അഭിമാന പൂരിതം
അമേരിക്കയ്ക്ക് മൈക്കേൽ ഫെൽപ്സിന്റെ ഒളിന്പിക്സാവും റിയോയിലേത്. ലോകത്തിന് അതിവേഗത്തിന്റെ സംഗീതമായ സാക്ഷാൽ യുസൈൻ ബോൾട്ടിന്റെ ഒളിന്പിക്സും. എന്നാൽ നൂറ്റിമുപ്പത് കോടി ജനങ്ങളധിവസിക്കുന്ന ഭാരതത്തിന് ഇത് സിന്ധുവിന്റെയും സാക്ഷിയുടെയും ഒളിന്പിക്സാണ്. സിന്ധു നേടിയ വെള്ളിക്കും സാക്ഷി പൊരുതി നേടിയ വെങ്കലത്തിനും സ്വർണ്ണത്തെക്കാൾ തിളക്കമുണ്ട്. അവരുടെ കണ്ണുകളിലെ വജ്രത്തിളക്കം നമ്മുടെ കായികരംഗത്തിന് പ്രതീക്ഷയുടെ പുത്തൻ തിളക്കം നൽകുന്നു. അവരെക്കുറിച്ച് ഭാരതം വാഴ്ത്തിപ്പാടുകയാണ്. അത് അങ്ങനെയാണ്. ആദരവ് വിജയിക്കാണ്. വിജയിക്ക് മാത്രമാണ്. വിജയിക്ക് അത് അർഹതപ്പെട്ടതാണ്. എന്നാൽ അങ്ങനെ വാഴ്ത്തുന്നതിന്റെ ബഹളത്തിനിടയിൽ മറ്റൊരുപാടു കായികതാരങ്ങളുടെ കഷ്ടപ്പാടിന്റെ കഥകൾ മുങ്ങിപ്പോകരുത്. ഒപ്പം നേട്ടമുണ്ടാക്കിയ കായിക താരങ്ങളുടെ വിജയങ്ങളിൽ ഒപ്പം നിന്നു കയ്യടിക്കുകയും ഫെയ്സ്ബുക് പോസ്റ്റിടുകയും ചെയ്യുന്നതിനപ്പുറം രാജ്യത്തിന്റെ കായിക വികസനത്തിനായി പൊതുസമൂഹം കാര്യമായി ഒന്നും ചെയ്യുന്നില്ല എന്ന യാഥാർത്ഥ്യവും മറന്നു പോകരുത്.
ജനസംഖ്യയുടെ കാര്യത്തിൽ ഏറ്റവും മുന്പിൽ നിൽക്കുന്ന രാജ്യങ്ങളിലൊന്നായ ഇന്ത്യ ഏറ്റവും വലിയ സംഘവുമായാണ് റിയോയിലുമെത്തിയത്. ആ ആളെണ്ണം നമുക്ക് പക്ഷേ മെഡൽ പട്ടികയിൽ ഉണ്ടാക്കാനായില്ല. അത് പ്രമുഖരടക്കം പലരെയും പ്രകോപിപ്പിച്ചിരുന്നു. രാജ്യത്തെ എഴുത്തുകാരിൽ പ്രമുഖയായ ശോഭ ഡേയെപ്പോലുള്ളവർ രാജ്യത്തെ കായിക രംഗത്തെ തന്നെ അധിക്ഷേപിക്കുന്ന തരത്തിൽ പ്രതികരിച്ചത് അതിന്റെ ഭാഗമായാണ്. നവ സാമൂഹ്യ മാധ്യമങ്ങളിൽ വന്ന പ്രതികരണങ്ങൾ അതിനെക്കാളും വഷളായിരുന്നു. മെഡൽ രാഹിത്യത്തിന് അറുതിയാക്കിക്കൊണ്ട് റിയയോയിലെ ഗോദയിൽ സാക്ഷി മാലിക് പൊരുതി നേടിയ വെങ്കലത്തെ മൂക്കില്ലാ രാജ്യത്തെ മുറിമൂക്കനോടുപമിക്കാനാണ് ഒരു വങ്കനു തോന്നിയത്. അതിലും അത്ഭുതമില്ല. എത്ര പ്രതികൂല സാഹചര്യങ്ങളോട് ഏറ്റുമുട്ടിയാണ് നമ്മുടെ കായികതാരങ്ങൾ ലോക കായിക മാമാങ്ക വേദികളോളം എത്തിയതെന്ന പച്ച യാഥാർത്ഥ്യം ഇത്തരക്കാർ കണ്ടില്ലെന്നു നടിക്കുന്നു.
