വീണ്ടുമൊരു മറുപുറം - വി ആർ സത്യദേവ്


സമൂഹമനസ്സാക്ഷിയുണർത്താനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കാനും കഴിയുന്പോഴാണ് ഓരോ വാർത്തയും ലക്ഷ്യപ്രാപ്തി നേടുന്നത്. ഈ അളവുകോലുകൾ വെച്ചു നോക്കുന്പോൾ ഡാനാ മാജിയുടെ വാർത്ത ലക്ഷ്യം നേടിയതായി നമുക്കു വിലയിരുത്താം. മാജിയെക്കുറിച്ചുള്ള വാർത്ത കരളലിയിക്കുന്നതായിരുന്നു. ഒഡീഷയെന്ന സംസ്ഥാനത്തിന്റെ ദുരവസ്ഥയെക്കുറിച്ചുള്ള കറുത്ത ചിത്രം ലോകത്തിനു മുന്നിൽ വരച്ചിടുന്നതുമായിരുന്നു. നമ്മുടെ സ്വന്തം സംസ്ഥാനത്തോട് ഒരുതരത്തിലും താരതമ്യപ്പെടുത്താവുന്ന ഒരു നാടല്ല ഒഡീഷ. അതിന്റെ പരിതാപകരമായ അവസ്ഥ മാറേണ്ടതു തന്നെയാണ്. മാജിയെക്കുറിച്ചുള്ള റിപ്പോർട്ടിംഗിലൂടെ ഒ.ടി.വി റിപ്പോർട്ടർ ചെയ്തത് മാധ്യമ പ്രവർത്തന മാനദണ്ധങ്ങൾ വെച്ച് മഹത്തായ ഒരു കാര്യവുമാണ്. എന്നാൽ സമൂഹ മനസ്സാക്ഷി ഉണരുന്നതിനും ഗുണപരമായ മാറ്റങ്ങളുണ്ടാക്കുന്നതിനും ഒപ്പം പ്രധാനമാണ് ഓരോ വാർത്തയുടെയും എല്ലാവശങ്ങളും അതിന്റെ വരും വരായ്കകളും പരിശോധിച്ച് ദോഷങ്ങളില്ലെന്ന് ഉറപ്പാക്കുക എന്നതും.

അജിത് സിംഗ് വാർത്ത ഫയൽ ചെയ്തതുവരെ കാര്യങ്ങൾ എല്ലാം ശരിയാണ്. എന്നാൽ അത് എങ്ങനെയാണ് പ്രസിദ്ധീകരിക്കുകയും പ്രക്ഷേപണം ചെയ്യുകയും വേണ്ടത് എന്നു തീരുമാനിക്കേണ്ടിയിരുന്നത് ന്യൂസ് ഡെസ്ക് അഥവാ പത്രാധിപ സമിതിയാണ്. ഫീൽഡിൽനിന്നും അതി വൈകാരികതയോടെയെത്തുന്ന റിപ്പോർട്ടർമാരുടെ വാർത്തകളെ പാക്വതയോടെയും കരുതലോടെയും വെട്ടിയും മിനുക്കിയും വായനക്കാരനിലേക്കും പ്രേക്ഷകനിലേക്കുമൊക്കെ എത്തിക്കേണ്ടത് അവരാണ്. മാജി സംഭവത്തിൽ ഒ.ടി.വി ന്യൂസ് സെൻ്ററിന് പൂർണ്ണമായും നീതി പുലർത്താനായോ എന്ന സംശയം ശക്തമാവുകയാണ്. ആ വാർത്തയിൽ അന്നു കണ്ടത് അജിത് സിംഗ് നമ്മളോട് പറഞ്ഞകാര്യങ്ങളും നമ്മെക്കാട്ടിയ ചിത്രങ്ങളും മാത്രമാണ്. അതിനൊരു മറുപുറമാണ് കഴിഞ്ഞദിവസം മാജിയുടെ സ്വന്തം വാക്കുകളിലൂടെ പുറത്തു വന്നിരിക്കുന്നത്. ടൈംസ് ഓഫ് ഇന്ത്യയടക്കമുള്ള പ്രമുഖ മാധ്യമങ്ങൾ ഈ വാർത്ത പ്രസിദ്ധീകരിച്ചിട്ടുണ്ട്. 

