അതിലെന്താശ്ചര്യം..
കുറേക്കാലം മുന്പ് ഒരു പരിപാടിക്കായി ഭൂമിമലയാളത്തിലെത്തിയ ഒരു സായപ്പിന്റെ ചോദ്യം കേട്ടപ്പോൾ ഞെട്ടലല്ല ‘ലവൻ എന്തോന്നു സായിപ്പെടേ?’ എന്നതായിരുന്നു മനസ്സിലുയർന്ന ചോദ്യം. നമ്മുടെ സാഹചര്യങ്ങളും അനുഭവവും വെച്ചായിരുന്നു അങ്ങനെയൊരു വികാരം ഉണ്ടായത്. താൻ കൂടി പങ്കെടുക്കുന്ന പരിപാടിയുടെ ഉദ്ഘാടകനായ മന്ത്രിപുംഗവനെക്കുറിച്ച് കൂടുതൽ അറിയുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു സായിപ്പിന്റെ അന്വേഷണം. മന്ത്രിയുടെ ജോലിയെന്ത് എന്നതായിരുന്നു അദ്ദേഹം ചോദിച്ചത്. മന്ത്രിയുടെ ജോലിയെക്കുറിച്ച് പോലും അറിയാത്ത സായിപ്പ്. കോട്ടും സ്യൂട്ടുമിട്ടു ഞെളിഞ്ഞു നടക്കുന്നതുകണ്ടാൽ വിവരമില്ലാത്തവനാണെന്നു തോന്നുകയേ ഇല്ല. എന്നിങ്ങനെ തികട്ടി വന്ന പുച്ഛം കടിച്ചമർത്തി ഒരു സംസ്ഥാന മന്ത്രിയുടെ ജോലികളെക്കുറിച്ചും അധികാരങ്ങളെക്കുറിച്ചും അവകാശങ്ങളെക്കുറിച്ചുമൊക്കെ ഒരു ബ്രീഫ് എക്സ്പ്ലെനേഷൻ നടത്തുന്നതിനിടെ സായിപ്പ് ഇടപെട്ടു. മന്ത്രിയല്ലാത്തപ്പോ ആള് എന്താണു ചെയ്യുന്നതെന്നാണ് സായിപ്പിനറിയേണ്ടത്. പണിയില്ലാത്തപ്പോ മൂടിപ്പുതച്ചു കിടന്നുറങ്ങുമെന്നാണ് മനസ്സിൽ വന്ന ആദ്യ മറുപടി. പക്ഷേ അതിനു മുന്നേ സായിപ്പ് കൂടുതൽ വിശദമായി സംശയം ഉന്നയിച്ചു. മന്ത്രിയായി അധികാരമില്ലാത്ത അവസ്ഥയിൽ അദ്ദേഹം എന്താണ് ചെയ്യുന്നതെന്നാണ് അദ്ദേഹത്തിനറിയേണ്ടത്. ഇപ്പപ്പിടികിട്ടി എന്ന ഭാവത്തോടേ ഉടനടി, അദ്ദേഹം ഒരു രാഷ്ട്രീയക്കാരനാണെന്ന മറുപടി നൽകി.
“രാഷ്ട്രീയ തൊഴിലാളി...? ചിരിച്ചുകൊണ്ടായിരുന്നു സായിപ്പിന്റെ അന്വേഷണം. മണ്ടൻ! പൂർണ്ണ സമയ രാഷ്ട്രീയക്കാരെ കണ്ടിട്ടില്ലത്രേ! ഇപ്പോൾ പുച്ഛം സായിപ്പിന്റെ മുഖത്തായി. അയാളുടെ വിശദീകരണങ്ങൾ നമ്മുടെ മാനം കെടുത്തുകയും ചെയ്തു. പൊതു സേവകൻ എന്ന പ്രയോഗത്തിന്റെ അർത്ഥം തന്നെ പുനർ നിർവ്വചിക്കപ്പെട്ടതിനെക്കുറിച്ച് പുതിയ തിരിച്ചറിവുകളുണ്ടാക്കുന്നതു കൂടിയായിരുന്നു അയാളുടെ സംസാരം. സ്വന്തമായി മറ്റൊരു തൊഴിലും ചെയ്യുന്നില്ല എന്നതിനർത്ഥം മുഴുവൻ സമയ രാഷ്ട്രീയ പ്രവർത്തകൻ സ്വന്തം ഉപജീവനത്തിനുള്ള മാർഗ്ഗം രാഷ്ട്രീയത്തിൽ നിന്നു കണ്ടെത്തു എന്നതാണ്. അങ്ങനെ വരുന്പോൾ ആ സേവനം പൊതുവേ രാഷ്ട്രീയക്കാർ ഭാവിക്കുകയും അവകാശപ്പെടുകയും ഒക്കെ ചെയ്യും പോലെ നിസ്വാർത്ഥമല്ല എന്നു വ്യക്തമാകുന്നു. അപ്പോൾ പിന്നെ അധികാരസ്ഥാനങ്ങളിലിരുന്ന രാഷ്ട്രീയക്കാർ അളവുവിട്ട് സ്വത്തു സന്പാദിക്കുന്നതിൽ അത്ഭുതത്തിന് അവകാശമില്ല.
ഏതു തൊഴിലും അതു ചെയ്യുന്നവർക്ക് ആത്മ സമർപ്പണത്തിനും തൃപ്തിക്കും ഉള്ള വഴി മാത്രമല്ല പ്രഥമവും പ്രധാനവുമായി ധന സന്പാദന മാർഗ്ഗം തന്നെയാണ്. തൊഴിൽ രാഷ്ട്രീയമായാൽ, സേവനത്തിന്റെ ലക്ഷ്യം ധനാർജ്ജനമായാൽ അതിന്റെ ഉദ്ദേശ ലക്ഷ്യങ്ങളിൽ വെള്ളം ചേർക്കപ്പെടുമെന്ന കാര്യത്തിൽ തർക്കമില്ല. വാസ്തവത്തിൽ നമ്മുടെ രാഷ്ട്രീയം മറ്റു പലതും പോലെ ഒരു തൊഴിൽ മേഖല തന്നെയായിട്ട് ദശാബ്ദങ്ങളായി. നിസ്വാർത്ഥമായ പൊതു സേവനം മാത്രം ലക്ഷ്യമാക്കി രാഷ്ട്രീയപ്രവർത്തനത്തിനിറങ്ങുന്നവരുടെ തലമുറ കുറ്റിയറ്റു കഴിഞ്ഞു എന്നോ അത്യപൂർവ്വമായ അത്തരക്കാർ വംശനാശ ഭീഷണിയിലാണോ എന്നൊക്കെ പറയേണ്ടി വരും. പക്ഷേ കണ്ടും അനുഭവിച്ചും നമുക്ക് അതൊക്കെ ശീലമായി കഴിഞ്ഞു. അതൊക്കെ അങ്ങനെയൊക്കെത്തന്നെയാണ് എന്നു വിശ്വസിക്കാൻ നമ്മൾ പഠിച്ചുകഴിഞ്ഞു. എന്നാൽ എല്ലാക്കാലത്തും എല്ലാവരെയും പറ്റിക്കൽ തുടരാനാകില്ല എന്നതാണ് വാസ്തവം. അതുകൊണ്ടാണ് ഇടയ്ക്കെങ്കിലും തീവെട്ടിക്കൊള്ളക്കാരായ രാഷ്ട്രീയ നേതാക്കളിൽ ചിലരുടെയെങ്കിലും അനധികൃത സന്പാദ്യങ്ങളെക്കുറിച്ചുള്ള വാർത്തകൾ പുറത്തു വരുന്നത്.
മുൻ മന്ത്രി കെ ബാബുനിനെതിരെയുള്ള അന്വേഷണം ഇത്തരത്തിലൊന്നാണ്. കെ ബാബു എന്ന രാഷ്ട്രീയക്കാരൻ രാഷ്ട്രീയത്തിൽ നിന്നു വലിയ ധനം സന്പാദിച്ചിട്ടുണ്ട് എന്ന് അദ്ദേഹത്തിന്റെ ചരിത്രമറിയാവുന്നവർക്കൊക്കെ സംശയമുണ്ടാവുക സ്വാഭാവികമാണ്. കെ.ബാബു സാന്പത്തികമായി പിന്നാക്കം നിൽക്കുന്ന ജീവിത സാഹചര്യങ്ങളിൽ നിന്നു വന്നയാളാണ്. എന്നാലിന്ന് അദ്ദേഹത്തിന്റെയും അടുപ്പക്കാരുടെയും ജീവിതശൈലിയിലും നിലവാരത്തിലും വലിയ വ്യത്യാസമുണ്ടായിരിക്കുന്നു. പൂർണ്ണ സമയ രാഷ്ട്രീയക്കാരനായ അദ്ദേഹം 1991 മുതൽ ഇങ്ങോട്ടെടുത്ത എം.എൽ.എ പണിയും 2011 മുതലെടുത്ത മന്ത്രപ്പണിയുമൊഴിച്ച് കാര്യമായ ഉദ്യോഗമൊന്നും അദ്ദേഹം എടുത്തതായി ജീവചരിത്രത്തിൽ കാണുന്നില്ല. ഈ പണികൾക്കെല്ലാംകൂടി അദ്ദേഹത്തിനു ലഭിച്ച ശന്പളം ആകെ കൂട്ടിയായും കിഴിച്ചാലും അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലവാരത്തിലെത്താൻ അതു മതിയാവില്ല. ഇതൊക്കെ അനുമാനങ്ങളും ആരോപണങ്ങളും മാത്രമാണെന്ന് അംഗീകരിച്ചാലും അതിൽ വാസ്തവമില്ലെന്ന് ഉറപ്പിച്ചു പറയാനാവില്ല.
