച്ച ചുള്ളഫ്ഖാൻ സാറും പ്രസംഗവും വരയും സോഷ്യലിസവും ഒക്കെ സരസമായി പകർന്നു തന്ന സത്യശീലൻ സാറും എനിക്ക് വർഷത്തിൽ ഒരു ദിവസം മാത്രം ഓർക്കാനുള്ളവരല്ല. ഒരോ വരിയെരുതുന്പോഴും ഓരോ വരയുണ്ടാവുന്പോഴും ഓരോ വാക്കു പറയുന്പോഴും കരുത്ത് അവരുടെ ഓർമ്മകളാണ്. ഹൈസ്കൂളിലെ ബാലകൃഷ്ണൻ സാറും ലളിതാഭായി ടീച്ചറും ശാരദ ടീച്ചറും ഫിലോമിന ടീച്ചറുമൊക്കെ പാഠഭാഗങ്ങൾക്കപ്പുറം വ്യക്തിത്വ വികസനത്തിനും ചെയ്ത സഹായം വിലമതിക്കാനാവാത്തതാണ്. അദ്ധ്യാപക-വിദ്യാർത്ഥി ബന്ധത്തിന്റെ ഇഴയടുപ്പം കുറയുന്ന കലാലയകാലത്ത് മലയാളത്തിലെ ഡോക്ടർ എൻ.എൻ മൂസതിനെപ്പോലെയുള്ളവർ മഹാഭാഗ്യമായി മനസ്സിൽ നിറയുന്നു. പരത്തിപ്പറഞ്ഞത് നമ്മുടെയോരോരുത്തരുടെയും ജീവിതങ്ങളിൽ ഇതുപോലെ ഒരുപാടൊരുപാട് അദ്ധ്യാപകരുടെ അനുഗ്രഹസ്പർശമുണ്ടാകുമെന്ന് ആവർത്തിച്ചോർമ്മിപ്പിക്കാൻ മാത്രമാണ്.
എന്തു കഴിവുകളുണ്ടങ്കിലും ഗുരുത്വമില്ലെങ്കിൽ ഒരുവന്റെ ജീവിതവും പൂർണ്ണമാകുന്നില്ല. പഠനമെന്നത് പൂർണ്ണവും വിദ്യാദാനമെന്നത് അപൂർണ്ണവുമാമെന്ന് വിശ്വസിച്ചിരുന്ന ഒരു കാലമുണ്ടായിരുന്നു എനിക്ക്. അതുകൊണ്ടു തന്നെ ഒന്നും ആരെയും പഠിപ്പിക്കാൻ എന്നോടാവശ്യപ്പെടരുത് എന്നായിരുന്നു എന്റെ നിലപാട്. എന്നാൽ ഏതു വിഷയത്തിലുമുള്ള കൂടുതൽ ജ്ഞാനാർജ്ജനത്തിലൂടെ ശിഷ്യരുടെ ആവശ്യം കണ്ടറിഞ്ഞ് അവരിൽ അറിവിന്റെ ശോഭ വർദ്ധിപ്പിക്കാം എന്നതാണ് വാസ്തവം. ആ നിയോഗമുണ്ടായതും അറിവിൻന്റെയും ഭാഗ്യത്തിന്റെയും അനുഗ്രഹവർഷം ചൊരിഞ്ഞ ഗുരുക്കന്മാരുടെ കൃപാകടാക്ഷം കൊണ്ടു തന്നെ.
ഗുരുഭ്യോ നമ: