നാണക്കേടിന്റെ ട്രാക്കിൽ


ചില ചിത്രങ്ങൾ വാക്കുകളെക്കാളേറെ വാചാലങ്ങളാണ്. ഒളിന്പിക്സ് ട്രാക്കിൽ ജീവന്മരണ പോരാട്ടത്തിനൊടുവിൽ അക്ഷരാർത്ഥത്തിൽ ജീവച്ഛവമായിക്കിടക്കുന്ന ഇന്ത്യൻ അതലറ്റ് ഒപി. ജയ്ഷയുടെ ചിത്രമാണ് ഇതിൽ മുകളിലത്തേത്. അതിലേയ്ക്കു വരും മുന്പ് തൊട്ടു താഴെയുള്ള ചിത്രങ്ങളൊന്നു പരിശോധിക്കാം. കഴിഞ്ഞ ദിവസം ഓൺ ലൈൻ മാധ്യമങ്ങളിലൂടെയുള്ള ഓട്ടപ്രദക്ഷിണത്തിനിടെ സേവ് ചെയ്തു വെച്ച ഒരു സ്ക്രീൻ ഷോട്ടാണ് രണ്ടാമത്തേത്. തൊട്ട് അടുത്തടുത്തായി വന്ന രണ്ടു വാർത്തകൾ. ഇടതു വശത്ത് പ്രധാനമന്ത്രിക്കു കത്തെഴുതി െവച്ച് ആത്മഹത്യ ചെയ്ത കായികതാരത്തെക്കുറിച്ചുള്ള വാർത്ത. വലത് സിന്ധുവിനും സാക്ഷിക്കും കോടികളുടെ സമ്മാനപ്പെരുമഴയെന്ന വാർത്ത. കായിക രംഗത്തുനിന്നുള്ള വിരുദ്ധധ്രുവങ്ങളിൽ നിൽക്കുന്ന രണ്ടു വാർത്തകൾ. കായികരംഗത്തെ കടന്പകളിൽ തട്ടി കാലിടറി വീണ പെൺകുട്ടി ഒരു വശത്ത്. കായിക രംഗത്തു നിന്നുള്ള വിജയത്തേരിലേറി പ്രശസ്തിയുടെയും സൗഭാഗ്യങ്ങളുടെയും ഔന്നിത്യങ്ങളിലെത്തിയെ രണ്ടു താരങ്ങൾ മറുവശത്ത്. ഇരു പക്ഷങ്ങളിലുമുള്ളവരുടെ വഴി ഒന്നു തന്നെയായിരുന്നു. എന്നാൽ പട്യാല ഘൽസ കോളജിലെ രണ്ടാം വർഷ വിദ്യാർത്ഥി പൂജയ്ക്ക് അത് ദുർഘട പാതയായിരുന്നു. കുടുംബത്തിന്റെ ദരിദ്രാവസ്ഥയായിരുന്നു ഇതിനു കാരണം. കായിക രംഗത്ത് മികവുതേടിയിറങ്ങുന്ന ഒരുപാടു പേരുടെ സ്ഥിതി ഇതു തന്നെയാണ്. കഴിവും മികവും മാത്രം പോര ഭാരതത്തിഷ കായികരംഗത്ത് മുന്നേറാൻ എന്നതിനു തെളിവാണ് ജീവിതത്തിന്റെ ട്രാക്കിൽ നിന്നും ഇടയ്ക്കിറങ്ങിപ്പോയ ഈ പെൺകുട്ടി.

ഒരു കായിക താരം നേട്ടമുണ്ടാക്കിയാൽ അതിന്റെ ഗുണം ആ താരത്തിനുണ്ടാകും. എന്നാൽ താരങ്ങളുണ്ടാക്കുന്ന നേട്ടങ്ങൾ ആത്യന്തികമായി ഉയർത്തുന്നത് രാജ്യത്തിന്റെ അഭിമാനമാണ്. അതുകൊണ്ടു തന്നെയാണ് ഓരോ കായികതാരത്തിന്റെയും വളർച്ചക്ക് ആവശ്യമായ സൗകര്യങ്ങളൊക്കെ ഒരുക്കിക്കൊടുക്കുന്ന കാര്യത്തിൽ ഓരോ രാജ്യവും ശ്രദ്ധ വെയ്ക്കുന്നത്. ഇതിന്റെ ഗുണമാണ് ഈ രംഗത്ത് മികച്ചു നിൽക്കുന്ന രാജ്യങ്ങൾക്കൊക്കെ ഉണ്ടാകുന്നത്. എന്നാൽ ഭാരതം ഇക്കാര്യങ്ങളിൽ ആവശ്യത്തിന് ഇതുവരെ ശ്രദ്ധ വെച്ചിട്ടില്ല. കഴിവുള്ള താരങ്ങളിൽ പലർക്കും നല്ല രീതിയിൽ വളരാനാവശ്യമുള്ള സാഹചര്യങ്ങൾ ഒരുക്കിക്കൊടുക്കാൻ നമ്മുടെ രാജ്യത്തെ വ്യവസ്ഥിതിക്ക് ആവുന്നില്ല. 