ബാബുവിനെ കുരിശേറ്റാനും അദ്ദേഹത്തിന്റെ രക്തത്തിനു വേണ്ടി ശബ്ദമുയർത്താനും അദ്ദേഹത്തിന്റെ സ്വന്തം കക്ഷിയിൽ നിന്നുപോലും ഒരുപാട് ആളുകൾ ഉണ്ടായേക്കാം. എന്നാൽ ഇത് ഒരു ബാബുവിന്റെ മാത്രം കാര്യമല്ല. ചക്കരക്കുടത്തിൽ കയ്യിട്ടാൽ നക്കാത്തവരില്ല എന്നൊരു ചൊല്ലുണ്ട്. എന്നാൽ ചക്കരക്കുടം കണ്ടാൽ അതു കയ്യോടെ അടിച്ചു മാറ്റി പങ്കിട്ടെടുക്കുന്നവരാണ് നമ്മുടെ നേതാക്കളിൽ പലരും. ഭരിക്കാൻ പ്രാപ്തരായവരെ കണ്ടെത്താനുള്ള കഠിന പരീക്ഷകൾ പാസായി വരുന്നവരാണ് നമ്മുടെ ഐ.എ.എസ്സുകാരും ഐ.പീ.എസ്സുകാരുമൊക്കെ. ഈ കടന്പകളൊന്നും കടക്കാതെ, കാര്യമായ അക്ഷര ജ്ഞാനം പോലുമില്ലാതെ പാര പണിയലിലും പറ്റിക്കലിലും ഡോക്ടറേറ്റു നേടുന്നവരാണ് അഡ്മിനിസ്ട്രേറ്റീവ് സർവ്വീസുകാരെയും ഭരിക്കുന്ന പല രാഷ്ട്രീയക്കാരും. ഒരു പീയെസ്സീ ടെസ്റ്റുപോലും എഴുതാതെ ജനസേവനത്തിന്റെ ചെപ്പടി വിദ്യകളുമായി അവരിൽ പലരും നമ്മളെ പറ്റിച്ചുകൊണ്ടിരിക്കുകയാണ്. രാഷ്ട്രീയക്കാരെല്ലാം ഇങ്ങനെയാണ് എന്ന് ഈ പറഞ്ഞതിന് അർത്ഥവുമില്ല.
ആദ്യം പറഞ്ഞ ഗണത്തിലുള്ള അഴിമതിക്കാർ ഒരു തരത്തിൽ നമ്മുടെ ക്ഷമ പരീക്ഷിക്കുകയാണ്. ജീവിതത്തിലൊരിക്കലും ഒരു പ്യൂണുദ്യോഗം പോലും ചെയ്യാതെ നിസ്വാർത്ഥ സേവനം കൊണ്ടുമാത്രം കോടീശ്വരന്മാരായ ഒരുപാടു രാഷ്ട്രീയക്കാർ നമുക്കുണ്ട്. അതിൽ എല്ലാ പക്ഷക്കാരുമുണ്ട്. സത്യത്തിൽ പരാന്ന ഭോജികളാണവർ. സത്യസന്ധവും സുതാര്യവുമായ അന്വേഷണം നടത്തുകയാണെങ്കിൽ, അതിന്മേൽ നടപടികളുണ്ടാവുകയാണെങ്കിൽ പകൽക്കൊള്ളകളുടെ ഞെട്ടിപ്പിക്കുന്ന ഒരുപാടു കഥകൾ നമ്മൾ കേൾക്കേണ്ടിവരും. വെളുക്കെച്ചിരിച്ചും ചിരിക്കാതെയും പൊതു സമൂഹത്തെ പറ്റിക്കുന്നവരുടെ തനിനിറം നമ്മൾ കാണേണ്ടിവരും. എന്നാൽ പലപക്ഷത്തിരുന്ന് പരസ്പര സഹകരണത്തോടേ ഒരേപോലെ പകൽക്കൊള്ള നടത്തുന്ന അവരിലാരെക്കുറിച്ചും അന്വേഷണങ്ങൾ ഉണ്ടാകണമെന്നില്ല. പരസ്പരം പാരവെയ്ക്കും വരെ അവരിലാരും കുടുങ്ങുകയുമില്ല. ഒന്നല്ല ഒരുപാടു ബാബുമാർ ഇനിയുമുണ്ട്, നമുക്കു ചുറ്റും.