നമ്മുടെ കായിക രംഗം സാന്പത്തികമായി ദരിദ്രമാണ് എന്ന് ഇതിനർത്ഥമില്ല. ലോകത്തെ തന്നെ ഒറ്റവും സന്പന്നമായ കായിക സംഘടനകളിലൊന്ന് നമ്മുടെ സ്വന്തം ബി.സി.സി.ഐ ആണ്. ലോക ക്രിക്കറ്റ് സംഘടനകളിലെ കരുത്തൻ. കായിക മേഖലയ്ക്കു വേണ്ടി രാജ്യം ചെലവിടുന്നതാവട്ടെ വളരെ വലിയ തുകകളുമാണ്. എന്നാൽ ഈ തുക കായിക താരങ്ങളുടെ പരിശീലനത്തിനും കായിക രംഗത്തിന്റെ പൊതുവെയുള്ള വികസനത്തിനും ഉതകുന്നില്ല എന്നു മാത്രം. കോമൺവെൽത്ത് ഗെയിംസ് പോലുള്ള കായിക മേളകളുടെ നടത്തിപ്പു വേളയിൽ ഇതു നമ്മൾ കണ്ടതാണ്. കായികരംഗത്തിന്റെ വികസനത്തിന് വേണ്ടി ചെലവഴിക്കേണ്ടിയിരുന്ന കോടികൾ ഒഴുകിയെത്തിയത് സംഘാടക വേഷമണിഞ്ഞ രാഷ്ട്രീയക്കാരുടെ അക്കൗണ്ടുകളിലേയ്ക്കാണ്. അവരിൽ പലരും കോടീശ്വരന്മാരും ശതകോടീശ്വരന്മാരുമൊക്കെയായപ്പോൾ കല്ലും മുള്ളും നിറഞ്ഞ ട്രാക്കിലും ഫീൽഡിലും നല്ല സ്പൈക്കുകൾ വാങ്ങാൻ പോലും പണമില്ലാതെ കാലിടറുകയായിരുന്നു നമ്മുടെ കായിക പ്രതീക്ഷകളുള്ള പലർക്കും. കായിക മത്സര വേദികളിൽ കായികക്ഷമതയുടെ പ്രാധാന്യം പ്രത്യേകം പറയേണ്ടതില്ലല്ലോ. പ്രത്യേകം പോഷകാഹാരങ്ങളും മരുന്നുകളുമൊക്കെ വേണ്ടിടത്ത് അക്ഷരാർത്ഥത്തിൽ മുണ്ടുമുറുക്കിയുടുത്താണ് നിരവധി താരങ്ങൾ ഇതുവരെയെങ്കിലുമെത്തിയത്. അവരും അവരുടെ മാതാപിതാക്കളും ബന്ധുക്കളും ഗുരുക്കന്മാരുമൊക്കെ ഏറെ കഷ്ടപ്പെട്ടും ത്യാഗങ്ങളനുഭവിച്ചും ചിലപ്പോഴെങ്കിലും ചിലരുടെയെങ്കിലും സന്മനസ്സിന്റെ നന്മ സ്വീകരിച്ചും ഒക്കെയാണ് ഈ നേട്ടമുണ്ടാക്കിയത്.
ഒളിന്പിക്സ് പോലുള്ള മത്സരങ്ങളിൽ ഏറെ പ്രധാനമാണ് മത്സര പരിചയം. വിദേശ താരങ്ങൾക്കൊക്കെ ഇത് ആവശ്യത്തിന് ലഭിക്കുന്പോൾ നമ്മുടെ താരങ്ങളിൽ ചിലരെങ്കിലും ഒളിന്പിക്സ് വേദിയിൽ അത്ഭുത ലോകത്തെത്തിയ ആലീസിന് സമാനമായ അവസ്ഥയിലാണ്. പ്രത്യേക പ്രതലവും സ്പോർട്സ് ഷൂവും പരിചിതമല്ലാത്തതിനാൽ നഗ്നപാദരായി പണ്ട് മത്സരിക്കാനിറങ്ങിയ ഹോക്കി താരങ്ങൾ ഇതിന് പ്രത്യക്ഷോദാഹരണമാണ്.
മെഡൽ പട്ടിക നോക്കുന്പോൾ വാസ്തവത്തിൽ ഏതൊരിന്ത്യക്കാരനും നിരാശനാവുമെന്നുറപ്പ്. എന്നാൽ കഷ്ടപ്പെട്ട് ബുദ്ധിമുട്ടി ഉറക്കമിളച്ച് മത്സരങ്ങൾ കണ്ടവർക്ക് ഒരൽപ്പം സങ്കടമുണ്ടാകുമെങ്കിലും അത്തരത്തിലൊരു നിരാശയുണ്ടാവില്ല എന്നുറപ്പ്.
പല പോരാട്ടങ്ങലിലും നമ്മുടെ താരങ്ങൾ നാലാം സ്ഥാനത്തും അഞ്ചാം സ്ഥാനത്തുമൊക്കെയുണ്ട്. എന്റെ മകൾ അമ്മുവിനെ പോലെ പുതുതലമുറയിലെ പലരുടെയും അഭിപ്രായത്തൽ മെഡലുകൾക്കൊപ്പം പോയിൻ്റുനില കൂടി പരിഗണിക്കപ്പെട്ടിരുന്നെങ്കിൽ മികവിന്റെ പട്ടികയിൽ നമ്മുടെ സ്ഥാനം ഇതിലും എത്രയോ ഉയരത്തിൽ ആയിരുന്നേനെ. കുറച്ചുകൂടി മെച്ചപ്പെട്ട പരിശീലനവും പരിശീലകരെയും സാന്പത്തിക സൗകര്യങ്ങളും കൊടുത്താൽ നമ്മുടെ താരങ്ങൾക്കും കൂടുതൽ നേട്ടമുണ്ടാക്കാനാകും എന്നുറപ്പ്. കായിക രംഗത്തിനായി ചെലവഴിക്കുന്ന പണം അത് അർഹിക്കുന്നവരിൽ എത്തിച്ചേർന്നാൽ തന്നെ ആ ലക്ഷ്യത്തിലേക്കുള്ള കുതിപ്പാകും. ആ കുതിപ്പിന് സിന്ധുവിന്റെ ചരിത്ര നേട്ടം കരുത്തേകുമെന്നുറപ്പ്. ഒപ്പം സാക്ഷിയുടെ ‘സുവർണ്ണ’ വെങ്കലവും.