വെളുപ്പിന് രണ്ടു മണിയോടേ അന്ത്യശ്വാസം വലിച്ച ഭാര്യയുടെ മൃതദേഹവും ചുരുട്ടിക്കെട്ടി താൻ സ്വമേധയാ ആശുപത്രി വിടുകയായിരുന്നു എന്നാണ് മാജി ഇപ്പോൾ പറയുന്നത്. താൻ ആരോടും സഹായം അഭ്യർത്ഥിച്ചിരുന്നില്ല. ഗുരുതരമായ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയെ ഡോക്ടർ നല്ല രീതിയിൽ പരിശോധിച്ചിരുന്നു. രാത്രി 10 മണിക്കു വരെ ഡോക്ടർ അവളെ പരിശോധിച്ചിരുന്നു. ഭാര്യ മരിച്ചതോടെ തന്റെ പ്രജ്ഞ നശിച്ചെന്നും താൻ സമനില തെറ്റിയാണു മകളെയും കൂട്ടി ആരോടും പറയാതെ മൃതദേഹവും ചുമന്നു പുറത്തിറങ്ങി നടന്നതെന്നും അഭിമുഖത്തിൽ മാജി പറയുന്നു. അയാൾ അങ്ങനെ പറയുന്പോഴും ഒരു ആശുപത്രിയിൽ അർത്ഥരാത്രി നടന്ന ഒരു മരണം മറ്റാരും അറിയാതെ പോയത് എങ്ങനെയെന്നും മ‍‍ൃതശരീരവും കൊണ്ട് ആരുമറിയാതെ അയാളെങ്ങനെ പുറത്തിറങ്ങി എന്ന കാര്യവും ഉത്തരം കിട്ടാതെ കീറാമുട്ടിയായി നിൽക്കുന്നു. ഒഡീഷയിലെ സാഹചര്യങ്ങൾ കൂടി നേരിട്ടറിയാതെ ഇക്കാര്യങ്ങളിൽ നമുക്കൊരു പൂർണ്ണ ചിത്രം വ്യക്തമാവില്ല.

കാളഹന്ദി ജില്ലയിലെ ഭവാനിപട്ന ആശുപത്രിക്കടുത്ത് തനിക്ക് ബന്ധുക്കളാരുമില്ല. അതിനാലാണ് 10 കിലോമീറ്ററകലെ ബന്ധുക്കളും പരിചയക്കാരുമുള്ള സഗദയിലേയ്ക്കു നടന്നത്. അമാംഗ് ദേയിയുടെ മരണത്തിന് ഡോക്ടർമാരുടെ സ്ഥിരീകരണമുണ്ടാകും മുന്പാണ് മാജി ആശുപത്രി വിട്ടതെന്ന കാര്യം ഏതായാലും ഉറപ്പാണ്. രാത്രിതന്നെ ആശുപത്രി വിടാനുള്ള തീരുമാനവും അൽപ്പം കടന്നതായിരുന്നു എന്നു വിലയിരുത്താതിരിക്കാനാവില്ല. ഇതിനും പാഠഭേദങ്ങൾ വന്നേക്കാം. എന്നാൽ ഇക്കാര്യത്തിൽ ആരുടെ നിർബന്ധത്തിനു വഴങ്ങി ആയാലും ഇല്ലെങ്കിലും മാജി ഇപ്പോൾ പറയുന്നതിന് ആക്കം കൂടും. പ്രിയതമ മരിച്ചപ്പോൾ പ്രജ്ഞ നഷ്ടപ്പെട്ടായിരുന്നു തന്റെ നടപ്പെന്ന മാജിയുടെ വാദത്തിലും കാര്യമുണ്ട്. അതെന്തായാലും വാർത്താമുറികളിലിരിക്കുന്നവർ സെൻസേഷണിലസത്തിനു പിന്നാലേ പോകരുത് എന്ന് ഒരിക്കൽക്കൂടി വ്യക്തമാക്കുന്നതാണ്  മാജിയുടെ വാക്കുകൾ. അവർ കുറേക്കൂടി കരുതൽ കാട്ടിയിരുന്നെങ്കിൽ ഒരു അർത്ഥ സത്യം നമ്മുടെ നാടിന്റെ അഭിമാനത്തിനു മുകളിൽ കരിവാരിത്തേക്കാനുള്ള ഉപകരണമായി മാറുകയുമില്ലായിരുന്നു. മാജിമാർക്കു നിലതെറ്റാം. പക്ഷേ വാർത്തയുടെ മറുപുറങ്ങളെക്കുറിച്ച് പൊതുസമൂഹവും പത്രാധിപ സമിതികളും കൂടുതൽ ബോധവാൻമാരായിരുന്നേ മതിയാവൂ.

 

You might also like

Most Viewed