കെടുകാര്യസ്ഥതയും അഴിമതിയും സ്വജന പക്ഷപാതവും മറ്റു പലരംഗങ്ങളിലുമെന്നപോലെ നമ്മുടെ കായികരംഗത്തെയും മലീമസമാക്കിയിരിക്കുന്നു. ഈ സത്യം തുറന്നു പറയുന്നതാണ് ആദ്യ ചിത്രം. ഓ.പി. ജയ്ഷയെന്ന ഇന്ത്യൻ ദീർഘ ദൂര ഓട്ടക്കാരി മാരത്തൺ മൽസരത്തിനൊടുവിൽ ക്ഷീണം തീർക്കാൻ ട്രാക്കിലൊന്നു കിടക്കുന്ന ചിത്രമല്ല അത്. 42 കിലോമീറ്റർ (അതായത് മലപ്പുറത്തു നിന്നും കോഴിക്കോടു വരെയുള്ള ഏകദേശ ദൂരം) ഓട്ടത്തിനൊടുവിൽ ഊർജ്ജം വറ്റി മരണവക്ത്രത്തിൽ കിടക്കുകയായിരുന്നു നമ്മുടെ ദേശീയതാരം. രാജ്യത്തിന്റെ മാനം കാക്കാനുള്ള പോരിനൊടുവിൽ തളർന്നു വീണ അവളുടെയടുത്ത് ഓടിയെത്താൻ പോലും ചുമതലപ്പെട്ട ഒരു ഇന്ത്യൻ കായിക സംഘാടകനും ഉണ്ടായിരുന്നില്ല. മൂന്നു മണിക്കൂറാണ് ജീവിതത്തിലേയ്ക്ക് ഇനിയൊരു തിരിച്ചോട്ടമുണ്ടാകുമോ എന്നുറപ്പില്ലാതെ ബോധരഹിതയായി ജയ്ഷ ട്രാക്കിലും ക്ലിനിക്കിലുമായി കിടന്നത്. അതിനിടെ പൾസ് നിലച്ചതിനാൽ അവൾ മരിച്ചുപോയെന്ന് കോച്ച് പോലും ഭയപ്പെട്ടു.

 

മത്സര വഴിയിൽ രണ്ടര കിലോമീറ്ററിട വിട്ട് താരങ്ങൾക്ക് ആവശ്യമുള്ള വെള്ളവും പോഷക പദാർത്ഥങ്ങളും ഓരോ രാജ്യങ്ങളും ഒരുക്കി വെയ്ക്കാറുണ്ട്. ഓടിത്തളർന്നെത്തുന്ന താരങ്ങളുടെ കൈകളിലേയ്ക്ക് അതാതു രാജ്യങ്ങളുടെ പ്രതിനിധികൾ ഇവയൊക്കെ നീട്ടുന്പോൾ നമ്മുടെ താരങ്ങൾക്കു മുന്പിൽ കൈനീട്ടാനുള്ള സാദ്ധ്യത ഇല്ലായിരുന്നു. അവ നീട്ടാനുള്ള കൈകൾ ബ്രസീലിയൻ കാഴ്ചകളും സുഖങ്ങളും ആസ്വദിക്കുന്ന തിരക്കിലായിരുന്നു. താരങ്ങളുടെ കാര്യം നോക്കാനെത്തിയ കേന്ദ്ര മന്ത്രിപുംഗവൻ കാട്ടിക്കൂട്ടിയ നാണക്കേടുകൾ വേറേ. അഴിമതിയുടെയും കെടുകാര്യസ്ഥതയുടെയും സ്വജനപക്ഷപാതത്തിന്റെയും കറുത്ത പാടുകൾ തുടച്ചു നീക്കാൻ പ്രതിജ്ഞാബദ്ധരെന്ന് അവകാശപ്പെടുന്ന നരേന്ദ്ര മോഡി സർക്കാർ ആർജ്ജവമുണ്ടെങ്കിൽ എത്രയും വേഗം ഇടപെട്ടു പരിഹരിക്കേണ്ട പ്രശ്നങ്ങളിൽ ഒന്നാണ് ഇത്.

You might also like

Most Viewed